Wednesday, July 20, 2022

മാസ്സ് ആക്ഷൻ 'കടുവ' !!


രണ്ടു വ്യക്തികൾക്കിടയിൽ സംഭവിക്കുന്ന നിസ്സാരമെന്ന് തോന്നാവുന്ന ഒരു പ്രശ്നം അത് നാടിനെയും നാട്ടുകാരെയും വരെ ബാധിക്കാവുന്ന ഒരു യുദ്ധമായി മാറുന്ന അവസ്ഥ. അഭിമാനവും ദുരഭിമാനവും തമ്മിലെ പോരാട്ടങ്ങൾ, വാശിയും പകയും അടിയും തിരിച്ചടിയുമൊക്കെയായി നീളുന്ന കഥാ മുഹൂർത്തങ്ങൾ. 'അയ്യപ്പനും കോശിയും' , 'ഡ്രൈവിംഗ് ലൈസൻസ്' പോലുള്ള സിനിമകളിൽ നമ്മൾ കണ്ട അതേ സംഗതികളുടെ മറ്റൊരു പതിപ്പാണ് കടുവ എന്ന് പറയാം.

ആ ഒരു ട്രാക്കിലൂടെ തന്നെയാണ് 'കടുവ'യും പോകുന്നതെങ്കിലും മേൽപ്പറഞ്ഞ രണ്ടു സിനിമകളെ വച്ച് നോക്കുമ്പോൾ മാസ്സ് എലമെൻറ്സും പഞ്ച് സീനുകളും കൊണ്ടാണ് കടുവ ആഘോഷിക്കപ്പെടുന്നത് എന്ന് മാത്രം . തിയേറ്റർ കാഴ്ചകളിൽ 'കടുവ' നമ്മളെ ത്രസിപ്പിക്കുന്നതും അങ്ങിനെ തന്നെ.
മുൻകാല മലയാള സിനിമകളിൽ ആഘോഷിക്കപ്പെട്ടിട്ടുള്ള മാസ്സ് ആക്ഷൻ സീനുകളെയെല്ലാം മിനുക്കി പണിഞ്ഞ ഒരു സമ്മിശ്ര സങ്കര മാസ്സ് സിനിമയായി വിലയിരുത്താം കടുവയെ. ഒട്ടും ബോറടിപ്പിക്കാതെ ആദ്യാവസാനം വരെ 'കടുവയെ' എൻഗേജിങ് ആക്കാൻ ഷാജി കൈലാസിന് സാധിച്ചു.
'താന്തോന്നി'യിലെ വടക്കൻ വീട്ടിലെ കൊച്ചു കുഞ്ഞിനെ പുതുക്കി പണിഞ്ഞ രൂപവും മെച്ചപ്പെടുത്തിയ പ്രകടനവുമാണ് പൃഥ്വിരാജിന്റെ കടുവാക്കുന്നേൽ കുര്യച്ചൻ. ഇൻട്രോ സീൻ തൊട്ട് പല സീനുകളിലും കടുവാക്കുന്നേൽ കുര്യച്ചനു വേണ്ടി മോഹൻലാലിന്റെ ശൈലികൾ കടം കൊള്ളുമ്പോഴും ഒട്ടും മുഷുമിപ്പിക്കാത്ത ഒരു പൃഥ്വിരാജ് ഷോ തന്നെയായി മാറുന്നു കടുവ.

ജോസഫ് ചാണ്ടിയെ ഒരു ടിപ്പിക്കൽ വില്ലൻ കഥാപാത്രമായി അനുഭവപ്പെടുത്താത്ത വിധം ഗംഭീരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് വിവേക് ഒബ്‌റോയ്. ലിപ് സിങ്കും വോയ്‌സ് മോഡുലേഷനുമൊക്കെ കൊണ്ട് വിവേക് ഒബ്‌റോയുടെ പ്രകടനത്തിനെ വേറെ ലെവലാക്കാൻ വിനീതിന്റെ ഡബ്ബിങ്ങിന് സാധിച്ചു.
തെരുതി ചേട്ത്തിയായി സീമയുടെ പ്രകടനം നന്നായിരുന്നെങ്കിലും മല്ലിക സുകുമാരന്റെ ഡബ്ബിങ്‌ സീമക്ക് ഒട്ടും യോജിച്ചതായി അനുഭവപ്പെടുത്തിയില്ല. സീമയുടെ പ്രകടനത്തെ പോലും അപ്രസക്തമാക്കും വിധം അങ്ങിനെ ഒരു ഡബ്ബിങ്ങിന്റെ ആവശ്യം എന്തായിരുന്നു എന്ന് മനസ്സിലായില്ല.
'അയ്യപ്പനും കോശിയി'ൽ കോശിയുടെ ഭാര്യാ പദവിയിൽ മാത്രം ഒതുങ്ങി പോയ റൂബിയെ പോലെയായില്ല കടുവയിലെ കുര്യച്ചന്റെ ഭാര്യാ എൽസ. കുര്യച്ചന്റെ ഭാര്യ എന്നതിനപ്പുറം എൽസക്ക് കിട്ടിയ സ്‌പേസ് സംയുക്ത നന്നായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്.
ആകെ മൊത്തം ടോട്ടൽ = ഒരു മാസ്സ് ആക്ഷൻ സിനിമയുടെ ആസ്വാദനത്തിനൊപ്പം ആളും സമ്പത്തും അധികാരവുമൊക്കെ കൊണ്ട് മാത്രം സാധ്യമാകുന്ന ജയങ്ങളെ കുറിച്ച് ഓർമ്മപ്പെടുത്തുന്നു 'കടുവ'. ജേക്സ് ബിജോയുടെ സംഗീതവും അഭിനന്ദൻ രാമാനുജത്തിന്റെ ഛായാഗ്രഹണവും ഷമീർ മുഹമ്മദിന്റെ എഡിറ്റിങ്ങുമൊക്കെ കൂടെ ചേരുമ്പോൾ ഉണ്ടാകുന്ന താളവും മേളവും ഓളവും തന്നെ ധാരാളമാണ് 'കടുവ'യുടെ ആസ്വാദന പൂർണ്ണതക്ക്.
*വിധി മാർക്ക് = 7.5/10
©bhadran praveen sekhar

No comments:

Post a Comment