Thursday, March 31, 2022

ഒരു തീ തന്നെയാണ് 'ഒരുത്തീ' !!




അക്കു അക്ബറിന്റെ 'വെറുതേ ഒരു ഭാര്യ'യിലെ ടൈറ്റിൽ സോങ്ങിൽ ബിന്ദുവിന്റെ ഒരു ദിവസത്തെ അടയാളപ്പെടുത്തുന്നത് കാണാം. ഒരു ശരാശരി വീട്ടമ്മയുടെ ഒരു ദിവസത്തെ ജോലികളിലൂടെയാണ് ബിന്ദു എന്ന വീട്ടമ്മ കഥാപാത്രത്തെ ആ സിനിമയിൽ പരിചയപ്പെടുത്തുന്നത്. ബിന്ദുവിനെ ഒരു ശക്തമായ സ്ത്രീ കഥാപാത്രമെന്ന് പലരും അഭിപ്രായപ്പെട്ടെങ്കിലും അതിനോട് ഇന്നും യോജിക്കാൻ തോന്നിയിട്ടില്ല.

'വെറുതെ ഒരു ഭാര്യ' എന്ന സിനിമാപ്പേരിനോട് നീതി പുലർത്തും വിധം വെറുതേ ആ കഥാപാത്രത്തെ അവതരിപ്പിക്കുകയാണുണ്ടായത്. വെറുതെയല്ല ഭാര്യ എന്ന തിരുത്തലുകളോടെ സിനിമ അവസാനിക്കുമ്പോൾ പോലും ബിന്ദുവിനോ ബിന്ദുവിന്റെ ജീവിതത്തിനോ ഏതെങ്കിലും തരത്തിലുള്ള മാറ്റം സംഭവിച്ചെന്ന് അനുഭവപ്പെടാതെ പോകുകയാണുണ്ടായത്.

കാലങ്ങൾക്കിപ്പുറം 'ഒരുത്തീ'യിലെ രാധാമണിയെന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുമ്പോഴും ഒരു സാധാരണക്കാരി വീട്ടമ്മയുടെ ഓട്ടപ്പാച്ചിലുകൾ കാണാം. പക്ഷേ അത് വെറുതേ ഒരു സ്ത്രീയുടെ ജീവിതത്തിലെ ഓട്ട പാച്ചിലുകൾ മാത്രമായി കാണിക്കാതെ രാധാമണി എന്ന കഥാപാത്രത്തിന് വ്യക്തിത്വം നൽകാനും അതിലുപരി ആ കഥാപാത്രത്തിന്റെ സാമൂഹിക- നീതി-ബോധങ്ങളെ ഗാംഭീര്യത്തോടെ അവതരിപ്പിക്കാനും സാധിച്ചിടത്താണ് രാധാമണി ഒരു തീയായി അനുഭവപ്പെടുന്നത്. അവിടെ തന്നെയാണ് 'ഒരുത്തീ' ഒരു നല്ല സിനിമയുമാകുന്നത്.
രാധാമണിയുടെ തൊഴിലിടവും കുടുംബവും സൗഹൃദങ്ങളുമൊക്കെ ഓരോ സീനുകളിലൂടെ വേണ്ട വിധം വിശദമായി പറഞ്ഞു തരുന്നതിൽ സ്വാഭാവികമായ ഒരു ഒഴുക്കുണ്ടായിരുന്നു. ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി മൂന്നു ദിവസങ്ങളിലായി നടക്കുന്ന സംഭവ വികാസങ്ങളെ കൂട്ടിയിണക്കി കൊണ്ട് പിരിമുറുക്കമുള്ള ഒരു തിരക്കഥയുണ്ടാക്കാൻ എസ്‌. സുരേഷ് ബാബുവിന് സാധിച്ചിട്ടുണ്ട്.
ഒറ്റ നോട്ടത്തിൽ ഒരു സ്ത്രീയുടെ ജീവിതവുമായി മാത്രം ബന്ധപ്പെട്ടു കിടക്കുന്ന സിനിമ എന്ന് തോന്നാമെങ്കിലും ഈ സിനിമയുടെ കഥാപശ്ചാത്തലത്തിൽ വിൽപ്പനക്ക് വെക്കുന്ന ജനാധിപത്യവും ചർച്ച ചെയ്യപ്പെടുന്നത് കാണാം.
കർണ്ണാടകയിൽ ബിജെപിയുടെ അധികാരത്തിലേറൽ നടക്കുന്ന അതേ നിർണ്ണായക ദിവസങ്ങളിൽ തന്നെയാണ് രാധാമണിയുടെ ജീവിതത്തിലും അവിചാരിതമായ പലതും സംഭവിക്കുന്നത്. ഒരു ഭാഗത്ത് പണവും അധികാരവുമുള്ളവർ അരങ്ങു വാഴുമ്പോൾ മറു ഭാഗത്ത് അതൊന്നുമില്ലാത്തവർക്ക് നീതി നിഷേധിക്കപ്പെടുന്ന വിചിത്രമായ ജനാധിപത്യ വ്യവസ്ഥയെ തുറന്ന് കാണിക്കുന്നുണ്ട് 'ഒരുത്തീ'.

