പ്രത്യേകിച്ച് വലിയ കഥയൊന്നുമില്ലെങ്കിലും ഉള്ള കഥയെ ഒരു ഫീൽ ഗുഡ് സിനിമയാക്കി മാറ്റാൻ ജിസ് ജോയിക്ക് സാധിക്കാറുള്ളതാണ്. ആ ഒരു മിനിമം ഗ്യാരണ്ടി തന്നെയായിരുന്നു ജിസ് ജോയ് സിനിമകളുടെ പ്രത്യേകതയും. അങ്ങിനെ നോക്കുകയാണെങ്കിൽ മുൻകാല ജിസ് ജോയ് സിനിമകളുടെ കൂട്ടത്തിൽ പെടുത്താൻ പോലും സാധിക്കുന്നില്ല 'മോഹൻകുമാർ ഫാൻസി'നെ.
ബോബി സഞ്ജയുമാർ ജിസ് ജോയിക്ക് കൊടുത്ത കഥയുടേതാണോ അതോ ജിസ് ജോയുടെ തിരക്കഥയുടെ കുഴപ്പമാണോ എന്നൊന്നും അറിയില്ല 'മോഹൻകുമാർ ഫാൻസി'ൽ നിന്ന് തൃപ്തികരമായ ഒരു ഘടകവും കണ്ടെടുക്കാൻ പറ്റിയില്ല.
മുപ്പത് വർഷം മുന്നേ താരമായിരുന്ന ഒരു നടന്റെ തിരിച്ചു വരവും ആ നടന്റെ ഭാഗ്യമില്ലായ്‌മയും വിധിയുമൊക്കെ പ്രധാന പ്രമേയമാക്കുന്ന സിനിമയുടെ കഥ വെറും മോഹൻ കുമാറിൽ ഒതുങ്ങി പോകുകയാണ് ചെയ്തത്. വിനയ് ഫോർട്ടിന്റെ യങ് സൂപ്പർ സ്റ്റാർ ആഘോഷ് മേനോൻ സരോജ് കുമാറിന്റെ തന്നെ മറ്റൊരു പരിവേഷമായി അനുഭവപ്പെടുത്തിയപ്പോൾ മുകേഷിന്റെ പ്രകാശ് ഓർമ്മപ്പെടുത്തിയത് പഴയ ആ ബേബിക്കുട്ടനെ തന്നെയായിരുന്നു.
സ്ഥിരം ജിസ് ജോയ് സിനിമകളിൽ കാണുന്നവരൊക്കെ ഏറെക്കുറെ വലിയ വ്യത്യാസമില്ലാതെ ഈ സിനിമയിലും പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും അവർക്കൊന്നും ഈ സിനിമയിൽ കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. ആകെ ചെയ്യാനുണ്ടായിരുന്നത് സിദ്ധീഖിന് മാത്രമാണ്.
സിദ്ധീഖ് മികച്ച നടനെങ്കിലും സമീപ കാലത്തായി അദ്ദേഹത്തിന്റെ ചുണ്ടു വിറച്ചു കൊണ്ടുള്ള അഭിനയം ആവർത്തന വിരസമായി കൊണ്ടിരിക്കുകയാണ് എന്ന് പറയാതെ വയ്യ. മോഹൻകുമാർ എന്ന കഥാപാത്രത്തിന്റെ വൈകാരിക മുഹൂർത്തങ്ങളിൽ സിദ്ധീഖിനെ വീണ്ടും അങ്ങിനെ കാണാൻ ബുദ്ധിമുട്ടി.
സലിം അഹമ്മദിന്റെ 'ആൻഡ് ദി ഓസ്‌ക്കാർ ഗോസ് ടു' സിനിമയിൽ നായകനായ ഇസഹാഖ് തന്റെ സിനിമയെ ഓസ്‌ക്കാർ അവാർഡിനായി മാർക്കറ്റ് ചെയ്യാൻ പെടാപാട് പെടുന്നതിന് സമാനമായി ഇവിടെ മോഹൻകുമാറിന് ദേശീയ അവാർഡ് കിട്ടാൻ വേണ്ടിയുള്ള അവസാന നിമിഷ തയ്യാറെടുപ്പുകളാണ് ഒരു പോരാട്ടമെന്ന കണക്കെ അവതരിപ്പിക്കുന്നത്.
അവസാന സീനുകളിൽ ട്വിസ്റ്റുകൾ ഉണ്ടാക്കുന്നതിലെ തന്റെ മിടുക്ക് ജിസ് ജോയ് 'മോഹൻ കുമാർ ഫാൻസി'ലും പ്രയോജനപ്പെടുത്തുന്നുണ്ട്. എങ്കിലും പറഞ്ഞല്ലോ മൊത്തത്തിൽ ഒരു പതിവ് ജിസ് ജോയ് സിനിമയുടെ ആസ്വാദനം സിനിമക്ക് തരാൻ സാധിച്ചില്ല.
ആകെ മൊത്തം ടോട്ടൽ = ഇത് വരെ കണ്ടിട്ടുള്ള ജിസ് ജോയ് സിനിമകളെ വച്ച് നോക്കുമ്പോൾ നിരാശപ്പെടുത്തിയ സിനിമാനുഭവം.
*വിധി മാർക്ക് = 4/10
-pravin-
ധാരാളം ആൾക്കൂട്ടങ്ങൾ കയറിയിറങ്ങിപ്പോയ ഒരു മൂവി മാത്രം ..
ReplyDelete