Tuesday, March 23, 2021

ഭീകരമായ നിശബ്ദത !!

വേറിട്ട ശബ്ദ ദൃശ്യാവിഷ്‌ക്കാരത്തിലൂടെ നിശബ്ദതയുടെ ഭീകരതയും സൗന്ദര്യവുമൊക്കെ ഒരു പോലെ ബോധ്യപ്പെടുത്തി തന്ന സിനിമയായിരുന്നു 2018 ലിറങ്ങിയ ജോൺ ക്രാസിൻസ്‌ക്കിയുടെ A Quiet Place.

If they hear you, they hunt you എന്ന ടാഗ് ലൈനിൽ തന്നെയുണ്ടായിരുന്നു ആ സിനിമയുടെ കഥാന്തരീക്ഷം. സമാനമായി they're listening എന്ന ടാഗ് ലൈനിലൂടെയാണ് ഇതേ കഥാ പശ്ചാത്തലവും അന്തരീക്ഷവും 'The Silence' ലും ചേർത്തിരിക്കുന്നത്.
വെളിച്ചം പോലും കടന്നു ചെല്ലാതെ അടഞ്ഞു കിടന്നിരുന്ന ഭൂമിക്കടിയിലെ ഗുഹക്കുള്ളിൽ നിന്ന് പുറത്തേക്ക് പാറിപ്പറന്നെത്തുന്ന "vesps" എന്ന് പറയപ്പെടുന്ന അപകടകാരികളായ പക്ഷിക്കൂട്ടങ്ങളാണ് 'Silence' ലെ വില്ലന്മാർ.
A Quiet Place ലെ ആ വലിയ ജീവിയെ പോലെ തന്നെ ഈ പക്ഷിക്കൂട്ടങ്ങൾക്കും കണ്ണ് കാണില്ല, ശബ്ദം തിരിച്ചറിഞ്ഞാണ് ആക്രമണം. Quiet Place ൽ ഫ്രീക്വൻസി കൂടിയ ശബ്ദതരംഗങ്ങളിലൂടെ ഈ ജീവി വർഗ്ഗത്തിനെ തുരത്താൻ സാധിക്കുമെന്ന് പറഞ്ഞു വെക്കുമ്പോൾ Silence ൽ അങ്ങിനെ പരിഹാരമായി ഒന്നും പറയുന്നില്ല. പകരം തണുത്ത കാലാവസ്ഥയിൽ അവക്ക് അതിജീവിക്കാനാകില്ല എന്ന് കണ്ടെത്തുക മാത്രമാണ് ചെയ്യുന്നത്.
മനുഷ്യ വർഗ്ഗം നിശ്ശബ്ദരായി ജീവിക്കാൻ ശീലിക്കുമോ അതോ തണുപ്പ് കാലാവസ്ഥയേയും അതിജീവിച്ച് മനുഷ്യരാശിക്ക് ഭീഷണിയായി പക്ഷിക്കൂട്ടം വീണ്ടും വരുമോ എന്നൊക്കെയുള്ള ചോദ്യത്തിലൂടെയാണ് Silence അവസാനിക്കുന്നത്.
പറഞ്ഞു വരുമ്പോൾ ഏറെക്കുറെ A Quiet Place ലെ കഥാഗതികൾ തന്നെയാണ് The Silence ലുമുള്ളതെങ്കിലും രണ്ടും രണ്ടു തരത്തിൽ ആസ്വദിക്കാവുന്ന സിനിമകളാണ്. ഒരു സിനിമ എന്ന നിലക്ക് A Quiet Place നോളം മികച്ചതല്ലെങ്കിലും The Silence ഉം നിരാശപ്പെടുത്തില്ല.
-pravin-

1 comment: