Friday, September 27, 2024

ഒരു മുത്തശ്ശിക്കഥയുടെ മികവുറ്റ ദൃശ്യാവിഷ്ക്കാരം!!


മോഹൻ ലാലിന്റെ ശബ്ദ സാന്നിധ്യമുള്ള ആമുഖവും , മലാ പാർവ്വതിയുടെ മുത്തശ്ശിക്കഥ പറച്ചിലും കൂടി സിനിമയുടെ തുടക്കത്തിൽ തന്നെ ഒരു മൂഡ് സെറ്റ് ആക്കി തരുന്നുണ്ട്. ആ ഒരു മൂഡിലേക്ക് നമ്മളെത്തി കഴിഞ്ഞാൽ ചിയോതിക്കാവും പരിസരവുമൊക്കെ നമ്മുടെ കൂടിയായി മാറുകയാണ്.

തുടക്കക്കാരെന്ന് തോന്നിപ്പിക്കാത്ത എഴുത്തും സംവിധാനവും കൊണ്ട് ജിതിൻ ലാൽ - സുജിത് നമ്പ്യാർ അതിശയപ്പെടുത്തി കളഞ്ഞു.

ഒരു ഫാന്റസി / മിത്ത് പടത്തിന്റെ കഥാപരിസരത്തിലേക്ക് ചിരിക്കുള്ള വകുപ്പുകൾ എത്തിയത് ദീപു പ്രദീപിന്റെ അഡിഷണൽ സ്‌ക്രീൻപ്ലേയിലൂടെയാണെന്ന് ഊഹിക്കുന്നു. ഇത്തരമൊരു സിനിമയുടെ ടോട്ടാലിറ്റിയിൽ അതെല്ലാം നല്ല രീതിക്ക് വർക്ക് ഔട്ട് ആക്കാൻ ഈ കൂട്ടായ്മക്ക് സാധിച്ചിട്ടുണ്ട്.

ചിയോതിക്കാവെന്ന സാങ്കൽപ്പിക ഗ്രാമവും അവിടത്തെ ക്ഷേത്രവും നാട്ടുകാരുമൊക്കെ മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ നമ്മുടെ മുന്നിൽ അവതരിപ്പിച്ചു ഫലിപ്പിക്കുന്ന കലാ സംവിധാനം ശ്രദ്ധേയമായി തോന്നി.

മുത്തശ്ശിക്കഥയുടെ ലാഘവത്തിൽ പറയുമ്പോഴും രാജഭരണകാലത്തും ജനാധിപത്യ കാലത്തും ഒരു പോലെ നിലനിൽക്കുന്ന ജാതി വ്യവസ്ഥകളെ തുറന്നു കാണിക്കാൻ സിനിമ ശ്രമിക്കുന്നു.

കഥക്കപ്പുറം ഹൈവോൾട്ടേജ് കഥാപാത്ര പ്രകടനങ്ങൾ കൊണ്ടും സ്‌ക്രീൻ പ്രസൻസും കൊണ്ടുമൊക്കെ ടോവിനോ തോമസ് നിറഞ്ഞാടുന്ന കാഴ്ച.

കുഞ്ഞിക്കേളു എന്ന യോദ്ധാവായും, കള്ളൻ മണിയനായും, ഇലക്ട്രീഷ്യൻ അജയനായും മൂന്ന് വേഷങ്ങളിൽ മൂന്ന് വ്യത്യസ്ത ലുക്കിൽ വരുന്നു എന്നതിനൊപ്പം മൂന്നു കഥാപാത്രങ്ങളേയും മൂന്ന് വ്യത്യസ്ത ശരീര ഭാഷയിൽ ടോവിനോ ഗംഭീരമായി കൈകാര്യം ചെയ്യുന്നത് കാണാം.

കഥാപാത്രത്തിന്റെ പൂർണ്ണതക്ക് വേണ്ടി ടോവിനോ നടത്തിയിട്ടുള്ള പ്രയത്നങ്ങളും പരിശീലനങ്ങളുമൊക്കെ മെയ് വഴക്കത്തിൽ തന്നെ പ്രകടമാണ് .

അക്കൂട്ടത്തിൽ മണിയൻ കള്ളൻ എന്ന കഥാപാത്രത്തെ പ്രത്യേകം എടുത്തു പറയേണ്ടി വരുന്നു. നോട്ടം കൊണ്ടും ഭാവം കൊണ്ടും ശരീര ഭാഷ കൊണ്ടും ഡയലോഗ് ഡെലിവറി കൊണ്ടുമൊക്കെ മറ്റു രണ്ടു കഥാപാത്രങ്ങളെയും കവച്ചു വക്കുന്നുണ്ട് മണിയൻ.

ഐശ്വര്യ രാജേഷും കൃതി ഷെട്ടിയുമൊക്കെ പേരിന് നായികാ വേഷത്തിൽ വന്നു പോയി എന്നതിനപ്പുറം കാര്യമായ ഒരു റോളോ പ്രകടനമോ പറയാനില്ല.

അതേ സമയം സുരഭി ലക്ഷ്മി തനിക്ക് കിട്ടിയ നായികാ വേഷം ഗംഭീരമാക്കി ചെയ്തു കാണാം. കള്ളൻ മണിയന്റെ ഭാര്യ എന്നതിൽ ഒതുങ്ങാതെ മാണിക്യം എന്ന കഥാപാത്രത്തെ ശ്രദ്ധേയമായി അവതരിപ്പിക്കാൻ സുരഭിക്ക് സാധിച്ചു.


ഓണത്തിന് ഇറങ്ങിയ കിഷ്കിന്ധാ കാണ്ഡത്തിലും, ARM ലും അജയന്മാർ കേന്ദ്ര കഥാപാത്രങ്ങളാണ് എന്ന പോലെ രണ്ടു സിനിമയിലും ജഗദിഷിന്റെ വേറിട്ട കഥാപാത്ര പ്രകടനങ്ങളുണ്ട് . മണിയൻ - നാണു കോംബോ സീനുകളിൽ ടോവിനോ-ജഗദിഷ് മാരെ കണ്ടെത്താനാകാത്ത വിധം മത്സരിച്ചഭിനയിച്ചു രണ്ടു പേരും.

ജോമോന്റെ ഛായാഗ്രഹണം, ഷമീർ മുഹമ്മദിന്റെ എഡിറ്റിംഗ്, ദിബു നൈനാന്റെ സംഗീതം അടക്കമുള്ള മറ്റു സാങ്കേതിക വശങ്ങളെല്ലാം തിയേറ്റർ സ്‌ക്രീനിൽ സിനിമയുടെ ആസ്വാദനം ഇരട്ടിപ്പിക്കുന്നു.

ഒരു മുത്തശ്ശിക്കഥയെ / കെട്ടുകഥയെ രസച്ചരട് പൊട്ടിക്കാതെ, സാങ്കേതിക മികവോടെ ആദ്യാവസാനം വരെ പറഞ്ഞവതരിപ്പിക്കാൻ സാധിച്ചു എന്നത് തന്നെയാണ് ARM ന്റെ വിജയം.

©bhadran praveen sekhar

No comments:

Post a Comment