നവ്യാനായരുടെ രാധാമണി കേന്ദ്ര കഥാപാത്രമായി നിറഞ്ഞു നിൽക്കുമ്പോഴും കരിയറിലെ വേറിട്ട വേഷം കൊണ്ടും പ്രകടനം കൊണ്ടും വിനായകന്റെ സബ് ഇൻസ്പെക്ട്ടർ ആന്റണിയും കൈയ്യടി നേടുന്നു. മലയാള സിനിമയിൽ പൊതുവേ കണ്ടു ശീലിച്ച പോലീസ് കഥാപാത്രങ്ങളെയെല്ലാം മറി കടന്നു കൊണ്ട് ഒരാൾക്കും പിടി തരാതെ പെരുമാറുന്ന എസ്. ഐ ആന്റണിയെ വിനായകൻ മനോഹരമാക്കി എന്ന് തന്നെ പറയാം.
ഭാര്യയോട് നീ ബേക്കൽ കോട്ട കണ്ടിട്ടുണ്ടോ.. ഇല്ലെങ്കിൽ കാണാൻ റെഡി ആയിക്കോ എന്നും പറഞ്ഞു വീട്ടിൽ നിന്നും മഴയത്തേക്ക് ഇറങ്ങി നടന്ന് ബൈക്കുമെടുത്തു പോലീസ് സ്റ്റേഷനിലേക്ക് പോകുന്ന എസ്.ഐ ആന്റണിയെ മറക്കാനാകാത്ത വിധം ചിത്രീകരിച്ചിട്ടുണ്ട് വി.കെ.പി.
മാനസിക സംഘർഷങ്ങളും നിസ്സഹായതയും പോരാട്ടവും നിറഞ്ഞു നിൽക്കുന്ന രാധാമണി എന്ന കഥാപാത്രത്തെ രൂപ ഭാവങ്ങൾ കൊണ്ടും ഡയലോഗ് ഡെലിവറിയിലെ കൃത്യത കൊണ്ടുമൊക്കെ ഗംഭീരമാക്കി നവ്യാ നായർ. തിരിച്ചു വരവിൽ കിട്ടിയ മികച്ച കഥാപാത്രം എന്നതിനൊപ്പം കരിയറിലെ തന്നെ ഒരു മികച്ച വേഷമായി വിലയിരുത്താം രാധാമണിയെ. ബാലാമണിയിൽ നിന്നും രാധാമണിയിലേക്ക് എത്തുമ്പോൾ നവ്യയുടെ ഗ്രാഫ് ഉയരുന്നതേയുള്ളൂ.
രാധാമണിയുടെ ജീവിതത്തെ അതേ പടി പകർത്തിയെടുക്കുന്ന പോലെയുള്ള ഛായാഗ്രഹണത്തിന് ജിംഷി ഖാലിദ് അഭിനന്ദനം അർഹിക്കുന്നു.
കള്ളന് പിന്നാലെയുള്ള രാധാമണിയുടെ ചെയ്‌സിങ് സീനുകൾ കൊള്ളാമായിരുന്നെങ്കിലും ആ സീനിന്റെ ദൈർഘ്യം ഒരു കല്ല് കടിയായി എന്ന് പറയാതെ വയ്യ. അത് വരെയുണ്ടായിരുന്ന പല സീനുകളിലും ഡീറ്റൈലിങ്ങിന് പ്രാധാന്യമുണ്ടായിരുന്നെങ്കിലും പ്രസ്തുത സീൻ എന്തിനോ വേണ്ടി വലിച്ചു നീട്ടിയ പോലെ തോന്നി. ആ ഒരു പോരായ്മ ഒഴിച്ചു നിർത്തിയാൽ വികെ പ്രകാശിന്റെ 'ഒരുത്തീ' എല്ലാ തലത്തിലും മികച്ചു നിൽക്കുന്നുണ്ട്.

ആകെ മൊത്തം ടോട്ടൽ = ഈ അടുത്ത് മലയാളത്തിൽ കണ്ടതിൽ ഇഷ്ടപ്പെട്ട ഒരു സ്ത്രീ കേന്ദ്രീകൃത സിനിമ.

*വിധി മാർക്ക് = 7.5/10

-pravin-

Saturday, March 26, 2022

കുറ്റാന്വേഷണ സിനിമകളുടെ സ്ഥിരം സമവാക്യങ്ങളെ തിരുത്തുന്ന 'സല്യൂട്ട് ' !!


ഒരു പോലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ കെട്ടു മട്ടു ഭാവങ്ങൾ പോസ്റ്ററുകളിലും ട്രെയ്‌ലറിലും നിറഞ്ഞു നിന്നത് കൊണ്ട് തന്നെ മുൻവിധികളോടെ തന്നെയാണ് സിനിമ കണ്ടു തുടങ്ങിയത്. എന്നാൽ കണ്ടു ശീലിച്ച പോലീസ് കുറ്റാന്വേഷണ സിനിമകളിൽ നിന്ന് മാറി തീർത്തും മന്ദഗതിയിലുള്ള തുടക്കവും അവതരണവുമായിരുന്നു സല്യൂട്ടിന്റേത്.

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദുൽഖറിന്റെ പോലീസ് വേഷത്തിലുള്ള ഒരു നല്ല എൻട്രി പോലും കാണാതെ പോയപ്പോൾ സിനിമയുടെ ജോണർ പോലും മാറിപ്പോയെന്ന് സംശയിച്ചു. എന്നാൽ സ്ലോ പേസിലാണെങ്കിലും മുന്നോട്ട് പോകും തോറും സിനിമയുടെ കഥാഗതികളിൽ സങ്കീർണ്ണത അനുഭവപ്പെടാൻ തുടങ്ങി.
ഒരു കൊലപാതക കേസിന്റെ അന്വേഷണമല്ല, മറിച്ച് കൊലപാതക കേസുമായി ബന്ധപ്പെട്ട് പോലീസ് കഥാപാത്രങ്ങൾക്ക് അനുഭവിക്കേണ്ടി വരുന്ന സമ്മർദ്ദങ്ങളും അത് മൂലം കേസ് അന്വേഷണത്തിൽ അവർക്ക് നടത്തേണ്ടി വരുന്ന കൃത്രിമത്വങ്ങളും വിട്ടു വീഴ്ചകളുമൊക്കെ കൂടെ സൃഷ്ടിച്ചെടുക്കുന്ന ചില അനിശ്ചിതത്വങ്ങളാണ് 'സല്യൂട്ടി'ന്റെ കഥയെ മുന്നോട്ട് കൊണ്ട് പോകുന്നത്.

