Sunday, December 26, 2021

ചിരിപ്പിച്ചും മനസ്സ് തൊട്ടും ഒരു 'ജാൻ-എ-മൻ' !!


ജീവിതം എന്നാൽ എന്ത് എന്ന ചോദ്യത്തിന് ഒരുപാട് ഉത്തരങ്ങളുണ്ട് . ഓരോരുത്തരും അവരവരുടെ ചുറ്റുപാടുകളിൽ നിന്നും അനുഭവങ്ങളിൽ നിന്നുമൊക്കെയാണ് ജീവിതത്തെ പലതായി വ്യാഖ്യാനിക്കുന്നതെങ്കിലും ജീവിതം അത് ഇത്രയൊക്കെയേ ഉള്ളൂ എന്ന് വളരെ ലളിതമായും സരസമായും പറഞ്ഞു തരുകയാണ് 'ജാൻ-എ-മൻ'.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ഈ.മ.യൗ' വിന്റെ കഥാപരിസരം മരണ വീട് ആണെങ്കിൽ 'ജാൻ-എ-മന്നി'ന്റെ കഥാപരിസരം ഒരു മരണ വീടും ബെർത്ത് ഡേ പാർട്ടി നടക്കുന്ന വീടും ഒന്നിച്ചു കൂടിയതാണ്.

രംഗബോധമില്ലാത്ത കോമാളിയാണ് മരണമെങ്കിൽ ആ കോമാളിയെ കണക്കറ്റ് പരിഹസിച്ചു ചിരിക്കുന്ന വിധമാണ് മരണവീടിനു മുന്നിൽ തന്നെയുള്ള ജോമോന്റെ ബെർത്ത് ഡേ പാർട്ടി ആഘോഷങ്ങൾ.

പാളിപ്പോകാൻ ഒരുപാട് സാധ്യതകൾ ഉണ്ടായിരുന്ന ഒരു പ്ലോട്ടിനെ കെട്ടുറപ്പുള്ള തിരക്കഥ കൊണ്ടും വേറിട്ട അവതരണം കൊണ്ടുമൊക്കെ ഗംഭീരമാക്കാൻ പുതുമുഖ സംവിധായകൻ ചിദംബരത്തിന് സാധിച്ചിട്ടുണ്ട്.

ഒരു ഭാഗത്ത് ചിരിയുടെ മാലപ്പടക്കം പൊട്ടിക്കുന്ന അതേ സമയത്ത് തന്നെ മരണ വീട്ടിലെ കാഴ്ചകളിലേക്ക് കൊണ്ട് പോയി പൊടുന്നനെ സിനിമയുടെ മൂഡ് ഷിഫ്റ്റ് ചെയ്യുകയാണ് സംവിധായകൻ. ചിരിയും സങ്കടവും മാറി മറയുന്ന സീനുകളിൽ നിന്ന് ഒരു ഘട്ടമെത്തുമ്പോൾ പകയുടെയും കലഹത്തിന്റെയും മൂഡിലേക്ക് വീണ്ടും ഒരു മാറ്റം.


ഇങ്ങിനെ ആദ്യാവസാനം വരെ ചിരിയും സങ്കടവും കലഹവും പകയും സൗഹൃദവുമൊക്കെയായി മാറി മറയുന്ന കഥാഗതിയെ രസകരമായി കൈകാര്യം ചെയ്യുന്നതോടൊപ്പം മൂടി വെക്കപ്പെട്ട ഒരു പ്രണയ കഥ കൂടി സിനിമയുടെ ഭാഗമാകുന്നു. അത് വരെ കണ്ട കളി ചിരികൾക്കും കലഹങ്ങൾക്കുമപ്പുറം 'ജാൻ-എ-മൻ' എന്ന സിനിമക്ക് മറ്റൊരു മനോഹരമായ ആസ്വാദന തലം നൽകുന്നതും ആ പ്രണയ കഥയാണ്.

