Tuesday, May 26, 2026

നീതി നിഷേധിക്കപ്പെടുന്ന കോടതിയിൽ ദൈവം അവതരിക്കുമ്പോൾ!!


ഫാന്റസി-ആക്ഷൻ സിനിമകൾ ഇഷ്ടപ്പെടുന്നവരെയും സാധാരണക്കാരെയും ഒരു പോലെ ആകർഷിക്കുന്ന ഒരു പ്ലോട്ട്.

പണവും അധികാരവും കൊണ്ട് ജുഡീഷ്യറിയെ വിലക്കെടുക്കുന്ന ബേബി കണ്ണന്റെ കോടതിയിൽ നീതി ദൈവവും കാവലാളുമായ കറുപ്പ് സ്വാമി വക്കീൽ വേഷത്തിൽ എത്തുന്നതാണ് കഥ.

ദ്രാവീഡിയ കുല ദൈവങ്ങളോടുള്ള തമിഴ് ജനതയുടെ വിശ്വാസ പ്രമാണങ്ങളെ വേണ്ട വിധം പരിഗണിച്ചു കൊണ്ടുള്ള ഇമോഷണൽ ബിൽഡ് അപ്പ് സീനുകൾ ഒക്കെ ഗംഭീരമായിരുന്നു.

ഇന്ദ്രൻസ് - അനഘ മായാ രവിയുടെ അച്ഛൻ-മകൾ കഥാപാത്ര പ്രകടനങ്ങൾ ആണ് സിനിമയുടെ ഫസ്റ്റ് ഹാഫിന്റെ ആത്മാവ് എന്ന് പറയാം.

ഒരു തമിഴ് സിനിമക്കുള്ളിൽ മലയാളി കഥാപാത്രങ്ങളെ കൃത്രിമത്വമില്ലാതെ അവതരിപ്പിച്ചത് ശ്രദ്ധേയമായി. പ്രത്യേകിച്ച് മലയാള ഭാഷയിലുള്ള കഥാപാത്ര സംഭാഷണങ്ങൾ.

സൂര്യ- ഇന്ദ്രൻസ് കോമ്പിനേഷൻ സീനുകളിലൊക്കെ പ്രകടന മികവ് കൊണ്ട് ഇന്ദ്രൻസ് സ്കോർ ചെയ്യുന്ന കാഴ്ച.

വക്രബുദ്ധി കൊണ്ട് ദൈവത്തെ പോലും കോടതിയിൽ നിസ്സഹായനാക്കി നിർത്താൻ സാധിക്കുന്ന വക്കീൽ ബേബി കണ്ണന്റെ വേഷത്തിൽ RJ ബാലാജിയും, ജഡ്ജ് വേഷത്തിൽ നാട്ടി സുബ്രഹ്മണ്യനും കൊള്ളാം.

ബേബി കണ്ണൻ Vs കറുപ്പ് സ്വാമി എന്ന നിലക്കുള്ള കോൺഫ്ളിക്റ്റും ദൈവത്തിന് നേരിടേണ്ടി വരുന്ന വെല്ലുവിളിയുമൊക്കെ ഫസ്റ്റ് ഹാഫിനെ ത്രില്ലിംഗ് ആക്കി.

എന്നാൽ സെക്കന്റ് ഹാഫിൽ ഇതിന് നേർ വിപരീതമാണ് സംഭവിക്കുന്നത്. സൂര്യ ഫാൻസിനു വേണ്ടി നടത്തുന്ന ഒരു ഫാൻസ്‌ ഷോ പോലെ കടന്നു വരുന്ന പാട്ടും ആക്ഷനും മാത്രമാണ് പിന്നീടുള്ള സിനിമ.

ദൈവത്തിന് പിന്നെ എന്തുമാകല്ലോ എന്ന ചിന്തയിൽ അങ്ങോട്ട് കാണാം എന്ന് മാത്രം.

ജയ് ഭീം, സിംഗം പോലുള്ള സിനിമാ റഫറൻസുകളൊക്കെ അതിനായി ഉപയോഗിക്കുന്നുണ്ട്.

അക്കൂട്ടത്തിൽ വേട്ടെയ് കറുപ്പ് സ്വാമിയുടെ ഉഗ്രരൂപത്തിലുള്ള സൂര്യയുടെ പ്രകടനം 'കാന്താരാ'യിലെയൊക്കെ പോലെ ഒരു ഡിവൈൻ മൂഡ് കൊണ്ട് വരുന്നുണ്ട്.

