രഞ്ജിത്തിന്റെ 'ഞാൻ' സിനിമയിൽ ഹരീഷ് പേരടിയുടെ നകുലനും ദുൽഖറിന്റെ കെ.ടി.എൻ കോട്ടൂരുനുമിടയിൽ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് നടക്കുന്ന ഒരു ചർച്ചയുടെ സീനുണ്ട്. തനിക്ക് ഭാവി കാണാനാകും എന്ന് അവകാശപ്പെടുന്ന നകുലനോട് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമോ എന്ന് ചോദിക്കുകയാണ് കെ.ടിഎൻ. അതിന് നകുലൻ നൽകുന്ന മറു ചോദ്യം എന്താണ് സ്വാതന്ത്ര്യം എന്നാണ് .
എന്താണ് സ്വാതന്ത്ര്യം ? അതിലും ഭീതിതമായ ഒരു മറു ചോദ്യമിനി വേറെയില്ല. ആ ചോദ്യവുമായി നേരിട്ട് ബന്ധമില്ലെങ്കിലും അതുമായി കൂട്ടി ചേർത്ത് വായിക്കാവുന്ന ജീവിതങ്ങളാണ് 'ഫ്രീഡം ഫൈറ്റി'ലെ പ്രധാന കഥാപാത്രങ്ങളത്രയും.
നമ്മൾ എത്രയൊക്കെ സ്വതന്ത്രരാണ് എന്ന് പ്രഖ്യാപിക്കപ്പെട്ടാലും സാമൂഹ്യ-വ്യക്തി ജീവിതങ്ങളിൽ പല വിധത്തിൽ സ്വാതത്ര്യം നിഷേധിക്കപ്പെട്ടവരാണ്. വ്യവസ്ഥിതികളും സാഹചര്യങ്ങളും പൊതു ബോധങ്ങളുമൊക്കെ കൂടെ സാമൂഹിക- വ്യക്തി ജീവിതങ്ങളിൽ തീർക്കുന്ന അസമത്വവും പാരതന്ത്ര്യവുമൊക്കെ കൃത്യമായി വരച്ചു കാണിക്കുന്നുണ്ട് 'ഫ്രീഡം ഫൈറ്റി'ലെ കുഞ്ഞു കഥകളിലൂടെ.
സ്വന്തം പ്രണയത്തിലും വിവാഹത്തിലുമൊന്നും തീരുമാനമെടുക്കാൻ ഒരു പെണ്ണിന് സ്വാതന്ത്ര്യം ഇല്ല എന്ന വിഷയത്തെയാണ് അഖിൽ അനിൽകുമാറിന്റെ 'Geethu unchained' പ്രശ്നവത്ക്കരിക്കുന്നത്. അങ്ങിനെയൊക്കെ ഒരു പെണ്ണ് പറഞ്ഞാലോ ചെയ്‌താലോ നാട്ടുകാർക്ക് എന്ത് തോന്നും എന്ന പൊതുബോധത്തിനെതിരെയാണ് ഗീതുവിന്റെ സ്വാതന്ത്ര്യ സമരം.
കുഞ്ഞില മാസില്ലാമണിയുടെ 'അസംഘടിതർ' സ്ത്രീ സമൂഹം പൊതു ഇടങ്ങളിൽ നേരിടുന്ന ടോയ്‌ലറ്റ് പ്രശ്നത്തെയാണ് പ്രമേയവത്ക്കരിക്കുന്നത്.
ഒരു സിനിമാറ്റിക് മൂഡിൽ അവതരിപ്പിക്കേണ്ട വിഷയമല്ലാത്തതു കൊണ്ട് തന്നെ റിയലിസ്റ്റിക് ആയി തന്നെ അവതരിപ്പിക്കുകയും ആ പ്രശ്നത്തിന്റെ ഭീകരത അനുഭവപ്പെടുത്തുകയും ചെയ്യുന്നുണ്ട് സംവിധായിക.
