Monday, June 29, 2026

വേറിട്ട കാഴ്ചകളിൽ ഒരു അമ്മയും മകനും !!


ജയിൽ ചുമരുകളിൽ വരച്ചിട്ട കുഞ്ഞു ചിത്രങ്ങളും, അതിന്റെ വിവരണവുമൊക്കെയായി ടൈറ്റിലുകൾ തെളിഞ്ഞു തുടങ്ങുന്ന സമയത്ത് തന്നെ കാഴ്ചക്കാരെ വരുതിയിലാക്കുന്നു 'ബാലൻ'.

പിന്നെയങ്ങോട്ട് സിനിമയുടെ അവസാനം വരെ ആ അമ്മയുടെയും മകന്റെയും കഥാലോകത്തിൽ നമ്മളും അകപ്പെടുകയാണ്. അവരുടെ കഥകളിലെ ഒരു കഥാപാത്രമെന്ന പോലെ. അവർക്ക് പിന്നാലെ നമുക്കും സഞ്ചരിക്കേണ്ടി വരുന്ന പോലെ.

ഒരു അമ്മയുടെയും മകന്റെയും തീവ്ര സ്നേഹത്തിന്റെ കഥയെന്ന പോലെ തോന്നിക്കുമെങ്കിലും യഥാർത്ഥത്തിൽ 'ബാലൻ' പറയുന്നത് സ്വത്വമില്ലാത്തവരുടെ പൊള്ളുന്ന ജീവിതമാണ്.

പേരും മേൽവിലാസവുമില്ലാത്തവരുടെ ജീവിതത്തിലെ അനിശ്ചിതത്വങ്ങളെയും, ഭയപ്പാടുകളെയും, സങ്കീർണ്ണമായ മാനസികാവസ്ഥകളെയുമൊക്കെ അനുഭവഭേദ്യമാക്കുന്ന അവതരണം.

പതിഞ്ഞ തുടക്കത്തിൽ നിന്ന് സങ്കീർണ്ണമായ കഥാ സാഹചര്യങ്ങളിലേക്ക് സിനിമ എത്തിപ്പെടുമ്പോൾ ആസ്വാദനം പിരിമുറുക്കത്തിന്റെതായി മാറുന്നു.

ഒരു ത്രില്ലർ സിനിമയുടെ പിരിമുറുക്കം സമ്മാനിച്ച് കൊണ്ട് ആദ്യ പകുതി അവസാനിക്കുമ്പോൾ രണ്ടാം പകുതി നമ്മളെ കൊണ്ട് പോകുന്നത് സിനിമയുടെ വൈകാരികമായ കഥാപരിസരത്തേക്കാണ്.

അത് കൊണ്ട് തന്നെ പലർക്കും ആദ്യ പകുതിയുടെ ചടുലത രണ്ടാം പകുതിക്കില്ല എന്ന പരാതിയുമുണ്ടാകാം.

പുതിയ കഥാപാത്രങ്ങളുടെ വരവും മറ്റുമൊക്കെയായി സിനിമയുടെ രണ്ടാം പകുതിയിൽ നടക്കുന്ന സംഭവ വികാസങ്ങൾ അത് വരെ നമുക്ക് അനുഭവഭേദ്യമായിരുന്ന അമ്മ-മകൻ കഥയിലെ വൈകാരികതക്ക് മങ്ങലേൽപ്പിക്കുന്നുണ്ട്.

രണ്ടാം പകുതിയിലെ ചില സീനുകൾ യുക്തിഭദ്രമാക്കി കൈകാര്യം ചെയ്യുന്നതിൽ നിന്ന് ചിദംബരവും കൂട്ടരും പുറകോട്ട് പോയ പോലെയും തോന്നി.

എന്നാൽ ആ പോരായ്മകളെയെല്ലാം വിസ്മരിപ്പിക്കുന്ന ട്വിസ്റ്റും വൈകാരികമായ ക്ലൈമാക്സ് സീനുകളും 'ബാല'ന്റെ ആസ്വാദനത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു. 

ചിദംബരം - ജിത്തു മാധവൻ - ഷൈജു ഖാലിദ് - സുഷിൻ ശ്യാം - വിവേക് ഹർഷൻ .. ഈ ഒരു കോംബോ 'ബാല'ന്റെ സിനിമാറ്റിക്ക് മികവ് ഉറപ്പിച്ചപ്പോൾ, കാസ്റ്റിങ് ഡയറക്ടർ ആയി ഗണപതി തിളങ്ങിയ കാഴ്ച കൂടിയാണ് അഭിനേതാക്കളുടെ കാര്യത്തിൽ കണ്ടത്. 