ഒരേ ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്ന ജ്യേഷ്ഠാനുജന്മാർക്കിടയിൽ ഈ കേസ് അന്വേഷണം ഉണ്ടാക്കുന്ന ഔദ്യോഗികപരമായ അഭിപ്രായ വ്യത്യാസങ്ങൾ അവരെ വ്യക്തിപരമായ അകൽച്ചകളിലേക്ക് കൊണ്ട് ചെന്നെത്തിക്കുന്നതൊക്കെ നന്നായി തന്നെ വർക് ഔട്ട് ആയിട്ടുണ്ട് സിനിമയിൽ.
ഏറെ കാലത്തിന് ശേഷം മനോജ് കെ ജയന്റെ ഒരു മികച്ച പ്രകടനത്തിന് കൂടി അവസരമൊരുക്കി കൊടുത്തു സല്യൂട്ട് സിനിമയിലെ DYSP അജിത് കരുണാകരൻ എന്ന കഥാപാത്രം. ഒരർത്ഥത്തിൽ ദുൽഖറിന്റെ നായകൻ വേഷത്തെക്കാൾ പ്രകടന സാധ്യതകൾ ഉണ്ടായതും മനോജ് കെ ജയന്റെ കഥാപാത്രത്തിന് തന്നെ എന്ന് പറയാം.
ഒരു ഭാഗത്ത് അനിയനോടുള്ള സ്നേഹം ഒതുക്കി വക്കുന്ന ചേട്ടനായും മറു ഭാഗത്ത് അതേ അനിയനോട് ഔദ്യോഗികമായുണ്ടായ വെറുപ്പ് പരസ്യമായി തന്നെ പ്രകടിപ്പിക്കുന്ന DYSP ആയും മനോജ് കെ ജയൻ നിറഞ്ഞാടി 'സല്യൂട്ടി'ൽ.
ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ലേബൽ ഉള്ളപ്പോഴും പലയിടങ്ങളിലും ഒരു ഇമോഷണൽ ഡ്രാമയുടെ മൂഡിലേക്കും മാറി മറയുന്നുണ്ട് സിനിമ.
കണ്ടു പരിചയിച്ച പോലീസ് കുറ്റാന്വേഷകന്റെ മുഖ ഭാവങ്ങളിൽ നിന്ന് മാറി തീർത്തും നിസ്സഹായനും നിരാശനുമായ ഒരു അന്വേഷണ ഉദ്യോഗസ്ഥനെ കാണാം ദുൽഖറിന്റെ എസ്.ഐ അരവിന്ദ് കരുണാകരനിൽ. ഒരു പോലീസ് നായക കഥാപാത്രത്തെ അങ്ങിനെ ഒരു രൂപ ഭാവത്തിൽ കാണാൻ ആഗ്രഹിക്കാത്തവരാണെങ്കിൽ അവർക്ക് നിരാശപ്പെടാൻ ഒരുപാടുണ്ട് 'സല്യൂട്ടി'ൽ.
ഭൂരിപക്ഷ പ്രേക്ഷകരുടെയും പ്രതീക്ഷക്കനുസരിച്ച ഒരു പോലീസ് വേഷമായിരുന്നില്ല ദുൽഖറിന്റേത് എന്നതിനൊപ്പം തന്നെ സ്ഥിരം കുറ്റാന്വേഷണ സിനിമകളിൽ നിന്നൊക്കെ വിപരീതമായി പറഞ്ഞവസാനിപ്പിക്കുന്ന ക്ലൈമാക്സ് കൂടിയാകുമ്പോൾ പലർക്കും 'സല്യൂട്ടി'നെ ഉൾക്കൊള്ളാൻ സാധിക്കാതെ പോയെന്നു വരാം.
ആകെ മൊത്തം ടോട്ടൽ = എന്തായാലും റോഷൻ ആൻഡ്രൂസ് - ബോബി സഞ്ജയ് ടീമിന്റെ ഏറ്റവും മികച്ച സിനിമയായി പരിഗണിക്കപ്പെട്ടില്ലെങ്കിലും ഒരിക്കലും മോശം സിനിമയായി വിലയിരുത്തപ്പെടേണ്ടതല്ല 'സല്യൂട്ട്' . കുറഞ്ഞ പക്ഷം പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ കഥ ഏറ്റവും നന്നായി അലിഞ്ഞു ചേർന്ന് കിടക്കുന്ന ഒരു സിനിമ എന്ന നിലക്കെങ്കിലും 'സല്യൂട്ട്' അംഗീകരിക്കപ്പെടേണ്ടതുണ്ട്.

*വിധി മാർക്ക് = 7.5/10

-pravin-

Friday, March 25, 2022

നീതിബോധമുള്ള രാഷ്ട്രീയ സിനിമാ നിർമ്മിതി !!


മലയാള സിനിമാ ചരിത്രമെടുത്തു പരിശോധിച്ചാൽ ഏതെങ്കിലും കക്ഷി രാഷ്ട്രീയത്തെ കൂട്ട് പിടിച്ചോ വിമർശിച്ചോ സംസാരിക്കുന്ന സിനിമകളെയാണ് പൊതുവെ രാഷ്ട്രീയ സിനിമകളായി വിലയിരുത്താറുള്ളത്. ആ നിലക്കല്ലാതെ സ്വാഭാവിക 'രാഷ്ട്രീയം' സംസാരിച്ച മലയാള സിനിമകളെ ഓർത്തെടുക്കാൻ പോലും സാധിക്കുന്നില്ല. ഇങ്ങിനെ ഒരു സാഹചര്യത്തിൽ തന്നെയാണ് 'പട' യെ മികച്ച രാഷ്ട്രീയ സിനിമയായി വിലയിരുത്തേണ്ടി വരുന്നത്.

1996 ലെ ആദിവാസി ഭൂനിയമ ഭേദഗതി ബില്ലിനെതിരെ നാൽവർ സംഘം നടത്തിയ വിപ്ലവകരമായ പോരാട്ടം പത്ര മാധ്യമങ്ങളിലൂടെ ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയെങ്കിലും ആ പോരാട്ടം എന്തിന് വേണ്ടിയായിരുന്നു എന്നത് സംബന്ധിച്ച് തുടർ ചർച്ചകളോ അവരുന്നയിച്ച കാര്യങ്ങൾക്ക് അനുകൂലമായ എന്തെങ്കിലും നടപടികളോ ഒരു സർക്കാരുകളുടെയും ഭാഗത്ത് നിന്നുമുണ്ടായില്ല എന്നതാണ് വസ്തുത.
യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി സിനിമകൾ നിർമ്മിക്കപ്പെടുമ്പോൾ വാണിജ്യപരമായ നേട്ടങ്ങൾക്ക് വേണ്ടി പല വിട്ടു വീഴ്ചകളും നടക്കാറുണ്ട്. എന്നാൽ 'പട' ആ കാര്യത്തിൽ ഒരു അപവാദമായി മാറുന്നത് വസ്തുതാപരമായ അതിലെ അവതരണവും കൈകാര്യം ചെയ്ത വിഷയത്തിലെ വ്യക്തതയും കൃത്യതയുമൊക്കെ കൊണ്ടാണ്.