പാളിപ്പോകാൻ ഏറെ സാധ്യത ഉള്ള, അല്ലെങ്കിൽ ട്രോൾ മെറ്റീരിയൽ ആകേണ്ടിയിരുന്ന അങ്ങിനത്തെ ഒരു സീൻ സൂര്യയുടെ പെർഫോമൻസിൽ വെട്ടി തിളങ്ങി.

സായ് അഭ്യങ്കറിന്റെ സംഗീതവും സിനിമക്ക് ഗുണം ചെയ്തിട്ടുണ്ട്.

ഫസ്റ്റ് ഹാഫിനെ വച്ച് നോക്കുമ്പോൾ സെക്കന്റ് ഹാഫിന്റെ ഗ്രാഫ് താഴേക്ക് തന്നെയെങ്കിലും കാലങ്ങൾക്ക് ശേഷം സൂര്യയുടെ ഒരു ഹൈ വോൾട്ടേജ് പടം കണ്ട തൃപ്‍തി തരുന്നുണ്ട് 'കറുപ്പ്'.

©bhadran praveen sekhar

Monday, May 25, 2026

ഗുമ്മില്ലാത്ത 'അതിരടി' !!


സമീപ കാലത്ത് കേരളത്തിലെ ഒരു കോളേജ് ഓഡിറ്റോറിയത്തിൽ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദാരുണമായ സംഭവത്തെ ഓർമ്മപ്പെടുത്തി കൊണ്ടുള്ള ഓപ്പണിങ് സീനുകൾക്ക് ശേഷമാണ് 'അതിരടി'യുടെ ടൈറ്റിൽ തെളിയുന്നത്.

ഒരു ട്രാജഡിയുടെ മൂഡിൽ നിന്ന് മാറി കുറച്ചു വർഷങ്ങൾക്ക് ശേഷം അതേ ക്യാമ്പസിലെ പുതിയ കാഴ്ചകൾ സ്‌ക്രീനിൽ തെളിയുകയാണ്.

മുടങ്ങിപോയ കോളേജ് ഫെസ്റ്റ് ആണ് എങ്ങും സംസാര വിഷയം.

പുതിയ കാലത്തെ കോളേജ് ക്യാമ്പസ് കഥാപരിസരത്ത് നിന്ന് കൊണ്ട് കഥ പറയുമ്പോൾ ശ്രദ്ധേയമായ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാകുമെന്ന് കരുതിയത് വെറുതെയായി.

'ആവേശ'ത്തിൽ അഡ്മിഷനായി ബിബിനും കൂട്ടരും കോളേജിൽ എത്തുന്നതിന് സമാനമായ സീനുകൾ.

കാലങ്ങളായി മുടങ്ങി കിടക്കുന്ന ഉത്സവം നടത്താൻ കണിമംഗലത്ത് എത്തിയ ജഗന്നാഥന്റെ റഫറൻസ് സിനിമയിൽ തന്നെ പറയുന്നത് കൊണ്ട് ബേസിലിന്റെ സാംകുട്ടിക്ക് വേറെ ഹൈപ്പ് ഒന്നും കൊടുക്കേണ്ടി വരുന്നില്ല.

ആദ്യത്തെ ഒരു മുക്കാൽ മണിക്കൂർ ബേസിലിന്റെ ഇത് വരെ കാണാത്ത ഓവർ ആക്റ്റിങ്ങും ചളിയുമാണ്. ആ കഥാപാത്രത്തിന്റെ മീറ്റർ ഒന്നും ബേസിലിന് ബാധകമല്ലാത്ത ഒരു അവസ്ഥ.

അതിനൊപ്പം സ്കോർ ചെയ്യുന്ന മട്ടിൽ 'സർവ്വം മായ'യുടെ സെറ്റിൽ നിന്ന് നേരെ 'അതിരടി'യിലേക്ക് വന്ന പോലെ ഒരു ഡെലൂലുവും കൂടി ആയപ്പോ പടം കൈ വിട്ട് പോയ പോലെ തോന്നി.

