Sunday, March 3, 2013

ചക്രവ്യൂഹങ്ങളില്‍ പെടുന്നവര്‍

നമ്മുടെ രാജ്യത്ത്  ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് മാവോവാദവും അനുബന്ധ കലാപങ്ങളും. ആരാണ് മാവോവാദികൾ, എന്താണ് മാവോവാദം എന്നതിനെക്കുറിച്ചൊന്നും ഇവിടെ വിവരിക്കേണ്ട കാര്യമില്ല. എന്നാല്‍ ഈ വിഷയത്തെക്കുറിച്ച് ചെറിയൊരു മുഖവുര നല്‍കുന്നതിലൂടെ ഈ സിനിമയെ ഒരല്‍പം ആധികാരികതയോടെ നിരീക്ഷിക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നു. 

ചൈനയുടെ നേതാവായിരുന്ന മാവോ സേ തുങ്ങിന്റെ രാഷ്ട്രസംബന്ധമായ ചിന്തകളും അഭിപ്രായങ്ങളുമാണ് മാവോയിസം എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ ചിന്തകളോട് അനുഭാവം പുലര്‍ത്തുന്നവരെ സാധരണയായി വിളിച്ചു വരുന്ന പേരാണ് മാവോവാദികള്‍ അല്ലെങ്കില്‍ മാവോയിസ്റ്റുകൾ. 1950-1960 കാലഘട്ടത്തിലാണ് മാര്‍ക്സിയന്‍ തത്ത്വചിന്തകളോട് സാമ്യത പുലര്‍ത്തുന്ന മാവോയിസം സമൂഹത്തില്‍ പടരുന്നത്.  പക്ഷേ, 1978-ല്‍ രാജ്യതന്ത്രജ്ഞനായിരുന്ന ഡെങ് സിയാവൊ പിങ്ങിന്റെ സാമ്പത്തിക ഭരണ പരിഷ്ക്കാരങ്ങളെ തുടര്‍ന്ന് മാവോയിസം ചൈനയില്‍ നിന്ന് തുടച്ചു നീക്കപ്പെട്ടു. ജനകീയ പോരാട്ടം, നവ ജനാധിപത്യം, സാംസ്കാരിക വിപ്ലവം തുടങ്ങി ഒട്ടനവധി തത്ത്വങ്ങളില്‍ അധിഷ്ഠിതമാണ് മാവോയിസം. ലോകത്തില്‍ മാവോവാദം ഇന്നും പലയിടങ്ങളിലായി ശക്തമായിത്തന്നെ നിലനില്‍ക്കുന്നു എന്ന സൂചനകളാണ് നമുക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് സമ്പ്രദായത്തിലൂടെ രാജ്യത്തിന്റെ അധികാരം സ്വന്തമാക്കിയ ഒരേയൊരു മാവോയിസ്റ്റ് പാര്‍ട്ടി നേപ്പാളില്‍ മാത്രമാണുള്ളത്. ഇന്ത്യയടക്കം പല രാജ്യങ്ങളില്‍ മാവോയിസ്റ്റുകള്‍ ഗ്രാമീണരെയും ആദിവാസി സമൂഹത്തെയും മുന്‍നിര്‍ത്തിക്കൊണ്ട് ഭരണകൂടത്തിനെതിരെ ഒളിപ്പോരു നയിക്കുന്നു. പശ്ചാത്തലചരിത്രം ഇതുവരെയാണ്. ഇനി കാര്യത്തിലേക്ക് വരാം . 