ഫർസാന പാലത്തിങ്ങൽ - ആദിശേഷൻ - മുഹമ്മദ് സിനാൻ - പിന്നെ അമ്മാമ്മയായി വന്ന സ്ത്രീ.. ഗംഭീര പ്രകടനങ്ങൾ അവരുടേത് തന്നെ . 

അത് പോലെ ബീനാ ആന്റണിയുടെ ഷംനത്ത, ജീൻ പോളിന്റെ പവിത്രൻ.. നെഗറ്റിവ് വേഷത്തിൽ രണ്ടു പേരും സ്‌കോർ ചെയ്തു. 

സ്റ്റാർഡത്തിന്റെ ബാധ്യതകൾ ഒന്നുമില്ലാതെ അബ്ബാസിനെ മനോഹരമാക്കാൻ ടോവിനോക്ക് സാധിച്ചു.

ആനന്ദ് എകർഷിയുടെ ഡ്രൈവർ വേഷം, ഗിരീഷ് AD, അച്യുതാനന്ദൻ പോലുള്ളവരുടെ പോലീസ് വേഷങ്ങൾ എല്ലാം തന്നെ ഓർമ്മയിൽ തങ്ങുന്നതാണ്.

കാസ്റ്റിങ്ങിലെ കൃത്യത സിനിമക്കുണ്ടാക്കുന്ന പുതുമയും പ്രസരിപ്പുമൊക്കെ എത്ര വലുതാണെന്ന് കൂടി ബോധ്യപ്പെടുത്തി തരുന്നു 'ബാലൻ'.

©bhadran praveen sekhar

Friday, June 26, 2026

ഇരുണ്ട ലോകവും അപ്രിയ സത്യങ്ങളും!!


പലർക്കും ഉൾക്കൊള്ളാൻ താൽപ്പര്യമില്ലാത്ത യഥാർഥ്യത്തെ / അംഗീകരിക്കാൻ മടിയുള്ള സത്യങ്ങളെ ഒളി മറയില്ലാതെ പറഞ്ഞു വക്കുന്ന വേറിട്ട ഒരു സിനിമ.

സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്ന കാപട്യങ്ങളെ തുറന്ന് കാണിക്കുന്നതോടൊപ്പം ഉട്ടോപ്യൻ ലോക സങ്കൽപ്പത്തെയും നന്മ നിറഞ്ഞ നായക സങ്കൽപ്പങ്ങളെയുമൊക്കെ ഒരു ദയാദാക്ഷിണ്യവുമില്ലാതെ എടുത്തലക്കുകയാണ് സിനിമ.

അത് കൊണ്ട് തന്നെ ഏതെങ്കിലും വിധേനയുള്ള സന്ദേശമോ, പോസിറ്റീവ് വൈബോ, പ്രചോദനമോ പ്രതീക്ഷിച്ചു കൊണ്ട് സിനിമ കാണാൻ പോകുന്നവർ ഡാർക്ക്‌ അടിച്ചു മരിക്കും എന്ന് കട്ടായം.

ജാഫർ ഇടുക്കി പറയുന്ന പോലെ ഇത് കര വേറെയാണ്. ഇവിടെ സീൻ മൊത്തം ഡാർക്ക്‌ ആണെന്ന് ഉൾക്കൊള്ളണം.

പരാജയം നുണഞ്ഞു മതിയായപ്പോൾ, ജീവിതത്തിൽ എത്തിക്സിനു വട്ട പൂജ്യമാണ് പ്രസക്തി എന്ന് തിരിച്ചറിഞ്ഞു കൊണ്ട് വിജയിക്കാൻ എന്ത് നെറികേടു ചെയ്യാനും തയ്യാറായ മുകുന്ദനുണ്ണിയെ പോലെയല്ല വിനീത് മാധവൻ.

