Thursday, November 25, 2021

വില്ലന് മാസ്സ് പരിവേഷം നൽകുമ്പോൾ !!


സിനിമയെ വെറും സിനിമയായി മാത്രം കാണാനാകില്ല എന്ന് ശഠിച്ചു കൊണ്ട് ഓരോ സീനിലെയും പൊളിറ്റിക്കൽ കറക്ട്നെസ്സ് വരെ ചൂണ്ടി കാണിച്ചു വിമർശിക്കുന്ന കാലത്താണ് പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പിന് സിനിമയിലൂടെ താരപരിവേഷം നൽകി ആഘോഷിക്കാൻ നമ്മൾ തയ്യാറാകുന്നത് എന്നോർക്കുമ്പോൾ ലജ്ജയുണ്ട്.

യഥാർത്ഥ സംഭവങ്ങളുടെ ദൃശ്യാവിഷ്ക്കാരമോ ആരുടെയെങ്കിലും ജീവചരിത്രമോ അല്ല പറയാൻ പോകുന്നത് എന്നൊക്കെയുള്ള മുൻ‌കൂർ ജാമ്യങ്ങൾ എഴുതി കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നതെങ്കിലും സിനിമയിൽ പറയുന്നതത്രയും പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ മേൽവിലാസത്തിലുള്ള കാര്യങ്ങൾ തന്നെയാണ്.

വടക്കൻ പാട്ടുകളിലൂടെ മാത്രം കേട്ടറിഞ്ഞ ചതിയൻ ചന്തുവിനെ എം.ടി വടക്കൻ വീരഗാഥക്ക് വേണ്ടി മാറ്റിയെഴുതിയ പോലെയല്ല ജസ്റ്റിസ് കെ.ടി തോമസിനെ പോലെയുള്ളവർ വളരെ വിശദമായി എഴുതി വച്ചിട്ടുള്ള കുറുപ്പെന്ന ക്രിമിനലിനെ വീരപരിവേഷത്തോടെ സിനിമയിലൂടെ പുനരവതരിപ്പിക്കുന്നതും ആഘോഷിക്കുന്നതും . പ്രത്യേകിച്ച് അയാൾ ക്രൂരമായി കൊല ചെയ്ത ചാക്കോയുടെ കുടുംബം ജീവിച്ചിരിക്കെ തന്നെ.

ചാക്കോയുടെ മകനും കുടുംബവും ഈ സിനിമയെ കുറ്റം പറഞ്ഞില്ലല്ലോ എന്ന് ചോദിക്കാൻ ആളുണ്ടാകാം . അവരോട് പറയാനുള്ളത് ചാക്കോയുടെ മകന്റെ സിനിമാസ്വാദനം തന്നെയാകണം നമ്മളെല്ലാവർക്കും കിട്ടേണ്ടത് എന്ന് നിർബന്ധമില്ലല്ലോ എന്നാണ്.

സുകുമാര കുറുപ്പ് = സുധാകര കുറുപ്പും, ചാക്കോ = ചാർളിയും, ഭാസ്ക്കര പിള്ള= ഭാസി പിള്ളയും, ഷാഹു =ഷാബുവും , ഡ്രൈവർ പൊന്നപ്പൻ = ഡ്രൈവർ പൊന്നച്ചനും, സരസമ്മ =ശാരദാമ്മയുമൊക്കെയായി പേര് മാറ്റി അവതരിപ്പിച്ച ശേഷം ഇവരൊന്നും യഥാർത്ഥ കഥാപാത്രങ്ങളെ പ്രതിനിധീകരിക്കുവന്നവരോ യഥാർത്ഥ സംഭവങ്ങളുമായി ബന്ധപ്പെട്ടവരോ അല്ല എന്ന് പറയുന്നതിലെ ലോജിക്ക് എന്താന്നെന്ന് മനസ്സിലാകുന്നില്ല. സുകുമാര കുറുപ്പിന്റെ ആദ്യത്തെ പേരെന്ന് പറയുന്ന ഗോപാലകൃഷ്ണനു സമാനമായി തന്നെയാണ് ഗോപീകൃഷ്ണൻ എന്ന പേര് പോലും ഉപയോഗിക്കുന്നത്.

കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതുമായ ചാക്കോ കൊലക്കേസ് അന്വേഷണത്തിലെ നാൾ വഴികളും കുറുപ്പിന്റെ ജീവിതവുമൊക്കെ തന്നെയാണ് സിനിമയുടെ മുക്കാൽ ഭാഗവും നിറഞ്ഞു നിൽക്കുന്നതെങ്കിലും കുറുപ്പിനെ ഒരു സ്റ്റൈലിഷ് - മാസ്സ് ഹീറോ ആക്കാൻ വേണ്ടിയുള്ള കൂട്ടി ചേർക്കലുകളൊക്കെ ഉണ്ടായിട്ടുണ്ട്. കുറുപ്പെന്ന ക്രിമിനലിന്റെ ജീവിതത്തെ വിവരിക്കാൻ ഫിക്ഷന്റെ സാധ്യതകളെ തേടിയപ്പോൾ അവതരണത്തിൽ കുറുപ്പിന് അറിഞ്ഞോ അറിയാതെയോ ഹീറോ പരിവേഷം ഉണ്ടായിട്ടുണ്ട് എന്ന് പറയാതിരിക്കാനാകില്ല.

യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി കൊണ്ട് സിനിമ ചെയ്യുമ്പോൾ അതിലേക്ക് ഫിക്ഷൻ ചേർത്താലും യാഥാർഥ്യത്തോട് പൊരുത്തപ്പെടുന്ന അവതരണമായിരിക്കണം ഉണ്ടാകേണ്ടത് . ഇവിടെ കുറുപ്പ് എന്ന ക്രിമിനലിനെ മറന്ന് കൊണ്ട് കുറുപ്പിന്റെ ബുദ്ധിയും കുടില ബുദ്ധിയും സ്റ്റൈലുമൊക്കെയാണ് അസാധ്യമായി മാർക്കറ്റ് ചെയ്തിരിക്കുന്നത് എന്ന് മാത്രം.

താരാദാസിനെയും ജാക്കിയേയും പോലുള്ള കഥാപാത്രങ്ങൾക്ക് കൈയ്യടിച്ചിട്ടുള്ള പ്രേക്ഷകന് കുറുപ്പിന്റെ ഈ മാസ്സ് റോളിനും കൈയ്യടിച്ചു കൂടെ എന്ന് വാദിക്കാം. പക്ഷെ അവിടെയും പ്രശ്‌നം അവതരണത്തിലെ ഗ്ലോറിഫിക്കേഷനുകൾ തന്നെയാണ്.


കുറുപ്പ് എന്ന വ്യക്തി യഥാർത്ഥ ജീവിതത്തിൽ ചെയ്ത ക്രൈമിനെ സിനിമാറ്റിക്കാക്കി അവതരിപ്പിക്കുമ്പോൾ അതിന് യാഥാർഥ്യ ബോധവും ധാർമ്മികതയും വേണം . എന്നാൽ താരാദാസും ജാക്കിയും പോലെയുള്ള സാങ്കൽപ്പിക നായക കഥാപാത്രങ്ങൾ സിനിമയിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയാലും അത്തരം ബാധ്യതകളില്ല.

'കുറുപ്പ്' എന്ന സിനിമയിലേക്ക് വരുമ്പോൾ പ്രകടനം കൊണ്ട് ഞെട്ടിച്ചത് ഷൈൻ ടോം ചാക്കോയുടെ ഭാസി പിള്ളയാണ്. നോക്കൂ അയാൾ ചെയ്യുന്ന കഥാപാത്രവും ദുൽഖറിന്റെ കഥാപാത്രവും ഒരേ ക്രൈമിന്റെ ഭാഗങ്ങളാണ്. എന്നിട്ടും കുറുപ്പിനേക്കാൾ ഭീകരനായ വില്ലനായി ഷൈൻ ടോം ചാക്കോയുടെ ഭാസി പിള്ളയെ നമുക്ക് അനുഭവപ്പെടുന്നു. അതേ സമയം ദുൽഖറിന്റെ കുറുപ്പിൽ നമ്മൾ കാണുന്നത് സ്റ്റൈലും മാസ്സും ഒത്ത പേരിന് മാത്രം നെഗറ്റിവ് പരിവേഷമുള്ള ഒരു നായകനെയും. ഇവിടെയാണ് കുറുപ്പ് എന്ന സിനിമയുടെ പ്രശ്നവും.