1996 ൽ പാലക്കാട് കളക്ടറെ ബന്ദിയാക്കി കൊണ്ട് ആദിവാസികളുടെ അവകാശങ്ങൾക്ക് വേണ്ടി 'അയ്യങ്കാളിപ്പട'നടത്തിയ പോരാട്ടത്തിന്റെ ഒരു നേർ സാക്ഷ്യമെന്നോണം അതി ഗംഭീരമായി തന്നെയാണ് 'പട' ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്.
96 കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന കവലകളും, ചായപ്പീടികയും, ബസും, കാറും , കളക്ടറേറ്റ് പരിസരവുമൊക്കെ മനോഹരമായി പുനരാവിഷ്‌ക്കരിച്ചിരിക്കുന്നത് കാണാം സിനിമയിൽ.
ഒരു ഡോക്യൂമെന്ററി സിനിമയുടെ രൂപത്തിലേക്ക് മാറ്റാതെ, തീർത്തും റിയലിസ്റ്റിക്കായി, എന്നാൽ ഛായാഗ്രഹണവും പശ്ചാത്തല സംഗീതവുമടക്കമുള്ള അവശ്യ സിനിമാറ്റിക് ഘടകങ്ങളെ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തി കൊണ്ട് 'പട'യുടെ തിയേറ്റർ കാഴ്ചകളെ ഉദ്വേഗഭരിതമാക്കാൻ സംവിധായകനും കൂട്ടർക്കും സാധിച്ചു.
കാസ്റ്റിങ്ങിലെ സൂക്ഷ്മതയും ജോജു, വിനായകൻ, കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ, ടി ജി രവി, പ്രകാശ് രാജ്, കളക്ടറായി എത്തിയ അർജ്ജുൻ രാധാകൃഷ്ണൻ എന്നിവരുടെയൊക്കെ പ്രകടനങ്ങളും എടുത്തു പറയേണ്ട മികവാണ്.
1975 ൽ പേരിനെങ്കിലും നിലവിൽ വന്ന ആദിവാസി ഭൂ നിയമമാണ് 1996 ൽ കേരള നിയമസഭയിൽ ഒറ്റക്കെട്ടായി അട്ടിമറിക്കപ്പെട്ടത്.
നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ.. നിങ്ങളവരുടെ കറുത്ത കണ്ണുകൾ ചൂഴ്ന്നെടുക്കുന്നോ..നിങ്ങൾ ഞങ്ങളുടെ കുഴിമാടം കുളംതോണ്ടുന്നോ ? നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് എന്ന് എഴുതിയ സാക്ഷാൽ കടമ്മനിട്ട പോലും അന്ന് ഭരണകൂടത്തിന്റെ ഭാഗമായി മാറുകയായിരുന്നു.
ഗൗരിയമ്മക്കപ്പുറം മറ്റൊരു എതിർ ശബ്ദം പോലും അന്ന് നിയമസഭയിൽ ഉയരാതെ പോയി.
നിയമപ്രകാരം ഭൂമിക്ക് അവകാശമുണ്ടായിട്ടും സ്വന്തമായൊരു തുണ്ട് ഭൂമി പോലുമില്ലാത്തവരായി മാറിയ ആദിവാസികൾക്ക് വേണ്ടി സംസാരിക്കുന്നതിനേക്കാൾ വലിയ നീതിബോധം മറ്റെന്തുണ്ട് ?
അങ്ങിനെയൊരു നീതിക്ക് വേണ്ടി ശബ്ദമുയർത്തിയ അയ്യങ്കാളിപ്പടയോടും അതിന്റെ ഭാഗമായവരോടുമൊക്കെ ഭരണകൂടം ചെയ്തത അനീതിയെ കുറിച്ച് സിനിമയിലൂടെ തരുന്ന വിവരണങ്ങൾ മനസ്സിനെ അസ്വസ്ഥമാക്കുന്നുണ്ട്.

ആദിവാസി ഭൂനിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് നടന്ന പഴയ അയ്യങ്കാളിപ്പടയുടെ പോരാട്ടത്തെ 'പട'യിലൂടെ പുനരാവിഷ്‌ക്കരിച്ചതിലൂടെ സംവിധായകൻ നടത്തുന്ന ഓർമ്മപ്പെടുത്തലുകൾ കേരളം കണ്ടില്ലെന്ന് നടിക്കരുത്.
26 വർഷങ്ങൾക്ക് മുൻപ് നടന്ന പോരാട്ടത്തെ സിനിമയിലൂടെ ഓർമ്മപ്പെടുത്തുമ്പോഴും ആദിവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങൾക്ക് ഒരു മാറ്റവുമില്ലാതെ ഇന്നും അതേ പടി തുടരുകയാണ്.
ഈ പോരാട്ടം തുടരണം തുടരുക തന്നെ ചെയ്യുമെന്ന് പറഞ്ഞവസാനിപ്പിക്കുന്ന ഇങ്ങനൊരു സിനിമ കാണാതെ പോകുന്നത് പോലും അനീതിയാണ് എന്ന് പറയാം.

ആകെ മൊത്തം ടോട്ടൽ = മികച്ച ഒരു രാഷ്ട്രീയ സിനിമ.

*വിധി മാർക്ക് = 8.5/10
-pravin-

Tuesday, March 15, 2022

വർഗ്ഗീയവത്ക്കരിക്കേണ്ട സിനിമയല്ല മേപ്പടിയാൻ !!