വിപ്ലവവും സ്വാതന്ത്ര്യസമരവും സാംസ്കാരിക മുന്നേറ്റങ്ങളും മറ്റും പശ്ചാത്തലമാക്കി ഒരുപാട് സിനിമകള്‍ ഇന്ത്യയില്‍ വന്നുപോയിട്ടുണ്ട്. അതില്‍ത്തന്നെ കമ്മൂണിസ്റ്റ് വിപ്ലവ ചിന്താഗതികളെ സ്വാഗതം ചെയ്യുന്നതും വിമര്‍ശിക്കുന്നതുമായ സിനിമകള്‍ വേറെയും വന്നിരിക്കുന്നു. പക്ഷേ, മാവോയിസം പ്രമേയമായ ഇന്ത്യന്‍ സിനിമകള്‍ പ്രേക്ഷകര്‍ക്കിടയിലേക്ക് ഒട്ടും തന്നെ കടന്നു വന്നിട്ടില്ല എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരുപക്ഷേ ഈ വിഷയത്തെ തികഞ്ഞ നിഷ്പക്ഷതയോടെ അഭ്രപാളിയില്‍ അവതരിപ്പിക്കാന്‍ സാധിക്കുമോ ഇല്ലയോ എന്നുള്ള കലാകാരന്റെ മുന്‍ വിധികളും ആധികളും തന്നെയാകാം അതിനു തടസ്സം നിന്നിട്ടുണ്ടാകുക. ഈ ചിന്താഗതിക്ക് ഒരപവാദമായി വന്ന സിനിമയാണ് പ്രകാശ് ഝാ സംവിധാനം ചെയ്ത ചക്രവ്യൂഹ്. ഈ സിനിമയുടെ കഥ- തിരക്കഥ- സംഭാഷണ ചുമതല അഞ്ജും രാജബലി, സാഗര്‍ പാണ്ഡ്യ, പ്രകാശ് ഝാ എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. സച്ചിന്‍ കൃഷ്ണയുടെ ഛായാഗ്രഹണം സിനിമക്ക് അനുയോജ്യമായ ദൃശ്യചാരുതയും സമ്മാനിച്ചിട്ടുണ്ട്. 

ചക്രവ്യൂഹ് പറയുന്ന കഥ രണ്ടു വ്യത്യസ്ത അര്‍ത്ഥതലങ്ങളില്‍ കൂടിയാണ് നോക്കിക്കാണേണ്ടത്. ഒരേ ലക്ഷ്യത്തിലേക്കുള്ള പരിചിതവും അപരിചിതവുമായ വഴികള്‍ എന്ന പോലെ കഥയുടെ ആശയങ്ങള്‍ തമ്മില്‍ പിണഞ്ഞു കിടക്കുന്നു. ആദില്‍ ഖാന്‍ (അര്‍ജുന്‍ രാംപാൽ), കബീര്‍ (അഭയ് ഡിയോൾ) എന്നീ രണ്ട് ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ സൗഹൃദകഥയെന്ന വണ്ണം തുടങ്ങുന്ന സിനിമ മുന്നോട്ടു ചലിക്കുന്നത് ഇന്നത്തെ രാഷ്ട്രീയ സാമൂഹിക ചുറ്റുപാടുകളുടെ പാശ്ചാത്തലത്തിലാണ്. നന്ദിഘട്ട് പൂര്‍ണമായും മാവോയിസ്റ്റ് സ്വാധീനത്തില്‍ അകപ്പെട്ട ഒരു പ്രദേശമാണ്. അവിടത്തെ നിയമവും സര്‍ക്കാരുമെല്ലാം മാവോയിസ്റ്റുകള്‍ തന്നെ. നിയമപാലകരെ നോക്കുകുത്തികളാക്കി 84 പോലീസ് ഉദ്യോഗസ്ഥരെ മാവോയിസ്റ്റുകള്‍ കൂട്ടക്കൊല ചെയ്യുന്നതിനെ തുടര്‍ന്നാണ് നന്ദിഘട്ട് ഒരു പ്രശ്നബാധിതമേഖലയായി ഭരണകൂടം പൂര്‍ണമായും വിലയിരുത്തുന്നത്. ഇക്കാരണം കൊണ്ടു തന്നെ ഒരു പോലീസ് ഓഫീസറും ഈ പ്രദേശത്തെ നിയന്ത്രണച്ചുമതല ഏറ്റെടുക്കാന്‍ മുന്നോട്ട് വരുന്നില്ല. പക്ഷേ ആദില്‍ ഖാന്‍ ഇവിടെ വേറിട്ട ഒരു തീരുമാനത്തിലെത്തുന്നു. 

