Saturday, April 27, 2013

സൌണ്ട് തോമ - രൂപവും സൌണ്ടും മാത്രം പുതുമ.


പ്ലാപ്പറമ്പിൽ പൌലോയുടെ (സായ്കുമാർ) മൂന്നാമത്തെ മകനാണ് തോമ (ദിലീപ്).  മുറിച്ചുണ്ടോട് കൂടി ജനിച്ചു വീണ കുഞ്ഞു തോമയെ കണ്ടപ്പോൾ പൌലോയടക്കം എല്ലാവരുടെയും മുഖം  നിരാശാമയമായി.  തോമയെ പ്രസവിച്ചതിനാലാണ്  അവന്റെ അമ്മ മരിക്കുന്നത്  എന്നതിനാൽ തോമയെ അന്ത്യ ക്രിസ്തുവായാണ് അപ്പനായ  പൌലോ കാണാൻ ശ്രമിക്കുന്നത്.  ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ അടിയന്തിര ശസ്ത്രക്രിയ നടത്തിയാൽ  തോമയുടെ മുറിച്ചുണ്ട് മാറ്റിയെടുക്കാമെന്നു ഡോക്ടർമാർ പറഞ്ഞു നോക്കുന്നുവെങ്കിലും  പിശുക്കനും, അറുത്ത കൈക്ക് ഉപ്പു തേക്കാത്തവാനുമായ പൌലോ അതിനു തയ്യാറല്ലായിരുന്നു. ആ ഒരു കാരണത്താൽ ഒരു പക്ഷെ ഭാവിയിൽ അവന്റെ ശബ്ദം വരെ വികലമായി പോയേക്കാം എന്ന സൂചന കൊടുത്തിട്ട് പോലും പൌലോ തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു. അതാണ്‌ പൌലോയുടെ സ്വഭാവം. പണത്തിനെക്കാൾ കൂടുതലായി ഒന്നിനെയും ഒരു ബന്ധത്തിനെയും അയാൾ വില കൽപ്പിക്കില്ല. അതിന്റെ ആദ്യത്തെ ഇരയാണ് മുസ്ലീം പെണ്ണിനെ കല്യാണം കഴിച്ചു മതം മാറേണ്ടി വന്ന പൗലൊയുടെ മൂത്ത മകനായ മത്തായി അഥവാ ഇന്നത്തെ മുസ്തഫ (മുകേഷ്) . ഉയർന്ന സ്ത്രീധനം വാങ്ങി കൊണ്ട് മക്കളെ  കല്യാണം കഴിപ്പിക്കുക എന്ന പൌലോയുടെ ആഗ്രഹത്തിനു വിപരീതമായി  പ്രവർത്തിച്ചതു കൊണ്ടാണ്  മത്തായിക്ക്  പ്ലാപ്പറമ്പിൽ വീടിന്റെ പടിക്ക് പുറത്ത് പോകേണ്ടി വന്നത് പോലും . അപ്പന്റെ ഈ വക സ്വഭാവമെല്ലാം  അറിഞ്ഞിട്ടും ഇളയ മകനായ തോമ സ്ഥലത്തെ ഭാഗവതരുടെ (വിജയ രാഘവൻ) മകൾ ശ്രീലക്ഷ്മിയെ (നമിത പ്രമോദ് ) അഗാധമായി പ്രേമിക്കുന്നു. അവന്റെ പ്രേമം അവൾ തിരിച്ചറിയുമോ, പിശുക്കനായ പൌലോക്ക് മാനസാന്തരം സംഭവിക്കുമോ, ബന്ധങ്ങളുടെ വില അയാൾക്ക്‌ ബോധ്യപ്പെടുമോ, എന്നീ ചോദ്യങ്ങളാണ് സിനിമ പിന്നീട് ബാക്കി വക്കുന്നത്. ഇതിനിടയിലേക്ക് ഒരു വില്ലനെയും കൂടി കയറ്റി വിടുമ്പോൾ കഥ ഏകദേശം മസാല പരവുമായി തീരുന്നു. 

