സുനില്‍ ഗംഗോപാധ്യായുടെ കഥയെ അടിസ്ഥാനമാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത് ദിലീപ് , സംവൃതാ സുനില്‍ , മമതാ മോഹന്‍ദാസ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച സിനിമയാണ് അരികെ.
സ്നേഹം, പ്രേമം തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്രീകരിച്ചു കൊണ്ട് കഥ പറയുന്ന പല സിനിമകളും ഇതിനു മുന്നേ നമ്മള് കണ്ടു മറന്നതാണെങ്കില്‍ കൂടി അവതരണ മികവു കൊണ്ടും സമാന വിഷയങ്ങളിലേക്കുള്ള ആത്മാര്‍ഥമായ ഒരു അന്വേഷണ ഭാവം കൊണ്ടും പ്രേക്ഷകന് മറ്റൊരു വ്യത്യസ്ത ആസ്വാദനാനുഭൂതി ലഭിക്കുന്നു എന്നതാണ് ഈ സിനിമയുടെ പ്രത്യേകത.
സിനിമയില്‍ ശന്തനു (ദിലീപ്) - കല്‍പ്പന (സംവൃതാ സുനില്‍) പ്രേമബന്ധമാണ് വിവരിക്കപ്പെടുന്നത്. കല്പ്പനയുടെ കൂട്ടുകാരിയായ അനുരാധ (മമതാ മോഹന്‍ദാസ്) ഇവരുടെ പ്രേമത്തിനും തുടര്‍ന്നുള്ള ഇവരുടെ കണ്ടുമുട്ടലുകള്‍ക്കും എല്ലാ വിധ സഹായങ്ങളും ചെയ്തു കൊടുക്കുന്നു. അനുരാധയുടെ ചിന്തയില്‍ ഈ ലോകത്തെ ഏറ്റവും അവസാനത്തെ കാമുകീ കാമുകന്മാരാണ് ശന്തനുവും കല്‍പ്പനയും. ഇവരുടെ പ്രേമ ബന്ധത്തെ ഭ്രാന്തമായ സ്നേഹമായി ഉപമിക്കുന്ന അനുരാധ , ഇവര്‍ക്കിടയില്‍ നടക്കുന്ന എല്ലാ പ്രേമ സല്ലാപങ്ങള്‍ക്കും സാക്ഷിയാണ്. അത് കൊണ്ട് തന്നെ , പൊതുവേ സ്നേഹം, പ്രേമം എന്ന വികാരത്തെ മാനിക്കാത്ത അനുരാധ എന്ത് കൊണ്ടോ ഈ ലോകത്തിലെ യഥാര്‍ത്ഥ സ്നേഹം ഇവരുടേത് മാത്രമാണ് എന്ന് വിശ്വസിക്കുന്നു.
ശന്തനു മലയാള സാഹിത്യ ഭാഷയില്‍ ബിരുദവും, റിസേര്‍ച്ചും കഴിഞ്ഞ ഒരാളായത് കൊണ്ടായിരിക്കാം പതിവ് കാമുകന്മാരെ പോലെ ഫോണിലൂടെയല്ല തന്റെ പ്രേമ സല്ലാപങ്ങള്‍ രേഖപ്പെടുത്താന്‍ ഇഷ്ടപ്പെടുന്നത്. പഴയ പ്രേമലേഖനങ്ങളെ ഓര്‍മിപ്പിക്കും തരത്തില്‍ സാഹിത്യ ഭാഷയിലൂടെയാണ് ശന്തനു ഇടയ്ക്കിടെ കല്പ്പനക്ക് കത്തെഴുതുന്നത്.കല്പ്പനയുടെ കാലുകള്‍ തടവിക്കൊണ്ട് ശന്തനു പറയുന്നുണ്ട് , പെണ്‍കുട്ടികളുടെ ഇടതു കാലിനു പ്രത്യേകതയുണ്ടെന്നും , പലപ്പോഴും കല്പ്പനയുടെ ഇടതു കാലിലെ ചെറുവിരല്‍ മുറിച്ചെടുക്കാന്‍ തോന്നിയിട്ടുണ്ട് എന്നും. ലോകത്തിലെ എല്ലാ കാമുകിമാരുടെയും ഇടതുകാലുകള്ക്ക് പ്രത്യേകതയുണ്ടെന്ന് പുരാണത്തിലെ ശകുന്തളയെ ഓര്‍മപ്പെടുത്തിക്കൊണ്ട് ശന്തനു പറയുന്നു.