'മേപ്പടിയാൻ' സിനിമ ഇറങ്ങിയ സമയത്ത് പലരിൽ നിന്നായി കേട്ട പ്രധാന പരാതി അതൊരു 'സംഘി സിനിമ'യാണ് എന്നായിരുന്നു. എന്താണ് 'സംഘി സിനിമ' കൊണ്ട് ഉദ്ദേശിക്കുന്നത് എന്നതുമായി വ്യക്തത കിട്ടാത്തത് കാരണം കൊണ്ടും സിനിമ കണ്ടിട്ടില്ലാത്തത് കൊണ്ടും അന്ന് പ്രതികരിക്കാൻ നിന്നില്ല. എന്നാൽ അതേ മുൻവിധികളോടെ തന്നെ 'മേപ്പടിയാൻ' കണ്ടിട്ടും ആ ഒരു പരാതിയിൽ കഴമ്പുള്ളതായി തോന്നിയില്ല എന്ന് മാത്രമല്ല സിനിമ നന്നായി ഇഷ്ടപ്പെടുകയും ചെയ്തു.

ഉണ്ണി മുകുന്ദന്റെ കരിയറിലെ ഇത് വരെ കണ്ടതിൽ ഏറ്റവും നല്ല കഥാപാത്രമായി വിലയിരുത്താം ജയകൃഷ്ണനെ. ആ കഥാപാത്രം അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ നമ്മളുടേത് കൂടിയായി മാറ്റുന്ന വിധം ഗംഭീരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഓരോ സീനുകളും. ഇന്ദ്രൻസ്, സൈജു കുറുപ്പ്, ഷാജോൺ എല്ലാവരും സൂപ്പർ.

ഏറെ ഇഷ്ടപ്പെട്ട മറ്റൊരു കാര്യം ചെങ്കോലിലെ പരമേശ്വരന് ശേഷം നല്ലൊരു കാരക്ടർ റോളിൽ ജോണിയെ കാണാനായതാണ്. അവസാന സീനുകളിലെ നായകൻറെ അയ്യപ്പ വേഷവും ശബരി മല കയറ്റവുമൊക്കെ സിനിമയുടെ പ്രമേയത്തിനോട് ചേർന്ന് നിൽക്കുന്ന ഒന്നായി തോന്നിയില്ല എന്നതൊഴിച്ചാൽ ഓവറാൾ പടം ഇഷ്ടപ്പെട്ടു.

ഇനി ഈ സിനിമയുമായി ബന്ധപ്പെട്ട പരാതികളോടുള്ള പ്രതികരണത്തിലേക്ക് വരാം. സേവാ ഭാരതിക്ക് നന്ദി പ്രകാശിപ്പിച്ചു എന്നതാണ് അതിൽ ഒന്ന്. സേവാ ഭാരതിയുടെ ആംബുലൻസ് സിനിമയിൽ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടാണ് ആ നന്ദി പ്രകാശനം എന്ന് സംവിധായകൻ തന്നെ വെളിപ്പെടുത്തുകയുണ്ടായി. സേവാ ഭാരതിയുടെ ആംബുലൻസ് ഏത് സാഹചര്യത്തിലാണ് ഉപയോഗിക്കേണ്ടി വന്നത് എന്നതിനും പുള്ളി മറുപടി പറയുന്നുണ്ട്.
സേവാ ഭാരതിയുടെ ആംബുലൻസ് സിനിമയുടെ ഒരു സീനിൽ കാണാം എന്നതൊഴിച്ചാൽ സിനിമയുടെ കഥയിൽ എവിടെയെങ്കിലും അതുമായി ബന്ധപ്പെട്ട വർണ്ണനകളോ റഫറൻസോ ഒന്നുമില്ല . ആംബുലൻസിന്റെ ആ പേര് കൊണ്ട് എങ്ങിനെയാണ് മേപ്പടിയാൻ സംഘി സിനിമയാകുന്നത് എന്നറിയില്ല. ഇനി ആ ലെവലിൽ നോക്കിയാൽ തന്നെ സേവാ ഭാരതിയുടെയും SDPI യുടേയുമൊക്കെ ആംബുലൻസുകൾ ഭാഗമായ മുൻകാല സിനിമകളെയൊക്കെയും സംഘി / സുഡാപ്പി സിനിമകളാക്കി വിലയിരുത്തേണ്ടി വരില്ലേ ?