ഫ്രാൻസിസ് ലൂയിസിന്റെ 'റേഷൻ' മധ്യവർത്തി കുടുംബങ്ങളുടെയും സമ്പന്നകുടുംബത്തിന്റെയും സാമ്പത്തിക അന്തരങ്ങളെയും അസമത്വത്തെയും തുറന്നു കാണിക്കുന്നു. ഒരു മീനിന് വേണ്ടി രണ്ടു കുടുംബങ്ങൾ നൽകുന്ന വിലയും അവർക്കിടയിലെ സാമ്പത്തിക അന്തരവുമൊക്കെ മനുഷ്യന്റെ സ്വാതന്ത്ര്യവുമായി എങ്ങിനെ ബന്ധപ്പെട്ടു കിടക്കുന്നു എന്ന് ബോധ്യപ്പെടുത്താൻ ഈ സെഗ്‌മെന്റിനു സാധിച്ചതായി തോന്നിയില്ല. സ്വാതന്ത്ര്യം എന്ന വിഷയത്തോട് ബന്ധപ്പെടുത്താൻ സാധിച്ചില്ല എന്ന പരാതി ഒഴിച്ചാൽ 'റേഷനും' കൊള്ളാമായിരുന്നു.
ജിയോ ബേബിയുടെ 'ഓൾഡ് ഏജ് ഹോം' ജോജു-ലാലി-രോഹിണി എന്നിവരുടെ കഥാപാത്ര പ്രകടനങ്ങൾ കൊണ്ട് ശ്രദ്ധേയമാണ്. വയസ്സായാൽ വീടിനുള്ളിൽ ഒതുങ്ങി ജീവിക്കേണ്ടവരാണ് അച്ഛനമ്മമാർ എന്ന മക്കളുടെ ആജ്ഞാപനങ്ങൾക്കെതിരെയാണ് ലാലിയുടെ കഥാപാത്രം നിലകൊള്ളുന്നതെങ്കിൽ ഇഷ്ടമുള്ളതൊക്കെ കഴിക്കാനും ചെയ്യാനുമുള്ള സ്വാതന്ത്ര്യമാണ് ബേബിക്ക് വേണ്ടത്. പരസ്പ്പരം മനസ്സിലാക്കി കൊണ്ട് പെരുമാറാനുള്ള സ്വാതന്ത്ര്യമാണ് വേണ്ടതെന്ന് ധനുവിന്റെ കഥാപാത്രം ബോധ്യപ്പെടുത്തുന്നു. സ്വാതന്ത്ര്യത്തെ പറ്റിയുളള മൂന്നു കഥാപാത്രങ്ങളുടെ കാഴ്ചപ്പാടുകൾ ഈ സെഗ്മെന്റിൽ ഉണ്ട്.
ജിതിൻ ഐസക്കിന്റെ 'പ്ര. തൂ. മു' സെപ്റ്റിക് ടാങ്ക് ക്‌ളീനിംഗ് തൊഴിലാളികൾ സമൂഹത്തിൽ നേരിടുന്ന അവഗണനകളെയും പരിഹാസത്തെയും അസമത്വത്തെയുമൊക്കെ പച്ചക്ക് കാണിച്ചു തരുന്നുണ്ട്. അവരുടെ തൊഴിൽ മേഖലയിലെ പ്രശ്നങ്ങളെ കേൾക്കാൻ പോലും തയ്യാറല്ലാത്ത ഒരു സമൂഹമാണ് നമ്മുടേത് എന്ന് ബോധ്യപ്പെടുത്തുന്നുണ്ട് പ്രെസ്സ് കോൺഫ്രൻസിനിടയിലുള്ള മാധ്യമ പ്രവർത്തകരുടെ പരിഹാസം നിറഞ്ഞ ചോദ്യങ്ങൾ.തങ്ങൾക്ക് നേരെയുളള പരിഹാസങ്ങൾക്കും അവഗണനകൾക്കുമെതിരെ അവർ ആഹ്വാനം ചെയ്യുന്ന സമരം ഈ ആന്തോളജിയിലെ മറ്റൊരു മികച്ച സ്വാതന്ത്ര്യ സമരമാണ്.
ആകെ മൊത്തം ടോട്ടൽ = ഈ അടുത്ത് കണ്ടതിൽ സാമൂഹിക പ്രസക്തമായ നല്ല ഒരു ആന്തോളജി സിനിമ .
*വിധി മാർക്ക് = 7.5/10
-pravin-
No comments:
Post a Comment