പോലീസും ആദിവാസികളും തമ്മില്‍ ഒരു നല്ല ബന്ധം ഉണ്ടെങ്കില്‍ മാത്രമേ ആദിവാസികളെ മുന്‍ നിര്‍ത്തിയുള്ള മാവോവാദികളുടെ വളര്‍ച്ച തടയാന്‍ സാധിക്കൂ എന്ന് മനസ്സിലാക്കുന്ന ആദില്‍ ഖാന്‍ ഗ്രാമത്തിലേക്ക് മറ്റ് ഉദ്യോഗസ്ഥരുമായി പോകുന്ന ഒരു രംഗമുണ്ട്. ഗ്രാമത്തിലേക്ക് പ്രവേശിക്കുന്ന പോലീസിനെ കാണുന്ന മാത്രയില്‍ തന്നെ അലറിവിളിച്ചോടുന്ന ആദിവാസി സമൂഹത്തെയാണ് നമുക്കവിടെ കാണാന്‍ സാധിക്കുക. രാത്രികാലങ്ങളില്‍ മാവോവാദികളുടെ ബോധവല്‍ക്കരണ ക്ലാസുകള്‍ മാത്രം കേട്ട് ശീലിച്ച ആദിവാസികളെ സംബന്ധിച്ചിടത്തോളം പോലീസാണ് അവര്‍ക്ക് നേരെ ഭരണകൂട ഭീകരത അഴിച്ചു വിടുന്ന സര്‍ക്കാർ. (സര്‍ക്കാര്‍ എന്ന് പറയുന്നത് പോലീസ് ആണെന്നാണ്‌ ആദിവാസികള്‍ ധരിച്ചുവച്ചിരിക്കുന്നത് പോലും.) ഈ തെറ്റിദ്ധാരണ മാറ്റാന്‍ വേണ്ടി ആദില്‍ ഖാന്‍ പരിശ്രമിക്കുന്നു. ആദിവാസികളോട് ആദില്‍ ഖാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ വളരെയേറെ പ്രസക്തമാണ്. മാവോവാദികള്‍ എന്ത് തരം വികസനവും ക്ഷേമ പ്രവര്‍ത്തനങ്ങളുമാണ് ഈ രാജ്യത്തിനും ആദിവാസികള്‍ക്കും മറ്റും വേണ്ടി ചെയ്തിട്ടുള്ളത്? രാജ്യത്തെ നിയമവ്യവസ്ഥകളോട് എതിര്‍പ്പ് കാണിക്കേണ്ട രീതി ഒരിക്കലും അക്രമമല്ല. അതിനായി ആദിവാസികളെ മുതലെടുക്കുക മാത്രമാണ് ഇവിടെ നടക്കുന്നതെന്ന് ആദില്‍ ഖാന്‍ ചൂണ്ടിക്കാണിക്കുന്നു. 

ആദില്‍ ഖാന്റെ പ്രസംഗത്താല്‍ സ്വാധീനിക്കപ്പെട്ട ചില ആദിവാസികളെങ്കിലും അക്കൂട്ടത്തില്‍ ഉണ്ടായേക്കാം. പക്ഷേ അന്ന് രാത്രി തന്നെ പരസ്യമായ ഒരു മാതൃകാ ശിക്ഷാ നടപടിയോടെ എല്ലാ ആദിവാസികള്‍ക്കും ഒരു മുന്നറിയിപ്പ് കൊടുക്കാനാണ് മാവോവാദികള്‍ ശ്രമിക്കുന്നത്. പോലീസിനെ സഹായിക്കാന്‍ ശ്രമിച്ച ഒരു ആദിവാസിയുടെ ചെവി മുറിക്കുകയും പിന്നീട് അയാളെ ഹീനമായി കൊന്നു തള്ളുകയും ചെയ്യുന്ന ആ രംഗത്തിലൂടെ മാവോയിസത്തിലെ കാടത്തത്തെയാണ് സംവിധായകന്‍ തുറന്നു കാണിക്കുന്നത്. 

