Monday, September 1, 2014

പന്നൈയാരും പദ്മിനിയും പിന്നെ പ്രേക്ഷകരും

മലയാളത്തിൽ ഇറങ്ങിയ ആഷിഖ് അബു സിനിമ സോൾട്ട് ആൻഡ്‌ പേപ്പറിന് ഒരു രണ്ടാം തലക്കെട്ട് ഉണ്ടായിരുന്നു- ഒരു ദോശ ഉണ്ടാക്കിയ കഥ. സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ കാളിദാസനെയും മായയേയും കൂട്ടിമുട്ടിക്കുന്ന നല്ല ഒന്നാം തരം ഒരു ലിങ്കായിരുന്നു ആ ദോശ. സിനിമയിൽ ഒരു മുഴുനീള റോൾ ഒന്നും ദോശക്ക് ഇല്ലായിരുന്നുവെങ്കിലും ആ ദോശ കാരണമാണ് കാളിദാസനും മായയും യാദൃശ്ചികമായി പരിചയപ്പെടുന്നതും വഴക്കിടുന്നതും പിന്നീട് അടുക്കുന്നതും. അത് കൊണ്ട് തന്നെ  ഒരു ദോശ ഉണ്ടാക്കിയ കഥ എന്ന സബ് ടൈറ്റിൽ എന്തും കൊണ്ടും സാൾട്ട് ആൻഡ്‌ പേപ്പറിനു അനുയോജ്യം തന്നെയായിരുന്നു. എന്നാൽ അനുയോജ്യമായ സബ് ടൈറ്റിലുകൾ ധാരാളം ഉണ്ടാക്കാമായിരുന്ന കഥയായിട്ട് കൂടി അത്തരം പ്രമോ- പോസ്റ്റർ സംസ്ക്കാരത്തെ നിരാകരിച്ചു കൊണ്ട്  സധൈര്യം തന്റെ സിനിമയെ അവതരിപ്പിച്ച സംവിധായകനാണ് എസ്. യു അരുണ്‍ കുമാർ. പന്നൈയാരും പദ്മിനിയും എന്ന പേരിലുള്ള  അരുണ്‍ കുമാറിന്റെ തന്നെ ഷോർട്ട് ഫിലിമിനെ അടിസ്ഥാനപ്പെടുത്തിയാണ് "പന്നൈയാരും പദ്മിനിയും" എന്ന മുഴുനീള കൊമേഴ്സ്യൽ സിനിമ ചിത്രീകരിച്ചത്.  

ഗ്രാമത്തിലെ ഒരു പ്രമാണിയാണ്‌ പന്നൈയാർ (ജയപ്രകാശ്).  റേഡിയോ, ടെലിവിഷൻ, ഫോണ്‍ തുടങ്ങീ സാങ്കേതിക ഉപകരണങ്ങളെല്ലാം ആദ്യമായി ആ ഗ്രാമത്തിൽ എത്തിച്ചത് പന്നൈയാർ ആണ്. ഒരിക്കൽ  ബന്ധുവായ ഷണ്മുഖം  (മഹാദേവൻ) പന്നൈയാരിനെ കാണാൻ തന്റെ പദ്മിനി കാറിൽ ആ ഗ്രാമത്തിലെത്തുന്നു. കാർ ഓടിക്കാൻ അറിയില്ലെങ്കിലും കണ്ട മാത്രയിൽ തന്നെ പന്നൈയാരിനു ആ കാറുമായി വല്ലാത്തൊരു അടുപ്പം തോന്നുന്നു. പിന്നീടുള്ള അയാളുടെ സംസാരങ്ങൾ ആ കാറിനെ കുറിച്ച് മാത്രമായി മാറുന്നു. അങ്ങിനിരിക്കെ ഒരു പ്രത്യേക സാഹചര്യത്തിൽ മഹാദേവൻ തന്റെ കാർ പന്നൈയാർ കൈവശം സൂക്ഷിക്കാൻ നൽകുന്നു. മാസങ്ങൾക്ക് ശേഷം താൻ തിരികെ വരുമ്പോൾ കാർ  തിരിച്ചു നൽകിയാൽ മതിയെന്ന നിബന്ധനയിൽ മഹാദേവൻ യാത്രയാകുന്നു. പിന്നീടുള്ള ദിവസങ്ങളിൽ പദ്മിനിയുമായി പറഞ്ഞറിയിക്കാൻ വിധം പന്നൈയാർ അടുക്കുകയാണ്. പന്നൈയാരിനു പദ്മിനിയോടുള്ള അടുപ്പം പോലെ തന്നെ പദ്മിനി കാർ ഓടിക്കാൻ നിയോഗിക്കപ്പെടുന്ന  ഗ്രാമത്തിലെ ഏക ഡ്രൈവർ മുരുകേശനും  (വിജയ്‌ സേതുപതി)  കാറുമായി അടുക്കുന്നു. ഇത്തരത്തിൽ എല്ലാവരുടെയും മനസ്സിൽ പദ്മിനി കാർ ഉണ്ടാക്കുന്ന വ്യത്യസ്തങ്ങളായ വൈകാരിക പ്രക്ഷോഭങ്ങളും തിരയിളക്കങ്ങളുമാണ്  സിനിമ പിന്നീട് ചർച്ച ചെയ്യുന്നത്. 

