ഒന്നാം ലോക മഹായുദ്ധം തുടങ്ങി മൂന്നു വർഷങ്ങൾ പിന്നിടുമ്പോൾ 1917 ലെ ആൽബെറിക്ക് ഓപ്പറേഷൻ സമയത്ത് ഫ്രാൻസിലെ വെസ്റ്റേൺ ഫ്രണ്ടിൽ നിന്ന് ഹിൻഡൻ ബർഗ് ലൈനിലേക്ക് ജർമ്മൻ സേന തന്ത്രപരമായ ഒരു പിൻവാങ്ങൽ നടത്തുകയുണ്ടായി.ജർമ്മൻ സേനയുടെ ആ പിൻവാങ്ങൽ ബ്രിട്ടീഷ് സേനയെ കീഴടക്കാനുള്ള ഒരു ട്രാപ്പാണെന്ന് മനസ്സിലാക്കുന്ന ബ്രിട്ടീഷ് ജനറൽ നേരത്തെ തീരുമാനിച്ച പ്രകാരമുള്ള യുദ്ധ നീക്കം റദ്ദ് ചെയ്യാൻ ഉത്തരവിട്ടു.
എന്നാൽ ഈ സന്ദേശം ബ്രിട്ടീഷ് സേനയുടെ രണ്ടാമത്തെ ബറ്റാലിയനിലേക്ക് എത്തിക്കുക എന്നത് സമയബന്ധിതമായ അത്യന്തം ശ്രമകരമായ ഒരു ദൗത്യമായിരുന്നു. ഈ ദൗത്യം ഏറ്റെടുക്കേണ്ടി വരുന്ന രണ്ടു പട്ടാളക്കാരിലൂടെയാണ് '1917' ഒരു സിനിമക്കുമപ്പുറം യുദ്ധ ഭീതിയുടെയും ഭീകരതയുടെയുമൊക്കെ അനുഭവഭേദ്യമായ കാഴ്ചകളിലേക്ക് പ്രേക്ഷകരെ കൊണ്ട് പോകുന്നത്.
സാം മെൻഡിസിന് തന്റെ മുത്തച്ഛൻ ആൽഫ്രഡ് മെൻഡിസ് പറഞ്ഞു കൊടുത്ത വിവരണങ്ങളിലൂടെ രൂപപ്പെട്ട കഥയാണ് 1917 എന്ന സിനിമക്ക് ആധാരമായി മാറിയത്.
ഒരു സിനിമാ കാഴ്ചക്കും അപ്പുറം ഒന്നാം ലോകമഹായുദ്ധ കാലത്തെ ഭീതിതമായ സാഹചര്യങ്ങളിലൂടെ സിനിമ കാണുന്ന ഓരോ ആളെയും കൊണ്ട് പോകും വിധമുള്ള അവതരണം തന്നെയാണ് 1917 നെ ഒരു മികച്ച സിനിമാവിഷ്ക്കാരമാക്കി മാറ്റുന്നത്.
ഒരൊറ്റ ഷോട്ടിലൂടെ ചിത്രീകരിക്കപ്പെട്ട സിനിമയെന്ന പോലെ തുടക്കം മുതൽ ഒടുക്കം വരെ കാമറ ഒരേ പോക്കാണ്. ആ രണ്ടു പട്ടാളക്കാർക്ക് പിന്നിലൂടെയും മുന്നിലൂടെയും ചുറ്റി തിരിഞ്ഞുമൊക്കെ പോകുന്ന കാമറ സിനിമ കാണുന്ന നമ്മളെയും അവർക്ക് പിന്നാലെ കൂട്ടുകയാണ്.
യുദ്ധ കാഹളം ഒഴിഞ്ഞ ശവപ്പറമ്പിലൂടെ അവർക്കു പിന്നാലെ നടന്നും നിരങ്ങി നീങ്ങിയുമൊക്കെ പോകുന്ന ഫീൽ പറഞ്ഞറിയിക്കാൻ പറ്റില്ല. തുടക്കം മുതൽ ഒടുക്കം വരെ അങ്ങിനെയൊരു കൂടെപോക്കിന്റെ ഫീൽ നിലനിർത്തിയ കാമറ തന്നെയാണ് ഈ സിനിമയുടെ ചങ്ക്.
ഒരു യുദ്ധം നയിക്കുന്നതിനേക്കാൾ വലിയ ദൗത്യമാണ് തുടങ്ങി വച്ച ഒരു യുദ്ധം നിർത്തലാക്കാനുള്ള ശ്രമം എന്ന് ബോധ്യപ്പെടുത്തി തരുന്നുണ്ട് സിനിമ. അതിന് വേണ്ടി നിയോഗിക്കപ്പെടുന്ന രണ്ടു പട്ടാളക്കാരിൽ ഒരാൾക്ക് മിഷൻ എന്നത് വ്യക്തിപരമായ ഒന്ന് ആകുമ്പോഴും വൈകാരികത കൂടുന്നതേയുള്ളൂ.
യുദ്ധമുഖത്ത് എല്ലാം മറന്നു പോരാടേണ്ടി വരുന്ന പട്ടാളക്കാരേക്കാൾ ആർക്കൊക്കെയോ വേണ്ടി പോരാടി മരിച്ചു വീണ പട്ടാളക്കാരുടെ അഴുകിയളിഞ്ഞ ജഡങ്ങളാണ് യുദ്ധത്തെ ഏറ്റവും തീവ്രമായി നമുക്ക് വ്യാഖാനിച്ചു തരുന്നത്. ജഡങ്ങൾക്കും ജഡങ്ങൾക്ക് മുകളിലൂടെ പാഞ്ഞോടുന്ന എലികൾക്കുമൊക്കെ ഈ സിനിമയിൽ അത്ര മാത്രം പ്രാധാന്യമുണ്ട് എന്ന് പറയാം.
ആകെ മൊത്തം ടോട്ടൽ = 1917 ഒരു വാർ ത്രില്ലർ അല്ല, പക്ഷേ മനസ്സ് തൊടുന്ന ഒരു യുദ്ധ സിനിമയാണ്. തിയേറ്ററിൽ പോയി കണ്ടും കേട്ടും തന്നെ അനുഭവിച്ചറിയേണ്ട ശബ്ദ ദൃശ്യ വിസ്മയങ്ങളുടെ സിനിമ.
വിധി മാർക്ക് = 8.5/10
-pravin-
യുദ്ധമുഖത്ത് എല്ലാം മറന്നു പോരാടേണ്ടി വരുന്ന പട്ടാളക്കാരേക്കാൾ ആർക്കൊക്കെയോ വേണ്ടി പോരാടി മരിച്ചു വീണ പട്ടാളക്കാരുടെ അഴുകിയളിഞ്ഞ ജഡങ്ങളാണ് യുദ്ധത്തെ ഏറ്റവും തീവ്രമായി നമുക്ക് വ്യാഖാനിച്ചു തരുന്നത്. ജഡങ്ങൾക്കും ജഡങ്ങൾക്ക് മുകളിലൂടെ പാഞ്ഞോടുന്ന എലികൾക്കുമൊക്കെ ഈ സിനിമയിൽ അത്ര മാത്രം പ്രാധാന്യമുണ്ട് എന്ന് പറയാം...
ReplyDelete