അടുത്ത പരാതി സിനിമയിലെ നായകൻ നിസ്സഹായനായ ഹിന്ദുവും നെഗറ്റിവ് ഷെയ്ഡ് വരുന്ന കഥാപാത്രങ്ങൾ മുസ്‌ലിം -ക്രിസ്ത്യൻ മത വിഭാഗത്തിൽ പെട്ടവരുമാണ് എന്നായിരുന്നു. ഇന്ദ്രൻസിന്റെ ഹാജിയാർ കഥാപാത്രത്തെയും സൈജു കുറുപ്പിന്റെ വർക്കിയേയുമൊക്കെ ഏതെങ്കിലും ഒരു സമുദായത്തിനെ ആക്ഷേപിക്കും വിധം അവതരിപ്പിച്ചിരുന്നെങ്കിൽ വിമർശനത്തിൽ കഴമ്പുണ്ടാകുമായിരുന്നു. ഇവിടെ അങ്ങിനെ ഒരു പരാതി ഉന്നയിക്കാൻ തരത്തിൽ ഒരു സീനുമില്ല.
അയ്യപ്പൻറെ ഫോട്ടോ കാണിച്ചു കൊണ്ട് സിനിമ തുടങ്ങുന്നതും ക്ലൈമാക്സ് സീനിലെ ഉണ്ണി മുകുന്ദന്റെ അയ്യപ്പ വേഷവുമൊക്കെ സിനിമയിലെ സംഘിസവുമായി ബന്ധപ്പെട്ടതാണ് എന്ന വാദത്തിനൊക്കെ എന്ത് മറുപടി നൽകണം എന്ന് പോലും അറിയുന്നില്ല.
ഇനി അങ്ങിനെയൊക്കെ നോക്കിയാൽ ഈ സിനിമ ഹിന്ദു വിരുദ്ധമാണെന്നും വാദിക്കാം. കാരണം ഒരു മാസ് ബിൽഡ് അപ്പിന് വേണ്ടി ക്ലൈമാക്സ് സീനിൽ ശബരി മലക്ക് പോകാൻ മാലയിട്ട നായകനെ കൊണ്ടാണല്ലോ മുറുക്കി തുപ്പിക്കുന്നത്. പണ്ട് സ്വാമി വേഷവുമിട്ട് ഹാൻസ് വച്ച ഞങ്ങളുടെ നേതാവിനെ ട്രോളിയതാണോ എന്ന് ബിജെപിക്കാർക്ക് തോന്നിയാൽ അതും ഒരു പരാതിയായി എടുക്കേണ്ടി വരില്ലേ ?
ദേവാസുരം സിനിമയിൽ മംഗലശ്ശേരിയിലെ പറമ്പ് വാങ്ങാൻ വരുന്ന വീരാൻകുട്ടിയെ യോഗ്യതയില്ലായ്മയുടെ പേരിൽ ആട്ടി പറഞ്ഞയക്കുന്ന നീലകണ്ഠനു സമാനമായി ജയകൃഷ്ണൻ -ഹാജിയാർ സീനുകൾ ഉണ്ടായിരുന്നെങ്കിൽ വിമർശന വിധേയമാക്കേണ്ട ഒരു വിഷയമെങ്കിലും കിട്ടുമായിരുന്നു. ഇവിടെ ഹാജിയാർ എന്ന കൗശലക്കാരനായ കച്ചവടക്കാരനെയാണ് കാണിക്കുന്നത്. ജയകൃഷ്ണന്റെ നിസ്സഹായാവസ്ഥ നമുക്ക് അനുഭവപ്പെടുന്നത് കൊണ്ട് മാത്രമാണ് ഹാജിയാർക്ക് നെഗറ്റീവ് പരിവേഷം കൈവരുന്നത് പോലും.
ഹാജിയാർ സമുദായ വിരുദ്ധമായോ അല്ലെങ്കിൽ ഏതെങ്കിലും ഒരു സമുദായത്തിനെ ആക്ഷേപിക്കും വിധമോ പെരുമാറി കാണുന്നില്ല. അതോടൊപ്പം തന്നെ ജയകൃഷ്ണന്റെ സാഹചര്യത്തെ മുതലെടുക്കുന്ന ഒരു കഥാപാത്രത്തെയും മതപരമായി നിരീക്ഷിക്കേണ്ടി വരുന്ന അവസ്ഥയും സിനിമയിൽ കാണുന്നില്ല.

തന്റെ സിനിമകളിലെ കഥാപാത്രങ്ങളിലൂടെയും കഥാപാത്ര സംഭാഷണങ്ങളിലൂടെയും നിരന്തരം ജാതീയതയും സവർണ്ണ മേൽക്കോയ്മയുമൊക്കെ പ്രകടമാക്കി കൊണ്ടിരുന്നപ്പോഴാണ് പ്രിയദർശൻ രാഷ്ട്രീയപരമായി വിമർശിക്കപ്പെട്ടത്. അത് പോലെ ഒരു സാഹചര്യം ഉണ്ണി മുകുന്ദൻ സിനിമകളിൽ നാളെ ഉണ്ടായാൽ തീർച്ചയായും അയാളും വിമർശിക്കപ്പെടും. പക്ഷേ നിലവിൽ 'മേപ്പടിയാ'ന്റെ പേരിൽ ആ വിമർശനത്തിന് സാധ്യതയില്ല.
'മാലിക്കും', 'കുരുതി'യുമൊക്കെ പോലുള്ള സിനിമകൾ വ്യാജ പൊതുബോധ നിർമ്മിതികളിലൂടെയും വാസ്തവ വിരുദ്ധമായ അവതരണങ്ങളിലൂടെയും കേരളത്തിലെ സമകാലീന രാഷ്ട്രീയ സാമൂഹിക അന്തരീക്ഷത്തെ മലീമസമാക്കിയ കണക്ക് വച്ച് നോക്കുമ്പോൾ 'മേപ്പടിയാൻ' അങ്ങേയറ്റം നിരപരാധിയാണ് എന്ന് പറയേണ്ടി വരും .
എന്ത് തന്നെയായാലും കഥാപാത്രങ്ങളുടെ മത പശ്ചാത്തലം മാത്രം നോക്കി ഒരു സിനിമയെ മൊത്തമായി വിലയിരുത്തുന്ന പ്രവണതയോട് അങ്ങേയറ്റം എതിർപ്പ് രേഖപ്പെടുത്തുന്നു.

*വിധി മാർക്ക് = 7.5/10

-pravin-

Tuesday, March 8, 2022

അഞ്ഞൂറ്റി കുടുംബത്തിലെ അധികാര തർക്കങ്ങൾ !




മാഫിയാ കുടുംബവാഴ്ചയും അവരുടെ അധികാര കൈമാറ്റവും അനുബന്ധ തർക്കങ്ങളുമൊക്കെ പ്രമേയവത്ക്കരിക്കപ്പെടുന്ന ഏത് കാലത്തെ സിനിമകളിലും മഹാഭാരതവും ഗോഡ് ഫാദറും തന്നെയാണ് റഫറൻസ് .

ഇന്ത്യൻ സിനിമകളിൽ വിശിഷ്യാ ഹിന്ദി-തമിഴ്-തെലുഗ് സിനിമകളിൽ അത് ഏറ്റവും മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിയത് മണി രത്നം, രാം ഗോപാൽ വർമ്മ, അനുരാഗ് കശ്യപ് പോലുള്ള സംവിധായകരാണ്.

മലയാളത്തിലേക്ക് വന്നാൽ അത്തരം പ്രമേയങ്ങളുടെ മികച്ച സിനിമാവിഷ്ക്കാരം സാങ്കേതിക തികവോടെ സമ്മാനിക്കാൻ സാധിച്ചിട്ടുള്ളത് അമൽ നീരദിനാണ് എന്ന് പറയാം. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണം തന്നെയാണ് 'ഭീഷ്മപർവ്വം'.

