Saturday, August 16, 2025

സ്വാഗും സ്റ്റൈലും പോതും !!


ലോകേഷ് - തലൈവർ ഒരുമിക്കുന്ന പടം എന്ന വിശേഷണം തന്നെയായിരുന്നു 'കൂലി'യുടെ ആദ്യത്തെ ഹൈപ്പ് ..അതിലേക്ക് മറ്റു സൂപ്പർ സ്റ്റാർസിന്റെ കാസ്റ്റിങ് കൂടിയായപ്പോൾ ആ ഹൈപ്പ് ഇരട്ടിച്ചു. അമ്മാതിരി ഹൈപ്പിനൊത്ത പടമായില്ല എന്ന് സമ്മതിക്കുമ്പോഴും വ്യക്തിപരമായി 'കൂലി' എന്നെ നിരാശപ്പെടുത്തിയില്ല.

സമീപ കാലത്ത് ഹൈപ്പടിച്ചു വന്ന് അടപടലം നിരാശപ്പെടുത്തിയ 'കങ്കുവ', 'റെട്രോ', 'തഗ് ലൈഫ്' പോലുള്ള സിനിമകളൊക്കെ വച്ച് നോക്കുമ്പോൾ 'കൂലി' എന്ത് കൊണ്ടും പൈസ വസൂൽ പടമാണ്.

നാളിതു വരെയുള്ള ലോകേഷ് പടങ്ങളിൽ കണ്ടു പരിചയിച്ച കഥാപാത്രങ്ങളും, അവരുടെ തൊഴിലിടങ്ങളും, പരസ്പ്പര വൈര്യവും, പോരാട്ടങ്ങളുമൊക്കെ തന്നെയാണ് 'കൂലി'യിലും മാറ്റിയവതരിപ്പിക്കപ്പെടുന്നത്.

പാട്ടിനൊപ്പമുള്ള ആക്ഷനും പഴയ സിനിമാ റഫറൻസുകളുമൊക്കെ ഇവിടെയും കാണാം.

ലോകേഷ് യൂണിവേഴ്‌സിലെ നായക - പ്രതിനായക പോരാട്ടങ്ങളിൽ യുക്തി തിരയുന്നത് യുക്തിരഹിതമാണെന്നിരിക്കെ സ്‌ക്രീനിൽ കാണുന്ന കാഴ്ചകളിലേക്ക് കണക്ട് ആയാൽ സിനിമക്കൊപ്പം സഞ്ചരിക്കുക എന്നത് മാത്രമാണ് ചെയ്യാനുള്ളത്. അങ്ങിനെയാണ് 'കൂലി' ആസ്വദിച്ചതും.

രജിനികാന്തിനെ വച്ച് ഒരു മാസ്സ് പടം ചെയ്യുക എന്നതിനപ്പുറത്തേക്ക് അതിനൊത്ത കെട്ടുറപ്പുള്ള തിരക്കഥയൊരുക്കാനൊന്നും ലോകേഷ് ശ്രമിച്ചിട്ടില്ല എന്നത് സത്യമാണെങ്കിലും സ്ക്രിപ്റ്റിന്റെ പോരായ്മാകളെ ടെക്നിക്കൽ സൈഡിലെ മികവ് കൊണ്ട് മറക്കാൻ ലോകേഷിന് സാധിച്ചിട്ടുണ്ട്.


ഫ്ലാഷ് ബാക്ക് സീനുകളിൽ സാങ്കേതിക വിദ്യ കൊണ്ട് പഴയ രജിനികാന്തിനെ പുനരവതരിപ്പിച്ചതൊക്കെ ഗംഭീരമായിരുന്നു. പവർ ഹൌസുമായി ബന്ധപ്പെട്ട ഫ്ലാഷ് ബാക്ക് സ്റ്റോറിക്ക് തിരക്കഥയിൽ കുറച്ചധികം പ്രാധാന്യം കൊടുത്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.

സത്യരാജ്- രജിനികാന്ത് കോംബോയിലെ രാജശേഖരൻ - ദേവ സൗഹൃദത്തിന്റെ ആഴമൊക്കെ പ്രേക്ഷകന് ഊഹിക്കാൻ മാത്രമുള്ള അവസരണമാണുള്ളത്.

