ഒരു ത്രില്ലർ സീരീസിന് എന്ത് കൊണ്ട് 'ഫാമിലി മാൻ' എന്ന പേര് നൽകി എന്ന സംശയത്തിന് ആദ്യ സീസണിനേക്കാൾ വ്യക്തമായ ഉത്തരം നൽകാൻ രണ്ടാം സീസണിന് സാധിക്കുന്നുണ്ട്.
കൃത്യമായ പേരോ വിലാസമോ രേഖപ്പെടുത്താതെ സീക്രട്ട് മിഷനുകളുമായി മുന്നോട്ട് പോകുന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ കഥകളിൽ നിന്ന് വ്യത്യസ്തമായി ശ്രീകാന്ത് തിവാരി എന്ന കേന്ദ്ര കഥാപാത്രത്തിന്റെ കുടുംബം കൂടി കഥാപാശ്ചാത്തലമാകുന്നിടത്താണ് 'ഫാമിലി മാൻ' സ്ഥിരം സ്പൈ ആക്ഷൻ ത്രില്ലറുകളിൽ നിന്ന് വേറിട്ട് നിൽക്കുന്നത്.
ദേശീയ അന്വേഷണ ഏജൻസികളിൽ ജോലി ചെയ്യുന്നവരുടെ ഔദ്യോഗിക ജീവിതം സംഘർഷ ഭരിതമാകുമ്പോൾ അത് അവരുടെ കുടുംബ ജീവിതത്തെ എങ്ങിനെയൊക്കെ സ്വാധീനിക്കുന്നുണ്ടാകാം എന്ന ചിന്ത തന്നെയാകാം തിവാരി-സുചി കുടുംബ ജീവിതത്തെ 'ഫാമിലി മാനി'ന്റെ പ്രധാന പ്ലോട്ട് ആക്കി മാറ്റിയത്.
ഒന്നാം സീസണിൽ ദൈനം ദിന പത്ര വാർത്തകളെ അടിസ്ഥാനപ്പെടുത്തി കൊണ്ടുള്ള സ്ക്രിപ്റ്റിങ് ആയിരുന്നതിനാൽ സമകാലീന ഇന്ത്യൻ രാഷ്ട്രീയവും അനുബന്ധ സാമൂഹിക പ്രശ്നങ്ങളുമൊക്കെ നന്നായി ബന്ധപ്പെടുത്താൻ സാധിച്ചിരുന്നു. പശുവിന്റെ പേരിലുള്ള ആൾക്കൂട്ട കൊലപാതകവും, കശ്മീരികളുടെ നിസ്സഹായതയും അവരെ മുതലെടുക്കുന്നവരുടെ ഉദ്ദേശ്യങ്ങളും രാജ്യ സുരക്ഷയും ഭീഷണിയും വ്യാജ ഏറ്റുമുട്ടലുകളുമടക്കം ഒരുപാട് വിഷയങ്ങൾ ആ സീസണിലെ എപ്പിസോഡുകളിൽ ചർച്ച ചെയ്യപ്പെട്ടു.
രണ്ടാം സീസണിൽ ഇന്ത്യക്കെതിരെ തമിഴ് പുലി -ഐ.എസ് .ഐ ഒന്നിച്ചു കൈ കോർക്കുന്നതായാണ് കാണിക്കുന്നത്. ഇതിൽ സാങ്കൽപ്പികതയും ചരിത്രവും കൂടി ചേർന്നിട്ടുണ്ട്. പുലി പ്രഭാകരനെ ഭാസ്ക്കരനായി കാണാം. ഭാസ്‌കരന്റെ സുഹൃത്ത് ദീപൻ പഴയ തമിഴ് പുലി വിനായക മൂർത്തി മുരളീധരനായിട്ട് കണ്ടാലും തെറ്റില്ല. പ്രഭാകരനുമായി തെറ്റി പിരിഞ്ഞ ശേഷം ശ്രീലങ്കൻ മുഖ്യധാരാ രാഷ്ട്രീയത്തിൽ സജീവമായ വിനായക മൂർത്തി മുരളീധരന്റെ നിലപാടുകൾ ദീപനിൽ വ്യക്തമായി കാണാൻ സാധിക്കും.
ചരിത്രത്തിൽ ഒരൊറ്റ വനിതാ പ്രധാന മന്ത്രിയെ മാത്രം ലഭിച്ചിട്ടുള്ള ഇന്ത്യയെ സംബന്ധിച്ച് ഈ സീരീസിലെ മറ്റൊരു ഗംഭീര പുതുമയായിരുന്നു പ്രധാന മന്ത്രിയായിട്ടുള്ള സീമ ബിസ്വാസിന്റെ കഥാപാത്രം. പി.എം ബസുവിനെ ഒരു ബംഗാളി വനിതയാക്കി പ്രതിനിധീകരിക്കുന്നതോടൊപ്പം അവരുടെ ശരീര ഭാഷ കൂടി ചേർത്ത് വായിക്കുമ്പോൾ ആ പ്രധാനമന്ത്രി മമതാ ബാനർജിയായിട്ടു തന്നെ അനുഭവപ്പെട്ടു.
മനോജ് ബജ്പേയിയൊക്കെ വേറെ ലെവൽ ആയിരുന്നു പ്രകടനം. പ്രിയാമണിയുടെ സുചിയെ തിവാരിയുടെ നിഴലായി ഒതുക്കാതെ രണ്ടാം സീസണിലും ഗംഭീരമാക്കി കാണിച്ചു തന്നു. സാമന്തയുടെ കരിയർ ബെസ്റ്റ് ആയിട്ടു തന്നെ പറയേണ്ടി വരുന്നു രാജി എന്ന കഥാപാത്രം. പേരറിയാത്ത ഒരുപാട് പേരുടെ പ്രകടന മികവിന്റെ കൂടിയാണ് 'ഫാമിലി മാൻ'.
Waiting for Next Mission !!
ആകെ മൊത്തം ടോട്ടൽ = A Must watch Series.
*വിധി മാർക്ക് = 8/10
-pravin-
No comments:
Post a Comment