പ്രമാദമായ ഈ കേസിനെ ഇത്രത്തോളം വഴികളിലൂടെ അന്വേഷിച്ചു വിവരങ്ങൾ ശേഖരിച്ച ഇന്ദ്രജിത്തിന്റെ DYSP കൃഷ്ണദാസ് എന്ന കഥാപാത്രത്തിന് പേരിനു പോലും ഒരു പഞ്ച് സീൻ ഇല്ലാത്ത വിധം ഒന്നുമല്ലാതാക്കി ഒതുക്കി കളയുന്നത് 'കുറുപ്പി'നല്ലാതെ മറ്റൊരാൾക്കും കൈയ്യടികൾ വേണ്ട എന്ന തീരുമാനം കൊണ്ട് മാത്രമാണ്.

കുറുപ്പിന്റെ കഥയുമായി യാതൊരു ബന്ധവുമില്ലാതെ നാട്ടിൻപുറത്തെ ഏതെങ്കിലും ഒരു ഗോപീകൃഷ്ണന്റെ കഥയിൽ നിന്നെന്ന പോലെ തുടങ്ങി അലക്‌സാണ്ടർ എന്ന ഒരു ഇന്റർനാഷണൽ ഗ്യാങ്‌സ്റ്ററിന്റെ കഥയിലേക്ക് വികസിച്ചു പോകുന്ന തിരക്കഥയുടെ ബലത്തിലാണ് ഈ സിനിമ ദുൽഖറിലെ താരത്തെ ആഘോഷിച്ചിരുന്നതെങ്കിൽ മുകളിൽ പറഞ്ഞ പരാതികളെല്ലാം തന്നെ റദ്ദ് ചെയ്യപ്പെടുമായിരുന്നു.

ആകെ മൊത്തം ടോട്ടൽ = യഥാർത്ഥ സംഭവങ്ങളെയെല്ലാം മറന്നു കൊണ്ട് ഒരു സിനിമ എന്ന നിലക്ക് തൃപ്തിപ്പെടുത്തുന്ന മേക്കിങ് മികവുകളും ശബ്ദവിന്യാസങ്ങളുമൊക്കെ കുറുപ്പിന്റെ ഭാഗമായിട്ടുണ്ട് എന്നതിൽ യാതൊരു തർക്കവുമില്ല. DQവിന്റെ സ്ക്രീൻ പ്രസൻസ്, ഭാസി പിള്ളയായിട്ടുള്ള ഷൈൻ ടോം ചാക്കോയുടെ അഴിഞ്ഞാട്ടം, സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതം, നിമിഷ് രവിയുടെ ഛായാഗ്രഹണം ഇതൊക്കെയാണ് 'കുറുപ്പ്' നൽകിയ ആസ്വാദനം

*വിധി മാർക്ക് = 6.5/10 

-pravin- 

Thursday, November 18, 2021

ചിരിയും കാര്യവും നിറഞ്ഞ നിശ്ചയം!!


മെയ്ഡ് ഇൻ കാഞ്ഞങ്ങാട് എന്ന് എഴുതി കാണിച്ചതിനോട് നീതി പുലർത്തും വിധം എല്ലാ തലത്തിലും കാഞ്ഞങ്ങാടിൻറെ പ്രാദേശികത അലിഞ്ഞു ചേർന്ന് കിടക്കുന്ന സിനിമയാണ് 'തിങ്കളാഴ്‌ച നിശ്ചയം'.

