Thursday, November 18, 2021

ചിരിയും കാര്യവും നിറഞ്ഞ നിശ്ചയം!!


മെയ്ഡ് ഇൻ കാഞ്ഞങ്ങാട് എന്ന് എഴുതി കാണിച്ചതിനോട് നീതി പുലർത്തും വിധം എല്ലാ തലത്തിലും കാഞ്ഞങ്ങാടിൻറെ പ്രാദേശികത അലിഞ്ഞു ചേർന്ന് കിടക്കുന്ന സിനിമയാണ് 'തിങ്കളാഴ്‌ച നിശ്ചയം'.

കാലങ്ങളായി ഉപയോഗിച്ച് പരിചയിച്ച സൊ കാൾഡ് 'മലയാള'ത്തിനപ്പുറം കേരളത്തിന്റെ ഉൾനാടൻ പ്രാദേശിക ഭാഷകൾക്ക് മലയാള സിനിമയിൽ യാതൊരു സ്വീകാര്യതയും ഉണ്ടായിരുന്നില്ല.
ഐ.വി ശശി കാലഘട്ടത്തിൽ മലപ്പുറവും കോഴിക്കോടുമൊക്കെ സജീവമായി പരിഗണിക്കപ്പെട്ടിരുന്നു എന്നതൊഴിച്ചാൽ വിശിഷ്യാ വടക്കേ മലബാറിലെ കാസർഗോഡ് -കണ്ണൂർ-വയനാട് ജില്ലകളുടെ ഭൂപ്രകൃതിയും പ്രാദേശികതയുമൊന്നും മലയാള സിനിമയിൽ ഉപയോഗിച്ചു കണ്ടിട്ടില്ലായിരുന്നു.
എന്നാൽ ഇക്കഴിഞ്ഞ പത്തു വർഷ കാലയളവിൽ മലബാറിൽ നിന്ന് പുതിയ സംവിധായകരും എഴുത്തുകാരുമൊക്കെ വന്നതിന്റെ ഭാഗമായി ആ സ്ഥിതിക്ക് ഒരു മാറ്റമുണ്ടായിട്ടുണ്ട്. സുഡാനി ഫ്രം നൈജീരിയ പോലുള്ള സിനിമകളൊക്കെ അതിന്റെ മികവുറ്റ ഉദാഹരണങ്ങളാണ്.

പ്രാദേശിക ഭാഷകളുടെ സൗന്ദര്യം സിനിമകളിലൂടെ പ്രചരിക്കപ്പെടുമ്പോൾ അത് മലയാള ഭാഷയുടെ ആസ്വാദനത്തെ വൈവിധ്യപൂർണ്ണമാക്കുകയാണ് ചെയ്യുന്നത്. മലയാള സിനിമ ആ തലത്തിൽ നല്ലൊരു പ്ലാറ്റ്‌ ഫോം കൂടിയാണ് എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് 'തിങ്കളാഴ്ച നിശ്ചയം'.
കാഞ്ഞങ്ങാടിന്റെ പ്രാദേശികതയെ ഒരു വീടിന്റെ പരിസരത്തിൽ ഒരുപാട് കഥാപാത്രങ്ങളിലൂടെ ഒട്ടും കൃത്രിമത്വമില്ലാതെ അവതരിപ്പിക്കാൻ സാധിച്ചിടത്താണ് 'തിങ്കളാഴ്ച നിശ്ചയം'മികച്ചു നിൽക്കുന്നത്.
ഒരു ഡ്രാമയിലേക്ക് മാത്രമായി ഒതുങ്ങി പോകുമായിരുന്ന കാര്യങ്ങളെ സ്വാഭാവിക ഹാസ്യത്തിലൂടെ കൈകാര്യം ചെയ്ത രീതിയൊക്കെ ഗംഭീരമായിരുന്നു.
പെണ്ണ് കാണൽ ചടങ്ങിന്റെ സീൻ തന്നെ നോക്കൂ അതിലേക്ക് ശബരി മല വിഷയം ആക്ഷേപ ഹസ്യേന ചർച്ചക്ക് വക്കുന്നു സംവിധായകൻ. മധ്യവർത്തി കുടുംബത്തിലെ സാമ്പത്തിക പരാധീനതകളും അടുക്കളപ്പുറത്ത് ശബ്ദം ഒതുക്കേണ്ടി വരുന്ന പെണ്ണുങ്ങളും വിവാഹ സമ്പ്രദായത്തിലെ ആണാധികാരങ്ങളുമടക്കം ഒരുപാട് കാര്യങ്ങളെ ഈ കൊച്ചു സിനിമക്കുള്ളിൽ വരച്ചു കാണിക്കുന്നുണ്ട്.
കുവൈത്ത് വിജയൻറെ വീട്ടിലെന്ന വണ്ണം നടക്കുന്ന കാര്യങ്ങളത്രയും സമൂഹത്തിന്റെ കൂടി വിഷയമായി കാണാവുന്നതാണ്. ഒരു ജനാധിപത്യ രാജ്യത്ത് ജീവിച്ചു കൊണ്ട് രാജ ഭരണത്തെ പ്രകീർത്തിക്കുന്ന വിജയനും വിജയനെ ജനാധിപത്യ ബോധത്തോടെ തന്നെ വിമർശിക്കുന്ന സുഹൃത്ത് ഔക്കറുമൊക്കെ വെറും സിനിമാ കഥാപാത്രങ്ങൾ മാത്രമല്ലാതാകുന്നുണ്ട്.

