Tuesday, March 8, 2022

അഞ്ഞൂറ്റി കുടുംബത്തിലെ അധികാര തർക്കങ്ങൾ !




മാഫിയാ കുടുംബവാഴ്ചയും അവരുടെ അധികാര കൈമാറ്റവും അനുബന്ധ തർക്കങ്ങളുമൊക്കെ പ്രമേയവത്ക്കരിക്കപ്പെടുന്ന ഏത് കാലത്തെ സിനിമകളിലും മഹാഭാരതവും ഗോഡ് ഫാദറും തന്നെയാണ് റഫറൻസ് .

ഇന്ത്യൻ സിനിമകളിൽ വിശിഷ്യാ ഹിന്ദി-തമിഴ്-തെലുഗ് സിനിമകളിൽ അത് ഏറ്റവും മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിയത് മണി രത്നം, രാം ഗോപാൽ വർമ്മ, അനുരാഗ് കശ്യപ് പോലുള്ള സംവിധായകരാണ്.

മലയാളത്തിലേക്ക് വന്നാൽ അത്തരം പ്രമേയങ്ങളുടെ മികച്ച സിനിമാവിഷ്ക്കാരം സാങ്കേതിക തികവോടെ സമ്മാനിക്കാൻ സാധിച്ചിട്ടുള്ളത് അമൽ നീരദിനാണ് എന്ന് പറയാം. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണം തന്നെയാണ് 'ഭീഷ്മപർവ്വം'.

കണ്ടു മറന്ന കഥകളും കഥാപാത്രങ്ങളും ഊഹിക്കാവുന്ന കഥാഗതികളുമൊക്കെ ഉണ്ടെന്നാലും ഒരേ കഥയോടുള്ള വേറിട്ട സമീപനങ്ങൾ കൊണ്ടും അതിന്റെ അവതരണം കൊണ്ടുമൊക്കെയാണ് 'ഭീഷ്മപർവ്വം' മികച്ച തിയേറ്റർ ആസ്വാദനം ഉറപ്പ് നൽകുന്നത്.

സ്ലോ പേസിലുള്ള കഥ പറച്ചിൽ ഇഷ്ടപ്പെടാത്തവർക്ക് പോലും സിനിമയുടെ കഥയിലേക്ക് ഇഴുകി ചേരാൻ പറ്റുന്ന വിധമാണ് ഓരോ സീനുകളും വന്നു പോകുന്നത് .

മട്ടാഞ്ചേരിയിലെ അഞ്ഞൂറ്റി കുടുംബത്തിന്റെ 'സർവ്വ സേനാധിപൻ' ആയി മൈക്കിൾ മാറുന്ന കഥയൊക്ക കഥാപാത്ര സംഭാഷണങ്ങളിൽ കൂടെ കേൾപ്പിച്ചു തരുക മാത്രമാണ് ചെയ്യുന്നതെങ്കിലും ആ സീനൊക്കെ മനസ്സിൽ അറിയാതെ കണ്ടു പോകും വിധമാണ് അമൽ നീരദ് എടുത്തിരിക്കുന്നത്.
നീതി നിഷേധിക്കപ്പെടുന്നവരുടെ പരാതി കേൾക്കാനിരിക്കുന്ന മൈക്കിളപ്പന്റെ ഇൻട്രോ സീനും കോണിപ്പടി ഇറങ്ങിയുള്ള ടിയാന്റെ സ്ലോമോഷനിലുള്ള വരവുമൊക്കെ ഇത്തരം സിനിമകളിലെ ക്ലിഷേ ആണെന്ന് പരാതിപ്പെടാമെങ്കിലും ആ സീനുകളോടൊന്നും മടുപ്പ് തോന്നാതെ പോകുന്നത് അമൽ നീരദിന്റെ മേയ്ക്കിങ് ശൈലി കൊണ്ടാണ്.
ജാതി വെറിയുടെ പേരിൽ കൊല്ലപ്പെട്ട കെവിന്റെ ഓർമ്മകളിൽ തുടങ്ങി ഒരു തുണ്ട് ഭൂമിക്ക് വേണ്ടി കത്തിയെരിഞ്ഞ അച്ഛനമ്മമാരുടെ ഓർമ്മകളിൽ നീറുന്ന രണ്ടു മക്കളുടെ നിസ്സഹായ മുഖങ്ങളിൽ പ്രതീക്ഷകൾ സമ്മാനിച്ച് കൊണ്ട് അവസാനിക്കുന്ന സിനിമയുടെ രാഷ്ട്രീയം ശ്രദ്ധേയമാണ്.
ആ ഓപ്പണിങ് സീനുകൾ തന്നെ നോക്കൂ നിയമം വഴി കിട്ടാതെ പോയ നീതി കോടതിക്ക് പുറത്ത് വച്ച് മൈക്കിളപ്പന്റെ ചിലവിൽ നടപ്പിലാക്കപ്പെടുന്നു. ഇത്തരം കേസുകളിലെ പൊതുബോധത്തെയാണ് സിനിമ അവിടെ ഉപയോഗപ്പെടുത്തുന്നത്.
'ബിഗ് ബി'യിൽ മേരി ടീച്ചറുടെ മരണ ശേഷം ഒറ്റപ്പെടുന്ന മക്കളെ ഒരു രക്ഷകന്റെ സ്ഥാനത്ത് നിന്ന് കൊണ്ട് സംരക്ഷിക്കുന്ന ബിലാലിന്റെ മറ്റൊരു പതിപ്പ് തന്നെയാണ് മൈക്കിളും. ഭീഷ്മരുടെ റഫറൻസിൽ മൈക്കിൾ എന്ന കഥാപാത്രം നിർമ്മിക്കപ്പെട്ടപ്പോൾ മഹാഭാരതത്തിലെ പാണ്ഡവ-കൗരവരെ പോലെ അഞ്ഞൂറ്റി കുടുംബത്തിനുള്ളിൽ തന്നെ രണ്ടു വിഭാഗത്തെ വാർത്തെടുത്തു എന്ന് മാത്രം.

