Tuesday, December 7, 2021

ചുരുളഴിയാത്ത നിഗൂഢത !!

സൃഷ്ടിപരമായി ഒരു സിനിമ എന്നത് സംവിധായകന്റേതാണെങ്കിൽ ആസ്വാദനപരമായി അത് തീർത്തും പ്രേക്ഷകരുടേത് മാത്രമാണ്. സംവിധായകൻ സിനിമയിലൂടെ എന്ത് ഉദ്ദേശിച്ചു എന്നതിനേക്കാൾ പ്രേക്ഷകർ സിനിമയെ എങ്ങിനെ നോക്കി കാണുന്നു അല്ലെങ്കിൽ എന്ത് ആസ്വദിച്ചറിയുന്നു എന്നതിലാണ് കാര്യം.

ഒരേ സിനിമക്ക് വ്യത്യസ്ത ആസ്വാദനങ്ങൾ ഉണ്ടാകുകയും അത് പല തലത്തിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്യുമ്പോൾ കലാപരമായും ആസ്വാദനപരമായും സിനിമ വിജയിക്കുകയാണ് ചെയ്യുന്നത്. ചുരുളി അങ്ങിനെ ഒരുപാട് തുടർ ചർച്ചകൾക്കും ആസ്വാദനങ്ങൾക്കും സാധ്യത നൽകുന്ന സിനിമയാണ്.

കണ്ടു തീരുന്നിടത്ത് അവസാനിക്കുന്നതല്ല അവസാനിച്ചിടത്തു നിന്ന് പുറകോട്ട് ചിന്തിക്കാനും കൂട്ടി വായിക്കാനും പൂരിപ്പിക്കാനുമുള്ള സിനിമയാണ് ചുരുളി. ആ തരത്തിൽ ബൗദ്ധിക വ്യായാമം തരുന്ന സിനിമകളോട് പൊതുവെ ഒരു വിഭാഗം പ്രേക്ഷകർക്ക് എന്നും പരാതിയാണ് എന്നതിനൊപ്പം സാംസ്ക്കാരികപരമായും ഭാഷാപരവുമായുള്ള മലയാളിയുടെ പൊതുബോധങ്ങൾക്ക് എതിരെ നിന്ന് കൊണ്ട് കഥ പറയുന്ന സിനിമ എന്ന നിലക്കും ചുരുളി അധിക വിമർശനം നേരിടുന്നു.


സിനിമയിലെ കഥാപാത്രങ്ങൾ പറയുന്ന തെറികൾ ഈ സിനിമയെ നശിപ്പിച്ചു എന്ന വാദത്തോട് യോജിക്കുന്നില്ല. കാരണം ചുരുളി എന്ന സ്ഥലരാശിയുമായും അവിടത്തെ കഥാപാത്രങ്ങളുമായും ഏറ്റവും എളുപ്പത്തിൽ പൊരുത്തപ്പെടാൻ സഹായിച്ചത് നിനച്ചിരിക്കാതെ പെട്ടെന്ന് കേക്കേണ്ടി വന്ന ആദ്യ തെറിയും പിന്നെ ആ കള്ള് ഷാപ്പുമാണ്.

തുടക്കത്തിൽ പറഞ്ഞു തരുന്ന തിരുമേനിയുടെയും മാടന്റെയും കഥ ടൈറ്റിലുകൾക്കൊപ്പം നമ്മുടെ മനസ്സിൽ കുടിയേറുമ്പോൾ തന്നെയാണ് മാടൻ അവന്റെ കളി തുടങ്ങുന്നത്.