കഥാപാത്രങ്ങളും, അഭിനേതാക്കളുടെ  പ്രകടനവും എപ്രകാരം ഒരു സിനിമയിൽ പ്രസക്തിയാർജ്ജിക്കുന്നുവോ അത്രത്തോളം തന്നെ പ്രസക്തമാം വിധമാണ് കാർ എന്ന അചേതന യന്ത്ര സാമഗ്രിയെ  സംവിധായകൻ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. വീട്ടിലെ ഒരു അംഗത്തിന്റെ വില തന്നെയാണ് പന്നൈയാരും ഭാര്യ ചെല്ലമ്മയും (തുളസി) കാറിന് നൽകിയിരിക്കുന്നത് എന്ന് വ്യക്തമാക്കുന്ന നിരവധി സീനുകൾ സിനിമയിൽ കടന്നു വരുന്നുണ്ട്. അതേ സമയം കാറിനെ ചുറ്റിപ്പറ്റി കൊണ്ട് ഒരു കഥ  പറയുക  മാത്രമായിരുന്നില്ല  സംവിധായകന്റെ സിനിമാ ലക്ഷ്യം എന്നതും  ശ്രദ്ധേയമാണ്.  പന്നൈയാർ-ചെല്ലമ്മ വൃദ്ധ ദമ്പതിമാർക്കിടയിലെ  ഭാര്യാ ഭർതൃ ബന്ധവും  ഊഷ്മള സ്നേഹവും എത്ര മാത്രം  ദൃഡവും തീവ്രവുമാണെന്ന് ബോധ്യമാക്കി തരുന്ന ചില സീനുകൾ പ്രേക്ഷകന്റെ കണ്ണുകളെ  നന്മയുടെ ഈർപ്പമണിയിക്കുന്നതോടൊപ്പം സിനിമ എന്നത് പലപ്പോഴും നന്മയുടെ പ്രതിഫലനം കൂടിയാണ് എന്ന് പ്രേക്ഷകനെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. 

തന്റെ ഏക   മകൾ ആവശ്യപ്പെടുന്നതെന്തും അവൾക്ക്  സമ്മാനിക്കാൻ തയ്യാറുള്ള അച്ഛൻ ഒരു വേളയിൽ ജീവനോളം താൻ ഇഷ്ടപ്പെടുന്ന കാറിനെ മകൾ ആഗ്രഹിക്കുമ്പോഴും അത് കൊടുക്കാൻ മടി കാണിക്കുന്നില്ല. നെഞ്ച് പറിച്ചെടുക്കുന്ന വേദനയിലും  മകൾക്ക് ആ കാർ സമ്മാനിക്കുന്ന നിലപാടിനെ  നിഷ്ക്കർഷം എതിർക്കുന്ന ചെല്ലമ്മയെ പോലും അന്ധമായ പുത്രീ സ്നേഹത്താൽ പന്നൈയാരിനു  തള്ളിപ്പറയേണ്ടി വരുന്നു. ഇത്തരത്തിലുള്ള  ഒട്ടേറെ വൈകാരിക മുഹൂർത്തങ്ങളിലൂടെ സിനിമ സഞ്ചരിക്കുന്നുണ്ടെങ്കിലും തീർത്തും ഒരു ഇമോഷണൽ മൂവി മാത്രമായി മാറാതിരിക്കാൻ സംവിധായകൻ അതീവ ശ്രദ്ധ നൽകിയിട്ടുണ്ട്. മുരുകേശൻ- മലർവിഴി പ്രണയത്തെയും,  പീടൈ അഥവാ പെരുച്ചാളി എന്ന മുഴുനീള ഹാസ്യ കഥാപാത്രത്തെയും സിനിമയിൽ വിനിയോഗിച്ചിരിക്കുന്ന വിധം അതിന്റെ ഉദാഹരണങ്ങളാണ്. കോമഡിക്ക് വേണ്ടി കോമഡി ഉണ്ടാക്കുകയല്ല മറിച്ച് രംഗം അനുശാസിക്കുന്ന കോമഡി രൂപപ്പെടുത്തുക മാത്രമാണ് സംവിധായകൻ ചെയ്തിരിക്കുന്നതെന്ന് വ്യക്തം. 