ആ ഒരൊറ്റ വ്യത്യാസം ഒഴിച്ച് നിർത്തിയാൽ 'മുകുന്ദനുണ്ണി'യൻ തത്വ ശാസ്ത്രങ്ങളെ കുറച്ചു കൂടി വിപുലമായ രീതിയിൽ 'മോളിവുഡ്‌ ടൈംസി'ലേക്ക് ആവിഷ്‌കരിക്കുകയാണ് അഭിനവ് സുന്ദർ ചെയ്തിട്ടുള്ളത് എന്ന് കാണാം.

സൃഷ്ടി സ്വീകരിക്കപ്പെട്ടാൽ സൃഷ്ടാവും സ്വീകരിക്കപ്പെടും. അവിടെ യഥാർത്ഥ സൃഷ്ടാവ് ആരാണ് എന്ന സത്യത്തിനേക്കാൾ സൃഷ്ടാവായി ആര് വാഴ്ത്തപ്പെടുന്നു എന്നതിനാണ് പ്രാധാന്യം.

ഇംഗ്ലീഷ് കവി ആർതർ ബ്രൂക്കിന്റെ 'The Tragical History of Romeous and Juliet' നെ കടമെടുത്താണ് ഷേക്സ്പിയർ 'റോമിയോ ആൻഡ് ജൂലിയറ്റ്' എഴുതിയതെന്ന് പറയുമ്പോഴും ഷേക്സ്പിയർ സാഹിത്യ ചോരണം നടത്തിയതായി സമ്മതിക്കാൻ നമുക്ക് സാധിക്കുമോ എന്ന ചോദ്യ രൂപത്തിലുള്ള കഥാപാത്ര സംഭാഷണമാണ് ഈ സിനിമയുടെ ഉള്ളടക്കത്തെ ചർച്ചക്ക് വക്കുന്നത്.

'ഉദയനാണ് താര'ത്തിന്റെ ഒരു ഷെയ്ഡെന്ന പോലെ സിനിമക്കുള്ളിലെ നീതികേടുകളും ചതിയും കാപട്യങ്ങളുമൊക്കെ ഇവിടെയും തുറന്ന് കാണിക്കുന്നുണ്ട്.

പക്ഷേ ഇവിടെ കഥാപാത്രങ്ങളുടെ ശരി തെറ്റുകൾ ബോധ്യപ്പെടുത്തി കൊണ്ടുള്ള വിലയിരുത്തലുകൾക്കൊന്നും സാധ്യത കൽപ്പിക്കുന്നില്ല സംവിധായകൻ.

കഴിവും പരിശ്രമവും ദീർഘവീക്ഷണവും ഇച്ഛാ ശക്തിയുമൊക്കെ ഉണ്ടായത് കൊണ്ടായില്ല ജീവിതത്തിൽ പലതും നേടിയെടുക്കാൻ ഭാഗ്യവും, കുതന്ത്രങ്ങളും പ്രായോഗിക ബുദ്ധിയുമൊക്കെ വേണ്ടി വരും എന്ന് അടിവരയിട്ടു പറയുന്ന സിനിമ 'നന്മ-തിന്മ കർമ്മ' തത്ത്വങ്ങളെ തള്ളിക്കളഞ്ഞു കൊണ്ട് വിധിയെ ഒരു അജ്ഞാത ശക്തിയായി പ്രഖ്യാപിക്കുകയാണ്.

നമ്മൾ ധരിച്ചു വച്ചിരിക്കുന്നതിന് വിപരീതമായൊരു സത്യത്തെ ഉൾക്കൊള്ളേണ്ടി വരുന്നതാണ് ഏറ്റവും വലിയ ഭയം എന്നൊക്കെ പറഞ്ഞു വക്കുന്ന സിനിമയിലേക്ക് ജാതി സംവരണത്തെ അനാവശ്യമായി ബന്ധപ്പെടുത്തിയ പൊളിറ്റിക്സിനോട് മാത്രം വിയോജിക്കാതെ വയ്യ.

ഈ ലോകത്ത് വിജയിച്ചവരേക്കാൾ കൂടുതൽ പരാജയപ്പെട്ടവരാണ് എന്നിരിക്കെ ഈ ലോകത്ത് എന്ത് ചെയ്തിട്ടും വിജയിക്കാൻ സാധിക്കാതെ പോയവരുടെ കഥയെ ഹീറോയിസവും മോട്ടിവേഷൻ ക്ലാസ്സും കൊണ്ട് സിനിമാറ്റിക് ആക്കാതെ ഡാർക്ക്‌ റിയാലിറ്റിയിൽ പറഞ്ഞവതരിപ്പിക്കുന്ന ചങ്കൂറ്റത്തിന് കൈയ്യടിയുണ്ട്.

