Friday, October 31, 2025

ഗംഭീര തിയേറ്റർ എക്സ്പീരിയൻസ് !!


ഓരോ സീനിലും മെയ്കിങ് നിലവാരം അനുഭവപ്പെടുത്തി കൊണ്ടുള്ള കഥ പറച്ചിൽ.

ഒരു ടിപ്പിക്കൽ ഹൊറർ സിനിമയുടെ റൂട്ടിൽ തന്നെയാണല്ലോ കഥ പോകുന്നത് എന്ന് ചിന്തിപ്പിക്കുന്നിടത്ത് നിന്ന് പൊടുന്നനെയുള്ള ഒരു ഗിയർ മാറ്റം. ഇന്റർവെൽ ബ്ലോക്ക് ഒക്കെ സെറ്റ് ചെയ്തു വച്ചിരിക്കുന്നത് ആ ഒരു ലെവലിലാണ്. തരിപ്പ് സീൻ.

ഹൊറർ പടത്തിനുള്ളിൽ ത്രില്ലടിപ്പിക്കുന്ന ഒരു ഇൻവെസ്റ്റിഗെഷൻ സെഗ്മെന്റ് കൂടി ഉൾപ്പെടുത്തിയത് ആകാംക്ഷ വർദ്ധിപ്പിച്ചു. Visual ആയാലും Sound ആയാലും Background Score ആയാലും Dies Irae യിൽ എല്ലാം ഒന്നിനൊന്നു ഗംഭീരം.

ഷെഹ്‌നാദ് ജലാലിൻറെ ക്യാമറ, ക്രിസ്റ്റോ സേവ്യറിന്റെ മ്യൂസിക്.. രണ്ടും തിയേറ്റർ എക്സ്പീരിയൻസിന്റെ വീര്യം കൂട്ടുന്നു. കൂട്ടത്തിൽ എടുത്തു പറയേണ്ട മറ്റൊരു കാര്യം സിനിമയിലെ ചില ആർട്ട്‌ വർക്കുകൾ ആണ്.

സാങ്കേതിക നിലവാരം കൊണ്ട് എങ്ങിനെ ഇക്കാലത്ത് ഹൊറർ സിനിമകളുടെ ആസ്വാദനം വർധിപ്പിക്കാൻ സാധിക്കും എന്ന് അനുഭവഭേദ്യമാക്കുന്ന സംവിധാനം മികവ്.

പ്രേത രൂപങ്ങൾ കൊണ്ടുള്ള ഭയപ്പെടുത്തലിനെക്കാൾ, കഥാപാത്രങ്ങൾക്ക് അനുഭവപ്പെടുന്ന ഭയത്തെ പ്രേക്ഷകനിലേക്ക് പകർത്തുകയാണ് രാഹുൽ സദാശിവൻ ചെയ്യുന്നത്.

രാഹുൽ സദാശിവന്റെ ഹൊറർ സിനിമാ വീക്ഷണങ്ങൾക്ക് കൈയ്യടി കൊടുക്കാതെ പാകമില്ല.

പ്രണവ് മോഹൻലാലിലെ നടനെ തന്റെ സിനിമയിലേക്ക് കൃത്യമായി പാകപ്പെടുത്താൻ രാഹുൽ സദാശിവനു സാധിച്ചു. ജിബിൻ ഗോപിനാഥ്‌, ജയ കുറുപ്പ്, അരുൺ അജികുമാർ എന്നിവരുടെ പ്രകടനങ്ങൾ എടുത്തു പറയേണ്ടതാണ്.

'ഭൂതകാല'ത്തിലെ ജോർജ്ജെന്ന കഥാപാത്രത്തെ 'ഡീയസ് ഈറെ'യിലേക്ക് ബന്ധിപ്പിച്ചതൊക്കെ കൗതുകമുണർത്തി.

തിയേറ്റർ എക്സ്പീരിയൻസ് ആഗ്രഹിക്കുന്നവരെ എല്ലാ തലത്തിലും തൃപ്തിപ്പെടുത്തുന്ന പടം.

©bhadran praveen sekhar

Thursday, October 23, 2025

രസികൻ ഡിറ്റക്ടീവ് !!


