Thursday, February 17, 2022

അപ്പ - പുള്ളൈ പോരാട്ടം !!


ഒരു സ്ഥിരം ഗ്യാങ്‌സ്റ്റർ കഥ എന്ന മുൻവിധിയോടെ കാണുന്നവരെ പോലും തൃപ്‍തിപ്പെടുത്തും വിധം കെട്ടുറപ്പുള്ള തിരക്കഥ കൊണ്ടും ത്രസിപ്പിക്കുന്ന കഥാമുഹൂർത്തങ്ങളെ കൊണ്ടുമൊക്കെ 'മഹാനെ' ഗംഭീരമാക്കാൻ കാർത്തിക് സുബ്ബരാജിന് സാധിച്ചിട്ടുണ്ട് . 'അത് കൊണ്ട് തന്നെ 'ജഗമേ തന്തിരം' സമ്മാനിച്ച നിരാശകളെയൊക്കെ മറന്നു കൊണ്ട് ആഘോഷിക്കാനുള്ള ഒരു സിനിമാനുഭവമായി മാറുന്നു 'മഹാൻ'

ഗാന്ധിയൻ ആദർശങ്ങൾക്കനുസരിച്ചു ജീവിക്കുന്ന ഒരു കുടുംബത്തിൽ ജനിച്ചു എന്ന കാരണം കൊണ്ട് മാത്രം സ്വന്തം വ്യക്തിത്വം മൂടി വച്ച് ജീവിക്കേണ്ടി വരുന്ന ഒരു മനുഷ്യന്റെ കഥയെന്നോണം തുടങ്ങി ഒരു ഗ്യാങ്‌സ്റ്റർ സിനിമയുടെ ഗ്ലാമർ ചുറ്റുവട്ടത്തിലേക്ക് പരിണാമപ്പെടുകയാണ് 'മഹാൻ'.

ഗാന്ധിയനായുള്ള ജീവിതചര്യയിൽ അയാൾ അനുഭവിക്കുന്ന പാരതന്ത്ര്യവും അത് അയാളെ കൊണ്ട് ചെന്നെത്തിക്കുന്ന മാനസികാവസ്ഥയുമൊക്കെ ഗാന്ധി മഹാൻ എന്ന കഥാപാത്രത്തിലൂടെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.

ഗാന്ധി മഹാൻ എന്ന പേര് പോലും ഒരു ബാധ്യതയായി മാറുന്നിടത്ത് തൊട്ട് അങ്ങോട്ടുള്ള ഓരോ സീനുകളിലും ആ കഥാപാത്രത്തിന് ശാരീരികവും മാനസികവുമായി വന്നു പോകുന്ന വ്യത്യാസങ്ങളെ സ്‌ക്രീൻ പ്രസൻസിലൂടെ കാണിച്ചു തരുന്നു വിക്രം.

അധികാരപരമായും വൈകാരികപരമായുമൊക്കെയുള്ള ആ കഥാപാത്രത്തിന്റെ ഉയർച്ച താഴ്ചകളെ ഉൾക്കൊണ്ടു കൊണ്ടുള്ള പകർന്നാട്ടമായിരുന്നു വിക്രമിന്റെത്. ഒരു വലിയ ഇടവേളക്ക് ശേഷം വിക്രമിലെ നടനെ ഉപയോഗപ്പെടുത്തി കണ്ട സിനിമ എന്ന നിലക്കും 'മഹാൻ' കൈയ്യടി നേടുന്നു.
എത്ര നല്ല പ്രത്യയശാസ്ത്രങ്ങളോ ആദർശങ്ങളോ ആകട്ടെ അത് മറ്റൊരാളുടെ മേൽ നിർബന്ധപൂർവ്വം ചുമത്തപ്പെടുമ്പോൾ ഒരു മനുഷ്യനുള്ളിൽ സംഭവിക്കാവുന്ന കാര്യങ്ങളെ ലളിതമായി തന്നെ സിനിമ ബോധ്യപ്പെടുത്തുന്നു.
നമ്മുടെ ജീവിതം മറ്റൊരാളുടെ തിരഞ്ഞെടുപ്പായി മാറുന്നതിലെ സങ്കീർണ്ണതകളെ ഗാന്ധി മഹാൻ - ദാദാഭായ് നവറോജി കഥാപാത്രങ്ങളിലൂടെ ഗംഭീരമായി വരച്ചു കാണിക്കുകയാണ് സംവിധായകൻ ചെയ്യുന്നത്.
ആദർശ -പ്രത്യയശാസ്ത്രങ്ങളിലെ ശരി തെറ്റുകൾക്കപ്പുറം ഒരു മനുഷ്യൻ എങ്ങിനെ ശരിയും തെറ്റുമായി മാറുന്നു എന്ന് ബോധ്യപ്പെടുത്തുന്ന കഥാപാത്ര നിർമ്മിതികൾ 'മഹാൻ' സിനിമയുടെ വേറിട്ട ഒരു വീക്ഷണത്തിന് അവസരമൊരുക്കുന്നു.
ഒരു ഘട്ടത്തിൽ ഗാന്ധി മഹാൻ എന്ന കഥാപാത്രത്തിന്റെ ഹീറോവത്ക്കരണം മാത്രമായി ഒതുങ്ങി പോകുമോ എന്ന് സംശയിച്ച അതേ സിനിമയിൽ തന്നെ സത്യവാനായുള്ള ബോബി സിംഹയുടെ പക്വതയാർന്ന അഭിനയ മുഹൂർത്തങ്ങൾ കാണാം. അതോടൊപ്പം നായക- സഹനട കഥാപാത്രങ്ങളെയൊക്കെ മറി കടന്നു കൊണ്ടുള്ള എനർജറ്റിക് പ്രതിനായക വേഷത്തെ ധ്രുവ് വിക്രമും ഗംഭീരമാക്കി.

ആകെ മൊത്തം ടോട്ടൽ = രണ്ടേ മുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള സിനിമയിൽ കഥയേക്കാൾ കഥാപാത്രങ്ങൾ തമ്മിലുള്ള ചേർച്ചകളും ചേർച്ച കുറവുകളുമാണ് പറയാനുള്ള ആശയത്തെ വ്യക്തമാക്കി തരുന്നത്. "Freedom is not worth having if it does not include the freedom to make mistakes" എന്ന ഗാന്ധിജിയുടെ വാക്കുകളെ ആ തലത്തിൽ സമർത്ഥമായി പ്രമേയവത്ക്കരിക്കാനും അവതരിപ്പിക്കാനും കാർത്തിക് സുബ്ബരാജിന് സാധിച്ചു എന്ന് പറയാം.

*വിധി മാർക്ക് = 8/10

-pravin-

No comments:

Post a Comment