കാലങ്ങളായി ഉപയോഗിച്ച് പരിചയിച്ച സൊ കാൾഡ് 'മലയാള'ത്തിനപ്പുറം കേരളത്തിന്റെ ഉൾനാടൻ പ്രാദേശിക ഭാഷകൾക്ക് മലയാള സിനിമയിൽ യാതൊരു സ്വീകാര്യതയും ഉണ്ടായിരുന്നില്ല.
ഐ.വി ശശി കാലഘട്ടത്തിൽ മലപ്പുറവും കോഴിക്കോടുമൊക്കെ സജീവമായി പരിഗണിക്കപ്പെട്ടിരുന്നു എന്നതൊഴിച്ചാൽ വിശിഷ്യാ വടക്കേ മലബാറിലെ കാസർഗോഡ് -കണ്ണൂർ-വയനാട് ജില്ലകളുടെ ഭൂപ്രകൃതിയും പ്രാദേശികതയുമൊന്നും മലയാള സിനിമയിൽ ഉപയോഗിച്ചു കണ്ടിട്ടില്ലായിരുന്നു.
എന്നാൽ ഇക്കഴിഞ്ഞ പത്തു വർഷ കാലയളവിൽ മലബാറിൽ നിന്ന് പുതിയ സംവിധായകരും എഴുത്തുകാരുമൊക്കെ വന്നതിന്റെ ഭാഗമായി ആ സ്ഥിതിക്ക് ഒരു മാറ്റമുണ്ടായിട്ടുണ്ട്. സുഡാനി ഫ്രം നൈജീരിയ പോലുള്ള സിനിമകളൊക്കെ അതിന്റെ മികവുറ്റ ഉദാഹരണങ്ങളാണ്.

പ്രാദേശിക ഭാഷകളുടെ സൗന്ദര്യം സിനിമകളിലൂടെ പ്രചരിക്കപ്പെടുമ്പോൾ അത് മലയാള ഭാഷയുടെ ആസ്വാദനത്തെ വൈവിധ്യപൂർണ്ണമാക്കുകയാണ് ചെയ്യുന്നത്. മലയാള സിനിമ ആ തലത്തിൽ നല്ലൊരു പ്ലാറ്റ്‌ ഫോം കൂടിയാണ് എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് 'തിങ്കളാഴ്ച നിശ്ചയം'.
കാഞ്ഞങ്ങാടിന്റെ പ്രാദേശികതയെ ഒരു വീടിന്റെ പരിസരത്തിൽ ഒരുപാട് കഥാപാത്രങ്ങളിലൂടെ ഒട്ടും കൃത്രിമത്വമില്ലാതെ അവതരിപ്പിക്കാൻ സാധിച്ചിടത്താണ് 'തിങ്കളാഴ്ച നിശ്ചയം'മികച്ചു നിൽക്കുന്നത്.
ഒരു ഡ്രാമയിലേക്ക് മാത്രമായി ഒതുങ്ങി പോകുമായിരുന്ന കാര്യങ്ങളെ സ്വാഭാവിക ഹാസ്യത്തിലൂടെ കൈകാര്യം ചെയ്ത രീതിയൊക്കെ ഗംഭീരമായിരുന്നു.
പെണ്ണ് കാണൽ ചടങ്ങിന്റെ സീൻ തന്നെ നോക്കൂ അതിലേക്ക് ശബരി മല വിഷയം ആക്ഷേപ ഹസ്യേന ചർച്ചക്ക് വക്കുന്നു സംവിധായകൻ. മധ്യവർത്തി കുടുംബത്തിലെ സാമ്പത്തിക പരാധീനതകളും അടുക്കളപ്പുറത്ത് ശബ്ദം ഒതുക്കേണ്ടി വരുന്ന പെണ്ണുങ്ങളും വിവാഹ സമ്പ്രദായത്തിലെ ആണാധികാരങ്ങളുമടക്കം ഒരുപാട് കാര്യങ്ങളെ ഈ കൊച്ചു സിനിമക്കുള്ളിൽ വരച്ചു കാണിക്കുന്നുണ്ട്.
കുവൈത്ത് വിജയൻറെ വീട്ടിലെന്ന വണ്ണം നടക്കുന്ന കാര്യങ്ങളത്രയും സമൂഹത്തിന്റെ കൂടി വിഷയമായി കാണാവുന്നതാണ്. ഒരു ജനാധിപത്യ രാജ്യത്ത് ജീവിച്ചു കൊണ്ട് രാജ ഭരണത്തെ പ്രകീർത്തിക്കുന്ന വിജയനും വിജയനെ ജനാധിപത്യ ബോധത്തോടെ തന്നെ വിമർശിക്കുന്ന സുഹൃത്ത് ഔക്കറുമൊക്കെ വെറും സിനിമാ കഥാപാത്രങ്ങൾ മാത്രമല്ലാതാകുന്നുണ്ട്.