എൺപതുകളിൽ പ്രിയദർശൻ തുടങ്ങി വച്ച്, തൊണ്ണൂറുകളിൽ സത്യൻ അന്തിക്കാടും, സിദ്ധീഖ് ലാലും, രാജസേനനും, റാഫി മെക്കാർട്ടിനും, രണ്ടായിരത്തിൽ ഷാഫിയും, ജോണി ആന്റണിയുമടക്കം പല സംവിധായകരും പരീക്ഷിച്ചു വിജയിച്ച കോമഡിയുടെ ചില അപൂർവ്വ രസക്കൂട്ടുകളുണ്ട്. അതിനോളം പോന്നതല്ലെങ്കിലും അവരുടെയൊക്കെ സിനിമകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട തിരക്കഥയും അവതരണ ശൈലിയുമാണ് 'പെറ്റ് ഡിറ്റക്ടീവി'ന്റെത് എന്ന് പറയാം.

ഡിറ്റക്ടീവ് - പോലീസ് അന്വേഷണങ്ങളും, അധോലോകവും, കൊലപാതകവും, തട്ടി കൊണ്ട് പോകലും, കള്ളക്കടത്തും, ചേസിംഗും, ആക്ഷനുമൊക്കെ കൂടി മിക്സ് ചെയ്തുണ്ടാക്കിയ കഥയെ തീർത്തും ഒരു കോമഡി എന്റെർറ്റൈനെർ ആക്കി മാറ്റാൻ പ്രനീഷ് വിജയൻ - ജയ് വിഷ്ണു ടീമിന് സാധിച്ചിട്ടുണ്ട്.

ടോണി ജോസ് അലൂല, കൈകേയി, യാഖത് അലി, ദിൽരാജ്, തിലക് തോമസ് അഥവാ TT, കാട്ടാളൻ സുനി, ലോലിത അങ്ങിനെ നീളുന്ന കഥാപാത്രങ്ങളുടെ പേരുകളിൽ തന്നെ ഒരു കോമിക് സ്വഭാവമുണ്ട്.

രാജേഷ് മുരുഗേശന്റെ സംഗീതം സിനിമയുടെ തുടക്കത്തിൽ തന്നെ ഉണ്ടാക്കിയെടുക്കുന്ന ഒരു മൂഡ് ഉണ്ട്. അത് ക്ലൈമാക്സിലെ കൂട്ടപ്പൊരിച്ചിലിലേക്ക് എത്തുമ്പോഴേക്കും ഒരു തായമ്പക മേളം പോലെ മുറുകുന്നു.

സ്ലാപ്സ്റ്റിക് കോമഡിയുടെ കാലം കഴിഞ്ഞു എന്നൊക്കെ പറയുന്നത് വെറുതെയാണ്. നല്ല രീതിയിൽ അവതരിപ്പിച്ചു ഫലിപ്പിക്കാൻ സാധിച്ചാൽ ചിരിക്കാൻ ആളുണ്ട് എന്ന് 'പെറ്റ് ഡിറ്റക്ടീവ്' സാക്ഷ്യപ്പെടുത്തുന്നു.

ഏത് വേഷത്തിലും സ്‌ക്രീനിൽ നിറഞ്ഞാടാൻ സാധിക്കുന്ന നടനാണെന്ന് ഷറഫുദ്ധീൻ വീണ്ടും തെളിയിച്ചു. ഗിരി രാജനിൽ തുടങ്ങി ടോണി ജോസ് അലൂല വരെ എത്തി നിൽക്കുന്ന ഫിലിമോഗ്രാഫിയിൽ അയാളുടെ ഗ്രാഫ് ഒരിടത്തും താഴേക്ക് പോയില്ല എന്നത് ശ്രദ്ധേയമാണ്. ഷറഫുദ്ധീൻ - അനുപമ കോംബോയും കൊള്ളാം.

വിനയ് ഫോർട്ട്, വിനായകൻ, വിജയരാഘവൻ ഒക്കെ സമാന വേഷങ്ങൾ മുന്നേയും കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും എവിടെയും ബോറടിപ്പിച്ചില്ല. ശ്യാം മോഹൻ, നിഷാന്ത് സാഗർ ഒക്കെ കിട്ടിയ വേഷത്തിൽ സ്കോർ ചെയ്തു. ജോമോൻ ജ്യോതിർ എല്ലാ പടത്തിലും ഒരു പോലെ രസികനാണ്.

