Saturday, August 7, 2021

മികവുറ്റ സിനിമാവിഷ്ക്കാരവും വ്യാജ നിർമ്മിതികളും !!


വാഴയിലയിൽ ബിരിയാണി നക്കി തിന്നുന്ന നായ്ക്കളിൽ നിന്ന് തുടങ്ങി ബിരിയാണി ചെമ്പുമായി സുലൈമാൻ മാലിക്കിന്റെ വീട്ടിലേക്ക് കേറി പോകുന്നവരുടെ പിന്നാലെ ഒരു പോക്കാണ് കാമറ. ഏതാണ്ട് പന്ത്രണ്ടു മിനുട്ടോളം ഒരൊറ്റ ഷോട്ടിലെന്ന പോലെ 'മാലിക്കി'ലെ കഥാപാരിസരവും കഥാപാത്രങ്ങളും കഥാസാഹചര്യവുമൊക്കെ സമർത്ഥമായി വരച്ചിടുന്നുണ്ട് മഹേഷ് നാരായണൻ.

ഒരു ഗ്യാങ്സ്റ്റർ സിനിമയുടെ ചുറ്റുവട്ടമൊക്കെ അനുഭവപ്പെടുമ്പോഴും മാസ്സ് പരിവേഷമില്ലാതെ ഒരു അവശ ശാരീരികാവസ്ഥയിലാണ് ഫഹദിന്റെ സുലൈമാൻ അലിയെ നമുക്ക് കാണാൻ കിട്ടുന്നത്. ഇത്തരം സിനിമാ കാഴ്ചകളിൽ പൊതുവേ നായകന്റെ മാസ്സ് എൻട്രിക്കൊപ്പമോ നായകന്റെ സ്‌ക്രീൻ പ്രസൻസിലോ സിനിമയുടെ ടൈറ്റിൽ തെളിയുമ്പോൾ ഇവിടെ സുലൈമാൻ അലിയുടെ എക്സിറ്റ് സീനിലാണ് 'മാലിക്ക്' എന്ന ടൈറ്റിൽ ഇരുളിൽ ചുവന്ന അക്ഷരത്തിൽ തെളിയുന്നത്.
'കമ്മട്ടിപ്പാടം', 'നായകൻ', 'ഗ്യാങ്സ് ഓഫ് വാസേപൂർ', 'സുബ്രഹ്മണ്യപുരം', 'വട ചെന്നൈ' തുടങ്ങി പല ഭാഷാ സിനിമകളിലായി നമ്മൾ കണ്ടിട്ടുള്ള പ്രാദേശിക ഗുണ്ടാ സംഘങ്ങളും അവർക്കിടയിലെ സൗഹൃദവും, രാഷ്ട്രീയവും, കുടി പകയും, ചതിയും, അധികാര തർക്കങ്ങളുമൊക്കെ 'മാലിക്കി'ലും കണ്ടു കിട്ടുന്നുണ്ട്. പക്ഷേ അതിൽ നിന്നൊക്കെ വ്യത്യസ്തമായി മാലിക്കിനെ അടയാളപ്പെടുത്തുന്നത് ആ റമദാ പള്ളിയും പരിസരവുമാണ്.
കഥക്കപ്പുറം കേരള ചരിത്രത്തിൽ ഭരണകൂടവും പോലീസും ചേർന്ന് നടത്തിയ ഒരു നരനായാട്ടിന്റെ ഓർമ്മപ്പെടുത്തലു കൂടിയാണ് 'മാലിക്ക്'. ഒരു കൽപ്പിത കഥയെന്ന മുൻ‌കൂർ ജാമ്യം സിനിമക്ക് മുന്നേ എഴുതി ചേർക്കുന്നുണ്ടെങ്കിലും 2009 ൽ വി.എസ് സർക്കാരിന്റെ കാലത്ത് ബീമാ പള്ളിയിൽ നടന്ന വെടിവെപ്പ് തന്നെയാണ് 'മാലിക്കിന്റെ' ഉള്ളടക്കം എന്ന് മനസ്സിലാക്കണം.