സിനിമയിൽ ഏറ്റവും ആകർഷണീയമായി പ്രേക്ഷകന് അനുഭവപ്പെടുന്ന മറ്റൊരു സംഗതി ജസ്റ്റിൻ പ്രഭാകറിന്റെ പശ്ചാത്തല സംഗീതമാണ്. ഒരു സിനിമ സിനിമയാകുന്നതിലും, സിനിമയിലെ ഓരോ സീനും പ്രേക്ഷകന് അനുഭവഭേദ്യമാക്കുന്നതിലും പശ്ചാത്തല സംഗീതത്തിനു എന്ത് മാത്രം പ്രസക്തി ഉണ്ടെന്നു തന്റെ സംഗീത സംവിധാനത്തിലൂടെ വ്യക്തമാക്കാൻ ജസ്റ്റിൻ പ്രഭാകറിന് സാധിച്ചിട്ടുണ്ട്.  "ഒനക്കാകെ പൊരന്തായേന" എന്ന് തുടങ്ങുന്ന ഗാനത്തെ സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന വിധവും, ആ രംഗത്തിലെ ആ ഗാനത്തിന്റെ സംഗീത പ്രസക്തിയും കണക്കിലെടുക്കുമ്പോൾ lovely music with a lovable  visualization എന്ന് തന്നെ പറയേണ്ടി വരും. ഗോകുൽ ബിനോയുടെ അതി മനോഹരമായ ച്ഛായാഗ്രഹണവും കൂടി ചേരുമ്പോൾ സിനിമ അതിന്റെ പരിപൂർണ്ണതയിൽ  എത്തുന്നു. 

ഒരു സിനിമ നല്ലതാണോ ചീത്തതാണോ എന്ന്   എങ്ങിനെ തിരിച്ചറിയാം എന്ന ചോദ്യത്തിന്  ഒരൊറ്റ ഉത്തരം മാത്രമേ നിലവിലുള്ളൂ- ആ സിനിമ മുൻവിധികളില്ലാതെ കാണാൻ തയ്യാറാകുക. നവ സിനിമായുഗത്തിലെ സിനിമകളിലധികവും  തലക്കെട്ടുകൾ കൊണ്ടും, രണ്ടാം തലക്കെട്ടുകൾ കൊണ്ടും, കൂറ്റൻ ഫ്ലെക്സ്/ പോസ്റ്ററുകൾ കൊണ്ടും, റോക്ക് ഗാനങ്ങൾ കൊണ്ടും, പഞ്ച് ഡയലോഗുകൾ കൊണ്ടുമൊക്കെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുമ്പോൾ പന്നൈയാരും പദ്മിനിയും പോലുള്ള സിനിമകൾ കഥയിലും അവതരണത്തിലുമുള്ള അതിന്റെ പൂർണ്ണ ലാളിത്യം ഒന്ന് കൊണ്ട് മാത്രമാണ് പ്രേക്ഷക മനസ്സിനെ റാഞ്ചിയെടുക്കുന്നത്. 