'കുബേര' യിലെ ക്ഷീണിത പ്രകടനത്തിലൂടെ നൽകിയ നിരാശ 'കൂലി'യിലെ സൈമണിലൂടെ നാഗാർജ്ജുന നികത്തി തന്നു. സൈമൺ ആയി നാഗാർജ്ജുന തിളങ്ങി.

ഉപേന്ദ്രയുടെ സ്‌ക്രീൻ പ്രസൻസും അദ്ദേഹത്തിന് കൊടുത്ത ബിജിഎമ്മും ഇഷ്ടപ്പെട്ടു.

ശ്രുതി ഹാസനു കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. പ്രീതി - ദേവ കഥാപാത്രങ്ങൾ തമ്മിലുള്ള ഇമോഷണൽ കണക്ഷൻസ് ഒന്നും വർക് ഔട്ട് ആയില്ല. ആ രണ്ടു കഥാപാത്രങ്ങളുടെ കണക്ഷൻ കഥ കൂടുതൽ പറയാൻ പോയാൽ 'കൂലി' 'കൗരവ'രുമായി ലയിക്കേണ്ടി വരുമല്ലോ എന്ന് ഓർത്തു പോയി.

ശ്രുതി ഹാസനേക്കാൾ 'കൂലി' യിൽ സ്‌കോർ ചെയ്തത് രചിതാ റാം ആണെന്ന് പറയാം.

ദാഹയുടെ കാഴ്ചപ്പാടിൽ പ്രതികാരവും ശത്രുതയുമല്ല ബിസിനസ്സാണ് താൽപ്പര്യം എന്നത് വ്യക്തമാണെന്നിരിക്കെ സൂര്യയുടെ റോളക്സ് പോലൊരു വേഷവുമായി ആമിർ ഖാന്റെ ദാഹയെ താരതമ്യപ്പെടുത്തുന്നതിനോട് യോജിപ്പില്ല. ഒരിത്തിരി കോമിക് മാനറിസത്തിൽ ആ കഥാപാത്രത്തെ അവതരിപ്പിച്ചത് നന്നായി എന്നാണ് അഭിപ്രായം.

ആമിർ ഖാൻ - രജിനികാന്ത് - ഉപേന്ദ്ര കോംബോ സീൻ ഇഷ്ടപ്പെട്ടു.

വില്ലനായിട്ടുള്ള സൗബിന്റെ മുഴുനീള പ്രകടനം ഗംഭീരമെന്ന് തോന്നിക്കുമ്പോഴും ഇടക്ക് പല സീനിലും വെള്ളി വീഴുന്നുണ്ട്. അത്തരം ചെറിയ കല്ല് കടികൾ ഒഴിവാക്കിയാൽ, പ്രധാന വില്ലന്മാരെക്കാൾ സൗബിന്റെ ദയാൽ തന്നെയാണ് 'കൂലി'യിൽ ആദ്യാവസാനം വരെ ഒരു ഹീറോ -വില്ലൻ ചെയ്‌സിങ് മൂഡ് ഉണ്ടാക്കുന്നത്.

അനിരുദ്ധിന്റെ മ്യൂസിക്കും, ഗിരീഷ് ഗംഗാധരന്റെ ഛായാഗ്രഹണവും, അൻപ് -അറിവിന്റെ ആക്ഷൻസും , ഫിലോമിൻ രാജിന്റെ എഡിറ്റിങ്ങും എല്ലാം കൂടെയാകുമ്പോൾ തിയേറ്റർ ആസ്വാദനത്തിൽ 'കൂലി' ചടുലമാണ്.

ഹൈപ്പ് അടിച്ചു നിരാശപ്പെടുത്തിയ സിനിമകളുടെ കൂട്ടത്തിലേക്ക് എന്തായാലും 'കൂലി'യെ ചേർക്കുന്നില്ല.

©bhadran praveen sekhar

Tuesday, August 12, 2025

അടിമുടി രസികൻ പടം !!

ഒരു ഹൊറർ സിനിമയുടെ മൂഡ് സൃഷ്ടിച്ചു കൊണ്ടുള്ള ഗംഭീര തുടക്കവും, ആദ്യാവസാനം വരെ അതേ മൂഡ് നില നിർത്തി കൊണ്ട് കഥയിലേക്ക് ബന്ധിപ്പിക്കുന്ന സിറ്റുവേഷണൽ കോമഡികളുമാണ് 'സു ഫ്രം സോ' യെ ക്ലീൻ എന്റെർറ്റൈനെർ ആക്കുന്നത്.