പോക്കിരി രാജ, സീനിയേഴ്സ്, മല്ലു സിംഗ് എന്നീ സിനിമകൾക്ക്‌ ശേഷം ദിലീപിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത സിനിമയാണ് സൌണ്ട് തോമ. ബെന്നി പി നായരമ്പലമാണ് സിനിമയുടെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. തോമ എന്ന കഥാപാത്ര സൃഷ്ടി നടത്തി എന്നതിലുപരി ബെന്നി പി നായരമ്പലത്തിന് പ്രത്യേകിച്ചൊരു പുതുമയോ വ്യത്യസ്തതയോ   കഥയിലും തിരക്കഥയിലും കൊണ്ട് വരാൻ സാധിച്ചിട്ടില്ല . പണ്ട് കണ്ടു മറന്ന കഥാ സാഹചര്യങ്ങളും കഥാപാത്രങ്ങളും സിനിമയിൽ നിറഞ്ഞു നിൽക്കുന്നു . വിരൂപനായ നായകന് നായികയോട് തോന്നുന്ന ഇഷ്ടവും, നായികക്ക് നായകനോട് ആദ്യം തോന്നുന്ന വെറുപ്പും , പിന്നീടുള്ള ഇഷ്ടവും , വില്ലന്റെ കടന്നു വരവും എല്ലാം തന്നെ പുതിയ കുപ്പിയിലെ  പഴയ വീഞ്ഞിനെ ഓർമിപ്പിക്കുന്ന ചുരുക്കം ചില ഘടകങ്ങൾ ആണ്. 

വൈശാഖിനെ സംബന്ധിച്ച് തന്റെ ആദ്യ സിനിമയിലൂടെ  അയാളുണ്ടാക്കിയ ഇമേജിനു വലിയ കോട്ടം ഇപ്പോഴും സംഭവിക്കുന്നില്ല. ഇമേജിൽ കാര്യമായൊരു ഉയർച്ചയോ താഴ്ച്ചയോ ഇല്ലാതെ നിലനിർത്തുക മാത്രമാണ് വൈശാഖ് ചെയ്തിട്ടുള്ളത്. മലയാള സിനിമയിലെ ഒരു നവ സംവിധായകൻ എന്ന നിലയിൽ വൈശാഖിന്റെ ഈ നിലപാട് അയാളുടെ ഭാവിയിലേക്ക് ദോഷമേ ചെയ്യൂ എന്നതും  മറ്റൊരു വസ്തുതയാണ്.


വികലാംഗ കഥാപാത്രങ്ങളെ നായകനാക്കി ഒരു കാലത്ത് തുടരെ സിനിമകൾ  ചെയ്ത ആളായിരുന്നു സംവിധായകൻ വിനയൻ. ഇവിടെ ദിലീപും ഒരു തരത്തിൽ ആ പാതയാണ് പിന്തുടരുന്നത്. കുഞ്ഞിക്കൂനൻ, ചാന്ത്പൊട്ട് തുടങ്ങീ സിനിമകളിലെ ദിലീപിന്റെ അത്തരം കഥാപാത്രങ്ങൾ  ഏറെ പ്രശംസയും ജന ശ്രദ്ധയും പിടിച്ചു പറ്റിയിരുന്നു. അതിനു ശേഷം എന്ത് കൊണ്ടോ, അത്തരം വേഷങ്ങൾക്കായി തന്റെ സിനിമാ ജീവിതത്തിലെ ഒരു വലിയ ഭാഗം  എഴുതി കൊടുത്ത പോലെയാണ് ദിലീപ് അഭ്രപാളിയിൽ പച്ചകുതിരയായും, മായാ മോഹിനിയായും പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നത്. അത്തരം കഥാപാത്രങ്ങളെ വേഷം കൊണ്ടും പ്രകടനം കൊണ്ടും അഭിനയിച്ചു പ്രതിഫലിപ്പിക്കുന്നതിൽ ദിലീപിനുള്ള കഴിവ് അഭിനന്ദനീയം തന്നെയാണ്. സൌണ്ട് തോമയിലും ആ പ്രകടന നിലവാരം ദിലീപ് തന്മയത്വത്തോടെ നിലനിർത്തിയിട്ടുണ്ട്. ദിലീപിന്റെ പഴയ കാലത്തെ മിമിക്രിയുടെ സ്വാധീനം ഇത്തരം കഥാപാത്രങ്ങളിൽ പലയിടത്തും പ്രകടമാണെങ്കിലും   മലയാള സിനിമയിൽ സ്വന്തം ശരീരത്തെയും രൂപത്തെയും ശബ്ദത്തെയും പരീക്ഷണാടിസ്ഥാനത്തിൽ ഇത്ര മേൽ ഉപയോഗിച്ച മറ്റൊരു നടൻ വേറെയുണ്ടാകില്ല. സംഗതികൾ ഇങ്ങിനെയൊക്കെ ആണെങ്കിലും സൌണ്ട് തോമയിൽ  ശബ്ദത്തിനും രൂപത്തിലുമുപരി കാര്യമായൊരു പ്രകടനം ദിലീപ് കാഴ്ച വച്ചിട്ടില്ല. അതെ സമയം പൌലോ ആയി വന്ന സായ് കുമാർ ചോട്ടാ  മുംബൈക്ക് ശേഷം സമാനമായ നല്ലൊരു വേഷം ചെയ്തെന്നു പറയാം. സുരാജ് വെഞ്ഞാറമൂടിന്റെ കരിയറിൽ ഒരു മാറ്റം വരുത്തിയേക്കാവുന്ന ഒരു കഥാപാത്രമായിരുന്നു ഈ സിനിമയിലെത് എന്നാലും ആ വേഷം വേണ്ട പോലെ ഉപയോഗിക്കാൻ അയാൾക്ക്‌ കഴിഞ്ഞില്ല . 

