ഏതൊരു ക്രൈം ത്രില്ലർ/ സീരിയൽ കില്ലർ സിനിമകളിലും കാണാവുന്ന സ്ഥിരം ചേരുവകൾ ഉള്ളപ്പോഴും തുടക്കം മുതൽ ഒടുക്കം വരെ കാണുന്നവന് ഒരു ക്ലൂവും കൊടുക്കാതെ ഒരേ സമയം അന്വേഷണത്തിന്റെയും ഭീതിയുടെയും ആകാംക്ഷയുടെയും മൂഡ് നിലനിർത്തി കൊണ്ട് കഥ പറയാൻ സാധിക്കുന്നിടത്താണ് മിഥുൻ മാനുവലിന്റെ 'അഞ്ചാം പാതിരാ' മികച്ചു നിക്കുന്നത്.
ചെറിയ റോളായിട്ട് പോലും ഇന്ദ്രൻസിന്റെ റിപ്പർ രവി സിനിമയെ ആദ്യമേ സ്വാധീനിക്കുന്നുണ്ട്. ആദ്യമേ ഒരു ക്രൈം കാണിച്ചിട്ട് അതിൽ നിന്ന് അന്വേഷണം തുടങ്ങി വക്കുന്ന രീതിയെ മാറ്റി എഴുതുന്നു സംവിധായകൻ.
ഒരു സൈക്കോ കില്ലറുടെ മാനസിക തലങ്ങളിൽ കൊലപാതകം എന്നത് ലഹരി പോലെയാണ്. ഓരോ കൊലപാതകത്തിലും അവർ കണ്ടെത്തുന്ന ലഹരികൾ പലതായിരിക്കാം. പ്രത്യക്ഷത്തിൽ ഈ പറഞ്ഞ കാര്യത്തിന് സിനിമയുമായി ബന്ധമില്ലെങ്കിലും റിപ്പർ രവിയുടെ ഭൂതകാല വിവരണത്തിലൂടെ സിനിമ അതിന്റെ മൂഡ് നമ്മളിലേക്ക് എത്തിക്കുന്നു.
പിച്ചും പേയും പറയുന്ന ഭ്രാന്തൻ കഥാപാത്രങ്ങളും വൃദ്ധ വേഷങ്ങളുമൊക്കെ ഹൊറർ സിനിമകളിലെ സ്ഥിരം സാന്നിധ്യമാണ്. ഇവിടെ അത് പോലൊരു ഭ്രാന്തനെ ഗംഭീരമായി പ്ലേസ് ചെയ്യുന്നുണ്ട് മിഥുൻ.
റോഡരികിൽ ചായ കുടിച്ചു നിന്നിരുന്ന അൻവർ ഹുസൈനെ സീസർ എന്ന് വിളിച്ചു കൊണ്ട് ഇരുട്ടിന്റെ മറവിൽ നിന്ന് വരുകയും Your sleepless nights are coming എന്ന് പുലമ്പി കൊണ്ട് അതേ ഇരുട്ടിലേക്ക് തന്നെ മറയുകയും ചെയ്യുന്ന പേരറിയാത്ത കഥാപാത്രം പോലും സിനിമക്ക് ഉണ്ടാക്കി കൊടുക്കുന്ന മൂഡ് ചെറുതല്ല.
ദുരൂഹതയേറിയ ഒരുപാട് ചോദ്യങ്ങളെ നേരിടാൻ സിനിമയിലെ കഥാപാത്രങ്ങളെ ക്ഷണിക്കുക മാത്രമല്ല അത് കാണാൻ പ്രേക്ഷകരെ സജ്ജരാക്കുക കൂടിയാണ് ആ സീൻ ചെയ്യുന്നത്.
ബൗദ്ധിക വ്യായാമത്തിനും മറ്റ് സംശയങ്ങൾക്കുമൊന്നും സമയം തരാതെ സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ സമ്മതിക്കാത്ത വേഗത്തിൽ കഥ പറഞ്ഞ് പോകുന്ന മേക്കിങ് തന്നെയാണ് സിനിമയുടെ പ്രധാന പ്ലസ്.
ഉണ്ണി മായയുടെയും ജിനു ജോസഫിന്റെയും ദിവ്യനാഥിന്റെയുമൊക്കെ പോലീസ് കഥാപാത്രങ്ങളെ ഏറെ താൽപ്പര്യ പൂർവ്വം തന്നെയാണ് കണ്ടിരുന്നതെങ്കിലും ആ കഥാപാത്രങ്ങളെ അവതരിപ്പിച്ചു പ്രതിഫലിപ്പിക്കുന്നതിൽ അവർക്ക് അവരുടേതായ പരിമിതികൾ ഉണ്ടെന്ന് അനുഭവപ്പെടുത്തുന്നുണ്ട് പല സീനുകളും.