ജനാധിപത്യ വ്യവസ്ഥിതിയെ എത്ര മാത്രം ഭീകരമായി അട്ടിമറിക്കാനാകുമെന്ന് വിജയൻ നമ്മളെ ബോധ്യപ്പെടുത്തുമ്പോൾ കാഞ്ഞങ്ങാടിനെയും ആ കല്യാണ നിശ്ചയ വീടിനെയും മറന്ന് സമകാലീന ഇന്ത്യയെ കുറിച്ച് ഓർക്കേണ്ടി വരുന്നു.
പെണ്ണ് കാണലും നിശ്ചയവും കല്യാണവുമൊക്കെ ചുരുങ്ങിയ സീനുകളിൽ മാത്രം കണ്ടു ശീലിച്ചവർക്ക് മുന്നിലേക്ക് കല്യാണ നിശ്ചയം ഒരു മുഴുനീള സിനിമയായി എത്തിയതും ഒരു കൗതുകമാണ്.
കുവൈത്ത് വിജയനും ലളിതയും സുജയും സുരഭിയും വിമലയും ഗിരീഷുമടക്കമുള്ള കഥാപാത്ര പ്രകടനങ്ങളെ അഭിനന്ദിക്കുമ്പോൾ സജിൻ ചെറുകയിലിന്റെ ശ്രീനാഥ്‌ എന്ന കഥാപാത്രത്തെ സിനിമക്ക് പുറത്തു വച്ച് നേരിട്ട് കൈകാര്യം ചെയ്താലോ എന്ന് വരെ തോന്നിപ്പിച്ചു. അജ്‌ജാതി ഒരു വെറുപ്പീര് സാധനം. അതേ സമയം ഒന്നിലും പരാതിയും പരിഭവവുമില്ലാത്ത സുനിൽ സൂര്യയുടെ സന്തോഷേട്ടനെ ചേർത്ത് പിടിക്കാനാണ് തോന്നിയത് .

ആകെ മൊത്തം ടോട്ടൽ = പറയാൻ വലിയ കഥയില്ലാത്ത ഒരു സംഗതിയെ ഗംഭീരമായ ഡീറ്റൈലിങ്ങിലൂടെ മനോഹരമായ തിരക്കഥയാക്കി മാറ്റാൻ സാധിച്ചതിൽ തന്നെയുണ്ട് ആദ്യ വിജയം. വേറിട്ട അവതരണവും പുതുമുഖങ്ങളുടെ മിന്നും പ്രകടനങ്ങളും കൂടിയായപ്പോൾ സിനിമയുടെ ആസ്വാദനം ഇരട്ടിച്ചു. കാഞ്ഞങ്ങാടിലെ വിജയന്റെ വീട്ടിൽ കല്യാണ നിശ്ചയം കൂടാൻ പോയ പോലെ ഒരു ഫീൽ ആണ് സിനിമ തന്നത്.

*വിധി മാർക്ക് = 8/10

-pravin-

Thursday, November 11, 2021

ആദിവാസി സമൂഹത്തിന്റെ പൊള്ളുന്ന നേർ കാഴ്ചകൾ !!

കാടിന്റെ മക്കളുടെ കഥയോ സിനിമയോ അല്ല അവരുടെ പൊള്ളുന്ന ജീവിത യാഥാർഥ്യങ്ങൾ മാത്രമാണ് മനോജ് കാനയുടെ 'കെഞ്ചിര'. അത് കൊണ്ട് തന്നെ കൊമേഴ്സ്യൽ സിനിമകളിൽ പലപ്പോഴായി അവതരിപ്പിച്ചു കണ്ടിട്ടുള്ള ആദിവാസി സമൂഹത്തിന്റെ രൂപ ഭാവങ്ങളൊന്നും കെഞ്ചിരയിൽ പരതേണ്ടതില്ല.