പുറം ലോകത്തിനെ ചുരുളിയുമായി ബന്ധിപ്പിക്കുന്ന ആ നൂലാമാല പാലം കടക്കുക എത്ര ദുഷ്ക്കരമാണെന്ന് സിനിമ തന്നെ കാണിച്ചു തരുന്നുണ്ട്. പാലം കടന്ന് ഇപ്പുറം എത്തി നിമിഷങ്ങൾക്കുള്ളിൽ കേട്ട ആദ്യ തെറിയിൽ ആന്റണിക്കും ഷാജീവനുമൊപ്പം നമ്മളും ഒന്ന് ഷോക്കായി പോകുന്നുണ്ട്. പിന്നീടങ്ങോട്ട് തുടരെ കേൾക്കേണ്ടി വരുന്ന തെറികളെല്ലാം നെറ്റി ചുളുപ്പിക്കുമെങ്കിലും പതിയെ ചുരുളിയിലെ സംസാര ശൈലി/ ഭാഷയെന്നോണം അതിനെ അംഗീകരിക്കേണ്ടി വരുകയാണ്. അത് കൊണ്ട് തന്നെ ഒരു ഘട്ടം കഴിയുമ്പോൾ കേൾക്കേണ്ടി വരുന്ന തെറികളൊന്നും തെറികളേ അല്ലാതാകുന്നു.

നിയമങ്ങളുടെയും പൊതുബോധങ്ങളുടെയും മനഃസാക്ഷിയുടേയുമൊക്കെ കെട്ടുപാടുകൾ ഇല്ലാതെ ഒരു കൂട്ടം ആളുകൾ അവരവരുടെ ഇഷ്ടം പോലെ സ്വൈര്യമായി വിഹരിക്കുകയും വിരാജിക്കുകയും ചെയ്യുന്ന ചുരുളി എന്ന വിചിത്ര ഇടം. മയിലാടും കുറ്റിയിലെ ജോയിയെ പൊക്കാൻ വേണ്ടി വേഷം മാറി ചുരുളിയിലേക്ക് വണ്ടി കയറിയ ആന്റണിയും ഷാജീവനും ആ സ്ഥലത്തിന്റെ ഭ്രമാത്മകതകയിൽ അലിഞ്ഞു ചേരുകയാണ്.

ജോയ് ഒരു പിടികിട്ടാപ്പുള്ളിയാണ് എന്ന പോലീസ് ഭാഷ്യത്തിലൂടെയാണ് അയാൾ ഒരു കുറ്റക്കാരൻ തന്നെയാണെന്ന് നമ്മളും ഉറച്ചു വിശ്വസിക്കുന്നത്. എന്നാൽ കുറ്റം ചെയ്തവരെയെല്ലാം അറസ്റ്റ് ചെയ്യുന്നതല്ല, കുറ്റം ചെയ്ത ആൾക്കൂട്ടത്തിൽ നിന്ന് നമുക്ക് വേണ്ടവനെ മാത്രം അറസ്റ്റ് ചെയ്യുന്നതാണ് നിയമമെന്ന് ആന്റണി ഷാജീവനോട് പറയുന്നിടത്താണ് ആരാണ് ശരിക്കും കുറ്റം ചെയ്യുന്നവർ എന്ന ചോദ്യം ഉയരുന്നത്.

വൃത്താകൃതിയിൽ ഒരു കൂട്ടം മനുഷ്യർ നിര നിരയായി ഓടുമ്പോൾ അതിൽ ആര് ആരുടെ പുറകെയാണ് ശരിക്കും ഓടുന്നത് എന്നറിയാതെ പോകുന്ന ഒരവസ്ഥയിൽ നമ്മളും കുരുങ്ങി പോകുന്നു. വിനോയ് തോമസിന്റെ കഥയിൽ നിന്ന് ചുരുളിയെ അങ്ങനൊരു മിസ്റ്റിക് തലത്തിലേക്ക് എത്തിക്കുന്നത് ഹരീഷിന്റെ തിരക്കഥയാണ്.

നമ്മുടെ ജീവിതത്തിൽ മുൻപ് എപ്പോഴോ സംഭവിച്ച ഒരു കാര്യം സമാനമായി വീണ്ടും നടക്കുന്ന പോലെ അനുഭവപ്പെടുന്ന അവസ്ഥയെയാണല്ലോ ദേജാവൂ എന്ന് പറയുന്നത്. ഇത് ഏതെങ്കിലും ടൈം ലൂപ്പ് വഴി യഥാർത്ഥത്തിൽ നമുക്ക് സംഭവിക്കുന്നത് തന്നെയാകുമോ ? ചാമുണ്ഡിയും ഏലിയനും മാടനുമൊക്കെ ഒരേ മിത്തിന്റെ വേറെ വേറെ മുഖങ്ങളാകുമോ ? അങ്ങിനെ ചോദ്യങ്ങളും ചിന്തകളും പലതുണ്ടാകുന്നുണ്ട് ചുരുളിയിലെ ചില സീനുകൾ കാണുമ്പോൾ.

