Thursday, August 12, 2021

കെട്ട കാലത്ത് വേണ്ടിയിരുന്നില്ല ഈ 'കുരുതി' !!


പ്രമേയത്തിന്റെ പ്രസക്തി പോലെ തന്നെ പ്രധാനപ്പെട്ടതാണ് പറയാൻ ഉദ്ദേശിക്കുന്ന വിഷയം എങ്ങിനെ പറയുന്നു എന്നത്. രാജീവ് അഞ്ചലിന്റെ 'ഗുരു' ആ തലത്തിലാണ് ഇന്നും മലയാള സിനിമകളുടെ കൂട്ടത്തിൽ വേറിട്ട് നിൽക്കുന്നത്.

രണ്ടു സമുദായങ്ങൾ തമ്മിലുള്ള ചേരി തിരിവും കലാപവുമൊക്കെ നിരവധി സിനിമകളിൽ പ്രമേയവത്ക്കരിക്കപ്പെട്ടതാണെങ്കിലും സിബി മലയിലിന്റെ 'കാണക്കിനാവും, ശശി ശങ്കറിന്റെ 'നാരായവും' പോലുള്ള സിനിമകൾ മാനവികതയുടെ പ്രതീക്ഷകൾ തല്ലിക്കെടുത്താതെ കഥ പറഞ്ഞവസാനിപ്പിക്കുന്നതിൽ ഒരു ആശ്വാസം നൽകിയിരുന്നു. അങ്ങിനെ ഒരു ആശ്വാസം 'കുരുതി'യിൽ നിന്ന് കണ്ടു കിട്ടുന്നില്ല എന്നത് കൊണ്ട് തന്നെ കുരുതിയുടെ ആസ്വാദനം അസ്വസ്ഥതയുടേതാണ്.

വെറുപ്പിന്റെ രാഷ്ട്രീയത്തെ പച്ചക്ക് പറഞ്ഞവതരിപ്പിക്കുന്ന അവതരണ ശൈലി ധീരമെന്ന് വാഴ്ത്താമെങ്കിലും ഇത്തരം സിനിമകൾ കേരളത്തിന്റെ രാഷ്ട്രീയ- സാമൂഹികാന്തരീക്ഷത്തെ മലീമസമാക്കുന്നത് കാണാതിരിക്കാനാകില്ല. മുൻകാല സിനിമകൾ ഊട്ടിയുറപ്പിച്ച പൊതുബോധങ്ങൾക്ക് കോട്ടം തട്ടിക്കാത്ത കഥാപാത്ര സൃഷ്ടികൾ കുരുതിയിലും ആവർത്തിക്കുന്നു.

ജനാധിപത്യ വിശ്വാസികളാണെന്ന് പുറമേക്ക് നടിക്കുകയും ഉള്ളിൽ മത തീവ്രവാദിയായി നടക്കുകയും ചെയ്യുന്ന കരീമിനെയും , പ്രായം കൊണ്ട് ചെറുതെങ്കിലും സമുദായത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ കൈ തരിക്കുന്ന റസൂലിനെയുമൊക്കെ പോലുള്ളവരെ അറിയാതെ പോകരുത് എന്ന ഉദ്ദേശ്യത്തിൽ പരമാവധി ഡീറ്റൈലിങ്ങിന് ശ്രമിക്കുന്ന സിനിമ സുമയേയും വിഷ്ണുവിനെയും കൊണ്ട് പറയിപ്പിക്കുന്നത് അമ്പലം അശുദ്ധിയാക്കിയതിലെ വേദനയും ന്യൂനപക്ഷ സംവരണം കൊണ്ട് ജീവിതം കുട്ടിച്ചോറായവന്റെ അവസ്ഥയൊക്കെയാണ്.

വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായി അന്യമതസ്ഥനായ വൃദ്ധനെ കൊന്നു കളഞ്ഞതിൽ വിഷ്ണുവിന്റെ കഥാപാത്രത്തിന് കുറ്റബോധം ഉണ്ടാകേണ്ടതില്ല. പക്ഷേ ആ കഥാപാത്രത്തിന് സാഹചര്യവശാൽ സഹതാപത്തിന് അർഹതയുണ്ടെന്ന മട്ടിൽ സംവിധായകൻ മെയ്ക്കപ്പ് ചെയ്തതായി അനുഭവപ്പെട്ടു. ഒരു ബാലൻസിംങ്ങിനു വേണ്ടി അവർ ചെയ്തതും തെറ്റാണെന്ന് പ്രസ്താവിക്കുമ്പോഴും ഒരു ഘട്ടത്തിൽ ലായിഖും കരീമുമൊക്കെ വേട്ടക്കാരും വിഷ്ണുവും സുമയുമൊക്കെ ഇരകളുമെന്ന തലത്തിലേക്ക് സീനുകൾ എത്തുന്നുമുണ്ട്.

മനുഷ്യൻ മരിച്ചാലും അവന്റെയുള്ളിലെ വെറുപ്പ് മരിക്കുന്നില്ല അത് ജീവിക്കും എന്ന് പറയുമ്പോൾ ലായിഖിലെ വെറുപ്പ് പൂർവ്വാധികം ശക്തിയോടെ റസൂലിലേക്ക് ഇരച്ചു കയറുന്നുണ്ടെങ്കിലും നാഗവല്ലിയുടെ ബാധയിറങ്ങിയ ഗംഗയെ പോലെ സുമ ശാന്തയായി സമാധാനം സംസാരിക്കുകയാണ്. അപ്പോൾ ഒരു പ്രത്യേക സമുദായക്കാർക്കുള്ളിലെ വെറുപ്പ് ഒരിക്കലും മാറില്ല ബാക്കിയുളളവർക്ക് അത്ര കുഴപ്പമില്ല എന്നല്ലേ പറഞ്ഞു വക്കുന്നത്. അതെങ്ങനെ ഒരു നല്ല നിലപാടാകും ?

