രാകേഷ് ഓംപ്രകാശ് മെഹ്‌റ - ഫർഹാൻ അക്തർ ടീമിന്റെ 'ഭാഗ് മിൽഖ ഭാഗ്' ഗംഭീര പടമായിരുന്നു. അതേ കോമ്പോയിൽ വീണ്ടും ഒരു സ്പോർട്സ് മൂവി എന്ന നിലക്കാണ് 'തൂഫാൻ' പ്രതീക്ഷക്ക് വക നൽകിയതും. മികച്ച സംവിധായകനും മികച്ച നടനും കൂടി ചേർന്നാലും തിരക്കഥ പാളിയാൽ സകലതും വെറുതെയാകും എന്ന് വീണ്ടും അടിവരയിട്ടു പറയേണ്ടി വരുന്നു 'തൂഫാന്റെ' കാര്യത്തിൽ.
ഒരു സ്പോർട്സ് മൂവിയുടെ സ്ഥിരം കെട്ടുമാറാപ്പുകളൊക്കെ തൂഫാനിലും ഉണ്ട്. തെരുവ് ഗുണ്ട അജ്ജു ഭായിയിൽ നിന്ന് ബോക്‌സർ അസീസ് അലിയിലേക്കുള്ള ഫർഹാന്റെ ട്രാൻസ്ഫോർമേഷൻ സീനുകളെല്ലാം നന്നായിരുന്നു.
കെട്ടവനിൽ നിന്ന് നല്ലവനിലേക്ക് മാറാൻ പ്രേരിപ്പിക്കുന്ന നായികയും അനുബന്ധ പ്രണയവും പ്രതിബന്ധങ്ങളുമൊക്കെ സീൻ ബൈ സീനായി ഊഹിച്ചെടുക്കാനുള്ള എല്ലാ അവസരം തൂഫാൻ തരുന്നുണ്ട്.
ബോംബ് സ്‌ഫോടനത്തിൽ ഭാര്യ കൊല്ലപ്പെട്ടത് കൊണ്ട് മുസ്ലീങ്ങളെ ഒന്നടങ്കം വെറുക്കുന്ന നാനാ സാബിന്റെ മകളുമായുള്ള അസീസ് അലിയുടെ പ്രണയത്തെ ലവ് ജിഹാദ് ചർച്ചയിലേക്ക് എത്തിക്കുന്നുണ്ട് സിനിമ.
പരേഷ് റാവൽ അവതരിപ്പിക്കുന്ന നാനാ പ്രഭു എന്ന കഥാപാത്രത്തിന്റെ മുസ്‌ലിം വിരുദ്ധ നിലപാടുകളെ തർക്കം കൊണ്ട് ജയിക്കാൻ ശ്രമിക്കുന്ന സുഹൃത്തിന്റെ ഒരു സീനുണ്ട്. പക്ഷേ തന്റെ നിലപാടുകളിൽ മാറ്റം വരുത്താത്ത അതേ കഥാപാത്രത്തിനെ സിനിമ ഇമോഷണൽ സീനുകളിൽ കൂടി പ്രേക്ഷകനുമായി അടുപ്പിക്കുകയാണ് ചെയ്യുന്നത്. എന്തായാലും മുസ്‌ലിം വിരുദ്ധതയെ ആഘോഷിക്കാൻ നിന്നിട്ടില്ല തൂഫാൻ എന്ന് മാത്രം.
ആകെ മൊത്തം ടോട്ടൽ = ഫർഹാൻ അക്തറിന്റെ അധ്വാനങ്ങളും, പരേഷ് റാവലിന്റെ പ്രകടനങ്ങളുമെല്ലാം കഥയും കാമ്പുമില്ലാത്ത ഒരു സിനിമയിൽ മുങ്ങിപ്പോയി എന്നത് ദുഖകരമാണ്.ക്ലിഷേകളിൽ മനം മടുക്കില്ലെങ്കിൽ ചുമ്മാ കണ്ടു നോക്കാവുന്ന ഒരു സിനിമ. അതാണ് 'തൂഫാൻ'.
*വിധി മാർക്ക് = 5/10
-pravin-
എന്തോ പടം മുഴുവനായി കണ്ടില്ല
ReplyDelete