അവിടെയാണ് രംഗ അണ്ണന്റെയും, മാണിക്ക് ബാഷയുടെയും, മുള്ളംകൊല്ലി വേലായുധന്റെയുമൊക്കെ റഫറൻസിൽ രൂപപ്പെടുത്തിയ വെള്ളയാണി ശ്രീക്കുട്ടന്റെ എൻട്രി. പടം ഒന്ന് ട്രാക്കിൽ കേറിയത് അവിടെ നിന്നാണ് എന്നു പറയാം.

സച്ചി പടങ്ങളിലെ കഥാപാത്രങ്ങളുടെ 'ഈഗോ ക്ലാഷ് 'നെ കടമെടുക്കുമ്പോഴും അതിരടിയിലെ സാംകുട്ടി -ശ്രീക്കുട്ടൻമാർക്കിടയിലെ കോൺഫ്ലിക്റ്റിന് വേണ്ടത്ര പഞ്ച് ഇല്ലാതെ പോകുന്നുണ്ട്.

ടോവിനോ പക്ഷേ ശ്രീക്കുട്ടന്റെ റോളിൽ തിളങ്ങി. നെഗറ്റീവ് ഷെയ്ഡിൽ നിൽക്കുമ്പോഴും ശ്രീക്കുട്ടൻ ഒരു ഭയങ്കരമാന വില്ലൻ ആവാതിരിക്കുകയും അതോടൊപ്പം അയാൾക്കുള്ളിലെ ഇമോഷണൽ സംഗതികളെ പ്രകടനത്തിലേക്ക് കൊണ്ട് വരികയും ചെയ്യുന്നുണ്ട് ടോവിനോ.

ശ്രീക്കുട്ടന്റെ മീറ്ററിന്റെ കാര്യത്തിൽ ടോവിനോയുടെ കണക്ക് കൃത്യമായിരുന്നു.

വിനീത് ശ്രീനിവാസൻ - ഷാൻ റഹ്മാൻ ടീമിന്റെ എൻട്രി സീനിന് ശേഷം സിനിമ കുറച്ചു കൂടി രസകരമായി മാറി.

അത് പോലെ ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലത്ത് പ്രത്യക്ഷപ്പെടുന്ന കാമിയോ കഥാപാത്രമൊക്കെ 'അതിരടി'യിൽ ഓളമുണ്ടാക്കി.

പി സുകുമാർ, വിഷ്ണു അഗസ്ത്യ പോലുള്ളവരുടെ കഥാപാത്രങ്ങൾ കൊള്ളാമായിരുന്നുവെങ്കിലും സിനിമയിൽ അതിനൊന്നും കാര്യമായ പ്രാധാന്യം കൊടുക്കുകയോ വേണ്ട വിധം ഉപയോഗിക്കപ്പെടുകയോ ചെയ്തില്ല.

കണ്ടിരിക്കാവുന്ന എന്റെർറ്റൈനർ എന്ന നിലക്ക് ഓക്കേ പടമെന്ന് പറഞ്ഞാലും ഒരു കളർ പടമാക്കാനുള്ള എല്ലാ സംഗതികളും കാസ്റ്റിങ്ങും ഒക്കെ ഉണ്ടായിട്ടും ബേസിലിന്റെ ആദ്യ നിർമ്മാണ സംരഭം വേണ്ടത്ര മികവ് പുലർത്തിയില്ല എന്ന പരാതി ബാക്കിയാകുന്നു.

©bhadran praveen sekhar

Thursday, May 21, 2026

ഉദ്വേഗഭരിതമല്ലാത്ത ഒരു പോലീസ് സിനിമ.. പക്ഷേ ക്ലൈമാക്സ് 'ദൃഢ'മാണ്!!

സാധാരണ കണ്ട് പരിചയിച്ച പോലീസ് പടങ്ങളിലെ പോലെയുള്ള ത്രില്ലിംഗ് മോമെന്റ്സോ അന്വേഷണാത്മകതയോ ഒന്നുമില്ലാതെ വളരെ സ്ലോ പേസിലുള്ള ഒരു കഥ പറച്ചിൽ.

എല്ലാം കൊണ്ടും ശാന്തമായൊരു പോലീസ് സ്റ്റേഷനിലേക്ക് പുതുതായി ജോയിൻ ചെയ്യാൻ എത്തുന്ന ശാന്തശീലനായ എസ്. ഐ വിജയ്.

