'നമ്പി നാരായണൻ' എന്ന മനുഷ്യന്റെ ഔദ്യോഗികവും വ്യക്തിപരവുമായ ജീവിതത്തിന് നൽകുന്ന ആദരവും ബഹുമാനവും സമർപ്പണവുമാണ് 'റോക്കട്രി'.
ചാരവൃത്തി കേസുമായി ബന്ധപ്പെടുത്തി കൊണ്ട് മാത്രം ചർച്ച ചെയ്യപ്പെട്ട ഒരു
മനുഷ്യന്റെ ജീവിതത്തിലെ നമ്മൾ അറിയാതെ പോയതും അറിഞ്ഞിരിക്കേണ്ടതുമായ പ്രധാനപ്പെട്ട കാര്യങ്ങളെയെല്ലാം തികഞ്ഞ സത്യസന്ധതയോടെ സിനിമയിലേക്ക് പകർത്തിയെടുക്കുന്നതിനൊപ്പം സംഭവ ബഹുലമായ അദ്ദേഹത്തിന്റെ ജീവിത മുഹൂർത്തങ്ങളെ സമയബന്ധിതമായി പറഞ്ഞവതരിപ്പിക്കാൻ സാധിച്ചിടത്താണ് 'റോക്കട്രി' മികച്ചു നിൽക്കുന്നത്.
ഒരു സിനിമയുടെ ക്ലിപ്ത ദൈർഘ്യത്തിൽ ഒതുക്കി പറയാവുന്ന ജീവിതമല്ല നമ്പി നാരായണന്റേത് എന്ന് അറിഞ്ഞിട്ടും അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമ ചെയ്യാൻ തീരുമാനിച്ച മാധവനെ അഭിനന്ദിക്കാതെ പാകമില്ല. കൃത്യമായ പഠന വിവരണങ്ങളിലൂടെ ഒട്ടും ബോറടിപ്പിക്കാതെ അവതരിപ്പിക്കപ്പെട്ട ചുരുക്കം ബയോപിക് സിനിമകളിൽ ഒന്ന് കൂടിയായി മാറുന്നു 'റോക്കട്രി'.
ഇന്ത്യ കണ്ട ഏറ്റവും മികച്ച ശാസ്ത്രജ്ഞൻമാരിൽ ഒരാളായി നമ്പി നാരായണൻ എങ്ങിനെ വിശേഷിപ്പിക്കപ്പെടാം എന്നതിന്റെ ദൃശ്യ വിവരണങ്ങൾ ഒരു ഭാഗത്ത് അഭിമാനകരമായ് അവതരിപ്പിക്കപ്പെടുമ്പോഴും അദ്ദേഹത്തെ പോലുള്ള ഒരാളുടെ ജീവിതത്തിൽ അകാരണമായി സംഭവിക്കുന്ന അനിഷ്ടങ്ങളും അത് മൂലം അദ്ദേഹം അനുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങളും ശാരീരിക പീഡനങ്ങളുമൊക്കെ സ്‌ക്രീൻ കാഴ്ചക്കപ്പുറം നമ്മുടെ മനസ്സിനെ വല്ലാതെ പിടിച്ചുലക്കുന്നുണ്ട് .
തനിക്ക് കിട്ടിയ അതിഥി വേഷത്തിന്റെ ദൗത്യത്തെ ഗംഭീരമായി തന്നെ അവതരിപ്പിക്കാൻ സൂര്യക്ക് സാധിച്ചിട്ടുണ്ട്. ഒരു നായയെ തല്ലിക്കൊല്ലണം എന്ന് തീരുമാനിച്ചു കഴിഞ്ഞാൽ അതിന് പേ ഉണ്ടെന്ന് വെറുതേ വിളിച്ചു പറഞ്ഞാൽ മതി എന്ന പോലെ ഒരാളെ എല്ലാ തരത്തിലും ഇല്ലാതാക്കാൻ രാജ്യദ്രോഹിയെന്ന മുദ്ര കുത്തൽ തന്നെ ധാരാളം എന്ന് സൂര്യ പറയുമ്പോൾ അത് വാസ്തവമെന്നല്ലാതെ ഒന്നും പറയാനില്ല.
