Sunday, December 12, 2021

ദൃശ്യ മികവ് മാത്രമാകരുത് സിനിമ !!


ഒരുപാട് ഹൈപ്പുകളോടെ റിലീസായ സിനിമകൾ പരമാവധി നെഗറ്റിവ് റിവ്യൂസും അഭിപ്രായങ്ങളും കേട്ടറിഞ്ഞ ശേഷം വേണം കാണാൻ. അങ്ങനെയാകുമ്പോൾ ഒരു പ്രതീക്ഷകളുടെയും ഭാരമില്ലാതെ കാണാൻ സാധിക്കും.

'മാമാങ്കം' വന്നപ്പോഴും ഇപ്പോൾ 'മരക്കാർ' വന്നപ്പോഴും ആളും ആരവവുമില്ലാതെയാണ് തിയേറ്ററിൽ പോയി കണ്ടത്. അത് കൊണ്ട് തന്നെ ഈ പറഞ്ഞ രണ്ടു സിനിമകളും പോരായ്മാകൾക്കിടയിലും ആസ്വദിക്കാൻ സാധിച്ചു.
കണ്ടിരിക്കാൻ പോലും സാധ്യമല്ലാത്ത സിനിമ എന്ന തരത്തിൽ ഡീഗ്രേഡ് ചെയ്യപ്പെടേണ്ട സിനിമയല്ലെങ്കിലും ആസ്വാദനപരമായി വിമർശിക്കപ്പെടേണ്ടേ നിരവധി കാര്യങ്ങളുള്ള സിനിമ തന്നെയാണ് മരക്കാർ.
സംഭവ ബഹുലമായ ജീവിതങ്ങളെ സിനിമയിലേക്ക് പകർത്തി എഴുതുമ്പോൾ പലപ്പോഴും സംഭവിക്കുന്ന പ്രധാന പ്രശ്നം തിരക്കഥയിൽ എന്തൊക്കെ ഉൾപ്പെടുത്തണം / ഒഴിവാക്കണം എന്നത് സംബന്ധിച്ചുള്ള ആശയ കുഴപ്പങ്ങളാണ്. മരക്കാറിന്റെ തിരക്കഥയിൽ അപ്രകാരം കൃത്യമായ ഒരു ഫോക്കസ് ഉണ്ടായില്ല എന്നതിനൊപ്പം എഴുതിയ തിരക്കഥ ദുർബ്ബലവുമായി പോയി.
'കായംകുളം കൊച്ചുണ്ണി'യിൽ ഇത്തിക്കരപ്പക്കിയുടെ വേഷത്തിൽ വെറും അതിഥി താരമായി വന്നപ്പോൾ പോലും മോഹൻലാൽ എന്ന നടന്റെ എനർജിയും സ്ക്രീൻ പ്രസൻസും ആഘോഷിക്കപ്പെട്ടതാണ്. പക്ഷേ അതേ മോഹൻലാൽ കുഞ്ഞാലി മരക്കാറെന്ന യോദ്ധാവായി വന്നപ്പോൾ ആ എനർജി കാണിക്കാനുള്ള സ്ക്രീൻ റൈറ്റിങ് ഇല്ലാതെ പോയി.
മോഹൻലാലിന് കുഞ്ഞാലി മരക്കാർ എന്ന യോദ്ധാവിന്റെ ശരീര ഭാഷ ഇല്ല എന്ന പരിഹാസത്തിനോട് യോജിക്കാനില്ലെങ്കിലും ആ കഥാപാത്രത്തിനെ ഭാഷാപരമായി അവതരിപ്പിക്കുന്നതിൽ അദ്ദേഹത്തിലെ നടന് പൂർണ്ണതയും തുടർച്ചയുമില്ല എന്ന പരാതിയോട് യോജിക്കാം .എങ്കിലും കിളിച്ചുണ്ടൻ മാമ്പഴത്തിലെ അബ്ദു ആയില്ലല്ലോ എന്നത് ആശ്വാസം.
അൽപ്പ നേരം മാത്രമേ ഉള്ളൂവെങ്കിലും കുഞ്ഞു കുഞ്ഞാലിയായി വന്ന പ്രണവിന് അച്ഛനെക്കാൾ കുഞ്ഞാലി മരക്കാർ എന്ന കഥാപാത്രത്തോട് നീതിപുലർത്താൻ സാധിച്ചു.
പ്രകടനം കൊണ്ട് മോഹൻലാലിനെക്കാൾ ഈ സിനിമയിൽ സ്കോർ ചെയ്യുന്നത് സഹനടന്മാരായി അഭിനയിച്ചവരാണ്. ഹരീഷ് പേരടിയുടെ മാങ്ങാട്ടച്ചനായുള്ള പ്രകടനം അക്കൂട്ടത്തിൽ എടുത്തു പറയേണ്ടതാണ്. നെടുമുടി വേണുവിന്റെ സാമൂതിരിയും, ജെയ് ജെ ജകൃതിന്റെ ചിന്നാലിയും, അർജ്ജുന്റെ അനന്തനും, സുനിൽ ഷെട്ടിയുടെ ചന്ദ്രോത് പണിക്കരും, അശോക് സെൽവന്റെ അച്യുതനുമൊക്കെ മികച്ച കാസ്റ്റിങ് ആയി തന്നെ അനുഭവപ്പെട്ടു.
അതേ സമയം മുകേഷ് -ഗണേഷ് -ഇന്നസെന്റ് -മാമുക്കോയ തുടങ്ങിയവർ വേഷം കൊണ്ട് മാത്രം കഥാപാത്രങ്ങളായി വന്ന പോലെയാണ് തോന്നിയത്. ഒരു തരത്തിലും കഥാപാത്രങ്ങളായി മാറാതെ മുൻകാല പ്രിയദർശൻ സിനിമകളിലെ കോമഡി സീനിലേക്കെന്ന പോലെ അഭിനയിച്ചു പോയവർ അവരാണ്. പ്രഭുവിനെ പോലും ഈ സിനിമയിൽ അത്തരത്തിൽ ഒരു കോമഡി പീസാക്കി മാറ്റി.

