Tuesday, October 15, 2024

ടിപ്പിക്കൽ രജിനികാന്ത് പടമല്ല 'വേട്ടയൻ' !!


നീതിക്ക് വേണ്ടിയെന്ന മട്ടിൽ നടക്കുന്ന ആൾക്കൂട്ട വിചാരണകൾക്കും പോലീസ് ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്കും കയ്യടി നൽകുന്ന ഒരു വലിയ വിഭാഗം ജനങ്ങൾ നമ്മുടെ സമൂഹത്തിൽ തന്നെ ഉണ്ടെന്നിരിക്കെ സിനിമകളിൽ അത്തരം പ്രമേയങ്ങൾക്ക് ഇരട്ടി സ്വീകാര്യതയാണ്.

ആ നിലക്ക് 'ജയ് ഭീം' ചെയ്ത ടി.ജെ ജ്ഞാനവേലിനെ പോലൊരു സംവിധായകൻ എന്തിനാണ് ഒരു എൻകൗണ്ടർ ആഘോഷ സിനിമ ഒരുക്കുന്നത് എന്നായിരുന്നു വേട്ടയാന്റെ ട്രെയ്‌ലർ കണ്ട സമയത്തെ ചിന്ത. എന്നാൽ സിനിമ കണ്ടു തീരുന്നിടത്ത് ആ മുൻവിധി തിരുത്തേണ്ടി വന്നു.

വേട്ടക്കാരനു കൈയ്യടി വാങ്ങി കൊടുക്കുന്ന സിനിമയല്ല 'വേട്ടയൻ' എന്നത് തന്നെയാണ് അതിന്റെ കാരണം.

ഡിജോ ജോസ് ആന്റണിയുടെ 'ജനഗണമന' യിൽ കൈകാര്യം ചെയ്യപ്പെട്ട ഒരു വിഷയം ഇവിടെയും ചർച്ചക്ക് വക്കുന്നുണ്ടെങ്കിലും ആ സിനിമയുടെ ആവർത്തനമോ അനുകരണമോ ആയി 'വേട്ടയൻ' മാറുന്നില്ല.

നെൽസന്റെ 'ജയിലർ' പോലൊരു മാസ്സ് പടം പ്രതീക്ഷിച്ചു കാണുന്നവരെ സംബന്ധിച്ച് 'വേട്ടയൻ' ചിലപ്പോൾ തൃപ്‍തിപ്പെടുത്തണമെന്നില്ല.

ജയിലറിനെ അനുസ്മരിപ്പിക്കുന്ന രജിനികാന്തിന്റെ ചില ഗെറ്റപ്പുകളും ക്ലോസപ്പ് ഷോട്ടുകളുമൊക്കെ ഇവിടെയും കാണാൻ പറ്റുമെങ്കിലും ഈ സിനിമയിൽ ഒരു പരിധിക്കപ്പുറം രജിനികാന്തെന്ന സൂപ്പർ താരത്തെ സംവിധായകൻ ഉപയോഗപ്പെടുത്തുന്നില്ല. പകരം അദ്ദേഹത്തിലെ നടനെ പരിഗണിക്കുന്ന സീനുകൾ കാണാം.

'മനസ്സിലായോ ..' പാട്ട് സീനിലെ ഡാൻസ് ഒഴിച്ച് നിർത്തിയാൽ മഞ്ജു വാര്യർക്ക് 'വേട്ടയനി'ൽ കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. അതേ സമയം ദുഷാര വിജയൻ, അഭിരാമി എന്നിവർക്ക് മഞ്ജു വാര്യരെക്കാൾ കാര്യപ്പെട്ട റോളുകൾ കിട്ടി.

ASP രൂപാ കിരണിന്റെ റോളിൽ റിതിക സിംഗിന്റെ സ്‌ക്രീൻ അപ്പിയറൻസ് മികച്ചു നിന്നു. ചെറിയ വേഷമെങ്കിലും രോഹിണിയുടെ റോളും നന്നായിരുന്നു.


വ്യത്യസ്തകളൊന്നും അനുഭവപ്പെടുത്താത്ത ഒരു വില്ലൻ കഥാപാത്രമെങ്കിലും കിട്ടിയ വേഷം റാണാ ദഗ്ഗുബാട്ടി നന്നായി ചെയ്തിട്ടുണ്ട്. വില്ലൻ വേഷത്തിൽ സാബു മോനും കൊള്ളാം.

പ്രതീക്ഷിച്ചതിനേക്കാൾ വലിയ റോളിലാണ് അമിതാഭ് ബച്ചനെ ഈ സിനിമയിൽ കാണാൻ കിട്ടിയത്. അദ്ദേഹം അത് ഭംഗിയായി ചെയ്തിട്ടുമുണ്ട്.

Justice Delayed is Justice Denied.. Justice Hurried is Justice Buried എന്ന ഡയലോഗ് സീനിലൊക്കെ ബിഗ് ബി സ്കോർ ചെയ്യുന്നത് കാണാം.

മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം അമിതാഭ് ബച്ചൻ - രജിനികാന്ത് ഒരുമിച്ചു സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്ന സിനിമയെങ്കിലും താരതമ്യേന അവരുടെ കോംബോ സീനുകൾ കുറവായിരുന്നു.

