Thursday, March 31, 2022

ഒരു തീ തന്നെയാണ് 'ഒരുത്തീ' !!




അക്കു അക്ബറിന്റെ 'വെറുതേ ഒരു ഭാര്യ'യിലെ ടൈറ്റിൽ സോങ്ങിൽ ബിന്ദുവിന്റെ ഒരു ദിവസത്തെ അടയാളപ്പെടുത്തുന്നത് കാണാം. ഒരു ശരാശരി വീട്ടമ്മയുടെ ഒരു ദിവസത്തെ ജോലികളിലൂടെയാണ് ബിന്ദു എന്ന വീട്ടമ്മ കഥാപാത്രത്തെ ആ സിനിമയിൽ പരിചയപ്പെടുത്തുന്നത്. ബിന്ദുവിനെ ഒരു ശക്തമായ സ്ത്രീ കഥാപാത്രമെന്ന് പലരും അഭിപ്രായപ്പെട്ടെങ്കിലും അതിനോട് ഇന്നും യോജിക്കാൻ തോന്നിയിട്ടില്ല.

'വെറുതെ ഒരു ഭാര്യ' എന്ന സിനിമാപ്പേരിനോട് നീതി പുലർത്തും വിധം വെറുതേ ആ കഥാപാത്രത്തെ അവതരിപ്പിക്കുകയാണുണ്ടായത്. വെറുതെയല്ല ഭാര്യ എന്ന തിരുത്തലുകളോടെ സിനിമ അവസാനിക്കുമ്പോൾ പോലും ബിന്ദുവിനോ ബിന്ദുവിന്റെ ജീവിതത്തിനോ ഏതെങ്കിലും തരത്തിലുള്ള മാറ്റം സംഭവിച്ചെന്ന് അനുഭവപ്പെടാതെ പോകുകയാണുണ്ടായത്.

കാലങ്ങൾക്കിപ്പുറം 'ഒരുത്തീ'യിലെ രാധാമണിയെന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുമ്പോഴും ഒരു സാധാരണക്കാരി വീട്ടമ്മയുടെ ഓട്ടപ്പാച്ചിലുകൾ കാണാം. പക്ഷേ അത് വെറുതേ ഒരു സ്ത്രീയുടെ ജീവിതത്തിലെ ഓട്ട പാച്ചിലുകൾ മാത്രമായി കാണിക്കാതെ രാധാമണി എന്ന കഥാപാത്രത്തിന് വ്യക്തിത്വം നൽകാനും അതിലുപരി ആ കഥാപാത്രത്തിന്റെ സാമൂഹിക- നീതി-ബോധങ്ങളെ ഗാംഭീര്യത്തോടെ അവതരിപ്പിക്കാനും സാധിച്ചിടത്താണ് രാധാമണി ഒരു തീയായി അനുഭവപ്പെടുന്നത്. അവിടെ തന്നെയാണ് 'ഒരുത്തീ' ഒരു നല്ല സിനിമയുമാകുന്നത്.
രാധാമണിയുടെ തൊഴിലിടവും കുടുംബവും സൗഹൃദങ്ങളുമൊക്കെ ഓരോ സീനുകളിലൂടെ വേണ്ട വിധം വിശദമായി പറഞ്ഞു തരുന്നതിൽ സ്വാഭാവികമായ ഒരു ഒഴുക്കുണ്ടായിരുന്നു. ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി മൂന്നു ദിവസങ്ങളിലായി നടക്കുന്ന സംഭവ വികാസങ്ങളെ കൂട്ടിയിണക്കി കൊണ്ട് പിരിമുറുക്കമുള്ള ഒരു തിരക്കഥയുണ്ടാക്കാൻ എസ്‌. സുരേഷ് ബാബുവിന് സാധിച്ചിട്ടുണ്ട്.
ഒറ്റ നോട്ടത്തിൽ ഒരു സ്ത്രീയുടെ ജീവിതവുമായി മാത്രം ബന്ധപ്പെട്ടു കിടക്കുന്ന സിനിമ എന്ന് തോന്നാമെങ്കിലും ഈ സിനിമയുടെ കഥാപശ്ചാത്തലത്തിൽ വിൽപ്പനക്ക് വെക്കുന്ന ജനാധിപത്യവും ചർച്ച ചെയ്യപ്പെടുന്നത് കാണാം.
കർണ്ണാടകയിൽ ബിജെപിയുടെ അധികാരത്തിലേറൽ നടക്കുന്ന അതേ നിർണ്ണായക ദിവസങ്ങളിൽ തന്നെയാണ് രാധാമണിയുടെ ജീവിതത്തിലും അവിചാരിതമായ പലതും സംഭവിക്കുന്നത്. ഒരു ഭാഗത്ത് പണവും അധികാരവുമുള്ളവർ അരങ്ങു വാഴുമ്പോൾ മറു ഭാഗത്ത് അതൊന്നുമില്ലാത്തവർക്ക് നീതി നിഷേധിക്കപ്പെടുന്ന വിചിത്രമായ ജനാധിപത്യ വ്യവസ്ഥയെ തുറന്ന് കാണിക്കുന്നുണ്ട് 'ഒരുത്തീ'.