ഒരിക്കൽ ചുരുളിയിലേക്ക് വന്നവർക്ക് അവിടം വിട്ടു പോകാനാകില്ല. തിരുമേനിയായും ആന്റണിയായും ഷജീവനായും ജോയിയായും അങ്ങിനങ്ങിനെ ആ ലൂപ്പ് ആവർത്തിച്ചു കൊണ്ടേയിരിക്കും.


കാലം എത്ര മുന്നോട്ട് പോയാലും, ശാസ്ത്രം എത്ര തന്നെ വളർന്നാലും അടിസ്ഥാനപരമായി മനുഷ്യന്റെ ഉള്ളിൽ ഇപ്പോഴും ഒരു മൃഗം ഉറങ്ങി കിടക്കുന്നുണ്ട്. അത് ഉണരുന്നിടത്ത് മനുഷ്യൻ വീണ്ടും പഴയ കാലത്തിലേക്ക് തന്നെ പോകുകയും പൂർണ്ണമായും ഇരുകാലികളായ മൃഗമായി മാറുകയും ചെയ്യുന്നു . ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജെല്ലിക്കെട്ട്' പറഞ്ഞു വച്ചിടത്ത് നിന്ന് തന്നെ തുടർന്ന് വായിക്കാനും സാധിക്കും ചുരുളിയെ.

'ജെല്ലിക്കെട്ടി'ൽ കാണിച്ചു തന്ന മനുഷ്യനുള്ളിലെ വന്യതയുടെ കുറച്ചു കൂടി തീവ്രമായ ദൃശ്യാവിഷ്ക്കാരമാണ് 'ചുരുളി'യിലുള്ളത് എന്ന് പറയാം.

കഥയിലും കഥാപശ്ചാത്തലത്തിലും മുൻകാല സിനിമകളോടൊന്നും സാമ്യത പുലർത്താതിരിക്കുമ്പോഴും പറയാനെടുക്കുന്ന കഥയിലും വിഷയത്തിലും ഫിക്ഷന്റെ എല്ലാ സാധ്യതകളെയും പരമാവധി ഉപയോഗപ്പെടുത്താൻ ലിജോ ജോസ് പെല്ലിശ്ശേരിക്ക് സാധിക്കാറുണ്ട്.

ആമേനിൽ അത് കുമരങ്കിരി എന്ന സാങ്കൽപ്പിക ഗ്രാമവും വട്ടോളിയച്ചനും ആയിരുന്നെങ്കിൽ ഈ.മ.യൗ വിൽ അത് മരണവും ചീട്ടു കളിച്ചു കൊണ്ടിരിക്കുന്ന മാലാഖമാരുമായിരുന്നു. ജെല്ലിക്കെട്ടിൽ ഒരു പോത്തിന് പിന്നാലെ നമ്മളെ ഓടിപ്പിച്ചു ചിന്തിപ്പിക്കുകയാണ് ചെയ്തതെങ്കിൽ ചുരുളിയിൽ പൂർണ്ണമായും ഉത്തരങ്ങൾ നൽകാത്ത കാടിന്റെ നിഗൂഢതയിലും മനുഷ്യ മനസ്സുകളുടെ സങ്കീർണ്ണതകളിലും നമ്മളെ അലയാൻ വിടുകയാണ് ലിജോ ചെയ്യുന്നത്.

ആകെ മൊത്തം ടോട്ടൽ = ബൗദ്ധിക വ്യായാമം തരുന്ന ഒരു മികച്ച സിനിമ. മധുനീലകണ്ഠന്റെ ഛായാഗ്രഹണവും ശ്രീരാഗ് സജിയുടെ സംഗീതവും രംഗനാഥ്‌ രവിയുടെ സൗണ്ട് ഡിസൈനും തന്നെയാണ് ചുരുളിയിലെ നിഗൂഢതക്ക് ഇത്ര മേൽ ഭംഗി സമ്മാനിച്ചത്.

*വിധി മാർക്ക് = 8/10

-pravin-

No comments:

Post a Comment