'പെറ്റ് ഡിറ്റക്റ്റീവ്' എന്ന ടൈറ്റിൽ സിനിമക്ക് കൈ വരുന്നതിന്റെ കാര്യ കാരണങ്ങൾ ബോധ്യപ്പെടുത്തിയവർ പിന്നീട് പെറ്റ്സിനു സിനിമയിൽ കാര്യമായി ഒരു റോൾ കൊടുക്കാതെ പോയത് എന്താണെന്ന് ആലോചിച്ചു പോയി.

കുറ്റമറ്റതല്ലെങ്കിൽ കൂടിയും ഒരു എന്റെർറ്റൈനർ സിനിമയെന്ന നിലക്ക് കുട്ടികളടക്കം കുടുംബ സമേതം ആസ്വദിക്കാവുന്ന ഒരു പടം തന്നെയാണ് 'പെറ്റ് ഡിറ്റക്റ്റീവ്'.

©bhadran praveen sekhar

Saturday, October 18, 2025

'കാന്താര'യുടെ വിസ്മയ ലോകം !!


ഭൂതക്കോലവുമായി ബന്ധപ്പെട്ട തുളുനാടൻ ജനതയുടെ ആചാരാനുഷ്ടാനങ്ങളും വിശ്വാസങ്ങളുമൊക്കെ കോർത്തിണക്കി കൊണ്ടുള്ള മിത്തോളോജിക്കൽ ഫാന്റസി കഥയും അതിന്റെ മേയ്ക്കിങ് മികവുമാണ് 'കാന്താര'യെ ശ്രദ്ധേയമാക്കിയത്. 

1847 - 1970 - 1990 എന്നിങ്ങനെ മൂന്ന് കാലഘട്ടങ്ങളിലൂടെ പറഞ്ഞു തുടങ്ങിയ കാന്താരയുടെ ആദ്യ പതിപ്പിനേക്കാൾ വലിയ കാൻവാസിലാണ് രണ്ടാം പതിപ്പിലെ കാന്താര ഒരുക്കിയിരിക്കുന്നത്.

1970 ൽ നിന്ന് കാദംബ രാജവംശത്തിന്റെ ഭരണകാലഘട്ടത്തിലുള്ള 'കാന്താര' യുടെ കഥയിലേക്ക് ചെറിയൊരു കണക്ഷൻ കൊടുത്തു കൊണ്ടുള്ള തുടക്കം തന്നെ ഗംഭീരമായിരുന്നു.

ബംഗ്‌റയുടെ രാജാവായ വിജയേന്ദ്രയിൽ തുടങ്ങി രാജശേഖരയും കുലശേഖരയും വരെ നീണ്ടു നിൽക്കുന്ന രാജ ഭരണ കാലയളവിൽ കാന്താരയുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമയെ സംഭവ ബഹുലമാക്കുന്നത്.

ആദ്യ പതിപ്പിൽ പഞ്ചുരുളിയും, ഗുളികനും, വരാഹ മൂർത്തിയുമായിരുന്നു കാന്താരയിലെ പ്രധാന ദൈവീക പരിവേഷങ്ങളെങ്കിൽ
രണ്ടാം പതിപ്പിലേക്ക് എത്തുമ്പോൾ ശിവനും പാർവ്വതിയും നന്ദികേശനും ഗുളികനും ചാമുണ്ഡിയും തൊട്ട് സർവ്വ ഭൂത ഗണങ്ങൾക്കും പ്രാധാന്യം കൊടുത്തു കൊണ്ടുള്ള തിരക്കഥയാണ് ഋഷഭ് ഷെട്ടി ഒരുക്കിയിരിക്കുന്നത്.

'ഭൂതക്കോല'വുമായി ബന്ധപ്പെട്ട മിത്തിനേക്കാൾ ഋഷഭ് ഷെട്ടിയുടെ ഭാവനാ ലോകത്തിലെ സൃഷ്ടികൾ ആണ് 'കാന്താരാ' യൂണിവേഴ്‌സിനെ വിപുലീകരിക്കുന്നത്.