മതമാണ് വെറുപ്പിന്റ രാഷ്ട്രീയത്തിന് തുടക്കം കുറിച്ചത് എന്ന് പറഞ്ഞു വക്കുമ്പോഴും മതവിശ്വാസികളിലെ നല്ലവരും കെട്ടവരും എങ്ങിനെയൊക്കെയാകാം അഥവാ ആകണം എന്നതിന്റെ വാർപ്പ് മാതൃകകൾ സിനിമ തന്നെ കാണിച്ചു തരുകയും ചെയ്യുന്നു. ഇത് ഒരു ഇരട്ട നിലപാടായി സിനിമയിൽ മുഴച്ചു നിൽക്കുന്നുണ്ട്.

ഇവിടെയൊക്കെയാണ് 'കുരുതി' ഒരു കുത്തിത്തിരിപ്പ് ആയി മാറുന്നത്.

തുടക്കത്തിലേ തന്നെ കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികമാണെന്നും ഏതെങ്കിലും ജാതി മത വിഭാഗത്തെയോ അവരുടെ വിശ്വാസപ്രമാണങ്ങളെയോ മോശമായി ചിത്രീകരിക്കാൻ ഉദ്ദേശിച്ചിട്ടില്ല എന്ന മുൻ‌കൂർ ജാമ്യം ഉള്ളത് കൊണ്ട് ആർക്കും പരാതി ഉണ്ടാകാനിടയില്ല. തേനീച്ചക്കൂടും, പാലവും, ഇരട്ടക്കുഴലുള്ള തോക്കുമൊക്കെ പ്രതീകാത്മകമായി കാണാൻ സാധിച്ചാൽ അത് ആസ്വാദനത്തിലെ ബോണസ്സാണ്.

പ്രകടനങ്ങളിലേക്ക് വന്നാൽ അടിമുടി നാടക സെറ്റപ്പിലാണ് പൃഥ്വിരാജിന്റെ കഥാപാത്രത്തെ ഒരുക്കിയെടുത്തിരിക്കുന്നത്. മോശം ഡയലോഗ് ഡെലിവറിയുടെ കാര്യത്തിൽ നിവിൻ പോളിയെ വെട്ടിച്ചേ അടങ്ങൂ എന്ന മട്ടിലാണ് ടിയാന്റെ കഥാപാത്ര സംഭാഷണങ്ങൾ. അതേ സമയം ഒറ്റ ഡയലോഗ് പോലും പറയാതെ വീട്ടിലേക്കു കയറി വന്നു കസേരയിലിരിക്കുന്ന നവാസ് വള്ളിക്കുന്നിന്റെ മാനറിസങ്ങൾ ഗംഭീരമായി.


റോഷനും, മുരളി ഗോപിയും, ഷൈനും, നെൽസണും, സാഗർ സൂര്യയുമൊക്കെ മികച്ചു നിന്നപ്പോൾ ഞെട്ടിച്ചു കളഞ്ഞ പ്രകടനം മാമുക്കോയയുടേതായി. മൂസാ ഖാദറിന്റെ ട്രാൻസ്ഫോർമേഷൻ സീനുകളിലും ക്ലൈമാക്സ് സീനിലുമൊക്കെയുള്ള പ്രകടന മികവ് കൊണ്ട് 'കുരുതി'യിലെ നായകസ്ഥാനം മാമുക്കോയ നേടിയെടുത്തു എന്ന് പറയാം.

മുരളിഗോപിയുടെ സ്ക്രിപ്റ്റിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്ത 'ടിയാൻ' പ്രത്യക്ഷത്തിൽ ആൾ ദൈവ വിരുദ്ധ സിനിമയായി തോന്നുമ്പോഴും ആ സിനിമ ജാതീയമായി ഒരുപാട് മാലിന്യങ്ങൾ പേറിയിരുന്നു. ഏറെക്കുറെ ആ അവസ്ഥ തന്നെയാണ് 'കുരുതി'യിലുമുള്ളത്. ഒറ്റനോട്ടത്തിൽ മതാന്ധതക്ക് നേരെയുള്ള ധീരമായ നിലപാട് പറച്ചിൽ എന്നൊക്കെ പറയാമെങ്കിലും സംഗതി 'പരസ്യമായ' ഒളിച്ചു കടത്തലുകൾ തന്നെ. 

ആകെ മൊത്തം ടോട്ടൽ = പ്രമേയം പ്രസക്തമെങ്കിലും അവതരണത്തിലെ നാടകീയതകളും നിലപാടുകളിലെ പൊള്ളത്തരങ്ങളും കൊണ്ട് തൃപ്തിപ്പെടാതെ പോയ ഒരു സിനിമ. മാമുക്കോയയുടെ മൂസാ ഖാദറായിട്ടുള്ള പ്രകടനം തന്നെയാണ് കുരുതിയിലെ ഏറ്റവും മികച്ച കാര്യം. 

*വിധി മാർക്ക് = 5/10 

-pravin-

1 comment:

  1. ചുറ്റും കണ്ടുകൊണ്ടിരിക്കുന്ന മതാന്ധതകൾ ...
    ഒറ്റനോട്ടത്തിൽ മതാന്ധതക്ക് നേരെയുള്ള ധീരമായ നിലപാട് പറച്ചിൽ എന്നൊക്കെ പറയാമെങ്കിലും സംഗതി 'പരസ്യമായ' ഒളിച്ചു കടത്തലുകൾ തന്നെ

    ReplyDelete