സ്വന്തം നാട്ടിൽ വച്ച് നാട്ടുകാർ നോക്കി നിൽക്കേ അകാരണമായി മർദ്ദിക്കപ്പെടുകയും തുണി ഉരിയപ്പെട്ടു അപമാനിക്കപ്പെടുകയും ചെയ്യുന്ന മഹേഷിനു തോന്നുന്ന പ്രതികാര ബുദ്ധിയാണ് 'മഹേഷിന്റെ പ്രതികാര'ത്തിലെ ഹൈലൈറ്റ്. അടിച്ചവനെ തിരിച്ചടിച്ചു പ്രതികാരം ചെയ്യുക എന്ന ലളിതമായ പ്രമേയത്തെ ഒരു മുഴുനീള സിനിമയാക്കി മാറ്റിയെടുത്തപ്പോൾ സ്‌ക്രീനിൽ മഹേഷിന്റെ പ്രതികാരത്തിനൊപ്പം മഹേഷിന്റെ പ്രണയവും മഹേഷിന്റെ നാടിന്റെ ഭംഗിയുമൊക്കെ നിറഞ്ഞു നിന്നു.
ഇവിടെ 'കള'യുടെ കാര്യത്തിലേക്ക് വന്നാലും പ്രതികാരം തന്നെയാണ് പ്രധാന വിഷയം. പ്രതികാരത്തിനൊപ്പം മനുഷ്യന്റെ അധികാര ഹുങ്കും അടിച്ചമർത്തപ്പെടുന്നവരുടെ വികാര വിചാരങ്ങളും കുടുംബത്തിനകത്തെ ആൺ പോരിമയുമൊക്കെ വന്യമായി പറഞ്ഞവതരിപ്പിക്കുന്നിടത്താണ് 'കള' വേറിട്ട് നിൽക്കുന്നത്.
സിനിമയുടെ ഒരു ഘട്ടത്തിൽ അയ്യപ്പൻ കോശിമാരുടെ ഒടുങ്ങാത്ത പോരാട്ടത്തെ ഓർത്തു പോയി. ന്യായവും ദുരഭിമാനവും തമ്മിലായിരുന്നു അവിടെ കലഹം. അധികാര ഹുങ്കും സ്വാധീനവും കൊണ്ട് എന്തുമാകാം എന്ന കോശിയുടെ ധാർഷ്ട്യത്തെ അയ്യപ്പൻ നായർ മുണ്ടൂർ മാടനായി വന്ന് ഞെക്കിയമർത്തി പൊട്ടിച്ചു കളയുന്ന പോലെ ഷാജിയുടെ എല്ലാ വിധ അഹങ്കാരങ്ങളും അധികാര ചിന്തകളും ഇടിച്ചു ഇഞ്ച പരുവമാക്കി ഇല്ലാതാക്കുന്നത് ആ പയ്യനാണ്.
സുമേഷ് മൂറിന്റെ പ്രകടനം എടുത്തു പറയേണ്ട ഒന്നാണ്. ടോവിനോയുടെ സ്‌ക്രീൻ പ്രസൻസിനെയൊക്കെ എത്ര പെട്ടെന്നാണ് പ്രകടനം കൊണ്ട് സുമേഷ് മറി കടക്കുന്നത്. ഒരു നായക്ക് വേണ്ടിയാണോ അവൻ ഇങ്ങിനെ സംഹാര താണ്ഡവമാടിയത് എന്ന് ചോദിക്കുന്ന ചില കമെന്റുകൾ കണ്ടിരുന്നു. അവരും ഷാജിയും തമ്മിൽ വലിയ അന്തരമില്ല എന്നേ പറയാനുള്ളൂ.