സിനിമ കണ്ട ശേഷം മാത്രം സിനിമയെ വിലയിരുത്തുന്ന സാമാന്യ സംസ്ക്കാരം പോലും  പ്രേക്ഷക സമൂഹത്തിനു കൈമോശം വന്നു കൊണ്ടിരിക്കുന്ന ഈ ഒരു കാലത്ത് പന്നൈയാരും പദ്മിനിയും പോലുള്ള സിനിമകൾ പ്രേക്ഷകരുടെ മുൻവിധികളിൽ എരിഞ്ഞടങ്ങുന്ന കാഴ്ചയും കുറവല്ല. ഇളയ ദളപതിയും, തലയും, ലിറ്റിൽ സൂപ്പർ സ്റ്റാറും തൊട്ടുള്ളവരുടെ   അനവധി നിരവധി താരപരിവേഷ സിനിമകൾ കോലാഹലത്തോടെ വന്നു പോകുമ്പോൾ നല്ല സിനിമകൾ നിശബ്ദമായി വന്നു പോകുന്നത് താരാരാധനയിൽ മുഴുകിയ പ്രേക്ഷകർ അറിയാനും വഴിയില്ല. ബിഗ്‌ ബജറ്റ് സിനിമകൾ കോടികൾ മുടക്കി കോടികൾ കൊയ്യുമ്പോൾ പന്നൈയാരും പദ്മിനിയും പോലുള്ള സിനിമകൾ ചെറിയ ബജറ്റിൽ നിർമ്മിച്ച്‌ കൊണ്ട് ലാഭം പങ്കിടുന്നു.  നവ സിനിമായുഗത്തിൽ വിരളമായെങ്കിലും കണ്ടു വരുന്ന ഈ  പുത്തൻ സിനിമാ സാമ്പത്തിക സംസ്ക്കാരത്തെ പ്രോത്സാഹിക്കേണ്ട   ചുമതല മറ്റാരേക്കാളും കൂടുതൽ  നിർമ്മാതാക്കൾക്ക് തന്നെയാണ് എന്ന് കൂടെ ഓർമിപ്പിക്കട്ടെ. 

ആകെ മൊത്തം ടോട്ടൽ = തിരക്കഥാ- സംവിധാന  മികവു കൊണ്ടും അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും വ്യത്യസ്തമായ ഒരു മികച്ച  സിനിമ.

*വിധി മാർക്ക്‌= 8.8/10 

-pravin-

25 comments:

  1. അവലോകനം വായിച്ചപ്പോൾ ഞാൻ ഇഷ്ടപ്പെടുന്ന രീതിയിലുള്ള ഒരു സിനിമയാണ് ഇതെന്നു മനസ്സിലാവുന്നു. ഒരു ചലച്ചിത്രത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞുള്ള പ്രവീണിന്റെ കുറിപ്പുകൾ ശ്രദ്ധേയമാണ് . പല ഘടകങ്ങൾ ഒന്നായി മാറുന്ന കലാരൂപമാണ് സിനിമ -അതിലെ ഓരോ ഘടകവും ഇഴ പിരിച്ച് വായനക്കാരൻ അന്വേഷിക്കുന്നത് അറിയിച്ചുതരുന്ന ഈ കഴിവിനെ അഭിനന്ദിക്കുന്നു....

    ReplyDelete
    Replies
    1. ഈ സിനിമ കണ്ടു കഴിഞ്ഞാൽ മനസ്സ് അത്രക്കും ആർദ്രമാകും പ്രദീപേട്ടാ ..എഴുതാതിരിക്കാൻ സാധിക്കില്ല. അറിയാതെ എഴുതി തന്നെ പോകും . എന്തായാലും ഇത് കാണൂ ട്ടോ

      Delete
  2. സിനിമയെ ആഴത്തിൽ പഠിച്ചുകൊണ്ടുള്ള അവലോകനം..
    ആശംസകൾ പ്രവീണ്‍ ഭായ്..!

    ReplyDelete
  3. എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു സിനിമയാണ് ഇത്

    (പന്നൈയാര്‍ അല്ല പണ്ണൈയാര്‍ ആണ് കേട്ടോ)

    ReplyDelete
    Replies
    1. ങേ ..ഉറപ്പാണോ ? ഇപ്പോഴും സംശയം ഉണ്ട് .. പന്നൈയാർ എന്നല്ലേ വിളിക്കുന്നത് ?