ഹൊറർ മൂഡ് സൃഷ്ടിക്കുന്നു എന്നതിനപ്പുറത്തേക്ക് ഇത് ഒരു ഹൊറർ പടമാകുന്നില്ല. കാരണം സിനിമയിലെ ഹൊറർ സീനുകൾക്ക് ലോജിക്ക് ഉണ്ട്.
ഒരു കാലത്തെ മലയാള സിനിമകളിൽ കണ്ടു ശീലിച്ച ഗ്രാമീണ കഥാ പരിസരങ്ങളും തനി നാടൻ കഥാപാത്രങ്ങളുമൊക്കെ കന്നഡയുടെ സാംസ്കാരികതയിൽ പുനരവതരിപ്പിക്കപ്പെട്ട ഫീലുണ്ട് 'സു ഫ്രം സോ'ക്ക്.

രാജ് ബി ഷെട്ടിയെ ഒഴിച്ച് നിർത്തിയാൽ സിനിമയിലെ ബഹുഭൂരിപക്ഷം നടീ നടന്മാരെയും മുൻപെവിടെയും കണ്ടതായി പോലും ഓർക്കുന്നില്ല. എന്നിട്ടും അവരൊക്കെ സിനിമയിൽ ആദ്യാവസാനം വരെ നിറഞ്ഞാടുകയാണ്.

സത്യൻ അന്തിക്കാട് സിനിമകളിൽ ഇന്നസെന്റും, മാമുക്കോയയും, ഒടുവിലാനും, ബഹദൂറും , ശങ്കരാടിയും, നെടുമുടിയും, മീനയും, കെ.പി.എ.സി ലളിതയുമടക്കമുള്ള ആർട്ടിസ്റ്റുകൾ പകർന്നാടിയ നാടൻ കഥാപാത്രങ്ങളെ സിനിമ കാണുമ്പോൾ ഓർത്തു പോയി.

ഹൊറർ മൂഡിൽ പറഞ്ഞു തുടങ്ങി കോമഡി ട്രാക്കിൽ രസകരമായി കഥ പറഞ്ഞു പോകുന്ന അതേ സിനിമയിലേക്ക് പ്രണയവും ആക്ഷനും വൈകാരിക രംഗങ്ങളുമൊക്കെ മനോഹരമായി തുന്നി ചേർത്തപ്പോൾ സിനിമ മറ്റൊരു തലത്തിലെത്തുന്നുണ്ട്.

സിനിമയുടെ കാതലിനെ ഉൾക്കൊണ്ട ഛായാഗ്രഹണവും പാട്ടുകളുമെല്ലാം ശ്രദ്ധേയമായി.

പേരറിയാത്ത നടീനടന്മാരാണെന്ന് പറഞ്ഞല്ലോ..പക്ഷേ ഈ സിനിമ കഴിയുമ്പോൾ അവരെയൊക്കെ അതാത് കഥാപാത്രങ്ങളുടെ പേരിൽ തന്നെയാകും നമ്മൾ ഓർക്കാൻ പോകുന്നത്. അക്കൂട്ടത്തിൽ എല്ലാവരുടെയും മനസ്സിൽ രവിയണ്ണ ഒന്നാമത് ഉണ്ടാകും.

മലയാളത്തനിമയുള്ള കന്നഡ സിനിമ സമ്മാനിച്ചതിന് ജെ.പി തുമിനാടിനു നന്ദി !!

©bhadran praveen sekhar

Friday, August 8, 2025

അനുഭവപ്പെടുത്തലുകളില്ലാത്ത സുമതി വളവ് !!


തിരുവനന്തപുരത്തെ ഉൾഗ്രാമ പ്രദേശമായിരുന്ന പാലോടിൽ 1953 കാലത്ത് നടന്ന സുമതി കൊലക്കേസിന് ശേഷമായിരുന്നു എല്ലാത്തിന്റെയും തുടക്കം. സുമതി കൊല ചെയ്യപ്പെട്ട വളവിനെ 'സുമതി വളവ്' എന്ന് വിളിച്ചു തുടങ്ങുന്നതോടൊപ്പം ആ വളവ് ഒരു പ്രേത ബാധിത പ്രദേശമായി പലരും പറയാൻ തുടങ്ങി.

