Friday, August 1, 2014

Velai illa Pattathari (V.I.P)- ധനുഷിന്റെ ഇരുപത്തിയഞ്ചാമത്തെ സിനിമ മാത്രമോ ?

സിനിമയുടെ സർവ്വ മേഖലയിലും ചുരുങ്ങിയ കാലയളവിൽ  തന്റേതായ ഒരു കൈയ്യൊപ്പ് പതിപ്പിക്കുന്നതിൽ വിജയിച്ച നടനാണ്‌  ധനുഷ്. അത് കൊണ്ട് തന്നെ ധനുഷ് കഴിവുള്ള ഒരു നടനാണ്‌ എന്ന കാര്യത്തിൽ ആർക്കും യാതൊരു തർക്കവുമില്ല. സിനിമാ ജീവിതം ആരംഭിച്ച കാലത്ത് തുടരെ തുടരെ മൂന്നു സിനിമകൾ വിജയിച്ചപ്പോൾ പിന്നീട് വന്ന കുറച്ചു സിനിമകൾ ധനുഷിന് കടുത്ത പരാജയത്തിന്റെ രുചിയാണ് അറിയിച്ചത്.  ഒരു നടന്റെ സിനിമാ ജീവിതത്തിന് തിരശ്ശീല വീഴാൻ സമയമായി എന്ന് കണക്കു കൂട്ടേണ്ട സൂചനകൾ. പക്ഷേ കണക്കു കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് മികച്ച വേഷങ്ങൾ തിരഞ്ഞെടുക്കുകയും മികച്ച പ്രകടനം കാഴ്ച വക്കുകയും ചെയ്തു കൊണ്ട് ധനുഷ് എന്ന നടൻ ഉയിർത്തെഴുന്നേറ്റു. ആ ഒരു പ്രകടന മികവു തന്നെയാണ് ആടുകളം സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം ധനുഷിനെ തേടിയെത്താൻ കാരണമായതും. ദേശീയ പുരസ്ക്കാരം ലഭിച്ചെന്നു കരുതി മാസ് സിനിമകളെ ഉപേക്ഷിക്കാൻ ധനുഷ് തയ്യാറായില്ല. ഒരേ സമയം മാസ് സിനിമകളിലും ക്ലാസ് സിനിമകളിലും ധനുഷ് പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു. സിനിമ എന്ത് തന്നെയായാലും ഒരു നടൻ എന്ന നിലയിൽ തനിക്ക് സംഭാവന ചെയ്യാൻ പറ്റുന്ന പ്രകടന മികവ് അതാത് സിനിമകളിൽ നൽകുന്നതിൽ ധനുഷ് എല്ലാ കാലത്തും വിജയിച്ചിട്ടുണ്ട്. തന്റെ ഇരുപത്തിയഞ്ചാമത്തെ സിനിമയായ Velayilla Pattathari യിലും ധനുഷ് അത് ആവർത്തിച്ച് ഉറപ്പ് വരുത്തുന്നു. 