എണ്ണം കൊണ്ട് കഥാപാത്രങ്ങൾ പലതുണ്ടെങ്കിലും സ്ക്രീനിലേക്ക് വരുമ്പോൾ അവരിൽ പലർക്കും കാര്യമായി ഒന്നും ചെയ്യാനില്ലാത്ത നിലക്ക് ഒതുങ്ങി പോകുന്നു. കഥ നടക്കുന്ന കാലഘട്ടവുമായി പൊരുത്തപ്പെടാത്ത കഥാപാത്ര സംഭാഷണങ്ങളും നാടകീയത നിറഞ്ഞു നിൽക്കുന്ന സീനുകളുമൊക്കെ മരക്കാറിലെ രസം കൊല്ലികളായി.
കുഞ്ഞാലി മരക്കാറിന്റെ ചരിത്രം അപൂർണ്ണമായത് കൊണ്ട് തന്നെ സിനിമയിലേക്ക് ചേർക്കാവുന്ന സാങ്കൽപ്പിക കഥകൾക്കും കഥാപാത്രങ്ങൾക്കും കണക്കില്ലായിരുന്നു. ഈ സാധ്യതയെ പ്രിയദർശൻ വാണിജ്യപരമായി പ്രയോജനപ്പെടുത്തിയെങ്കിലും ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതിൽ പുറകോട്ട് പോയി എന്ന് പറയേണ്ടി വരും.
കേട്ടും വായിച്ചുമറിഞ്ഞ കുഞ്ഞാലി മരക്കാർ കഥകളും ചരിത്രവുമൊക്കെ പേരിന് സിനിമയിലേക്ക് പകർത്തപ്പെട്ടിട്ടുണ്ട് എന്നത് ആശ്വാസകരമായിരുന്നു. അത് കൊണ്ട് തന്നെ ചരിത്രത്തെ വളച്ചൊടിച്ചു എന്ന പരാതി ഈ സിനിമയുടെ കാര്യത്തിൽ അത്ര പ്രസക്തമായി തോന്നിയില്ല.
കാലാപാനിയിലെ ഗോവർദ്ധനെ തൂക്കിലേറ്റുന്ന ക്ലൈമാക്സ് സീൻ ഇന്ന് കാണുമ്പോഴും ഒരു വല്ലാത്ത ഫീലാണ്. എന്റെ ജന്മനാടിന് മോചനം ലഭിക്കണമേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് തൂക്കു കയറേറ്റ് വാങ്ങുന്ന ഗോവർദ്ധനനെ മരക്കാറിലും കാണാം. പക്ഷെ അതിൽ മനസ്സ് തൊടുന്ന ആ പഴയ ഫീൽ ഇല്ല എന്ന് മാത്രം. അങ്ങിനെ മനസ്സ് തൊട്ട് പോകുന്നത് അർജ്ജുന്റെ അനന്തനും ഹരീഷ് പേരടിയുടെ മാങ്ങാട്ടച്ചനും സ്‌ക്രീനിൽ നിന്ന് മറയുമ്പോഴാണ്. മരക്കാറെന്ന സിനിമയിൽ മനസ്സ് തൊട്ട ആഴമുള്ള കഥാപാത്ര പ്രകടനങ്ങളും അവരുടേത് തന്നെ.
ആകെ മൊത്തം ടോട്ടൽ = പോരായ്‌മകളും മികവുകളുമുള്ള സിനിമകളെ പോരായ്‌മകൾ കൊണ്ട് മാത്രം വിലയിരുത്തുന്ന ശൈലിയോട് യോജിപ്പില്ല. അത് കൊണ്ട് തന്നെ പറയട്ടെ മേൽപ്പറഞ്ഞ പോരായ്മകൾ ഉള്ളപ്പോഴും visual effects നൽകിയ ആസ്വാദനം ചെറുതല്ല. തിരുവിന്റെ ഛായാഗ്രഹണവും സാബു സിറിലിന്റെ പ്രൊഡക്ഷൻ ഡിസൈനും തന്നെയാണ് മരക്കാറിന്റെ തിയേറ്റർ ആസ്വാദനം. പക്ഷേ അത് മാത്രമാകരുതല്ലോ ഒരു സിനിമയുടെ ആകെ തുക.

*വിധി മാർക്ക് = 6/10
-pravin-

No comments:

Post a Comment