ഗോപീ സുന്ദറിന്റെ സംഗീതം സിനിമയിലെ കഥാ സന്ദർഭത്തിന് യോജിച്ചു നിന്നു എന്നൊഴിച്ചാൽ അവിടെയും കാര്യമായൊരു ചലനം സൃഷ്ടിക്കാൻ സിനിമക്ക് സാധിച്ചിട്ടില്ല. അതെ സമയം ഗാന രംഗങ്ങളിലെ ച്ഛായാഗ്രഹണവും, കലാ സംവിധാനവും, choreography  യും മികച്ചു നിന്നു.  നമിത പ്രമോദിന്റെ  അഭിനയത്തേക്കാൾ മികച്ചതായി തോന്നിയത് സിനിമയിൽ നമിതയ്ക്ക് കിട്ടിയ ഡാൻസാണ്.  ഈ സിനിമയിൽ നമിത പ്രമോദ് identify ചെയ്യുന്നത് പോലും ആ ഡാൻസ് കൊണ്ട് മാത്രമാണ് എന്ന് പറയുന്നതായിരിക്കും ഏറെ ഉചിതം. 

ആകെ മൊത്തം ടോട്ടൽ = പ്രത്യേകിച്ച് പുതുമയോ ട്വിസ്ട്ടോ ഇല്ലാത്ത ഒരു സിനിമ. ദിലീപിന്റെ   മുറിച്ചുണ്ടും  ശബ്ദവും  പുതുമയായി അവതരിപ്പിക്കാൻ ശ്രമിച്ച അവതരിപ്പിച്ച ഒരു ആവറേജ്  സിനിമ. 

* വിധി മാർക്ക്‌ = 5/10 

-pravin- 

6 comments:

  1. ഹോ എന്റെ ഭാഗ്യം..

    ReplyDelete
  2. ഈ സിനിമക്കൊക്കെ റിവ്യൂ വിനു അര്ഹത ഉണ്ടോ ? തെരഞ്ഞെടുക്കുന്ന വക്ക് മാത്രം പൊരെ...?

    ReplyDelete
    Replies
    1. അർഹതയുടെ പ്രശ്നം ഇവിടെയുണ്ടോ ? റിവ്യൂ എന്നാൽ എന്താണ് അർത്ഥം ? നല്ലതിന് മാത്രം എഴുതാനുള്ള സാധനമാണ് അതെന്നു എനിക്ക് തോന്നുന്നില്ല . പിന്നെ പുതിയ സിനിമ ആയതു കൊണ്ട് കണ്ട ശേഷം എന്റെ അഭിപ്രായം ഞാൻ രേഖപ്പെടുത്തി എന്ന് മാത്രം . ഇതിനെ ഒരു റിവ്യൂ ആയി കാണാതിരുന്നാൽ ബാക്കി പ്രശ്നവും കഴിഞ്ഞു . അപ്പോൾ എല്ലാവരും സന്തോഷിച്ചാട്ടെ! സന്തോഷിച്ചാട്ടെ !

      Delete
  3. സിനിമ കണ്ടിട്ടില്ല - എഴുത്ത് എന്ന നിലയില്‍ ഈ റിവ്യു ഇഷ്ടമായി. സിനിമയെക്കുറിച്ച് കൂടുതല്‍ മനസിലാക്കി ഈ റിവ്യുവുമായി താരതമ്യം ചെയ്ത് നോക്കണം.....

    ReplyDelete