ഒരു തരത്തിലും മാവോവാദികളുടെ നീക്കത്തെ മുന്‍കൂട്ടി അറിയാനോ, അതിനെതിരെ പ്രവര്‍ത്തിക്കാനോ കഴിയാതെ തളര്‍ന്നിരിക്കുന്ന ആദില്‍ ഖാന്റെ മുന്നിലേക്ക്‌ സുഹൃത്തായ കബീര്‍ കടന്നു വരുന്നിടത്തു നിന്നാണ് സിനിമ മറ്റൊരു വഴിത്തിരിവില്‍ എത്തുന്നത്. മാവോവാദികളുടെ ഇടയിലേക്ക് അവരിലൊരുത്തനായി ചേരുന്ന കബീര്‍ ആദ്യമാദ്യം മാവോവാദികളുടെ വിശ്വാസം സമ്പാദിക്കുകയും പിന്നീട് സുഹൃത്തിന് വേണ്ടി മാവോവാദികളുടെ നീക്കങ്ങള്‍ ചോര്‍ത്തിക്കൊടുക്കുകയും ചെയ്യുന്നു. പക്ഷേ ഇതിനിടയില്‍ നടക്കുന്ന ചില സംഭവവികാസങ്ങള്‍ കബീറിനെ മാറി  ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. കബീര്‍ പൂര്‍ണമായും ഒരു മാവോ വാദിയായി  മാറിക്കൊണ്ടിരിക്കുകയായിരുന്നു. കബീറിനെ അത്തരത്തില്‍ മാറ്റി ചിന്തിപ്പിക്കാന്‍ ശേഷിയുള്ള എന്ത് മൂല്യങ്ങളാണ് മാവോയിസത്തിനുള്ളത് എന്ന സംശയം പ്രേക്ഷകര്‍ക്കുമുണ്ടാകാം. ആ സംശയത്തെ സംവിധായകന്‍ ദുരീകരിക്കുന്നത് തികച്ചും മനശ്ശാസ്ത്രപരമായാണ്. 

മാവോയിസത്തിനെ എതിര്‍ക്കുന്ന ആദില്‍ ഖാനും, ചില സാഹചര്യ വശാല്‍ മാവോയിസത്തെ അനുകൂലിക്കെണ്ടി വരുന്ന കബീറും നമ്മുടെ മനസ്സിന്റെ ദ്വിമുഖതയെയാണ്‌ പ്രതിനിധീകരിക്കുന്നത് എന്ന് പറയേണ്ടി വരും. ഭരണകൂടം എന്നും സമ്പന്നരുടെ കൂടെ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്ന് സിനിമയിലെ മുതിര്‍ന്ന മാവോവാദിയായ ഗോവിന്ദ് സൂര്യവംശി (ഓം പുരി) പറയുന്നുണ്ട്. ആ പ്രസ്താവനയെ കാര്യകാരണസഹിതം ന്യായീകരിക്കാവുന്ന രാഷ്ട്രീയ സംഭവവികാസങ്ങള്‍ സിനിമയില്‍ ഭാഗികമായെങ്കിലും ചര്‍ച്ച ചെയ്യപ്പെടുന്നുമുണ്ട്. ടാറ്റയും ബിര്‍ളയും വികസനം കൊണ്ടുവരാന്‍ വേണ്ടി ചോദിക്കുന്ന മണ്ണും ജലവും വായുവുമെല്ലാം ആരുടെതാണ്? അതിനു വേണ്ടി കുടിയിറക്കപ്പെടുന്നവര്‍ ഏതു വിഭാഗം ജനങ്ങളാണ്? തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും സമൂഹത്തില്‍ പ്രസക്തി ഇല്ലാതാക്കുന്നതില്‍ നമ്മുടെ ഭരണകൂടം വഹിക്കുന്ന പങ്കു ചെറുതല്ല എന്ന് ഈ സിനിമ പറയാതെ പറയുന്നു. 

കബീറിനെ പോലെ സാഹചര്യങ്ങള്‍ കൊണ്ടു മാത്രം മാവോവാദി ആയി മാറിയവര്‍ ഒരുപാടുണ്ടായേക്കാം. അവരോടെല്ലാം ആദില്‍ ഖാന്‍മാരുടെ ചോദ്യങ്ങള്‍ ഇപ്പോഴും തുടരുന്നു. ഈ പോരാട്ടങ്ങള്‍ ആര്‍ക്കു വേണ്ടിയായിരുന്നു? അതുകൊണ്ട് എന്ത് നേടുന്നു? ഈ ചോദ്യങ്ങളാണ് നമ്മളില്‍ തന്നെയുള്ള ചില കബീര്‍മാരെ സത്യത്തില്‍ ചക്രവ്യൂഹത്തില്‍ പെടുത്തുന്നത്. ഇത്തരം ആശയസംഘര്‍ഷങ്ങളുടെ ചക്രവ്യൂഹം ഭേദിക്കാനുള്ള ചിന്തകളും ആശയങ്ങളും പ്രവര്‍ത്തനങ്ങളുമാണ് നമുക്ക് വേണ്ടത്. അല്ലാതെ ഒരു രാജ്യത്തിന്റെയും ഭരണഘടനയെയോ വ്യവസ്ഥകളെയോ ഭേദിക്കാനുള്ളതാകരുത് നമ്മുടെ ചിന്തകളും പ്രവര്‍ത്തനങ്ങളും. നിയമവ്യവസ്ഥകളോടും ഭരണകൂടത്തോടുമുള്ള എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിൽ തെറ്റില്ല. പക്ഷേ ഒരു ബഹുസ്വര സമൂഹത്തിൽ   ഒട്ടും സ്വീകാര്യമല്ലാത്ത  പ്രവർത്തന രീതി കൊണ്ട് അരാജകത്വം മാത്രം  സൃഷ്ടിച്ചു കൊണ്ടുള്ള പ്രതിഷേധങ്ങളാകരുത് ഒന്നും.