അതേ സമയം അക്കൂട്ടത്തിൽ അഭിരാമിന്റെയും ഹരികൃഷ്ണന്റെയും പോലീസ് വേഷങ്ങളും, ശ്രീനാഥ് ഭാസിയുടെ ഹാക്കർ വേഷവും മികച്ചു നിന്നു.
'അനിയത്തി പ്രാവി'ലെ സുധിയിൽ തുടങ്ങി 'അഞ്ചാം പാതിര' യിലെ അൻവർ ഹുസൈൻ വരെ എത്തി നിക്കുമ്പോൾ കുഞ്ചാക്കോ ബോബനിലെ നടന് അഭിനയ സാധ്യതകൾ ഇനിയുമേറെയുണ്ട് എന്ന് ബോധ്യപ്പെടുത്തുന്നു.
കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഭർത്താവായ അൻവറിന് ടിപ്സ് പറഞ്ഞു കൊടുക്കാൻ പോലും കഴിവുള്ള ഭാര്യ എന്ന നിലക്കാണ് രമ്യ നമ്പീശന്റെ ഫാത്തിമയെ ആദ്യം അവതരിപ്പിച്ചു കാണിക്കുന്നതെങ്കിലും സിനിമയിലെ തന്നെ മറ്റൊരിടത്ത് ഫാത്തിമയെന്ന കഥാപാത്രത്തിന് സാഹചര്യവശാൽ യുക്തിപരമായി പെരുമാറാനുള്ള കഴിവ് എന്ത് കൊണ്ട് ഇല്ലാതായി എന്നും ചിന്തിച്ചു പോകുന്നുണ്ട്.
ലോജിക്ക് വച്ച് നോക്കിയാൽ അങ്ങിനെയുളള കല്ല് കടികൾ സിനിമയിൽ തന്നെ ചിലയിടങ്ങളിൽ ഉണ്ട്. പക്ഷേ ചടുലമായ അവതരണം കൊണ്ട് അത്തരം പോരായ്മകളെയെല്ലാം സിനിമ സമർത്ഥമായി മറി കടക്കുകയും പ്രേക്ഷകനെ പിടിച്ചിരുത്തുകയും ചെയ്യുന്നു.
ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും സുഷിൻ ശ്യാമിന്റെ സംഗീതവും കൂടി 'അഞ്ചാം പാതിരാ'ക്ക് നൽകിയ ദുരൂഹതയുടെയും ഭീതിയുടെയും ഭംഗി ചെറുതല്ല. അഞ്ചാം പാതിരായുടെ മേക്കിങ് മികവിന് പിന്നിൽ മിഥുനോപ്പം തന്നെ അവരുടെ പേരുകളും എഴുതി ചേർക്കേണ്ടതാണ്.
ആകെ മൊത്തം ടോട്ടൽ = ഒരു സീരിയൽ ക്രൈം ത്രില്ലർ സിനിമയുടെ ലേബൽ ഉണ്ടെങ്കിലും ഏതെങ്കിലും ഒരു വില്ലനിലേക്ക് മാത്രമായി നീളുന്ന ടിപ്പിക്കൽ പോലീസ് അന്വേഷണ സിനിമയായി ഒതുങ്ങുന്നില്ല അഞ്ചാം പാതിരാ. ഔദ്യോഗിക ചുമതലയില്ലാത്ത ഒരു ക്രിമിനൽ സൈക്കോളജിസ്റ്റിന്റെ ഊഹങ്ങളും അന്വേഷണ നിഗമനങ്ങളുമൊക്കളെയാണ്'അഞ്ചാം പാതിരാ'യെ വേറിട്ട ക്രൈം ത്രില്ലറാക്കുന്നത്. സിനിമ അവശേഷിപ്പിക്കുന്ന നിരവധി ചോദ്യങ്ങൾ മനസ്സിൽ പുതിയ ദുരൂഹതകൾ ഉണ്ടാക്കുന്നു എന്നത് ആസ്വാദനപരമായ ബോണസാണ്. 'അഞ്ചാം പാതിരാ' ഉറക്കമില്ലാത്ത രാത്രികളെ ഉണ്ടാക്കുന്നത് അങ്ങിനെയുമാണ്.
വിധി മാർക്ക് = 8/10
-pravin-
ലോജിക്ക് വച്ച് നോക്കിയാൽ അങ്ങിനെയുളള കല്ല് കടികൾ സിനിമയിൽ തന്നെ ചിലയിടങ്ങളിൽ ഉണ്ട്. പക്ഷേ ചടുലമായ അവതരണം കൊണ്ട് അത്തരം പോരായ്മകളെയെല്ലാം സിനിമ സമർത്ഥമായി മറി കടക്കുകയും പ്രേക്ഷകനെ പിടിച്ചിരുത്തുകയും ചെയ്യുന്നു...
ReplyDeleteഅപ്പോൾ പടം ധൈര്യായിട്ട് കാണാം ..ല്ലേ