ഒരു ഫീൽ ഗുഡ് സൗഹൃദ സിനിമയുടെ സുഖം തന്നു കൊണ്ട് തുടങ്ങുകയും അതേ സമയം സൗഹൃദത്തിലെ സങ്കീർണതകളും ദുരൂഹതകളും അനുഭവപ്പെടുത്തി കൊണ്ട് കാണുന്നവരുടെ മനസ്സിലേക്ക് ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങളും തന്നു കൊണ്ട് അവസാനിക്കുന്ന സിനിമയാണ് ഡിയർ ഫ്രണ്ട്.
ഈ സിനിമയുടെ ആസ്വാദനം എന്നത് ഒരു തരം ഡിസ്റ്റർബൻസ് ആണ് ..ആ ഡിസ്ടർബൻസിനെ നിരാശയായി കാണുന്നവർക്ക് ഈ സിനിമയും നിരാശയായി മാറും എന്നതാണ് റിസ്ക് .
വിനോദിന്റെ കഥാപാത്രത്തോട് ഒരു ഘട്ടത്തിൽ നമുക്ക് തന്നെ വല്ലാത്ത ഒരു സിമ്പതി തോന്നാം .. ആ സിമ്പതിയിലൂടെ തന്നെയാണ് സൗഹൃദത്തിന്റെ ആഴത്തിലേക്ക് അവൻ നമ്മളെ കൊണ്ട് പോകുന്നത് .
അവന്റെ മുഖത്ത് നമ്മൾ കണ്ട നിഷ്ക്കളങ്കത പതിയെ ഒരു വലിയ ദുരൂഹതയായി മാറുന്നിടത്ത് 'ഡിയർ ഫ്രണ്ട്' അന്വേഷണാത്മകത കൈവരിക്കുന്നു.
ഒരു പിടി നുണകളിലൂടെയാണ് സുഹൃത് ബന്ധങ്ങൾ സ്ഥാപിച്ചെടുക്കുന്നതെങ്കിലും സൗഹൃദത്തിലിരിക്കുന്ന ഒരു ഘട്ടത്തിലും അവൻ ആരെയും ചതിച്ചിട്ടില്ല ..അവന്റെ കള്ളക്കഥകളേക്കാൾ അകാരണമായി ഉപേക്ഷിച്ചു പോകുന്ന അവന്റെ സൗഹൃദമാണ് ചതിയായി അനുഭവപ്പെടുന്നത്.
തൃപ്‍തികരമായ ഒരു ഉത്തരം പോലും നൽകാതെ മുൻകാല സുഹൃത്തുക്കളെയെല്ലാം ഉപേക്ഷിച്ചു കൊണ്ട് പൊടുന്നനെ അപ്രത്യക്ഷനാകുന്നവൻ.
മറ്റൊരിടത്ത് മറ്റൊരു വേഷത്തിൽ പുതിയ സുഹൃത്തുക്കളുമായി പ്രത്യക്ഷപ്പെടുമ്പോഴും അവനിൽ കുറ്റബോധമോ പശ്ചാത്താപമോ ഒന്നും തന്നെയില്ല.. തീർത്തും പുതിയ ഒരാൾ.
മെട്രോ ലൈഫിന്റെ രാത്രി ഭംഗിയും നിഗൂഢതയുമൊക്കെ ഗംഭീരമായി പകർത്തിയ ഷൈജു ഖാലിദിന്റെ ഛായാഗ്രഹണം ഈ സിനിമയുടെ പ്രമേയവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നത് കാണാം ..
ആ ക്ലൈമാക്സ് സീൻ വീണ്ടും ഓർത്തു പോകുന്നു..
Same story..it always works എന്നും പറഞ്ഞ ശേഷം വിനോദിന്റെ ഒരു ചിരിയുണ്ട്. അവന്റെ ആ ചിരിയോടുള്ള ജന്നത്തിന്റെയും അർജ്ജുന്റെയും റിയാക്ഷനും കഴിഞ്ഞു ഇരുട്ടിലൂടെ അവർ നടന്നു നീങ്ങുമ്പോൾ വരുന്ന പശ്ചാത്തല സംഗീതത്തിനൊപ്പം വീണ്ടും വിനോദിന്റെ മുഖം കാണാം.. ഇരുട്ടിൽ ആ മുഖത്ത് ചിരിക്കൊപ്പം ചെറിയൊരു ഭാവ മാറ്റം കാണാം.. അടക്കി വക്കുന്ന ഒരു സങ്കടം ആ ചിരിയെ പാതി മറക്കുന്നു .
ഒരിക്കലും മനസ്സിലാക്കാൻ സാധിക്കാതെ പോകുന്ന ആ കഥാപാത്രം നമുക്ക് തരുന്ന ഡിസ്റ്റർബൻസ് ആണ് 'ഡിയർ ഫ്രണ്ടി'ന്റെ ദുരൂഹമായ സൗന്ദര്യം.
ആകെ മൊത്തം ടോട്ടൽ = സ്ഥിരം സൗഹൃദ സിനിമകളിൽ നിന്നൊക്കെ വ്യത്യസ്തമായൊരു ആംഗിളിലൂടെ കഥ പറഞ്ഞ സിനിമ എന്ന നിലക്ക് പുതുമയുണ്ട്. അതിനേക്കാളേറെ വളരെ റിസ്‌ക്കി ആയ ഒരു പരീക്ഷണ സിനിമ എന്ന് വിശേഷിപ്പിക്കാവുന്നതാണ് ഡിയർ ഫ്രണ്ടിനെ.
*വിധി മാർക്ക് = 7.5/10
-pravin-
ക്ലൈമാക്സിൽ നായകന്റെ മുഖത്ത് എക്സ്പ്രഷൻ മാറി വരുന്ന സീൻ... 🌹🌹🌹
ReplyDelete