സ്വന്തം കാമുകനാൽ ചതിക്കപ്പെടുകയും ക്രൂരമായി കൊല്ലപ്പെടുകയും ചെയ്ത ഗർഭിണിയായിരുന്ന സുമതിയുടെ പ്രേതം ആ വളവിലൂടെ പോകുന്നവരെയൊക്കെ ഉപദ്രവിക്കുന്നു, അപകടപ്പെടുത്തുന്നു എന്നൊക്കെയുള്ള കഥകളിലൂടെയാണ് 'സുമതി വളവ്' കുപ്രസിദ്ധി നേടിയത്.

ഒരു യഥാർത്ഥ സംഭവവും അതുമായി ബന്ധപ്പെട്ടു കിടക്കുന്ന കുറെ കെട്ടുകഥകളുമൊക്കെയായായി ഒരു ഹൊറർ പടത്തിനു വേണ്ട സാധ്യതകൾ ഏറെയുണ്ടായിരുന്ന പ്ലോട്ട് തന്നെയായിരുന്നു 'സുമതി വളവി'ന്റേത്. പക്ഷെ തിരക്കഥയുടെ കാര്യത്തിലായാലും അവതരണത്തിലായാലും
അടപടലം പാളിപ്പോയെന്നാണ് തോന്നിയത്.

യാതൊരു വിധ അനുഭവപ്പെടുത്തലുകളുമില്ലാത്ത കുറേ സീനുകൾ. ഡയലോഗുകൾ തൊട്ട് കഥയിലും കഥാപാത്രങ്ങളിലും അവരുടെ ഭാവ പ്രകടനങ്ങളിലും വരെ കൃത്രിമത്വം നിറഞ്ഞു നിൽക്കുന്ന പോലെ ഒരു അവസ്ഥ.

ഹൊററിൽ തുടങ്ങി മിത്തിലൂടെ സഞ്ചരിപ്പിച്ചു കോമഡിയടിപ്പിച്ചു റൊമാൻസ് കളിച്ചു ആക്ഷനിൽ കലക്കി ഒടുക്കം ഫീൽ ഗുഡാക്കി കൊണ്ട് ടൈൽ എൻഡിൽ ട്വിസ്റ്റ് ഇട്ട് രോമാഞ്ചിഫിക്കേഷൻ ഉണ്ടാക്കാമെന്ന പോലെ എന്തോ ഒരു പ്ലാൻ ആയിരുന്നിരിക്കാം. പക്ഷേ അത് ഒട്ടും ബോധ്യപ്പെട്ടില്ല എന്ന് മാത്രമല്ല ക്ലിഷേയുടെ കൈ കൊട്ടി കളിയും തിരുവാതിരയും കൂടിയായപ്പോൾ എല്ലാം കൊണ്ടും വൻ ശോകം.

'സുമതി വളവ്' എന്ന പേരിനോടെങ്കിലും അൽപ്പം നീതി പുലർത്തേണ്ടിയിരുന്നു സിനിമ.

ഡാൻസ് മാസ്റ്റർ വിക്രം പറഞ്ഞത് പോലെ ഡാൻസ് നടക്കുമ്പോൾ പുക നിറച്ചിട്ടോണം ..ഒരു സാധനം പോലും ആൾക്കാര് കാണരുത്.. ഏതാണ്ട് അത് പോലെ രാത്രി സീനുകളിൽ മൊത്തം ഒരു നീലിപ്പും അതിനിടയിൽ നിറയുന്ന കുറേ പുകയും മാത്രമാണ്. ഒക്കെ ഹൊററിനു വേണ്ടിയായിരുന്നല്ലോ എന്ന് ആലോചിക്കുമ്പോഴാണ്.

ഒരു ആശ്വാസത്തിന് പറയാണെങ്കിൽ - രഞ്ജിൻ രാജിന്റെ പാട്ടുകൾ കൊള്ളാം . "ശോകം വേണ്ടാ ..മൂകം വേണ്ടാ ..കൂട്ടായി ഞങ്ങളില്ലേ .." പാട്ടും . പിന്നെ "ഒറ്റ നോക്ക് കൊണ്ട് ഞാൻ തൊട്ട് തൊട്ട് നിന്ന്' എന്ന പാട്ടും .. രണ്ടും ഇഷ്ടപ്പെട്ടു.