ഒരു പുതുമുഖമായി ജോയിൻ ചെയ്യാനെത്തുന്ന എസ്. ഐ വിജയുടെ അതേ മൂഡിൽ തന്നെയാണ് നമ്മളും ആ സ്റ്റേഷൻ പരിസരത്തെ നോക്കി കാണുന്നതും അവിടത്തെ മറ്റു പോലീസുകാരെ പരിചയപ്പെടുന്നതുമൊക്കെ.

കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ എത്തുന്ന സ്ഥിരം പോലീസ് നായക കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തം എന്നു തോന്നിച്ച തുടക്കം.

സംഗതി അതൊക്കെ ഒരു ഭാഗത്ത് കൂടെ നൈസായി പോകുന്ന സമയത്ത് തന്നെ സ്വഭാവികത അനുഭവപ്പെടുത്താതെ പോകുന്ന സീനുകളും കഥാപാത്ര സംഭാഷണങ്ങളുമൊക്കെ കല്ല് കടിയായി മാറുന്നു.

നടക്കാൻ പോകുന്ന സംഭവങ്ങൾക്ക് മുന്നോടിയായി മനഃപൂർവ്വം നൽകുന്ന ചില സൂചനകൾ അഥവാ ഒരു കാര്യവുമില്ലാത്ത ചില സ്പൂൺ ഫീഡിങ് സംഗതികൾ സിനിമയുടെ ഒഴുക്കിനെ ബാധിച്ചതായി തോന്നി.

ഇന്റർവെല്ലിനോട്‌ അടുക്കുമ്പോഴേക്കും സിനിമയുടെ പോരായ്മകളുമായി പൊരുത്തപ്പെട്ടു കൊണ്ടുള്ള ഒരു ആസ്വാദന ശൈലിയിലേക്ക് നമ്മൾ മാറിയിരിക്കും.

അത്ര കണ്ട് ശക്തമല്ലാത്ത തിരക്കഥയിലും ഷൈൻ നിഗത്തിന്റെ കഥാപാത്രത്തിന്റെ സ്വഭാവ രൂപീകരണവും വികസനവുമൊക്കെ സെറ്റ് ചെയ്ത് വച്ച രീതി ഇഷ്ടപ്പെട്ടു.

അത് കൊണ്ട് തന്നെ ആ കഥാപാത്രത്തെ മുൻനിർത്തി കൊണ്ടുള്ള കഥ പറച്ചിലിനു പ്രസക്തിയുണ്ട്. ഷൈൻ അത് മനോഹരമായി കൈകാര്യം ചെയ്തിട്ടുണ്ട്.

ക്ലൈമാക്സ്‌ ആണ് സിനിമയുടെ അത് വരെയുള്ള മൂഡിനെയൊക്കെ അട്ടി മറിച്ചു കൊണ്ട് ഒരു ഹൈ മൊമെന്റ് സമ്മാനിക്കുന്നത്. അവിടെ പടം ഒരു ഒന്നൊന്നര തൂക്കാണ്.

ആകെ തുകയിൽ ആ ക്ലൈമാക്സാണ് 'ദൃഢ'ത്തെ ദൃഢമാക്കുന്നത് എന്നു പറയാം.

©bhadran praveen sekhar

Friday, May 15, 2026

പേട്രിയേറ്റ്


ഈ ഡിജിറ്റൽ കാലഘട്ടത്തിൽ എല്ലാം കൊണ്ടും പ്രസക്തമായ പ്രമേയം.

കണ്ടെന്റ്ലേക്ക് കണക്ട് ആയാൽ മാത്രം സാധ്യമാകുന്ന ആസ്വാദനമാണ് 'പേട്രിയെറ്റി'ന്റേത് എന്ന് പറയാം.

അത് കൊണ്ട് തന്നെ സിനിമയുടെ ഭാഗമായ സൂപ്പർ താരങ്ങളുടെയോ മറ്റു സഹ താര നിരകളുടെയോ പ്രകടനവും സ്ക്രീൻ സ്പേസും അളക്കാൻ നിന്നാൽ 'പേട്രിയേറ്റ്' തൃപ്‍തിപ്പെടുത്തണം എന്നില്ല.