* ഇ മഷി മാഗസിന്‍ ലക്കം ഏഴില്‍ , ചലിക്കുന്ന ചിത്രങ്ങള്‍ എന്ന വിഭാഗത്തില്‍ പബ്ലിഷ് ചെയ്തു വന്ന എന്‍റെ സിനിമാ വീക്ഷണം .വായിക്കാന്‍ ഇവിടെ ക്ലിക്കുക . ഇ മഷി . 
-pravin- 

14 comments:

  1. ഇ-മഷിയില്‍ വായിച്ചിരുന്നു, നല്ല നിരൂപണം.

    ReplyDelete
  2. ഈ സിനിമ പറയാതെ പോയ എന്നാല്‍ പറയാതെ ബാക്കി വച്ച നമ്മുക്കറിയാവുന്ന പലതും കൂടി പറയാമായിരുന്നു പ്രവി..

    ReplyDelete
    Replies
    1. Yes .. എനിക്കും അങ്ങിനെ തോന്നി കാത്തി . അതാണ്‌ ഞാന്‍ എഴുതിയതും . പലതും ഭാഗികമായേ പറഞ്ഞിട്ടുള്ളൂ . നിഷ്പക്ഷത കാത്തു സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ഈ വിഷയത്തില്‍ അമിതമായി പോയോ എന്ന് സംശയിക്കാം . എന്നാലും സിനിമ പലതും പറയാതെ പറയുന്നുണ്ട് താനും ..

      Delete
  3. നന്നായി എഴുതി, പല സിനിമകളും താങ്കളുടെ എഴുത്തിൽ നിന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്

    ReplyDelete
    Replies
    1. ഷാജു .. ഈ പടം പറ്റുമെങ്കില്‍ കാണാനും ശ്രമിക്കുക .. എന്റെ നിരീക്ഷണം ശരിയാകണം എന്നുമില്ല .

      Delete
  4. പടം കണ്ടിരുന്നു..ഇഷ്ടപ്പെട്ടിരുന്നു..
    നിരൂപണം ഇ മഷിയിൽ വായിച്ചിരുന്നു..തുടരുക..ആശംസകൾ..

    ReplyDelete
  5. മാവോയിസം ഇന്ത്യന്‍ ആദിവാസിസമൂഹത്തില്‍ സ്വാധീനം ചെലുത്താനുള്ള പ്രധാന കാരണം സമൂഹത്തില്‍ അവരനുഭവിക്കുന്ന അവഗണന തന്നെയാണ്. ഇന്ത്യന്‍ ആദിവാസി സമൂഹങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നാലെ ഈ പ്രശ്നത്തിന് പരിഹാരമാകൂ.

    ReplyDelete
    Replies
    1. തീർച്ചയായും .. അതിനു വേണ്ട നീക്കം സർക്കാർ തന്നെ മുന്നിട്ടു നടത്തുകയും വേണം ..എങ്കിൽ മാത്രമേ അവരനുഭവിക്കുന്ന അവഗണനക്ക് എന്തെങ്കിലും കുറവുണ്ടാകൂ ..

      Delete
  6. കാണണം, കാണും....

    ReplyDelete
  7. ഞാനീ പടം കണ്ടില്ലായിരുന്നു, ഈ എഴുത്ത് മുൻപ് വായിച്ചതായി ഓർമ്മയുണ്ട്, അതുകൊണ്ട് കമന്റ്സ് നോക്കിയപ്പോൾ കമന്റില്ല.. അതുകൊണ്ട് ഇതിവിടെ കിടക്കട്ടെ,.

    ReplyDelete
    Replies
    1. ഓക്കേ ...വരവ് വച്ചിരിക്കുന്നു ട്ടോ .

      Delete