ഒരു കൊമേഴ്‌സ്യൽ സിനിമാസ്വാദനത്തിന്റെ സാധ്യതകളെ തള്ളി കളഞ്ഞു കൊണ്ട് നിറപ്പകിട്ടില്ലാത്ത ആദിവാസി സമൂഹത്തിന്റെ സാമൂഹിക യാഥാർഥ്യങ്ങളെ സിനിമയിലേക്ക് പകർത്തിയെഴുതിയപ്പോൾ അത് പാർശ്വവത്ക്കരിക്കപ്പെട്ട ഒരു ജനതയോടുള്ള ആദരവ് കൂടിയായി മാറി.
അവതരണത്തിലെ റിയലിസം കൊണ്ടും പേരറിയാത്ത ഒരു കൂട്ടം ആദിവാസി അഭിനേതാക്കളുടെ അഭിനയമല്ലാത്ത ജീവിത പ്രകടനം കൊണ്ടുമൊക്കെ ജീവനുള്ള സിനിമാ നിർമ്മിതിയായി മാറുന്നു 'കെഞ്ചിര'.
ഛായാഗ്രഹണം, സൗണ്ട് ഡിസൈൻ, പണിയ ഭാഷയിലുള്ള സംഭാഷണങ്ങൾ, സംഗീതം അങ്ങിനെ എല്ലാം വേറിട്ട മികച്ച സിനിമാനുഭവമായി എന്ന് തന്നെ പറയാം.
എന്ത് കൊണ്ട് ആദിവാസി സമൂഹം പാർശ്വവത്ക്കരിക്കപ്പെട്ടു എന്ന ചോദ്യമോ ഉത്തരമോ അല്ല എങ്ങിനെയൊക്കെ അവർ ഈ കാലത്തും അന്യവത്ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു എന്നതിന്റെ നേർ കാഴ്ചകളാണ് 'കെഞ്ചിര'.
മുതലാളിമാർക്കും സർക്കാരിനും പോലീസിനും രാഷ്ട്രീയക്കാർക്കും എന്ന് വേണ്ട സകല മേലാളന്മാർക്കും ചൂഷണം ചെയ്യാൻ നിയോഗിക്കപ്പെടുമ്പോഴും പരാതികളില്ലാതെ തങ്ങൾക്ക് നേരെയുള്ള സകല അനീതികളോടും സമരസപ്പെട്ടു കൊണ്ട് ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് കാലാകാലങ്ങളായി കുടിയിറക്കപ്പെടുകയും കുടിയേറുകയും ചെയ്യേണ്ടി വരുന്ന സാധു മനുഷ്യ ജന്മങ്ങളെ സംവിധായകൻ കൃത്യമായ രാഷ്ട്രീയ ബോധത്തോടെയും ബോധ്യത്തോടെയുമാണ് അഭ്രപാളിയിൽ അടയാളപ്പെടുത്തിയിരിക്കുന്നത്.
ആകെ മൊത്തം ടോട്ടൽ = 'കെഞ്ചിര' പോലെയൊരു സിനിമ നിർമ്മിക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ബോധ്യങ്ങളുണ്ടെങ്കിൽ ആ സിനിമ കാണാൻ തീരുമാനിക്കുന്നതിലുമുണ്ട് ഒരു രാഷ്ട്രീയം. ഈ സിനിമ കാണുമ്പോൾ അത് അവശ ജനതയോടുള്ള ഒരു ഐക്യ ദാർഢ്യം പ്രഖ്യാപിക്കൽ കൂടിയായി മാറുന്നു. സിനിമയുടെ രാഷ്ട്രീയം സിനിമ കാണുന്നവർക്കുള്ളിലേക്ക് കൂടി പകരാൻ സാധിച്ചതിൽ മനോജ് കാനക്ക് അഭിമാനിക്കാം.
*വിധി മാർക്ക് = 7.5/10

-pravin-