അതേ സമയം ഫഹദ് ഫാസിൽ - രജിനികാന്ത് കോംബോ സീനുകളെല്ലാം ശ്രദ്ദേയമായി. അവർക്കിടയിലെ ആ ഇമോഷണൽ ബോണ്ട് ഒക്കെ കൃത്യമായി വർക് ഔട്ട് ആയി.

രജിനികാന്തിനൊപ്പം ആദ്യാവസാനം വരെ നിറഞ്ഞു നിൽക്കുന്ന എന്റെർറ്റൈനെർ കഥാപാത്രം സൈബർ പാട്രിക്കായി ഫഹദ് തകർത്തു. സമാനതകളില്ലാത്ത പ്രകടനം എന്ന് തന്നെ പറയാം.

രജിനികാന്തിന്റെ സ്ഥിരം മാസ്സ് മസാല പടമെന്ന രീതിയിൽ അവതരിപ്പിക്കാൻ മെനക്കെടാതെ സംവിധായകന്റേതായ ഇടപെടലുകളിൽ രജിനികാന്തിന്റെ നായക കഥാപാത്രത്തെയും അയാളുടെ നിലപാടുകളെയും മാറ്റി-തിരുത്തി അവതരിപ്പിക്കാൻ ടി.ജെ ജ്ഞാനവേലിന് സാധിച്ചു എന്നത് ചെറിയ കാര്യമല്ല.

വേട്ടക്കാരനല്ല, ജനങ്ങളുടെ സംരക്ഷകനാകാനാണ് പോലീസിന് സാധിക്കേണ്ടത് എന്ന സിനിമയുടെ ഓർമ്മപ്പെടുത്തലിന് ഏത് കാലത്തും പ്രസക്തിയുണ്ട്.

©bhadran praveen sekhar

Thursday, October 10, 2024

അത്ഭുതപ്പെടുത്തുന്ന അതിജീവിതർ!!

1972 ൽ ഉറുഗ്വേയിൽ നിന്ന് ചിലിയിലേക്ക് പറന്നു പൊങ്ങിയ എയർ ഫോഴ്സ് വിമാനം ആന്തിസ് പർവ്വത നിരയിൽ ഇടിച്ചു തകർന്നപ്പോഴുണ്ടായ ദുരന്തത്തിന്റെ ഭീകരത വരച്ചിടുകയാണ് 'Society of the Snow'.

ആരാരും തിരഞ്ഞു വരാൻ പോലുമില്ലാതെ മഞ്ഞു മൂടിയ ആ മലയിടുക്കിൽ 72 ദിവസത്തോളം ജീവനു വേണ്ടി മല്ലിട്ട ഒരു കൂട്ടം മനുഷ്യരുടെ അവിശ്വസനീയമായ അതിജീവനത്തിന്റെ കഥ എന്നും പറയാം.

വിമാനം തകർന്ന് തരിപ്പണമായ നിമിഷം തന്നെ വിമാന ജീവനക്കാരും ഒൻപത് യാത്രക്കാരും മരിക്കുകയുണ്ടായി. പിന്നീടുള്ള ദിവസങ്ങളിൽ ഗുരുതരമായ പരിക്ക് പറ്റിയവരും കൊടും തണുപ്പ് താങ്ങാൻ പറ്റാതെ പോയവരുമൊക്കെ മരണത്തിന് കീഴടങ്ങി.

45 പേരുണ്ടായിരുന്നതിൽ 16 പേര് ആ കൊടും തണുപ്പിനോടും, പട്ടിണിയോടും പ്രതികൂല സാഹചര്യങ്ങളോടുമെല്ലാം പട വെട്ടി സ്വന്തം ജീവൻ നിലനിർത്തിയതിന്റെ കാഴ്ചകൾ ഒരേ സമയം ഭയപ്പെടുത്തുന്നതും അത്ഭുതപ്പെടുത്തുന്നതുമാണ്.

ഒരു യഥാർത്ഥ ദുരന്തത്തിന്റെ സംഭവ ബഹുലമായ സിനിമാവിഷ്ക്കാരം എന്നതിനപ്പുറം, ആ 16 പേര് 72 ദിവസം കൊണ്ട് അനുഭവിച്ചു തീർത്ത ദുരിതങ്ങളും വേദനകളും നിരാശകളുമൊക്കെ സ്‌ക്രീൻ കാഴ്ചകളിലൂടെ നമുക്കുള്ളിലേക്ക് ഇരച്ചു കയറുന്നു.

ആ പതിനാറു പേരിലോ അല്ലെങ്കിൽ മരണപ്പെട്ടു പോയ ബാക്കി 29 പേരിലോ ആരോ ഒരാൾ നമ്മൾ തന്നെയായിരുന്നു എന്ന നിലക്ക് അനുഭവഭേദ്യമായി മാറുന്ന സിനിമ .

ജീവനും മരണവും അതിജീവനവും ജീവിതവുമൊക്കെ ഏറ്റവും ലളിതമായും തീക്ഷ്ണമായും ബോധ്യപ്പെടുത്തുന്ന ഈ സിനിമ കാണാതെ പോകരുത്.

©bhadran praveen sekhar