ജനാധിപത്യ വ്യവസ്ഥിതിയെ എത്ര മാത്രം ഭീകരമായി അട്ടിമറിക്കാനാകുമെന്ന് വിജയൻ നമ്മളെ ബോധ്യപ്പെടുത്തുമ്പോൾ കാഞ്ഞങ്ങാടിനെയും ആ കല്യാണ നിശ്ചയ വീടിനെയും മറന്ന് സമകാലീന ഇന്ത്യയെ കുറിച്ച് ഓർക്കേണ്ടി വരുന്നു.
പെണ്ണ് കാണലും നിശ്ചയവും കല്യാണവുമൊക്കെ ചുരുങ്ങിയ സീനുകളിൽ മാത്രം കണ്ടു ശീലിച്ചവർക്ക് മുന്നിലേക്ക് കല്യാണ നിശ്ചയം ഒരു മുഴുനീള സിനിമയായി എത്തിയതും ഒരു കൗതുകമാണ്.
കുവൈത്ത് വിജയനും ലളിതയും സുജയും സുരഭിയും വിമലയും ഗിരീഷുമടക്കമുള്ള കഥാപാത്ര പ്രകടനങ്ങളെ അഭിനന്ദിക്കുമ്പോൾ സജിൻ ചെറുകയിലിന്റെ ശ്രീനാഥ്‌ എന്ന കഥാപാത്രത്തെ സിനിമക്ക് പുറത്തു വച്ച് നേരിട്ട് കൈകാര്യം ചെയ്താലോ എന്ന് വരെ തോന്നിപ്പിച്ചു. അജ്‌ജാതി ഒരു വെറുപ്പീര് സാധനം. അതേ സമയം ഒന്നിലും പരാതിയും പരിഭവവുമില്ലാത്ത സുനിൽ സൂര്യയുടെ സന്തോഷേട്ടനെ ചേർത്ത് പിടിക്കാനാണ് തോന്നിയത് .

ആകെ മൊത്തം ടോട്ടൽ = പറയാൻ വലിയ കഥയില്ലാത്ത ഒരു സംഗതിയെ ഗംഭീരമായ ഡീറ്റൈലിങ്ങിലൂടെ മനോഹരമായ തിരക്കഥയാക്കി മാറ്റാൻ സാധിച്ചതിൽ തന്നെയുണ്ട് ആദ്യ വിജയം. വേറിട്ട അവതരണവും പുതുമുഖങ്ങളുടെ മിന്നും പ്രകടനങ്ങളും കൂടിയായപ്പോൾ സിനിമയുടെ ആസ്വാദനം ഇരട്ടിച്ചു. കാഞ്ഞങ്ങാടിലെ വിജയന്റെ വീട്ടിൽ കല്യാണ നിശ്ചയം കൂടാൻ പോയ പോലെ ഒരു ഫീൽ ആണ് സിനിമ തന്നത്.

*വിധി മാർക്ക് = 8/10

-pravin-

No comments:

Post a Comment