അറുപതുകളിൽ തുടങ്ങി എൺപതുകളും രണ്ടായിരത്തിലുമൊക്കെയായി രണ്ടു മൂന്നു കാലഘട്ടത്തിലൂടെ കടന്നു പോകുന്ന സിനിമയുടെ കഥാപരിസരങ്ങളൊക്കെ ഗംഭീരമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്. സുനാമി കാലത്തെ ദുരന്ത ദുരിത കാഴ്ചകളെ പുനഃസൃഷ്ടിച്ചതും ബീമാ പള്ളിയിലെ വെടിവെപ്പ് സീനുമൊക്കെ എടുത്തു പറയാവുന്ന മികവുകളിൽ ചിലത് മാത്രം.
സുഷിൻ ശ്യാമിന്റെ സംഗീതവും സനു വർഗ്ഗീസിന്റെ ഛായാഗ്രഹണവും കൂടി മാലിക്കിന് നൽകുന്ന സൗന്ദര്യം ചെറുതല്ല.
സാങ്കേതിക മികവുകൾക്കും കഥാപാത്ര പ്രകടനങ്ങൾക്കുമൊക്കെ ശേഷം മാലിക് എന്ന സിനിമാവിഷ്ക്കാരത്തെ വിലയിരുത്തിയാൽ സിനിമയിലെ പല ഒളിച്ചു കടത്തലുകളും ബാലൻസിങ്ങുമൊക്കെ ചോദ്യം ചെയ്യപ്പെടേണ്ടതായി വരും.
കഴിഞ്ഞ പ്രളയ കാലത്ത് കയറിക്കിടക്കാൻ സ്ഥലമില്ലാതെ വന്നവർക്ക് ജാതിമതഭേദമന്യേ പള്ളിയുടെ ഹാൾ തുറന്നു കൊടുത്ത, അന്യ മതസ്ഥർക്ക് അവരുടെ രീതിയിൽ പ്രാർത്ഥിക്കാൻ പള്ളിക്കുള്ളിൽ തന്നെ അവസരം കൊടുത്ത, എന്തിന് പ്രളയത്തിൽ മരിച്ചവരെ പോസ്റ്റ്മാർട്ടം ചെയ്യാൻ സ്ഥലമില്ല എന്ന് പറഞ്ഞപ്പോൾ അതിനും പള്ളിയിലെ നിസ്‌കാര സ്ഥലം തുറന്നു കൊടുത്ത പള്ളിക്കമ്മിറ്റിക്കാരുള്ള അതേ കേരളത്തിൽ റിലീസായ സിനിമയിലെ സീനിലാകട്ടെ സുനാമി ദുരന്തത്തിൽ പെട്ട അന്യ മതസ്ഥർക്ക് പള്ളിയുടെ പുറത്തെ ഗെയ്റ്റ് പോലും തുറന്നു കൊടുക്കാൻ തയ്യാറാകാത്ത നികൃഷ്ടരായ ഒരു കൂട്ടം പേരാണ് പള്ളിക്കമ്മിറ്റിക്കാർ.
പള്ളിപ്പറമ്പിൽ പണിയുന്ന സ്ക്കൂളിൽ മുസ്ലിം കുട്ടികൾ മാത്രം പഠിച്ചാൽ മതി എന്ന് ആഗ്രഹിക്കുന്ന, ഭിന്നിപ്പിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം മനസ്സിൽ കൊണ്ട് നടക്കുന്ന, ഗൾഫ് രാജ്യങ്ങളിൽ നിന്ന് വളരെ എളുപ്പത്തിൽ ബോട്ട് വഴി ആയുധം കടത്താനും അതെല്ലാം പള്ളിക്കുള്ളിൽ സൂക്ഷിക്കാനും വേണ്ടി വന്നാൽ അതൊക്കെ പ്രയോഗിക്കാനും സാധിക്കുന്നവരാണ് തീരദേശത്തെ മുസ്ലീങ്ങൾ എന്ന വ്യാജ പൊതുബോധ നിർമ്മിതിക്ക് വേണ്ടി 'മാലിക്കിനെ' മഹേഷ് നാരായണൻ മറയാക്കി എന്ന് സംശയിച്ചാലും തെറ്റില്ല.


റമദാ പള്ളിക്കാരുടെ അലിക്കയായി ഫഹദിനെ നായകനാക്കി ബീമാ പള്ളി വെടിവെപ്പിന്റെ ചരിത്രത്തെ കൽപ്പിത കഥയാക്കി മാറ്റിയപ്പോൾ
അതിലേക്ക് കൂട്ടി ചേർക്കപ്പെട്ട കാര്യങ്ങളിലെല്ലാം മുസ്‌ലിം വിരുദ്ധതയുടെ കൃത്യമായ ഒളിച്ചു കടത്തലുകൾ നടന്നിട്ടുണ്ട്. അതേ സമയം ഭരണകൂട ഭീകരതക്കെതിരെ ഒരു ചെറു വിരൽ അനങ്ങുന്ന നിലപാട് പോലും സിനിമക്കില്ലാതെ പോകുന്നു.
ദിലീഷ് പോത്തന്റെ അബൂബക്കറിന്റെ പാർട്ടിയുടെ പേര് 'ഇസ്‌ലാം യൂണിയൻ ലീഗ്' ആണെന്ന് വരെ കൃത്യമായി കാണിക്കുന്ന സിനിമയിൽ അന്നത്തെ വെടിവെപ്പ് കാലത്തെ ഭരണകൂടത്തിന്റെ ഏതെങ്കിലും തരത്തിലുള്ള സൂചനകൾ പോലും ഉൾക്കൊള്ളിക്കാതെ പോയത് എന്തിനായിരിക്കാം ?
ആകെ മൊത്തം ടോട്ടൽ = തീർച്ചയായും മാലിക് സാങ്കേതികമായും കഥാപാത്ര പ്രകടനങ്ങൾ കൊണ്ടുമൊക്കെ മികവുറ്റ സിനിമാവിഷ്‌ക്കാരമാണ്. പക്ഷെ സിനിമ പറഞ്ഞു പോയതും പറഞ്ഞെത്തുന്നതുമായ ഒളിച്ചു കടത്തൽ രാഷ്ട്രീയത്തോട് യോജിപ്പില്ല.

*വിധി മാർക്ക് = 7/10

-pravin-

1 comment:

  1. തീർച്ചയായും മാലിക് സാങ്കേതികമായും കഥാപാത്ര പ്രകടനങ്ങൾ കൊണ്ടുമൊക്കെ മികവുറ്റ സിനിമാവിഷ്‌ക്കാരമാണ്. പക്ഷെ സിനിമ പറഞ്ഞു പോയതും പറഞ്ഞെത്തുന്നതുമായ ഒളിച്ചു കടത്തൽ രാഷ്ട്രീയത്തോട് യോജിപ്പില്ല.

    ReplyDelete