തിരക്കഥയും സംവിധാനവും അഭിനയവും ഒരുമിച്ചൊരാൾ ചെയ്യുന്നതിലെ സർവ്വ സ്വാതന്ത്ര്യം ഋഷഭ് ഷെട്ടി പരിപൂർണ്ണമായി ആസ്വദിച്ചതിന്റെ ഫലം തന്നെയാണ് ഈ സിനിമയുടെ മികവ്. 

സൂര്യയുടെ 'കങ്കുവ; വിഷ്ണു മാഞ്ചുവിന്റെ 'കണ്ണപ്പ' പോലുള്ള സിനിമകളെ അനുസ്മരിപ്പിക്കുന്ന ചില സീനുകൾ കടന്ന് വരുമ്പോഴും ആ സിനിമകളിൽ പറ്റിയ പോലുളള പാളിച്ചകൾ 'കാന്താര'യിൽ സംഭവിക്കാതെ പോയത് ഋഷഭ് ഷെട്ടിയുടെ മികവുറ്റ സിനിമാ വീക്ഷണങ്ങൾ കൊണ്ടാണ്.

'ബാഹുബലി'യിലെ യുദ്ധത്തിന് സമാനമെന്ന് തോന്നിക്കുന്ന സീനുകളിൽ പോലും അത്തരമൊരു കല്ല് കടി അനുഭവപ്പെട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ആദ്യ പതിപ്പിലെ ഗുളികൻ സീൻ ഓർമ്മയിൽ തങ്ങി നിൽക്കുന്നത് കൊണ്ട് തന്നെ ഇത്തവണ ഗുളികന്റെ വരവിൽ പുതുമ തോന്നിയില്ല. അത് കൊണ്ട് തന്നെയാണോ ഗുളികനേക്കാൾ കൂടിയ ഡോസിലുള്ള മറ്റു രൂപങ്ങളെ ഇത്തവണ കൂട്ടി ചേർത്തത് എന്നും ആലോചിച്ചു പോയി.

ചില സീനുകൾ ഒരൽപ്പം ഓവറാണോ എന്ന് തോന്നിപ്പോയിടത്തും പ്രകടനം കൊണ്ട് ഋഷഭ് ഷെട്ടി അഴിഞ്ഞാടി തിമിർക്കുന്ന കാഴ്ച. ക്ലൈമാക്സ് സീനുകളൊക്കെ ആ കൂട്ടത്തിൽ എടുത്തു പറയാം. അമ്മാതിരി ഐറ്റം. 

ജയറാമിനെ സംബന്ധിച്ച് രാജശേഖര രാജാവിന്റെ വേഷം നടനെന്ന നിലക്ക് ഈ അടുത്തൊന്നും മൂപ്പർക്ക് കിട്ടിയിട്ടില്ലാത്ത വേറിട്ട ഒരു വേഷം തന്നെയാണ്. രുക്മിണി വസന്ത്, ഗുൽഷൻ ദേവൈയാ അടക്കമുള്ളവരുടെ പ്രകടനവും കാന്താരയുടെ ഹൈലൈറ്റാണ്. 

പശ്ചാത്തല സംഗീതം, ഛായാഗ്രഹണം, ഗ്രാഫിക്സ്, കലാ സംവിധാനം അങ്ങിനെ എല്ലാം കൊണ്ടും തിയേറ്റർ കാഴ്ചയിൽ ത്രസിപ്പിക്കുന്നു 'കാന്താര'.

ഭൂതക്കോലം കെട്ടിയാടി കൊണ്ട് അപ്രത്യക്ഷമാകുന്ന ശിവയും, ശിവയുടെ അച്ഛനും, ബെർമിയുമൊക്കെ അവശേഷിപ്പിക്കുന്ന കാന്താരയിലെ ദുരൂഹ വൃത്തത്തിന് ഇനിയും തുടർ കഥകളുണ്ട്.

Waiting for Kantara Chapter 2 !!

©bhadran praveen sekhar

Thursday, October 16, 2025

ബൾട്ടി പൊളിയാണ് !!