പുരാണ കഥാപാത്രങ്ങളുടെ സ്വാധീനം ഉണ്ടെങ്കിലും അതിലെ പോസിറ്റിവ്-നെഗറ്റിവ് ഷെയ്ഡുകളെയൊന്നും പരിഗണിക്കാതെ തന്റെ സിനിമയിലെ കഥാപാത്രങ്ങൾക്ക് അനുയോജ്യമായ പരിവേഷം നൽകുകയാണ് അമൽ നീരദ്-ദേവദത്ത് ഷാജി ടീം ചെയ്തത്. ഉദാഹരണത്തിന് കുരുക്ഷേത്ര യുദ്ധത്തിൽ കൗരവർക്കൊപ്പം നിലകൊണ്ട ഭീഷ്മരെ സിനിമയിൽ പാണ്ഡവ പക്ഷത്താണ് നില കൊള്ളിക്കുന്നത്. പാണ്ഡവ പക്ഷത്തെ അഭിമന്യുവിന്റെ സ്വാധീനമുള്ള സുദേവിന്റെ രാജനെയാകട്ടെ സിനിമയിലെ കൗരവ പക്ഷത്തും.
ഗർഭസ്ഥ ശിശുവായിരിക്കെ കേട്ട യുദ്ധതന്ത്രങ്ങളാണ് കുരുക്ഷേത്ര യുദ്ധത്തിൽ അഭിമന്യു പരീക്ഷിച്ചത്. ചക്രവ്യൂഹത്തിനുള്ളിൽ ഒറ്റപ്പെടുത്തി യുദ്ധമര്യാദകളെ പരിഗണിക്കാതെയാണ് അഭിമന്യുവിനെ കൊല്ലുന്നത്. അപ്പോഴും അഭിമന്യു വീരനായി തന്നെയാണ് വാഴ്ത്തപ്പെട്ടത്. എന്നാൽ അഭിമന്യുവിന്റെ ഈ ഹീറോ പരിവേഷത്തെ പാടെ മായ്ച്ചു കളഞ്ഞു കൊണ്ടാണ് അമൽ നീരദും ദേവദത്ത് ഷാജിയും കൂടി സുദേവിന്റെ രാജൻ എന്ന വില്ലൻ കഥാപാത്രത്തിലേക്ക് അഭിമന്യുവിനെ മാറ്റി പ്രതിഷ്ഠിക്കുന്നത്.
മാറ്റമില്ലാതെ വന്നു പോയ കഥാപാത്രങ്ങളുമുണ്ട് കൂട്ടത്തിൽ. ശകുനിയുടെ കഥാപാത്രമാണ് ദിലീഷ് പോത്തന്റെ ജെയിംസ്, ദുര്യോധനൻ ആണ് ഷൈൻ ടോം ചാക്കോയുടെ പീറ്റർ, ദുശ്ശാസനൻ ആണ് സഹോദരൻ പോൾ, കറുത്ത കണ്ണട വച്ച് നടക്കുകയും പുത്രസ്നേഹം നിരന്തരം പ്രകടിപ്പിക്കുകയും ചെയ്യുന്ന ഗാന്ധാരിയാണ് മോളി, അഞ്ഞൂറ്റിയിലെ കുടുംബത്തിന് പുറത്ത് പോയി താമസിക്കുന്ന ഫാത്തിമയും മക്കളും വനവാസ കാലത്തെ കുന്തിയും മക്കളുമാണ്. അങ്ങിനെ പറഞ്ഞു പോകാനെങ്കിൽ ഏറെ മഹാഭാരത റഫറൻസുകൾ ഉണ്ട് ഭീഷ്മപർവ്വത്തിൽ.
'ബിഗ് ബി'യിൽ സായിപ്പ് ടോണിയെ തീർക്കുന്ന സീനൊക്കെ ഏതാണ്ട് അതേ പോലെ തന്നെ 'ഭീഷ്മപർവ്വ'ത്തിൽ ആവർത്തിച്ചത് ഒരു കല്ല് കടിയായി തോന്നിയെങ്കിലും ഒരു അമൽ നീരദ് പടത്തിൽ നിന്ന് കിട്ടുന്ന സംതൃപ്തിയിൽ അതെല്ലാം മറക്കാനാകുന്നുണ്ട്.
എഴുപതാം വയസ്സിലും മൈക്കിൾ എന്ന കഥാപാത്രത്തെ എല്ലാ തലത്തിലും ജീവസ്സുറ്റതാക്കി മാറ്റാൻ മമ്മുക്കക്ക് സാധിച്ചിട്ടുണ്ട്. മമ്മുക്കയുടെ പ്രായം കൂടി കണക്കിലെടുത്തു കൊണ്ടുള്ള കഥാപാത്രം എന്ന നിലക്ക് കൂടി ശ്രദ്ധേയമായി മൈക്കിൾ.
ഷൈൻ ടോം ചാക്കോയും ഫർഹാനും ശ്രീനാഥ്‌ ഭാസിയും സുദേവുമൊക്കെ ഗംഭീരമായി തന്നെ പകർന്നാടി. മട്ടാഞ്ചേരിയൻ കഥാപാത്രങ്ങളിൽ മികച്ചു നിൽക്കാൻ സൗബിന് പ്രത്യേക വാസനയാണ് എന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നു ഭീഷ്മപർവ്വത്തിലെ അജാസായുള്ള പ്രകടനം.