നസ്‌ലന്റെ കരിയറിലെ ഒരു വേറിട്ട കഥാപാത്ര പ്രകടനം. വിനീത് മാധവനെന്ന കഥാപാത്രത്തിന്റെ വിവിധ കാലത്തെ മാനസികാവസ്ഥകൾ ഉൾക്കൊണ്ടു തന്നെ അഭിനയിക്കാൻ സാധിച്ചിട്ടിട്ടുണ്ട്.

ഒരു കൊമേഴ്സ്യൽ സിനിമ എന്ന നിലക്ക് എല്ലാവരെയും തൃപ്തിപ്പെടുത്താൻ സാധ്യതയില്ലെങ്കിലും വ്യക്തിപരമായി എനിക്ക് വേറിട്ട ആസ്വാദനം സമ്മാനിച്ചു 'മോളിവുഡ് ടൈംസ്'

©bhadran praveen sekhar

Thursday, June 11, 2026

പേരിനോട് നീതി പുലർത്തുന്ന ആക്ഷൻ 'ബ്ലാസ്റ്റ്'!!


ട്രൈലറിൽ തന്നെ കഥയുടെ എല്ലാ വിധ പഞ്ചും കാണിച്ച സ്ഥിതിക്ക് ഈ പടത്തിൽ ഇനി എന്താണ് കാണാനുണ്ടാകുക എന്ന മുൻവിധി വെറുതെയായി. സംഭവം വേറെ ഇറുക്ക്.

ഒരു കുടുംബ കഥയുടെ ഫ്രെയിമിനുള്ളിൽ നിന്ന് കൊണ്ട് ഒരു ആക്ഷൻ പടമൊരുക്കുകയാണ് സംവിധായകൻ സുഭാഷ് കെ. രാജ് ചെയ്തിട്ടുള്ളത്.

പല സ്ഥലങ്ങളിലായി സമാന്തരമായി നടക്കുന്ന സംഭവങ്ങളെ പരസ്പരം ബന്ധപ്പെടുത്തി കൊണ്ടുള്ള അവതരണം. അത് കൊണ്ട് തന്നെ സിനിമയിൽ വന്നു പോകുന്ന ഓരോ കഥാപാത്രങ്ങൾക്കും പ്രാധാന്യവുമുണ്ട്.

ക്ഷണിക്കപ്പെടാതെ എത്തുന്ന അതിഥികളെ ഒറ്റക്കെട്ടായി നേരിടുന്ന കുടുംബം.. ഈ ത്രെഡിന് ഇപ്പോൾ നല്ല മാർക്കറ്റാണ്.

'മോഹിനിയാട്ട'വും 'ബ്ലാസ്റ്റും' ജോർജ്ജ് കുട്ടിയൻ അപാരതയുടെ അത്തരം സാധ്യതകളെ രണ്ടു വിധത്തിൽ പ്രയോജനപ്പെടുത്തി എന്ന് പറയാം.

'മോഹിനിയാട്ട'ത്തിൽ അത് ഡാർക്ക്‌ കോമഡി എന്റർടൈൻമെന്റ് ആയിരുന്നെങ്കിൽ 'ബ്ലാസ്റ്റി'ൽ അത് ഫാമിലി ആക്ഷൻ എന്റർടൈൻമെന്റ് ആണ്.

ഫിനിക്സ് പ്രഭുവിന്റെ ത്രസിപ്പിക്കുന്ന ആക്ഷൻ കൊറിയോഗ്രാഫി, രവി ബസ്രൂരിന്റെ സംഗീതം.. അരുൺ രാധാകൃഷ്ണന്റെ ചടുലമായ ഛായാഗ്രഹണം.. മൂന്നും ബ്ലാസ്റ്റിന്റെ ആസ്വാദനത്തിൽ പ്രധാന പങ്കു വഹിച്ചു.

ഏറെ കാലത്തിനു ശേഷം ആക്ഷൻ കിംഗ് അർജുനെ അദ്ദേഹത്തിന്റെ പഴയ സ്വാഗും സ്റ്റൈലും അനുഭവപ്പെടുത്തിയ ഒരു ലീഡ് റോളിൽ കാണാൻ കിട്ടി.