സിവിൽ എൻജിനിയറിംഗ് കഴിഞ്ഞ ശേഷം നാല് വർഷത്തോളമായി തൊഴിലൊന്നുമില്ലാതെ വീട്ടിലിരുപ്പാണ് രഘുവരൻ (ധനുഷ്). മറ്റു ഫീൽഡുകളിൽ നിന്നുമുള്ള ജോലിക്കൊന്നും പോകാൻ പുള്ളി തയ്യാറുമല്ല. തന്നെക്കാൾ മൂന്നു വയസ്സ്  ഇളയവനായ അനിയച്ചാർ പോലും നല്ല ശമ്പളമുള്ള ജോലിക്ക് പോയി തുടങ്ങുന്നതോട് കൂടെ രഘുവരന് കുറേശ്ശെ അപമാനമൊക്കെ തോന്നാൻ തുടങ്ങുന്നു. ഇതിനെല്ലാം പുറമേ അച്ഛന്റെയും അമ്മയുടെയും പരിഹാസങ്ങളും മറ്റുള്ളവരുമായുള്ള താരതമ്യപ്പെടുത്തലുകളും രഘുവരൻ എന്ന തൊഴിൽ രഹിതനെ കൂടുതൽ  അലോരസപ്പെടുത്തുന്നു. ഇത്തരത്തിലുള്ള രസകരമായ ഒരു കഥാന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിൽ സംവിധായകനും തിരക്കഥാകൃത്തുമായ വേൽ രാജ് വിജയിച്ചിട്ടുണ്ട്. സിനിമയുടെ ആദ്യ പകുതിയിൽ  നായകന്റെ വിവിധ പ്രതിസന്ധികളും മനോ വിഷമങ്ങളും നർമ്മത്തിൽ ചാലിച്ച് കൊണ്ട് അവതരിക്കുന്നതിനിടയിൽ പേരിനൊരു നായിക എന്ന മട്ടിൽ ശാലിനി (അമല പോൾ) എന്ന അയൽവാസി കുട്ടിയെ കൂടി സിനിമ പരിചയപ്പെടുത്തുന്നു. ഒരു കടുത്ത പ്രേമ കഥക്കുള്ള സ്കോപ് ഉണ്ടാകുമോയെന്ന് സംശയിച്ച പ്രേക്ഷകരെ  സംവിധായകൻ നിരാശപ്പെടുത്തുന്നു. അതേ സമയം സിനിമ ഒരു വേളയിൽ അമ്മ- മകൻ സ്നേഹ ബന്ധത്തിന്റെ തീവ്ര ഭാവങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ട് ചില വൈകാരിക മുഹൂർത്തങ്ങളിലൂടെ സഞ്ചരിക്കുന്നു. തീർത്തും നിശബ്ദമായ ഒരു അന്തരീക്ഷത്തിൽ അമ്മ എന്ന പറഞ്ഞറിയിക്കാൻ പറ്റാത്ത സ്നേഹത്തെ സംവിധായകൻ വരച്ചു കാണിക്കുന്നുണ്ട്. ആദ്യ പകുതി അവസാനിക്കുന്നത് അത്തരത്തിലുള്ള  വൈകാരികമായ രംഗങ്ങളിലൂടെയാണ്. കണ്ണിൽ നനവ് പടർത്തും വിധം സംവിധായകൻ ആ രംഗം വൈകാരികമാക്കി എന്ന് പറയുന്നതാകും ശരി. 

രണ്ടാം പകുതി തൊട്ട് സിനിമക്ക് മറ്റൊരു ഗതി കൈവരുന്നു. നായകൻറെ നിശ്ചയദാർഢ്യവും, നല്ല നടപ്പും,  നായികക്ക് നായകനോടുള്ള അടുപ്പവും അങ്ങിനെ എല്ലാം കൂട്ടി തൊട്ടു കൊണ്ടുള്ള ഒരു കഥ പറച്ചിൽ. ഒരു തൃകോണ പ്രേമത്തിന് അവസരമുണ്ടാകുമോ എന്ന് സംശയിപ്പിക്കും  വിധം അനിത (സുരഭി)  എന്ന സൈഡ് നായിക കൂടി കഥയിലേക്ക് എത്തുന്നു. അവിടെയും സിനിമ പ്രണയം എന്ന വിഷയത്തെ കാര്യമായൊന്നും ഗൌനിക്കാതെ തിരസ്ക്കരിക്കുകയാണ് ചെയ്യുന്നത്. വില്ലൻ അഥവാ നായകൻറെ എതിരാളി എന്ന നിലയിൽ അരുണ്‍ (അമിതെഷ്) എന്ന മറ്റൊരു കഥാപാത്രത്തെ കൂടി സിനിമ പരിചയപ്പെടുത്തുന്നുണ്ട്. ആദ്യ പകുതിയിലെ ഒരു സീനിൽ മാത്രം പ്രത്യക്ഷപ്പെട്ട നിരുപദ്രവകാരിയായ വില്ലൻ (?) പിന്നീട് രണ്ടാം പകുതിയിൽ നായകന്റെ ലക്ഷ്യങ്ങള്‍ക്ക് തടസ്സങ്ങൾ സൃഷ്ടിച്ച് തുടങ്ങുന്നത് തൊട്ട് സിനിമ മറ്റൊരു ഗതിയിലേക്ക് മാറി സഞ്ചരിക്കുന്നു. വില്ലന്റെ ക്ലീഷേ ദുര്‍ബുദ്ധികളും മറ്റു കണ്ടു മടുത്ത ട്വിസ്റ്റുകളും സിനിമയുടെ രണ്ടാം പകുതിയുടെ മേന്മയെ സാരമായി തന്നെ ബാധിച്ചു. എന്നിരുന്നാലും പ്രേക്ഷകന് മുഷിവ്‌ അനുഭവപ്പെടാത്ത വിധം സിനിമയുടെ പല പോരായ്മകളെയും സംവിധായകൻ സമർത്ഥമായി മറച്ചു വക്കുകയും രസകരമായി അവതരിപ്പിക്കുകയും ചെയ്തു  എന്നുള്ളിടത്താണ് V.I.P  കണ്ടിരിക്കാന്‍ സാധിക്കുന്ന സിനിമയായി മാറുന്നത്. 