ഭരണകൂട ഭീകരതയുടെ ഡിജിറ്റൽ പതിപ്പ് എന്ന് വിളിക്കാവുന്ന തരത്തിൽ കോർപ്പറേറ്റ് സംവിധാനങ്ങൾ വഴി രാജ്യത്തെ സാധാരണക്കാരന്റെ സ്വകാര്യത എങ്ങിനെ വിൽപ്പന ചരക്കാകുന്നു എന്ന് ലളിതമായി കാണിച്ചു തരുന്നുണ്ട് സിനിമ.

2018 ലിറങ്ങിയ P S മിത്രന്റെ 'ഇരുമ്പ്തിരെ' പടത്തിൽ അർജുന്റെ വില്ലൻ കഥാപാത്രം പറയുന്ന പോലെ "ഇൻഫർമേഷൻ ഈസ്‌ വെൽത്ത്".

നമ്മുടെ ഓരോ ഡാറ്റയും മാറ്റാർക്കോ കൈമാറി 'വെൽത്ത്' ഉണ്ടാക്കുന്ന ഒരു ഡിജിറ്റൽ മാർക്കറ്റ് സിസ്റ്റത്തിനുള്ളിൽ നമ്മൾ എന്നോ അടക്കപ്പെട്ടിരിക്കുന്നു എന്നതാണ് വസ്തുത.

പുറം ലോകമറിയാത്ത രാഷ്ട്രീയ ഗൂഢാലോചനകൾ, അന്താരാഷ്ട്ര അട്ടിമറികൾ, കൊലപാതകങ്ങൾ തൊട്ട് ലോകത്തെ പല ദുരൂഹമായ സംഭവ വികാസങ്ങളിലും ഈ പറഞ്ഞ ഡിജിറ്റൽ ക്രിമിനൽ ഗ്യാങ്ങിനു പങ്കുണ്ട്.


ഉർമീ ജുവേക്കറിന്റെ 'ലൈല' വെബ് സീരീസിലെയൊക്കെ പോലെ വരാനിരിക്കുന്ന ഭീതിജനകമായ ഒരു രാഷ്ട്രീയ സാമൂഹികാവസ്ഥയെ കുറിച്ചുള്ള അവബോധം പ്രേക്ഷകരിലേക്ക് എത്തിക്കാൻ 'പേട്രിയേറ്റ്' ശ്രമിച്ചു കാണാം.

ആരും എവിടെയും പറയാത്ത, ഒരിക്കലും നടക്കരുതാത്ത കഥ എന്ന സൂചന തരുമ്പോഴും ഈ സിനിമ പ്രമേയവത്ക്കരിച്ച യാഥാർഥ്യങ്ങളെ കാണാതെ പോകാൻ ആകില്ല.

'എമ്പുരാനി'ലെതിന് സമാനമായ മറ്റൊരു രാഷ്ട്രീയ കാഴ്ച ഈ സിനിമക്കുള്ളിൽ സമർത്ഥമായി ഒളിപ്പിച്ചു വച്ചിട്ടുണ്ട് മഹേഷ്‌ നാരായണൻ. ബാൻ ചെയ്യാതെ പോയതിൽ അത്ഭുതം. 

കഥാപാത്രങ്ങളുടെ ഇമോഷണൽ ഡെപ്ത്തോ, പരസ്പരമുള്ള കണക്ഷനോ ഒട്ടും ബോധ്യപ്പെടുത്താതെ പോകുന്ന സീനുകൾ പലതുണ്ട്.

ഒരു മാസ് സിനിമയുടെ ടെമ്പ്ലേറ്റ് ചിലയിടത്ത് പിന്തുടരുകയും എന്നാൽ അവിടെയൊന്നും അതിനൊത്ത രോമാഞ്ചിഫിക്കേഷൻ നൽകാതെയും പോകുന്ന അവസ്ഥ.

18 വർഷങ്ങൾക്ക് ശേഷം ബിഗ് 'M'സ് ഒന്നിച്ച് വരുമ്പോൾ പ്രതീക്ഷിക്കുന്ന പലതും സ്‌ക്രീനിൽ കാണാൻ കിട്ടിയില്ല എന്നതടക്കമുള്ള പരാതികളും കൂട്ടത്തിൽ പറയാം.

പക്ഷേ പ്രമേയപരമായും സാങ്കേതികപരമായും 'പേട്രിയെറ്റ്' വ്യക്തിപരമായി എന്നെ തൃപ്തിപ്പെടുത്തി.

©bhadran praveen sekhar