കബഡി കളിയും, സൗഹൃദവും, പ്രണയവും, ആക്ഷനും, പ്രതികാരവും വയലൻസുമൊക്കെ ചേർത്ത് കൊണ്ടുള്ള ഒരു സ്പോർട്സ് ആക്ഷൻ ഗ്യാങ്‌സ്റ്റർ സിനിമയെന്ന നിലക്കാണ് ഉണ്ണി ശിവലിംഗം 'ബൾട്ടി'യെ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
'സുബ്രമഹ്‌ണ്യപുരം', 'ആടുകളം', 'വെണ്ണിലാ കബഡി കുഴു', പോലുള്ള തമിഴ് സിനിമകളെ ഓർമ്മപ്പെടുത്തി കൊണ്ടുള്ള അവതരണം.
കേരളാ- തമിഴ് നാട് അതിർത്തി ഗ്രാമത്തിന്റെ കഥാപരിസരവും അവിടത്തെ ആഘോഷങ്ങളും കബഡി മത്സരവും, ഗ്യാങ്സ്റ്റർ പോരാട്ടാവുമൊക്കെ ചേർന്നുള്ള കഥ പറച്ചിലിൽ എവിടെയും മുഷിവ് അനുഭവപ്പെട്ടില്ല.
കഥയിൽ പുതുമയില്ലെങ്കിലും ചടുലമായ അവതരണവും ആക്ഷൻ സീനുകളും പാട്ടും ബാക്ഗ്രൗണ്ട് സ്കോറുമൊക്കെ കൊണ്ട്
തിയേറ്റർ കാഴ്ചയിൽ 'ബൾട്ടി' ത്രസിപ്പിക്കുന്നുണ്ട്.
'RDX' ന് ശേഷം ഷൈൻ നിഗത്തിന്റെ ആക്ഷൻ ഹീറോ പരിവേഷത്തെ ഒന്ന് കൂടി പരിപോഷിപ്പിക്കാൻ സാധിച്ചിട്ടുണ്ട് 'ബൾട്ടി'ക്ക്. അടിമുടി ബൾട്ടി സ്റ്റാറായി ഷൈൻ നിഗം നിറഞ്ഞാടി എന്ന് പറയാം.
ഷൈൻ നിഗം - ശന്തനു ഭാഗ്യരാജ് - ശിവ ഹരിഹരൻ - ജെക്സൻ ജോൺസൺ ടീമിന്റെ ഫ്രണ്ട്ഷിപ് കോമ്പോ ഒക്കെ നന്നായി. പ്രീതി അസ്രാനിയും കൊള്ളാം. പക്ഷേ സിനിമയിൽ പ്രീതിയുടെ നായികാ കഥാപാത്രത്തിന് കാര്യമായി ഒന്നും ചെയ്യാനില്ല.
അൽഫോൻസ് പുത്രന്റെ സോഡാ ബാബു, പൂർണ്ണിമയുടെ ജീമാ പോലുള്ള കഥാപാത്രങ്ങൾക്ക് കൊടുത്ത ബിൽഡ് അപ് വച്ച് നോക്കുമ്പോൾ ആ രണ്ടു കഥാപാത്രങ്ങൾക്ക് ഒരുപാട് സാധ്യതകൾ ഉണ്ടായിരുന്നു. പക്ഷേ ചിലയിടത്ത് അത് അമ്പേ പാളിപ്പോയതായി തോന്നി.
അക്കാര്യത്തിൽ സെൽവ രാഘവന്റെ പോർത്താമരെ ഭൈരവനാണ് സ്‌കോർ ചെയ്തത്. അധികം ആറ്റിട്യൂട് ഒന്നും ഇടാതെ തന്നെ സെൽവ രാഘവൻ ആ കഥാപാത്രത്തിന് കൊടുത്ത വില്ലനിസം ഗംഭീരമായി.
അലക്സ് ജെ പുളിക്കലിന്റെ ഛായാഗ്രഹണവും സായ് അഭ്യങ്കറിന്റെ സംഗീതവും 'ബൾട്ടി'ക്ക് കൊടുക്കുന്ന പവർ എടുത്തു പറയേണ്ടതാണ്. കൊള്ളാം..മൊത്തത്തിൽ നല്ല ഓളമുണ്ടായിരുന്നു പടത്തിന്.
©bhadran praveen sekhar
No comments:
Post a Comment