ഒരു നായക കേന്ദ്രീകൃത സിനിമയായി ഒതുങ്ങി പോകാത്ത വിധം പ്രീതി മുകുന്ദൻ -അഭിരാമി ടീമിന്റെ കഥാപാത്രങ്ങൾക്ക് തുല്യ പ്രാധാന്യം കൊടുത്തു കൊണ്ട് അവരുടെ കൂടി ആക്ഷൻ പടമാക്കി മാറ്റുന്നിടത്താണ് 'ബ്ലാസ്റ്റി'ന്റെ ആസ്വാദനം.

ടിപ്പിക്കൽ ലേഡി ആക്ഷൻ സീനുകളിലെ വസ്ത്ര ധാരണങ്ങളിൽ നിന്നൊക്കെ മാറി ചുരിദാറിനും സാരിക്കുമൊക്കെ ആക്ഷൻ സീനിൽ പ്രാധാന്യം കൊടുത്തു കാണാം. അഥവാ ആ കോസ്ട്യൂമാണ് അവരുടെ ആക്ഷന്റെ പ്രസരിപ്പ് കൂട്ടുന്നത്.

ആക്ഷൻ സീനുകളിൽ പ്രീതി മുകുന്ദന്റെ സ്ക്രീൻ അപ്പിയറൻസ് പ്രത്യേകം എടുത്തു പറയേണ്ടതാണ്.

ജോൺ കൊക്കൻ, അർജുൻ ചിദംബരം, വിനോദ് സാഗർ അടക്കമുള്ളവരുടെ വില്ലൻ വേഷങ്ങളും കൊള്ളാം.. അത് പോലെ വിവേക് പ്രസന്നയുടെ ഇളയച്ഛൻ വേഷവും സിനിമ കണ്ടവർ മറക്കില്ല.

സംവിധായകൻ എന്ന നിലക്ക് സുഭാഷ് കെ രാജിന്റെ ഗംഭീര തുടക്കം തന്നെയായി 'ബ്ലാസ്റ്റ്'.

©bhadran praveen sekhar

Friday, June 5, 2026

ജോർജ്ജ് കുട്ടിയുടെ മൂന്നാം വരവ് !!


















2013 ലെ വരുൺ പ്രഭാകർ കൊലപാതക കേസിന്റെ ഓർമ്മകൾ പുതുക്കി കൊണ്ടാണ് 'ദൃശ്യം 3' യുടെ ടൈറ്റിൽ തെളിയുന്നത്.

13 വർഷങ്ങൾക്കിപ്പുറം വീണ്ടും ജോർജ്ജ് കുട്ടിയുടെയും കുടുംബത്തിന്റെയും കഥ പറയുമ്പോൾ ആ തുടർച്ചക്ക് കൃത്യതയുണ്ട്.

അതേ സമയം വരുൺ പ്രഭാകർ കൊല കേസുമായി ബന്ധപ്പെട്ട് പുതുതായി രൂപപ്പെടുന്ന കഥാ സാഹചര്യങ്ങളും അനുബന്ധ സംഭവങ്ങളും ട്വിസ്റ്റുകളുമൊക്കെ മുൻ ഭാഗങ്ങളെ പോലെ വേണ്ട വിധം ബോധ്യപ്പെടുത്താതെയാണ് പോകുന്നത്.

വരുൺ കേസുമായി ബന്ധപ്പെട്ട് ഉണ്ടായ അന്വേഷണങ്ങളും, വാദ പ്രതിവാദങ്ങളും, സാങ്കേതികവും നിയമപരവുമായ ട്വിസ്റ്റുകളുമൊക്കെ ഏറ്റവും മികച്ച രീതിയിൽ ആദ്യത്തെ രണ്ടു ഭാഗങ്ങളിലൂടെ ബോധ്യപ്പെടുത്തി വച്ചത് കൊണ്ട് 'ദൃശ്യം 3' യിലെ പലതും അധിക പറ്റായി തോന്നി.

പ്രത്യേകിച്ച് ചില പഴയ കഥാപാത്രങ്ങളുടെ റി എൻട്രിയും, അതിനു കൊടുത്തിട്ടുള്ള മെയ്ക് ഓവറും,ഒട്ടും ഉൾക്കൊള്ളാൻ പറ്റാത്ത കാരക്ടർ ട്രാൻസ്ഫോർമേഷനുമൊക്കെ സിനിമയുടെ ആസ്വാദനത്തിൽ കല്ല് കടിയായി.