©bhadran praveen sekhar

Wednesday, August 6, 2025

ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരള




"സത്യമല്ല ..തെളിവുകൾ ജയിക്കുന്ന സ്ഥലമാണ് കോടതി. !!"

സിനിമയിലെ ഈ ഡയലോഗ് വളരെ കൃത്യമാണ്. പല കേസുകളിലും സത്യം ജയിച്ചു, നീതി നടപ്പിലായി എന്ന് പറയുമ്പോഴും കോടതിയിൽ സമർപ്പിക്കപ്പെടുന്ന തെളിവുകളാണ് കേസിന്റെ ജയാ പരാജയം നിശ്ചയിക്കുന്നത്.

ഫ്രാങ്കോ മുളക്കൽ കേസിനെ അനുസ്മരിപ്പിച്ചു കൊണ്ടുള്ള സിനിമയുടെ തുടക്കം അഡ്വക്കേറ്റ് ഡേവിഡ് ആബേൽ ഡോണാവാന്റെ കാരക്ടർ എന്താന്നെന്ന് വെളിപ്പെടുത്താനാണ് ഉപയോഗിക്കുന്നത്. സഭക്കും വിശ്വാസത്തിനുമൊന്നും എതിരല്ലെങ്കിലും A Good Lawyer is a Bad Christian എന്ന് തെളിയിക്കുന്നു ഡേവിഡ് ആബേൽ.

സാധാരണഗതിക്ക് സൂപ്പർ സ്റ്റാറുകളുടെ ഇൻട്രോ സീനിന് കൊടുക്കാറുള്ള പഞ്ചൊന്നും ഡേവിഡ് ആബേലിന്റെ രംഗപ്രവേശത്തിൽ കണ്ടു കിട്ടിയില്ല. ആ കഥാപാത്രത്തിന് പിന്നീട് ഒരു ഓളം ഉണ്ടാക്കാൻ പറ്റുന്നത് കോടതിയിൽ എത്തുമ്പോഴാണ്. ആ സീനുകളിലെല്ലാം സുരേഷ് ഗോപി തിളങ്ങിയിട്ടുണ്ട്.

ഭരത് ചന്ദ്രന്റെയും ലാൽ കൃഷ്ണ വിരാടിയാരുടേയുമൊക്കെ പൂർവ്വകാല പ്രകടനങ്ങളുമായി തട്ടിച്ചു നോക്കാൻ പറ്റുന്ന SG ഷോ അല്ലെങ്കിൽ കൂടിയും സിനിമയിൽ ഡേവിഡ് ആബേൽ അഡ്വക്കേറ്റിന്റെ സ്‌ക്രീൻ സ്പേസ് സുരേഷ് ഗോപി അനായാസേന പിടിച്ചു വാങ്ങുന്നുണ്ട്.

അതേ സമയം പത്രക്കാരോടൊക്കെ സംസാരിക്കുന്ന സീനിൽ ശരിക്കുമുള്ള സുരേഷ് ഗോപി സംസാരിക്കുന്ന അതേ ശൈലിയാണ് ഡേവിഡ് ആബേലും പിന്തുടരുന്നത്. അഭിനയമില്ലാത്ത ഒരു സീൻ പോലെ തോന്നി അത്.

സുരേഷ് ഗോപിയുടെ സ്റ്റാർഡം മാത്രം കണക്കിലെടുത്തു കൊണ്ട് ചിട്ടപ്പെടുത്തിയ ആക്ഷൻ സീനുകൾ സിനിമയിൽ അധിക പറ്റായി അനുഭവപ്പെട്ടു. മേൽപ്പറഞ്ഞ സീനുകൾ ഒഴിച്ച് നിർത്തിയാൽ ഡേവിഡ് ആബേലായി SG തന്റെ റോൾ വൃത്തിക്ക് ചെയ്തിട്ടുണ്ട്.

ചിന്താമണി കൊലക്കേസിനെ ഓർമിപ്പിക്കുന്ന ചില കഥാഗതികൾ ഉണ്ടെങ്കിലും ജാനകിയുടെ കേസ് വേറെ തന്നെയാണ്.

അനുപമ പരമേശ്വരന്റെ പ്രകടനം കൊള്ളാമായിരുന്നു. പക്ഷേ ചിന്താമണിയോടെന്ന പോലെ ഒരു ഇമോഷണൽ കണക്ഷൻ ജാനകിയുമായി നമുക്ക് ഉണ്ടാകാതെ പോകുന്നുണ്ട്.