ഈ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു കഥാപാത്രങ്ങളാണ് സുമേഷ് മൂറിന്റെ കൊല്ലപ്പെട്ട നായയും ഷാജിയുടെ കറുത്തുരുണ്ട ആ വിദേശി നായയും. രണ്ടു നായ്ക്കളും ജന്മം കൊണ്ടും ഇനം കൊണ്ടും ജീവിതം കൊണ്ടും വ്യത്യസ്ത ധ്രുവങ്ങളിലാണ്. നാടൻ നായയെങ്കിലും സുമേഷിന്റെ നായക്ക് സത്യസന്ധമായ സ്നേഹ പരിലാളനങ്ങൾ കിട്ടുന്നുണ്ട്. യജമാന സ്ഥാനത്തിരുന്നു കൊണ്ടല്ല അവൻ അവന്റെ നായയെ സ്നേഹിക്കുന്നതും കൊണ്ട് നടക്കുന്നതും.
എന്നാൽ ഷാജിയുടെ നായയുടെ കാര്യത്തിലേക്ക് വന്നാൽ അവനു വലിയ വീട്ടിലെ നായ എന്ന സോഷ്യൽ സ്റ്റാറ്റസ് ഉണ്ട്. പക്ഷെ സ്വാതന്ത്ര്യമില്ല. സദാ കൂട്ടിലാണ്. ചങ്ങലയിൽ നിന്ന് അഴിച്ചു വിടാൻ ഷാജിക്ക് താൽപ്പര്യവുമില്ല. സ്വന്തം കാലു കൊണ്ട് നായയുടെ തലയിൽ ഉഴിഞ്ഞു ഒരു അടിമയെ പോലെയാണ് ഷാജി അതിനോടുള്ള സ്നേഹ പ്രകടനം പോലും നടത്തുന്നത്. ആ പൊള്ളയായ സ്നേഹ പ്രകടനം അവസാനം നമുക്ക് കണ്ടറിയാൻ സാധിക്കുന്നുമുണ്ട്.
കൊല്ലപ്പെട്ട നായക്ക് വേണ്ടി പകരം ചോദിക്കാനെത്തുന്ന, അതിനായി സ്വന്തം ജീവൻ പോലും കളയാൻ തയ്യാറാകുന്ന തരത്തിലാണ് സുമേഷ് മൂറിന്റെ കഥാപാത്ര പ്രകടനമെങ്കിൽ ഷാജി സ്വന്തം ജീവന് വേണ്ടി നായയെ കൊലക്ക് കൊടുക്കാൻ തയ്യാറാകുന്നു. ഈ പ്ലോട്ടിൽ തന്നെയാണ് 'കള'യിലെ കലഹം രാഷ്ട്രീയ പ്രസക്തകമാകുന്നത്.
അടുത്തിറങ്ങിയ 'പാതാൾ ലോക്' വെബ് സീരീസിൽ അഭിഷേക് ബാനർജിയുടെ ത്യാഗി എന്ന കഥാപാത്രത്തിന്റെ ഒരു ചിന്തയാണ് ഓർത്തു പോകുന്നത്. If a Man likes Dog, he is a good Dog. If a Dog likes Man, he is a good Man. ഷാജിയുടെ നായക്ക് ആ തിരിച്ചറിവുണ്ട്. അവസാന സീനിൽ മൂറിനോടപ്പമുള്ള ബ്ലാക്കിയുടെ സ്വതന്ത്രമായ ആ നടത്തം പോലും എന്തൊരു ഗംഭീരമായ നിലപാടാണ് പറഞ്ഞറിയിക്കുന്നത് എന്ന് നോക്കൂ.
ആകെ മൊത്തം ടോട്ടൽ = ഒരു പ്രമേയം എന്താണെന്നതിനേക്കാൾ ആ പ്രമേയം തിരക്കഥയിലേക്ക് എങ്ങിനെ പടർത്തി എഴുതപ്പെടുന്നു അല്ലെങ്കിൽ സിനിമയിൽ എങ്ങിനെ അവതരിപ്പിക്കപ്പെടുന്നു എന്നതിനാണ് പ്രസക്തി എന്ന് തോന്നിയിട്ടുണ്ട്. രോഹിതിന്റെ 'കള' പ്രമേയത്തിനെക്കാൾ അതിന്റെ ഗംഭീരമായ അവതരണം കൊണ്ടാണ് മികച്ചു നിൽക്കുന്നത്.
*വിധി മാർക്ക് =8/10
-pravin-
വില്ലനാണ് ഹീറോ
ReplyDelete