വാർദ്ധക്യത്തിന്റെ അവശതയിലും മനസ്സ് നിറച്ചും പകയോട് കൂടി ജീവിക്കുന്ന ഇരവിപ്പിള്ള- കാർത്ത്യായനിയമ്മ കഥാപാത്ര ജോഡികളെ പൂർണ്ണ മികവോടെ നെടുമുടിയും KPAC ലളിതയും ഗംഭീരമാക്കി കാണുമ്പോൾ മലയാള സിനിമയുടെ തീരാ നഷ്ടങ്ങളുടെ ആഴം എത്രയെന്ന് ഒന്ന് കൂടി ഓർത്തു പോകുന്നു.
എൺപതുകളുടെ കഥാപശ്ചാത്തലത്തിന് അനുസരിച്ചുള്ള ആർട് വർക്കുകളും വസ്ത്രാലങ്കാരവുമൊക്കെ ഭീഷ്മപർവ്വത്തിലെ എടുത്ത് പറയേണ്ട മികവുകളാണ്. അതോടൊപ്പം ആനന്ദ് സി ചന്ദ്രന്റെ ഛായാഗ്രഹണം, വിവേക് ഹർഷന്റെ എഡിറ്റിങ്, സുഷിന്റെ പശ്ചാത്തല സംഗീതമൊക്കെ കൂടി ചേരുമ്പോൾ ആണ് 'ഭീഷ്മപർവ്വം' എന്നത് വെറും ഒരു അമൽ നീരദ് പടം മാത്രമായി ഒതുങ്ങാതെ പോകുന്നത്.

ആകെ മൊത്തം ടോട്ടൽ = ഒരു അമൽ നീരദ് പടത്തിൽ നിന്ന് എന്ത് പ്രതീക്ഷിച്ചോ അത് കിട്ടുന്നു എന്നതിനൊപ്പം സമീപ കാല മമ്മൂട്ടി സിനിമകളിൽ നിന്ന് മാറി മമ്മുട്ടിയെന്ന താരത്തെ വീണ്ടും ആഘോഷിക്കാൻ അവസരം ഒരുക്കിയ സിനിമ കൂടിയാകുന്നു ഭീഷ്മപർവ്വം.

*വിധി മാർക്ക് = 8/10
-pravin-

No comments:

Post a Comment