പേരും പ്രശസ്തിയും ഒന്നുമില്ലാത്ത എത്രയെത്ര നിരപരാധികൾ ഇതേ രാജ്യദ്രോഹ കുറ്റങ്ങളുടെ പേരിൽ കൊല്ലപ്പെടുകയും ജയിലിൽ അകപ്പെടുകയും ചെയ്തിട്ടുണ്ട് . അതിൽ എത്ര പേർ നിരപരാധിയെന്ന വിധിയും സമ്പാദിച്ച് പുറം ലോകം കാണുകയും ജീവിതം തിരിച്ചു പിടിക്കുകയും ചെയ്തിട്ടുണ്ട് . ഒരാൾ നിരപരാധി ആണെങ്കിൽ തെറ്റ് ചെയ്ത മറ്റൊരാൾ കൂടി ഉണ്ടാകുമല്ലോ അയാൾ ആരാണ് എന്ന് കണ്ടെത്തപ്പെടുന്നുണ്ടോ ?
നമ്പി നാരായണന്റെ ജീവിത കഥയാണ് 'റോക്കട്രി' പറയുന്നതെങ്കിലും ഇത് നമ്പി നാരായണന്റെ മാത്രം ജീവിത കഥയല്ല എന്ന് ഒരുപാട് ചോദ്യങ്ങളിലൂടെ പറഞ്ഞു വക്കുകയാണ് സിനിമ .
സിനിമാറ്റിക് ആയി തന്നെ കാണാവുന്ന നമ്പി നാരായണന്റെ ജീവിതത്തിലെ ചില സംഭവ വികാസങ്ങളും ഇമോഷണൽ സീനുകളും അതിനൊത്ത പശ്ചാത്തല സംഗീതവും മാധവന്റെ പ്രകടനവുമൊക്കെ കൂടി ചേർന്നപ്പോൾ 'റോക്കട്രി' ഒരു വേറിട്ട ബയോപിക് സിനിമസ്വാദനം സമ്മാനിക്കുന്നുണ്ട്.
ക്ലൈമാക്സ് സീനുകളിൽ പൊടുന്നനെ മാധവനു പകരം സൂര്യക്കൊപ്പം യഥാർത്ഥ നമ്പി നാരായണൻ പ്രത്യക്ഷപ്പെടുമ്പോൾ അദ്ദേഹത്തിന്റെ ശരീര ഭാഷയിലും സംസാരത്തിലുമൊക്കെ നമ്മൾ മാധവനെ അറിയാതെ തിരഞ്ഞു നോക്കും. മാധവന്റെ സ്‌ക്രീൻ അപ്പിയറൻസും അഭിനയവുമൊക്കെ നമ്പി നാരായണനോട് അത്ര മാത്രം നീതി പുലർത്തി കാണാം.
നമ്പി നാരായണനോട് സൂര്യ പറയുന്ന മാപ്പ്. അതൊരു ജനതയുടേതാണ്. ചെയ്യാത്ത തെറ്റിന് വർഷങ്ങളോളം ക്രൂശിക്കപ്പെട്ടപ്പോഴും പീഡിപ്പിക്കപ്പെട്ടപ്പോഴും ദുഃഖത്തോടെയെങ്കിലും തല ഉയർത്തി തന്നെ നിന്ന നമ്പി നാരായണനെ ഒരു സിനിമയിലൂടെ കണ്ടറിയേണ്ടി വന്നത് ഒരർത്ഥത്തിൽ ഗതികേട് കൂടിയാണ്. ഈ സിനിമ കാണാതെ പോകുന്നത് പോലും ഒരു നീതി കേടാണ് എന്ന് പറയേണ്ടി വരുന്നു.
* വിധി മാർക്ക് = 9/10
-pravin-
No comments:
Post a Comment