ആറ്റിട്യൂഡിനും ഡയലോഗിനും അഭിനയവുമായി യാതൊരു ബന്ധവുമില്ല എന്ന് തെളിയിക്കുന്ന സ്ഥായീ ഭാവം കൊണ്ട് മാധവ് സുരേഷ് മൊത്തത്തിൽ വെറുപ്പിച്ചു. റിയാക്ഷൻ സീനുകളൊക്കെ കാണുമ്പോൾ പച്ചാളം ഭാസി സരോജ് കുമാറിനോട് പറഞ്ഞ ഡയലോഗ് ഓർത്തു പോകും.

പോലീസ് വേഷത്തിൽ അസ്‌കർ അലിക്കൊന്നും ശോഭിക്കാനായില്ല.
അതേ സമയം പോലീസ് വേഷത്തിൽ യദുകൃഷ്ണൻ നല്ല പ്രകടനമായിരുന്നു.

ഗർഭിണിയായ വക്കീൽ കഥാപാത്രത്തിലെത്തിയ ശ്രുതി രാമചന്ദ്രന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു.

ജിബ്രാന്റെ ബാക് ഗ്രൗണ്ട് സ്കോറും പാട്ടുമൊക്കെ ഗംഭീരമായിരുന്നു. പക്ഷെ സിനിമയുടെ കഥാ സാഹചര്യങ്ങളിലേക്ക് അതൊന്നും വേണ്ട വിധം ബന്ധപ്പെട്ടു കിടക്കുന്നില്ല. എന്തിനാണ് ഈ സമയത്ത് ഇത്രേം പാട്ടുകൾ എന്ന് ചിന്തിച്ചു പോകും.

കേരളാ പൊളിറ്റിക്‌സും കക്ഷി രാഷ്ട്രീയവുമൊക്കെ മുൻപും പല സിനിമകളിൽ ആക്ഷേപിക്കപ്പെട്ടിട്ടും വിമർശിക്കപ്പെട്ടിട്ടുമുണ്ട്. പക്ഷെ അതിലൊക്കെ ആ സിനിമയുടെ കഥയുമായോ കഥാപാത്ര സൃഷ്ടികളുമായോ എന്തെങ്കിലും ഒരു കണക്ഷൻ ഉണ്ടായിരുന്നു. ഇടത് പക്ഷത്തിന് ഒട്ടും സമരസപ്പെടാൻ പറ്റാത്ത 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്' സിനിമയിൽ പോലും ആ കണക്ഷൻ ഉണ്ട്.

പക്ഷെ ഈ സിനിമയിൽ പോലീസിന്റെ പിടിപ്പ് കേടിനെ ചോദ്യം ചെയ്യുന്ന വേളയിലും, ക്ലൈമാക്സ് സീനുകളിലുമൊക്കെ അനാവശ്യമായി കേരള രാഷ്ട്രീയത്തെയും സർക്കാരിനെയും വലിച്ചിഴക്കുന്നത് എന്തിനാണെന്ന് മനസ്സിലായില്ല.

ജാനകി കേസിന്റെ വിധി പറച്ചിൽ സീനിൽ കേരള സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതിനായി പടച്ചു വിട്ട ന്യായ വാദങ്ങൾക്ക് ഒന്നിനും സിനിമയിൽ യാതൊരു പ്രസക്തിയും അനുഭവപ്പെട്ടില്ല.

ഭാരതീയ സംസ്ക്കാരത്തെ പറ്റിയും മലയാളിയുടെ കുടുംബമഹിമയെ കുറിച്ചുമൊക്കെ വാചാലനാകുന്ന പബ്ലിക് പ്രോസിക്യൂട്ടറെ 'ഭരണഘടന' ഉയർത്തി പിടിച്ചു കൊണ്ട് ഡേവിഡ് ആബേൽ വായടപ്പിക്കുന്നുണ്ട്. ആ ഒരൊറ്റ കാരണം ഒഴിച്ചാൽ സെൻസർ ബോർഡിലെ ഏമാന്മാർക്ക് ഈ സിനിമയോട് തോന്നിയ വൈരാഗ്യം എന്തിനായിരുന്നു എന്ന് ഒരു പിടിയും കിട്ടിയിട്ടില്ല.

©bhadran praveen sekhar