ധനുഷ് എന്ന നടന്റെ അഭിനയ മികവിനോടൊപ്പം ഈ സിനിമ കാണുന്ന പ്രേക്ഷകർ ഓർക്കാൻ ഇഷ്ട്ടപ്പെടുന്ന മറ്റു രണ്ടു കഥാപാത്രങ്ങൾ ആണ് രഘുവരന്റെ (ധനുഷ്) അച്ഛനും അമ്മയും. ശരണ്യ പൊൻവണ്ണൻ, സമുദ്രക്കനി എന്നിവരുടെ പ്രകടന മികവിനെ അഭിനന്ദിക്കാതിരിക്കാൻ ആകില്ല. ഒരു സിനിമയിലെ നായകൻറെ അമ്മ- അച്ഛൻ വേഷങ്ങൾക്ക് ആ സിനിമയിൽ എന്ത് പ്രസക്തി എന്ന് ചോദിക്കുന്നവർക്കുള്ള ഉത്തരം സിനിമ നൽകുന്നുണ്ട്. എന്നാൽ അവിടെ ചോദ്യമായി അവശേഷിക്കുന്നത് നായികയാണ്. എന്തിനായിരുന്നു ഒരു നായിക? അമല പോൾ എന്ന നടിക്ക് നായികയുടെതായ മിനിമം പ്രകടനത്തിൽ പോലും ഭ്രഷ്ട് കൽപ്പിച്ച സിനിമയാണ് Velayilla Pattathari. വില്ലന്റെ കാര്യവും ഏറെക്കുറെ സമാനമായ അവസ്ഥയാണ്. സിനിമയിൽ അമുൽ ബേബി എന്നാണ് ധനുഷ് വില്ലനെ അഭിസംബോധന ചെയ്യുന്നത്. അത് സിനിമയുടെ കാര്യത്തിൽ മാത്രമല്ല, കഥയിലെ വില്ലൻ സങ്കൽപ്പത്തിലും പിന്നീട് കണ്ട വില്ലന്റെ പ്രകടനത്തിലും ശരി വക്കുകയാണ് ചെയ്യുന്നത്. 

അനിരുദ്ധ് രവി ചന്ദറിന്റെ സംഗീതം സിനിമക്ക് അനുയോജ്യമായിരുന്നെങ്കിലും പാട്ടുകളുടെ എണ്ണം സിനിമയിൽ അധികപ്പറ്റായി മാറി. ധനുഷും എസ് ജാനകിയും ചേർന്ന് പാടിയ 'അമ്മാ...അമ്മ .." എന്ന് തുടങ്ങുന്ന പാട്ടാണ് സിനിമയിൽ ഏറ്റവും നന്നായി പ്ലേസ് ചെയ്ത ഗാനം. 

ആകെ മൊത്തം ടോട്ടൽ = ധനുഷിന്റെ ഇരുപത്തിയഞ്ചാമത്തെ സിനിമ എന്ന പ്രത്യേകതക്കൊപ്പം  തരക്കേടില്ലാത്ത ആസ്വാദനം കൂടി ഉറപ്പു തരുന്ന സിനിമയാണ്   Velayilla Pattathari. 

* വിധി മാർക്ക്‌ = 6.5/10 

-pravin- 

20 comments:

  1. കാണുന്നുണ്ട്.

    ReplyDelete
    Replies
    1. കാണൂ ..വല്യ സംഭവം അല്ലെങ്കിലും കണ്ടിരിക്കാം

      Delete
  2. മലയാളം സിനിമകളേ കാണാറുള്ളൂ. ഇതുപോലൊന്ന് മലയാളത്തിൽ ഉണ്ടെങ്കിൽ നന്നായിരിക്കുമെന്നാണ്‌ റിവ്യൂ വായിച്ചിട്ട് തോന്നുന്നത്.

    ReplyDelete
    Replies
    1. മലയാളത്തിലേക്ക് ഈ സിനിമ പകർത്തിയാൽ അത് സ്വീകരിക്കപ്പെടും എന്ന് തോന്നുന്നില്ല.

      Delete
  3. തമിഴിലെ ചില നല്ല സിനിമകൾ സെലക്ട് ചെയ്ത് കാണാറുണ്ട് . നനുഷിന്റെ ആടുകളം കണ്ടിട്ടുണ്ട്. കഴിവുള്ള നടനാണ് ധനുഷ്. തന്റെ അഭിനയമികവുകൊണ്ട് ഏതൊരു സാധരണസിനിമയേയും മികവുറ്റതാക്കാൻ കഴിവുള്ള ധനുഷിന്റെ ഈ സിനിമയും പ്രേക്ഷകരെ നിരാശ്ശപ്പെടുത്താൻ ഇടയില്ല......