ദൃശ്യം സീരീസിൽ ഇതിനകം വന്നു പോയ ഓരോ കഥാപാത്രങ്ങളുടെയും പെർഫോമൻസ് മീറ്ററും ആറ്റിറ്റ്യൂഡും തൊട്ട് സകല വിവരങ്ങളും മനപാഠമാക്കി വച്ചിട്ടുള്ള പ്രേക്ഷകരെ ജിത്തു ജോസഫ് under estimate ചെയ്ത പോലെ.


വാഴത്തോട്ടത്തിലേക്ക് പറന്നിറങ്ങി ജോർജ്ജ് കുട്ടിയുടെ വീടിന്റെ ഉള്ളിലേക്ക് കേറി വന്നു കാറിനെ ഫോളോ ചെയ്യുന്ന ഡ്രോൺ ഷോട്ട് ഒക്കെ അസ്ഥാനത്ത് കാണുമ്പോൾ മണി പറഞ്ഞ പോലെ..'ആ തമ്പ്രാനറിയാം ' ഇത് കൊണ്ടൊക്കെ എന്താണ് ഉദ്ദേശിച്ചത് എന്ന്.

തിരക്കഥയിലും അവതരണത്തിലുമൊക്കെ വമ്പൻ പാളിച്ചകൾ ഉള്ളപ്പോഴും
'ദൃശ്യം 3' ആസ്വദിച്ചു പോകുന്നതിന്റെ പ്രധാന കാരണം ജോർജ്ജ് കുട്ടിയായിട്ടുള്ള മോഹൻ ലാലിന്റെ പ്രകടനങ്ങളാണ്.

ദൃശ്യത്തിന്റെ 3 ഭാഗങ്ങളിലായി ജോർജ്ജ് കുട്ടിയുടെ 3 വ്യത്യസ്ത അവസ്ഥാന്തരങ്ങളെ അദ്ദേഹം അവതരിപ്പിച്ചു വച്ചിരിക്കുന്നത് അത്രക്കും സസൂക്ഷ്മമായാണ്.

"തന്റെ കുടുംബത്തെ സംരക്ഷിക്കാൻ ശപഥമെടുത്ത മനസ്സാണ് അയാളുടെ..നമുക്ക് ജയിക്കാൻ ആവില്ല"

രണ്ടാം ഭാഗത്തിന്റെ ക്ലൈമാക്സിൽ മുരളി ഗോപി ജോർജ്ജ് കുട്ടിയെ പറ്റി പറഞ്ഞത് മോഹൻലാലെന്ന മഹാനടന്റെ കാര്യത്തിലും ബാധകമാണ് - പ്രകടനത്തിൽ അയാളെ ജയിക്കാൻ ആവില്ല.

ഒരു സിനിമയുടെ മുഴുവൻ ഭാരവും ജിത്തു ജോസഫ് ജോർജ്ജ് കുട്ടി എന്ന കഥാപാത്രത്തിലൂടെ മോഹൻ ലാലിനെ ഏൽപ്പിച്ചു കൊടുത്ത കാഴ്ച.


ഈ പടത്തിൽ ജോർജ്ജ് കുട്ടിയെ പറ്റിയും കേസിന്റെ ഗതിയെ പറ്റിയും കൃത്യമായ ധാരണ ഉള്ള ഒരേ ഒരാൾ മുരളി ഗോപിയുടെ ഐ. ജി തോമസ് ബാസ്റ്റിനാണ്.

മുരളി ഗോപിയുടെ ഡയലോഗുകളൊക്കെയാണ് സിനിമക്ക് ഒരു ത്രില്ലിന്റെ ഓളമുണ്ടാക്കിയത്. ആ കഥാപാത്രം പെർഫെക്ട് ആയി ചെയ്തിട്ടുണ്ട് മുരളി ഗോപി.

ഒരർത്ഥത്തിൽ ജോർജ്ജ് കുട്ടിയും, ഐ ജി തോമസ് ബാസ്റ്റിനും കൂടിയാണ് 'ദൃശ്യം 3' ക്ക് ഭേദപ്പെട്ട ഒരു ആസ്വാദനമൊരുക്കിയത് എന്ന് പറയാം.

©bhadran praveen sekhar