പഴയ വിശ്വാസങ്ങളെയും അല്‍പ്പം അന്ധ വിശ്വാസങ്ങളെയും മുറുകെ പിടിച്ചു കൊണ്ട് ജീവിക്കുന്ന കല്പ്പനയുടെ ബ്രാഹ്മിണ കുടുംബത്തിന് ശന്തനുവെന്ന അബ്രാഹ്മിണനെ മരുമകനായി അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ് എന്നുള്ളത് കൊണ്ട് തന്നെ രെജിസ്ടര്‍ വിവാഹം എന്ന വഴി മാത്രമാണ് ശന്തനുവിനു മുന്നില്‍ ഉണ്ടായിരുന്നത്. അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളില്‍ ശന്തനു മുഴുകുമ്പോഴും കല്പ്പനയുടെ മനസ്സ് മാറ്റാന്‍ വീട്ടുകാര്‍ പല തരത്തിലും ശ്രമിക്കുന്നുവെങ്കിലും അതിനൊന്നും തന്നെ കല്‍പ്പന വഴങ്ങുന്നില്ല. പക്ഷെ പിന്നീട് കല്പ്പനയുടെ ജീവിതത്തില്‍ നടക്കുന്ന അവിചാരിതമായ ഒരു അപകടം കഥയെ വഴി തിരിക്കുന്നു. അതിനു ശേഷമുള്ള രംഗങ്ങള്‍ വളരെ പ്രസക്തമാണ് എങ്കില്‍ കൂടി കഥാവസാനം സിനിമയ്ക്കു വേണ്ട പൂര്‍ണത ലഭിച്ചോ എന്നത് ഒരു ചോദ്യമായി തുടരുന്നു.
സിനിമയില്‍ ഇടയ്ക്കു കയറി വരുന്ന ഒരു കഥാപാത്രമാണ് ഗുരുജി. ഗുരുജിയെ ഒരു ആള് ദൈവമായി നമ്മള് മനസ്സില്‍ എവിടെയോ പ്രതിഷ്ഠിച്ചു വക്കാന്‍ പാകത്തിലാണ് സിനിമയില്‍ ആദ്യം പ്രതിപാദിക്കുന്നത് എങ്കില്‍ കൂടി ആ സങ്കല്‍പ്പങ്ങളെയെല്ലാം അട്ടിമറിച്ചു കൊണ്ടുള്ള വെളിപാടുകളാണ് യഥാര്‍ഥത്തില്‍ ഗുരുജി സിനിമയില്‍ പ്രേക്ഷകന് നല്‍കുന്നത്. ആ രംഗങ്ങളില്‍ കൂടി സമൂഹത്തിലേക്കു പറന്നു വരുന്ന സന്ദേശം ബൃഹത്തായ ഒന്നാണ്. മനുഷ്യരെ അമാനുഷികനും, ആള് ദൈവവും , മറ്റ് ഇല്ലാത്ത കഴിവുകളുടെയെല്ലാം ഉടമയാക്കി മാറ്റുന്നതെല്ലാം മനുഷ്യന് തന്നെയാണ്. മനുഷ്യന് യോഗിയാകാം, സന്യാസിയാകാം പക്ഷെ അപ്പോഴും പരിമിതികള്‍ക്കുള്ളിലെ ദൃഷ്ടാന്തങ്ങള്‍ മാത്രമേ അവനു ലഭിക്കുന്നുള്ളൂ.
എന്താണ് സ്നേഹം എന്നത് സംബന്ധിച്ചുള്ള ചില നിര്‍വ്വചനങ്ങള്‍ ഈ സിനിമയിലുടനീളം പല തരത്തില്‍ പറയുന്നുണ്ട്. അതില്‍ ശന്തനുവിന്റെ ചിന്തകള്‍ സിനിമയില്‍ ശ്രദ്ധേയമാണ്. അതെ, സമയം കല്പ്പനയുടെ സ്നേഹ സങ്കല്‍പ്പങ്ങള്‍ അല്‍പ്പം വികലമാണോ എന്ന് പ്രേക്ഷകന് തോന്നിയേക്കാം . ആരെങ്കിലും തന്നെ ആത്മാര്‍ഥമായി പ്രേമിക്കാന്‍ താല്പര്യം കാണിച്ചാല്‍ അവരുടെ ആ സ്നേഹം നിഷേധിക്കാനാണ് അനുരാധ ഇഷ്ടപ്പെടുന്നത്. അതിനുള്ള വിശദീകരണങ്ങള്‍ സിനിമയില്‍ പറയുന്നത് അനുരാധയുടെ പഴയ കാലമാണ്. ഇതെല്ലാം തന്നെ തികഞ്ഞ തന്മയത്വത്തോടെയാണ് എല്ലാ അഭിനേതാക്കളും അഭിനയിച്ചു പ്രതിഫലിപ്പിച്ചിരിക്കുന്നത്. അതി മനോഹരമായ രണ്ടു ഗാനങ്ങള്‍ കൂടി ഈ സിനിമയില്‍ ഉണ്ട്.
ആകെ മൊത്തം ടോട്ടല്‍ = അവസാന രംഗത്തെ ചില ചില്ലറ പാളിച്ചകള്‍ ഒഴിവാക്കിയാല്‍ തീര്‍ത്തും നല്ല ഒരു സിനിമ.
* വിധി മാര്‍ക്ക് = 8/10
-pravin-