കണ്ടു മറന്ന കഥകളും കഥാപാത്രങ്ങളും ഊഹിക്കാവുന്ന കഥാഗതികളുമൊക്കെ ഉണ്ടെന്നാലും ഒരേ കഥയോടുള്ള വേറിട്ട സമീപനങ്ങൾ കൊണ്ടും അതിന്റെ അവതരണം കൊണ്ടുമൊക്കെയാണ് 'ഭീഷ്മപർവ്വം' മികച്ച തിയേറ്റർ ആസ്വാദനം ഉറപ്പ് നൽകുന്നത്.

സ്ലോ പേസിലുള്ള കഥ പറച്ചിൽ ഇഷ്ടപ്പെടാത്തവർക്ക് പോലും സിനിമയുടെ കഥയിലേക്ക് ഇഴുകി ചേരാൻ പറ്റുന്ന വിധമാണ് ഓരോ സീനുകളും വന്നു പോകുന്നത് .

മട്ടാഞ്ചേരിയിലെ അഞ്ഞൂറ്റി കുടുംബത്തിന്റെ 'സർവ്വ സേനാധിപൻ' ആയി മൈക്കിൾ മാറുന്ന കഥയൊക്ക കഥാപാത്ര സംഭാഷണങ്ങളിൽ കൂടെ കേൾപ്പിച്ചു തരുക മാത്രമാണ് ചെയ്യുന്നതെങ്കിലും ആ സീനൊക്കെ മനസ്സിൽ അറിയാതെ കണ്ടു പോകും വിധമാണ് അമൽ നീരദ് എടുത്തിരിക്കുന്നത്.
നീതി നിഷേധിക്കപ്പെടുന്നവരുടെ പരാതി കേൾക്കാനിരിക്കുന്ന മൈക്കിളപ്പന്റെ ഇൻട്രോ സീനും കോണിപ്പടി ഇറങ്ങിയുള്ള ടിയാന്റെ സ്ലോമോഷനിലുള്ള വരവുമൊക്കെ ഇത്തരം സിനിമകളിലെ ക്ലിഷേ ആണെന്ന് പരാതിപ്പെടാമെങ്കിലും ആ സീനുകളോടൊന്നും മടുപ്പ് തോന്നാതെ പോകുന്നത് അമൽ നീരദിന്റെ മേയ്ക്കിങ് ശൈലി കൊണ്ടാണ്.
ജാതി വെറിയുടെ പേരിൽ കൊല്ലപ്പെട്ട കെവിന്റെ ഓർമ്മകളിൽ തുടങ്ങി ഒരു തുണ്ട് ഭൂമിക്ക് വേണ്ടി കത്തിയെരിഞ്ഞ അച്ഛനമ്മമാരുടെ ഓർമ്മകളിൽ നീറുന്ന രണ്ടു മക്കളുടെ നിസ്സഹായ മുഖങ്ങളിൽ പ്രതീക്ഷകൾ സമ്മാനിച്ച് കൊണ്ട് അവസാനിക്കുന്ന സിനിമയുടെ രാഷ്ട്രീയം ശ്രദ്ധേയമാണ്.
ആ ഓപ്പണിങ് സീനുകൾ തന്നെ നോക്കൂ നിയമം വഴി കിട്ടാതെ പോയ നീതി കോടതിക്ക് പുറത്ത് വച്ച് മൈക്കിളപ്പന്റെ ചിലവിൽ നടപ്പിലാക്കപ്പെടുന്നു. ഇത്തരം കേസുകളിലെ പൊതുബോധത്തെയാണ് സിനിമ അവിടെ ഉപയോഗപ്പെടുത്തുന്നത്.
'ബിഗ് ബി'യിൽ മേരി ടീച്ചറുടെ മരണ ശേഷം ഒറ്റപ്പെടുന്ന മക്കളെ ഒരു രക്ഷകന്റെ സ്ഥാനത്ത് നിന്ന് കൊണ്ട് സംരക്ഷിക്കുന്ന ബിലാലിന്റെ മറ്റൊരു പതിപ്പ് തന്നെയാണ് മൈക്കിളും. ഭീഷ്മരുടെ റഫറൻസിൽ മൈക്കിൾ എന്ന കഥാപാത്രം നിർമ്മിക്കപ്പെട്ടപ്പോൾ മഹാഭാരതത്തിലെ പാണ്ഡവ-കൗരവരെ പോലെ അഞ്ഞൂറ്റി കുടുംബത്തിനുള്ളിൽ തന്നെ രണ്ടു വിഭാഗത്തെ വാർത്തെടുത്തു എന്ന് മാത്രം.