നവ്യാനായരുടെ രാധാമണി കേന്ദ്ര കഥാപാത്രമായി നിറഞ്ഞു നിൽക്കുമ്പോഴും കരിയറിലെ വേറിട്ട വേഷം കൊണ്ടും പ്രകടനം കൊണ്ടും വിനായകന്റെ സബ് ഇൻസ്പെക്ട്ടർ ആന്റണിയും കൈയ്യടി നേടുന്നു. മലയാള സിനിമയിൽ പൊതുവേ കണ്ടു ശീലിച്ച പോലീസ് കഥാപാത്രങ്ങളെയെല്ലാം മറി കടന്നു കൊണ്ട് ഒരാൾക്കും പിടി തരാതെ പെരുമാറുന്ന എസ്. ഐ ആന്റണിയെ വിനായകൻ മനോഹരമാക്കി എന്ന് തന്നെ പറയാം.
ഭാര്യയോട് നീ ബേക്കൽ കോട്ട കണ്ടിട്ടുണ്ടോ.. ഇല്ലെങ്കിൽ കാണാൻ റെഡി ആയിക്കോ എന്നും പറഞ്ഞു വീട്ടിൽ നിന്നും മഴയത്തേക്ക് ഇറങ്ങി നടന്ന് ബൈക്കുമെടുത്തു പോലീസ് സ്റ്റേഷനിലേക്ക് പോകുന്ന എസ്.ഐ ആന്റണിയെ മറക്കാനാകാത്ത വിധം ചിത്രീകരിച്ചിട്ടുണ്ട് വി.കെ.പി.
മാനസിക സംഘർഷങ്ങളും നിസ്സഹായതയും പോരാട്ടവും നിറഞ്ഞു നിൽക്കുന്ന രാധാമണി എന്ന കഥാപാത്രത്തെ രൂപ ഭാവങ്ങൾ കൊണ്ടും ഡയലോഗ് ഡെലിവറിയിലെ കൃത്യത കൊണ്ടുമൊക്കെ ഗംഭീരമാക്കി നവ്യാ നായർ. തിരിച്ചു വരവിൽ കിട്ടിയ മികച്ച കഥാപാത്രം എന്നതിനൊപ്പം കരിയറിലെ തന്നെ ഒരു മികച്ച വേഷമായി വിലയിരുത്താം രാധാമണിയെ. ബാലാമണിയിൽ നിന്നും രാധാമണിയിലേക്ക് എത്തുമ്പോൾ നവ്യയുടെ ഗ്രാഫ് ഉയരുന്നതേയുള്ളൂ.
രാധാമണിയുടെ ജീവിതത്തെ അതേ പടി പകർത്തിയെടുക്കുന്ന പോലെയുള്ള ഛായാഗ്രഹണത്തിന് ജിംഷി ഖാലിദ് അഭിനന്ദനം അർഹിക്കുന്നു.
കള്ളന് പിന്നാലെയുള്ള രാധാമണിയുടെ ചെയ്‌സിങ് സീനുകൾ കൊള്ളാമായിരുന്നെങ്കിലും ആ സീനിന്റെ ദൈർഘ്യം ഒരു കല്ല് കടിയായി എന്ന് പറയാതെ വയ്യ. അത് വരെയുണ്ടായിരുന്ന പല സീനുകളിലും ഡീറ്റൈലിങ്ങിന് പ്രാധാന്യമുണ്ടായിരുന്നെങ്കിലും പ്രസ്തുത സീൻ എന്തിനോ വേണ്ടി വലിച്ചു നീട്ടിയ പോലെ തോന്നി. ആ ഒരു പോരായ്മ ഒഴിച്ചു നിർത്തിയാൽ വികെ പ്രകാശിന്റെ 'ഒരുത്തീ' എല്ലാ തലത്തിലും മികച്ചു നിൽക്കുന്നുണ്ട്.

ആകെ മൊത്തം ടോട്ടൽ = ഈ അടുത്ത് മലയാളത്തിൽ കണ്ടതിൽ ഇഷ്ടപ്പെട്ട ഒരു സ്ത്രീ കേന്ദ്രീകൃത സിനിമ.

*വിധി മാർക്ക് = 7.5/10

-pravin-

No comments:

Post a Comment