കബഡി കളിയും, സൗഹൃദവും, പ്രണയവും, ആക്ഷനും, പ്രതികാരവും വയലൻസുമൊക്കെ ചേർത്ത് കൊണ്ടുള്ള ഒരു സ്പോർട്സ് ആക്ഷൻ ഗ്യാങ്‌സ്റ്റർ സിനിമയെന്ന നിലക്കാണ് ഉണ്ണി ശിവലിംഗം 'ബൾട്ടി'യെ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

'സുബ്രമഹ്‌ണ്യപുരം', 'ആടുകളം', 'വെണ്ണിലാ കബഡി കുഴു', പോലുള്ള തമിഴ് സിനിമകളെ ഓർമ്മപ്പെടുത്തി കൊണ്ടുള്ള അവതരണം.

കേരളാ- തമിഴ് നാട് അതിർത്തി ഗ്രാമത്തിന്റെ കഥാപരിസരവും അവിടത്തെ ആഘോഷങ്ങളും കബഡി മത്സരവും, ഗ്യാങ്സ്റ്റർ പോരാട്ടാവുമൊക്കെ ചേർന്നുള്ള കഥ പറച്ചിലിൽ എവിടെയും മുഷിവ് അനുഭവപ്പെട്ടില്ല.

കഥയിൽ പുതുമയില്ലെങ്കിലും ചടുലമായ അവതരണവും ആക്ഷൻ സീനുകളും പാട്ടും ബാക്ഗ്രൗണ്ട് സ്കോറുമൊക്കെ കൊണ്ട്
തിയേറ്റർ കാഴ്ചയിൽ 'ബൾട്ടി' ത്രസിപ്പിക്കുന്നുണ്ട്.

'RDX' ന് ശേഷം ഷൈൻ നിഗത്തിന്റെ ആക്ഷൻ ഹീറോ പരിവേഷത്തെ ഒന്ന് കൂടി പരിപോഷിപ്പിക്കാൻ സാധിച്ചിട്ടുണ്ട് 'ബൾട്ടി'ക്ക്. അടിമുടി ബൾട്ടി സ്റ്റാറായി ഷൈൻ നിഗം നിറഞ്ഞാടി എന്ന് പറയാം.

ഷൈൻ നിഗം - ശന്തനു ഭാഗ്യരാജ് - ശിവ ഹരിഹരൻ - ജെക്സൻ ജോൺസൺ ടീമിന്റെ ഫ്രണ്ട്ഷിപ് കോമ്പോ ഒക്കെ നന്നായി. പ്രീതി അസ്രാനിയും കൊള്ളാം. പക്ഷേ സിനിമയിൽ പ്രീതിയുടെ നായികാ കഥാപാത്രത്തിന് കാര്യമായി ഒന്നും ചെയ്യാനില്ല.

അൽഫോൻസ് പുത്രന്റെ സോഡാ ബാബു, പൂർണ്ണിമയുടെ ജീമാ പോലുള്ള കഥാപാത്രങ്ങൾക്ക് കൊടുത്ത ബിൽഡ് അപ് വച്ച് നോക്കുമ്പോൾ ആ രണ്ടു കഥാപാത്രങ്ങൾക്ക് ഒരുപാട് സാധ്യതകൾ ഉണ്ടായിരുന്നു. പക്ഷേ ചിലയിടത്ത് അത് അമ്പേ പാളിപ്പോയതായി തോന്നി.

അക്കാര്യത്തിൽ സെൽവ രാഘവന്റെ പോർത്താമരെ ഭൈരവനാണ്‌ സ്‌കോർ ചെയ്തത്. അധികം ആറ്റിട്യൂട് ഒന്നും ഇടാതെ തന്നെ സെൽവ രാഘവൻ ആ കഥാപാത്രത്തിന് കൊടുത്ത വില്ലനിസം ഗംഭീരമായി.

അലക്സ് ജെ പുളിക്കലിന്റെ ഛായാഗ്രഹണവും സായ് അഭ്യങ്കറിന്റെ സംഗീതവും 'ബൾട്ടി'ക്ക് കൊടുക്കുന്ന പവർ എടുത്തു പറയേണ്ടതാണ്. കൊള്ളാം..മൊത്തത്തിൽ നല്ല ഓളമുണ്ടായിരുന്നു പടത്തിന്.

©bhadran praveen sekhar