കാനഡയിലെ മഞ്ഞിൽ പൊതിഞ്ഞ ഏകാന്തതയിൽ നിന്ന് സ്വന്തം പിറന്നാൾ ആഘോഷിക്കാൻ ജന്മനാട്ടിലേക്ക് പറന്നിറങ്ങി വരുന്ന ജോമോനും, ജോമോന്റെ പിറന്നാൾ കളറാക്കാൻ കട്ടക്ക് നിൽക്കുന്ന ഡോക്ടർ ഫൈസലും, മനസ്സില്ലാ മനസ്സോടെയെങ്കിലും സ്വന്തം വീട്ടിൽ ജോമോന്റെ ബർത് ഡേ പാർട്ടിക്ക് വേണ്ട ഇടം കൊടുക്കുന്ന സമ്പത്തും, പാർട്ടി ഗംഭീരമാക്കാൻ ലൈറ്റും സൗണ്ടും ഡിജെ സെറ്റപ്പുമായി വരുന്ന ഇവന്റ് മാനേജർ അക്ഷയ്‌കുമാറുമാണ് 'ജാൻ-എ-മൻ' സിനിമയുടെ കഥാപരിസരത്തെ ആദ്യാവസാനം വരെ ലൈവാക്കി നിർത്തുന്നത്.

പ്രധാന കഥാപാത്രങ്ങളുടെ പ്രകടനങ്ങളിൽ മാത്രം ഒതുങ്ങുന്ന ഒരു സിനിമയല്ല 'ജാൻ-എ-മൻ' എന്നത് എടുത്തു പറയേണ്ടതാണ്. ഒരു സീനിൽ ചുമ്മാ നടന്നു പോകുന്ന കഥാപാത്രമുണ്ടെങ്കിൽ അയാൾക്കുമുണ്ട് ഈ സിനിമയിൽ ചെയ്തു തീർക്കാൻ ഒരുപാട് കാര്യങ്ങൾ.

ബെർത്ത് ഡേ കേക്കുമായി വരുന്ന ചേട്ടനൊക്കെ മിന്നായം പോലെ വന്നു പോകുന്നവരാണെങ്കിലും ഉള്ള സീനിൽ മിന്നലായി മാറുന്നു . അത് പോലെ ഗുണ്ടാ സജിയേട്ടനും പുള്ളിയുടെ അസിസ്റ്റന്റുമൊക്കെ ഒരു രക്ഷയും ഉണ്ടായിരുന്നില്ല. അമ്മാതിരി സാധനങ്ങൾ

ചിരിയുടെ പൊടിപൂരത്തിനിടയിലും മരണ വീട്ടിലെ ഇമോഷണൽ രംഗങ്ങളെല്ലാം അതി വൈകാരികതയിലേക്ക് കൊണ്ട് പോകാതെ കൈയ്യടക്കത്തോടെ കൈകാര്യം ചെയ്‌തു കാണാം. ലാലിന്റെ കൊച്ചു കുഞ്ഞും ബാലു വർഗ്ഗീസിന്റെ മോനിച്ചനുമൊക്കെ പ്രകടനം കൊണ്ട് സ്‌കോർ ചെയ്യുന്നതും അവിടെ തന്നെ.

ഈ കൊല്ലം റിലീസായ 'ഓപ്പറേഷൻ ജാവ'യിലെ ആന്റണിയും 'ജാൻ-എ-മന്നി'ലെ മോനിച്ചനും ബാലു വർഗ്ഗീസിന്റെ കരിയറിൽ ഒരു നടനെന്ന നിലയിൽ ഗ്രാഫുയർത്തിയ കഥാപാത്രങ്ങളാണ്.

മോനിച്ചനും മോനിച്ചന്റെ പെങ്ങൾമാരും തമ്മിലുള്ള അകൽച്ചയും അടുപ്പവുമൊക്കെ മനസ്സ് തൊടുന്ന വിധം അവതരിപ്പിച്ചിട്ടുണ്ട് റിയ സൈറയും ജിലു ജോസഫും.

ബേസിൽ ജോസഫ് -ഗണപതി -അർജ്ജുൻ അശോകൻ-അഭിരാം പൊതുവാൾ..ഒന്നും പറയാനില്ല ടീമേ!!

ആകെ മൊത്തം ടോട്ടൽ = നൂറു കോടിയുടെ മുതൽമുടക്കോ വലിയ കാൻവാസിലുള്ള കഥ പറച്ചിലോ സൂപ്പർ താര നിരകളോ ഒന്നുമില്ലാതെ തന്നെ എങ്ങിനെ പ്രേക്ഷകരെ എന്റെർറ്റൈൻ ചെയ്യിക്കാൻ സാധിക്കും എന്നതിന്റെ ഏറ്റവും ലളിതമായ ഉദാഹരണമാണ് 'ജാൻ-എ-മൻ'.

*വിധി മാർക്ക് = 7.5/10

-pravin-

No comments:

Post a Comment