      Delete
  4. അവതരണം ഇഷ്ടപ്പെട്ടു ,,,
    വാല്ലപ്പോഴും സിനിമ കാണുന്ന എനിക്ക് സിനിമയെ കുറിച്ച് സംസാരിക്കുന്നവരുടെ ഇടയിൽ പിടിച്ചു നിൽക്കാനവുന്നത് ഇത് പോലെയുള്ള സിനിമ നിരൂപണങ്ങൾ വായിക്കുന്നത് കൊണ്ടാവാം ,,
    തുടരുക പ്രവീ ..ആശംസകൾ

    ReplyDelete
    Replies
    1. ഭായ് എന്തായാലും ഈ പടം കാണൂ ... വല്ലപ്പോഴും ആണ് കാണുന്നതെങ്കിലും ഇങ്ങിനെയുള്ള നന്മ സിനിമകൾ മിസ്‌ ചെയ്യരുത് .. തീർച്ചയായും കാണൂ ട്ടോ

      Delete
  5. നന്ദി... സിനിമ ഒന്ന് കാണണം എന്നു തോന്നുന്നു.

    ReplyDelete
    Replies
    1. കാണേണ്ട സിനിമയാണ് ട്ടോ ..കാണൂ

      Delete
  6. നല്ല ഒരു സിനിമ എന്ന് കരുതുന്നു ...കാണും ... ഇപ്പോൾ തന്നെ

    ReplyDelete
    Replies
    1. കണ്ടു കേട്ടോ ..ഇഷ്ടപ്പെട്ടു ..Thanks 4 th Suggestion ..

      Delete
    2. താങ്ക്യു .. ഇഷ്ടപ്പെട്ടു എന്നറിയുമ്പോൾ സന്തോഷം ..

      Delete
  7. നല്ല വിലയിരുത്തല്‍ പ്രവീണ്‍ . എങ്ങനെയാ ഇതൊന്നു കാണാന്‍ പറ്റുക. പിന്നെ പവി യാദൃച്ഛികം അല്ലേ ശരി . എനിയ്ക്ക് അറിയില്ല . അതോണ്ട് ചോദിച്ചതാ സ്നേഹത്തോടെ പ്രവാഹിനി

    ReplyDelete
    Replies
    1. യാദൃശ്ചികം.. യാദൃച്ഛികം ..ഇപ്പൊ എനിക്കും ആശയ കുഴപ്പമുണ്ട് .. ഈ സിനിമ കാണൂ ട്ടോ ..ഞാൻ അയച്ചു തരാം ..

      Delete
  8. പ്രവീ, ഈ സിനിമ എനിക്ക് കാണണം.... റിവ്യു നന്നായി എഴുതിട്ടോ..

    ReplyDelete
    Replies
    1. മുബിത്താ ..എന്തായാലും കണ്ടു നോക്കൂ ..തീർച്ചയായും ഇഷ്ടാകും

      Delete
  9. കണ്ട പടമല്ല. കാണണം

    ReplyDelete
    Replies
    1. ഓക്കേ ..കണ്ടിട്ട് പറയൂ ട്ടോ ..

      Delete

  10. പ്രവി ,ആദ്യായിട്ടാണ് ഈ പടത്തെക്കുറിച്ചു കേള്‍ക്കുന്നത് തന്നേ .എന്തായാലും കാണും .

    ReplyDelete
  11. കഥാപാത്രങ്ങളും, അഭിനേതാക്കളുടെ പ്രകടനവും എപ്രകാരം ഒരു സിനിമയിൽ പ്രസക്തിയാർജ്ജിക്കുന്നുവോ അത്രത്തോളം തന്നെ പ്രസക്തമാം വിധമാണ് കാർ എന്ന അചേതന യന്ത്ര സാമഗ്രിയെ സംവിധായകൻ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.

    എന്തായാലും ഇതിന്റെ സി.ഡി വാൺഗി കാണണം...

    ReplyDelete
    Replies
    1. എന്തായാലും ഈ സിനിമ കാണൂ ട്ടോ

      Delete
  12. നല്ല ചിത്രം

    ReplyDelete