പുരാണ കഥാപാത്രങ്ങളുടെ സ്വാധീനം ഉണ്ടെങ്കിലും അതിലെ പോസിറ്റിവ്-നെഗറ്റിവ് ഷെയ്ഡുകളെയൊന്നും പരിഗണിക്കാതെ തന്റെ സിനിമയിലെ കഥാപാത്രങ്ങൾക്ക് അനുയോജ്യമായ പരിവേഷം നൽകുകയാണ് അമൽ നീരദ്-ദേവദത്ത് ഷാജി ടീം ചെയ്തത്. ഉദാഹരണത്തിന് കുരുക്ഷേത്ര യുദ്ധത്തിൽ കൗരവർക്കൊപ്പം നിലകൊണ്ട ഭീഷ്മരെ സിനിമയിൽ പാണ്ഡവ പക്ഷത്താണ് നില കൊള്ളിക്കുന്നത്. പാണ്ഡവ പക്ഷത്തെ അഭിമന്യുവിന്റെ സ്വാധീനമുള്ള സുദേവിന്റെ രാജനെയാകട്ടെ സിനിമയിലെ കൗരവ പക്ഷത്തും.
ഗർഭസ്ഥ ശിശുവായിരിക്കെ കേട്ട യുദ്ധതന്ത്രങ്ങളാണ് കുരുക്ഷേത്ര യുദ്ധത്തിൽ അഭിമന്യു പരീക്ഷിച്ചത്. ചക്രവ്യൂഹത്തിനുള്ളിൽ ഒറ്റപ്പെടുത്തി യുദ്ധമര്യാദകളെ പരിഗണിക്കാതെയാണ് അഭിമന്യുവിനെ കൊല്ലുന്നത്. അപ്പോഴും അഭിമന്യു വീരനായി തന്നെയാണ് വാഴ്ത്തപ്പെട്ടത്. എന്നാൽ അഭിമന്യുവിന്റെ ഈ ഹീറോ പരിവേഷത്തെ പാടെ മായ്ച്ചു കളഞ്ഞു കൊണ്ടാണ് അമൽ നീരദും ദേവദത്ത് ഷാജിയും കൂടി സുദേവിന്റെ രാജൻ എന്ന വില്ലൻ കഥാപാത്രത്തിലേക്ക് അഭിമന്യുവിനെ മാറ്റി പ്രതിഷ്ഠിക്കുന്നത്.
മാറ്റമില്ലാതെ വന്നു പോയ കഥാപാത്രങ്ങളുമുണ്ട് കൂട്ടത്തിൽ. ശകുനിയുടെ കഥാപാത്രമാണ് ദിലീഷ് പോത്തന്റെ ജെയിംസ്, ദുര്യോധനൻ ആണ് ഷൈൻ ടോം ചാക്കോയുടെ പീറ്റർ, ദുശ്ശാസനൻ ആണ് സഹോദരൻ പോൾ, കറുത്ത കണ്ണട വച്ച് നടക്കുകയും പുത്രസ്നേഹം നിരന്തരം പ്രകടിപ്പിക്കുകയും ചെയ്യുന്ന ഗാന്ധാരിയാണ് മോളി, അഞ്ഞൂറ്റിയിലെ കുടുംബത്തിന് പുറത്ത് പോയി താമസിക്കുന്ന ഫാത്തിമയും മക്കളും വനവാസ കാലത്തെ കുന്തിയും മക്കളുമാണ്. അങ്ങിനെ പറഞ്ഞു പോകാനെങ്കിൽ ഏറെ മഹാഭാരത റഫറൻസുകൾ ഉണ്ട് ഭീഷ്മപർവ്വത്തിൽ.
'ബിഗ് ബി'യിൽ സായിപ്പ് ടോണിയെ തീർക്കുന്ന സീനൊക്കെ ഏതാണ്ട് അതേ പോലെ തന്നെ 'ഭീഷ്മപർവ്വ'ത്തിൽ ആവർത്തിച്ചത് ഒരു കല്ല് കടിയായി തോന്നിയെങ്കിലും ഒരു അമൽ നീരദ് പടത്തിൽ നിന്ന് കിട്ടുന്ന സംതൃപ്തിയിൽ അതെല്ലാം മറക്കാനാകുന്നുണ്ട്.
എഴുപതാം വയസ്സിലും മൈക്കിൾ എന്ന കഥാപാത്രത്തെ എല്ലാ തലത്തിലും ജീവസ്സുറ്റതാക്കി മാറ്റാൻ മമ്മുക്കക്ക് സാധിച്ചിട്ടുണ്ട്. മമ്മുക്കയുടെ പ്രായം കൂടി കണക്കിലെടുത്തു കൊണ്ടുള്ള കഥാപാത്രം എന്ന നിലക്ക് കൂടി ശ്രദ്ധേയമായി മൈക്കിൾ.
ഷൈൻ ടോം ചാക്കോയും ഫർഹാനും ശ്രീനാഥ്‌ ഭാസിയും സുദേവുമൊക്കെ ഗംഭീരമായി തന്നെ പകർന്നാടി. മട്ടാഞ്ചേരിയൻ കഥാപാത്രങ്ങളിൽ മികച്ചു നിൽക്കാൻ സൗബിന് പ്രത്യേക വാസനയാണ് എന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നു ഭീഷ്മപർവ്വത്തിലെ അജാസായുള്ള പ്രകടനം.

വാർദ്ധക്യത്തിന്റെ അവശതയിലും മനസ്സ് നിറച്ചും പകയോട് കൂടി ജീവിക്കുന്ന ഇരവിപ്പിള്ള- കാർത്ത്യായനിയമ്മ കഥാപാത്ര ജോഡികളെ പൂർണ്ണ മികവോടെ നെടുമുടിയും KPAC ലളിതയും ഗംഭീരമാക്കി കാണുമ്പോൾ മലയാള സിനിമയുടെ തീരാ നഷ്ടങ്ങളുടെ ആഴം എത്രയെന്ന് ഒന്ന് കൂടി ഓർത്തു പോകുന്നു.
എൺപതുകളുടെ കഥാപശ്ചാത്തലത്തിന് അനുസരിച്ചുള്ള ആർട് വർക്കുകളും വസ്ത്രാലങ്കാരവുമൊക്കെ ഭീഷ്മപർവ്വത്തിലെ എടുത്ത് പറയേണ്ട മികവുകളാണ്. അതോടൊപ്പം ആനന്ദ് സി ചന്ദ്രന്റെ ഛായാഗ്രഹണം, വിവേക് ഹർഷന്റെ എഡിറ്റിങ്, സുഷിന്റെ പശ്ചാത്തല സംഗീതമൊക്കെ കൂടി ചേരുമ്പോൾ ആണ് 'ഭീഷ്മപർവ്വം' എന്നത് വെറും ഒരു അമൽ നീരദ് പടം മാത്രമായി ഒതുങ്ങാതെ പോകുന്നത്.

ആകെ മൊത്തം ടോട്ടൽ = ഒരു അമൽ നീരദ് പടത്തിൽ നിന്ന് എന്ത് പ്രതീക്ഷിച്ചോ അത് കിട്ടുന്നു എന്നതിനൊപ്പം സമീപ കാല മമ്മൂട്ടി സിനിമകളിൽ നിന്ന് മാറി മമ്മുട്ടിയെന്ന താരത്തെ വീണ്ടും ആഘോഷിക്കാൻ അവസരം ഒരുക്കിയ സിനിമ കൂടിയാകുന്നു ഭീഷ്മപർവ്വം.

*വിധി മാർക്ക് = 8/10
-pravin-