    മാതൃഭൂമി വാരികയിൽ കോഴിക്കോടന്റെ സിനിമനിരൂപണത്തിന് ഒരു പേജ് ഉണ്ടായിരുന്നു. പ്രവീണിന്റെ സിനിമാപഠനങ്ങൾ ആ നിലവാരത്തെ ഓർമ്മിപ്പിക്കുന്നു.....

    ReplyDelete
    Replies
    1. കോഴിക്കോടൻ നിരൂപണങ്ങൾ വായിച്ചിട്ടില്ല . ഒന്ന് വായിച്ചു നോക്കണം എന്നുണ്ട്.

      Delete
  4. കാണാൻ ശ്രമിക്കും..
    ആശംസകൾ !

    ReplyDelete
  5. കണ്ടിട്ട് പറയാം ട്ടോ

    ReplyDelete
    Replies
    1. ഓക്കേ ..കാണൂ ..കണ്ടിട്ട് പറ

      Delete
  6. ഒരു കാര്യം ഞാന്‍ തീരുമാനിച്ചു. കണ്ട സിനിമകളുടെ അവലോകനം മാത്രം വായിക്കാം. കാണാത്തവ വായിച്ചാല്‍ എനിക്കെന്തോ സിനിമാക്കഥ കേള്‍ക്കുമ്പോള്‍ തോന്നുന്ന സങ്കടം തോന്നും.
    താങ്കള്‍ നന്നായി എഴുതിയട്ടുണ്ട്. സമയം പോലെ എല്ലാം വായിച്ചു അഭിപ്രായം കുറിയ്ക്കം..
    ആശംസകള്‍

    ReplyDelete
    Replies
    1. ഓക്കേ ..നല്ലത്. റിവ്യൂകൾ പല തരത്തിൽ എഴുതാം. ഒന്ന് സിനിമ കാണാൻ പ്രേരിപ്പിക്കും വിധം. രണ്ട് - സിനിമ കണ്ട ആളുകൾക്ക് വായിക്കാൻ പാകത്തിൽ. ഇതു രണ്ടും കൂടി മിക്സാക്കിയാണ് ഞാൻ സാധാരണ എഴുതാറുള്ളത്. എങ്കിലും വ്യക്തിപരമായ എന്റെ അഭിപ്രായത്തിൽ വൃന്ദ പറഞ്ഞ പോലെ സിനിമ കണ്ട ശേഷമുള്ള വായനയാണ് നല്ലത് എന്ന് തുറന്നു സമ്മതിക്കുന്നു.

      Delete
  7. ചിത്രം കണ്ടില്ല. കാണണം..

    ReplyDelete
    Replies
    1. കണ്ടു നോക്കൂ .. ഈ പടത്തിന്റെ ഒറിജിനൽ ഡി വി ഡി ദേ ഇപ്പം വരും ..

      Delete
  8. ഞാൻ അധികം സിനിമകൾ കാണാറില്ല ..
    പ്രവീയുടെ ..സിനിമ വിചാരണ ..വായിച്ചാൽ ഒരു നല്ല ചിത്രം കിട്ടും ..
    ഇഷ്ടം വീണ്ടും വരാം ..

    ReplyDelete
    Replies
    1. ഹൃദയം നിറഞ്ഞ നന്ദി ...വീണ്ടും വരുക ..വായിച്ചില്ലെങ്കിലും സിനിമകൾ കാണുക .. ഇഷ്ടം തുടരുക സഖേ ..

      Delete
  9. കണ്ടു നോക്കട്ടെ, വിജയിക്കപെട്ട ധനുഷിന്റെ പഴയ പടങ്ങള്‍ എനിക്കത്ര പ്രിയപെട്ടവ അല്ല, പക്ഷെ ഇയീടേ മൂന്ട്ര്.3 എന്നൊരു പടം കണ്ടു, അന്നു മുതല്‍ ഞാനും ധ്നുഷിനിലെ നടനെ വല്ലാതിഷ്ടപെടാനിടയായി..

    ReplyDelete
    Replies
    1. കണ്ടു നോക്കൂ ട്ടോ . മൂന്ട്രു നല്ല സിനിമയാണ് .. ധനുഷിന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്ന് തന്നെ അത് ..സംശയമില്ല ..

      Delete
  10. ധനുഷിന്റെ ഇരുപത്തിയഞ്ചാമത്തെ സിനിമ എന്ന പ്രത്യേകതക്കൊപ്പം തരക്കേടില്ലാത്ത ആസ്വാദനം കൂടി ഉറപ്പു തരുന്ന സിനിമയാണ് Velayilla Pattathari.

    ReplyDelete