Saturday, August 27, 2022

ചിരിയും ചിന്തയുമുണർത്തുന്ന കോടതി മുറി !!


'The Man Who Sued God' എന്ന സിനിമയിൽ വക്കീൽ ജോലി ഉപേക്ഷിച്ചു മത്സ്യബന്ധനത്തിനിറങ്ങുന്ന സ്റ്റീവ് ആണ് കേന്ദ്ര കഥാപാത്രം. മത്സ്യ ബന്ധനത്തിനായി അയാൾ വാങ്ങിയ ബോട്ട് ഇടിമിന്നലിൽ തകർന്നു പോകുകയാണ്. 

നഷ്ടപരിഹാരത്തിനായി ഇൻഷുറൻസ് കമ്പനിയെ സമീപിക്കുന്ന സ്റ്റീവിനു കിട്ടുന്ന മറുപടി ഇടിമിന്നൽ എന്നത് Act of God ആയത് കൊണ്ട് അത് മൂലമുണ്ടായ നഷ്ടം നികത്താൻ ഇൻഷുറൻസ് കമ്പനിക്ക് സാധിക്കില്ല എന്നാണ്. അങ്ങിനെയെങ്കിൽ തന്റെ നഷ്ടം നികത്തി തരാൻ ഈ പറഞ്ഞ ഗോഡിന് ഉത്തരവാദിത്തവുമുണ്ട് എന്നും പറഞ്ഞു ദൈവത്തിന് എതിരായി കോടതിയിൽ സ്റ്റീവ് ഒരു കേസ് കൊടുക്കുകയാണ്. 

ഈ വിചിത്രമായ കേസും അനുബന്ധ വാദ പ്രതിവാദങ്ങളുമൊക്കെയാണ് 'The Man Who Sued God' എന്ന സിനിമയെ രസകരമാക്കുന്നത്. ഇതേ പടത്തിന്റെ മറ്റൊരു പതിപ്പാണ് ഹിന്ദിയിൽ വന്ന Oh My God. 

'ന്നാ താൻ കേസ് കൊട്' സിനിമക്ക് മേൽപ്പറഞ്ഞ സിനിമകളുമായി പ്രത്യക്ഷത്തിൽ ബന്ധമൊന്നുമില്ലെങ്കിലും സിനിമയെ മുന്നോട്ട് നയിക്കുന്ന കേസും കേസ് നടക്കുന്ന കോടതി മുറിയും കോടതി മുറിക്കുള്ളിലെ വാദ പ്രതിവാദങ്ങളുമൊക്കെ ഈ പറഞ്ഞ സിനിമകളെ ഓർമ്മപ്പെടുത്തി.

ദൈവത്തിന് എതിരെ കേസ് വരുമ്പോൾ ഭക്തർക്കും മന്ത്രിക്കെതിരെ കേസ് വരുമ്പോൾ അണികൾക്കും ഒരു പോലെ പൊള്ളുന്നു. ആ തലത്തിൽ രണ്ടു കൂട്ടരിലും ഒരുപാട് സാമ്യതകൾ ഉണ്ട് താനും. 


കൈകാര്യം ചെയ്യുന്ന പ്രമേയം കൊണ്ടും അത് പറഞ്ഞവതരിപ്പിക്കുന്ന ശൈലി കൊണ്ടും മികച്ചു നിൽക്കുന്നു 'ന്നാ താൻ കേസ് കൊട്'. കാസ്റ്റിങ് ആണ് ഈ സിനിമയുടെ പരമാത്മാവ്. വിരലിൽ എണ്ണാവുന്ന നടീനടമാർ ഒഴിച്ച് നിർത്തിയാൽ എല്ലാവരും പുതുമുഖങ്ങൾ. എന്നിട്ടും ഒരിടത്തു പോലും പാളിപ്പോകാതെ അത്ര മേൽ സ്വാഭാവികമായ കഥാപാത്ര പ്രകടനങ്ങൾ കൊണ്ട് അവരെല്ലാം ഓരോ സീനിലും നമ്മളെ ഞെട്ടിക്കുന്നു. 

ജഡ്ജിയും വക്കീലന്മാരും പോലീസുകാരും കൊഴുമ്മൽ രാജീവനും മാത്രമല്ല പോലീസ് സ്റ്റേഷനിൽ പരാതിയുമായി വരുന്ന വൃദ്ധ കഥാപാത്രങ്ങളും കോടതിയിലെ പ്രതിക്കൂട്ടിൽ കയറി ഇറങ്ങുന്നവരും തൊട്ട് വഴിയേ നടന്നു പോകുന്ന ആളുകൾക്ക് വരെ ഈ സിനിമയിൽ അപാരമായ സ്‌ക്രീൻ സ്പേസ് കിട്ടിയിട്ടുണ്ട്. കൊഴുമ്മൽ രാജീവനെ കടിച്ച കിങ്ങിണിയും പൈങ്കിളിയും വരെ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രങ്ങളായി മാറുന്നു.

'തൊണ്ടി മുതലും ദൃക്‌സാക്ഷിയും', 'തിങ്കളാഴ്ച നിശ്ചയം', സിനിമകൾക്ക് ശേഷം കാസർഗോഡിന്റെ പ്രാദേശികതയെ മനോഹരമായി അവതരിപ്പിച്ച സിനിമ എന്ന നിലക്കും ശ്രദ്ധേയമാകുന്നു 'ന്നാ താൻ കേസ് കൊട്'. മലയാള സിനിമയുടെ കഥാ ഭൂമികയിൽ കാസർഗോഡ് ഇനിയും കടന്നു വരട്ടെ.

കുഴിയുടെ രാഷ്ട്രീയം ചർച്ച ചെയ്യപ്പെടുന്ന സിനിമയിൽ കൃത്യമായി ഇടത് പക്ഷ സർക്കാരിനെ തന്നെ പ്രതിക്കൂട്ടിൽ കയറ്റുന്നത് എന്തിനാണെന്ന് ചിന്തിക്കുകയുണ്ടായി. ഈ കുഴി എന്നത് ഏതെങ്കിലും ഒരു സർക്കാരിന്റെ കാലത്ത് മാത്രം രൂപപ്പെട്ടതോ രൂപപ്പെടുന്നതോ അല്ല എന്നിരിക്കെ എന്തിനാണ് അങ്ങിനെയൊരു ചിത്രീകരണത്തിന്റെ ആവശ്യകത എന്നും സംശയിക്കാം. അവിടെയാണ് സഖാവ് ഇ.എം.എസ് പറഞ്ഞ ചില കാര്യങ്ങളുടെ പ്രസക്തി. (അങ്ങിനെ പറഞ്ഞിട്ടില്ലെങ്കിൽ തിരുത്താം) 


തിരഞ്ഞെടുപ്പിൽ ജയിച്ച് സർക്കാർ രൂപീകരിച്ചു ഭരണത്തിലേറിയാലും സർക്കാരിനെയല്ല അധികാരത്തിലേറ്റിയ ജനങ്ങളെയാണ് പാർട്ടി പിന്തുണക്കേണ്ടത്. ഏത് സർക്കാർ ഭരിച്ചാലും പാർട്ടിക്ക് എന്നും പ്രതിപക്ഷത്തിന്റെ റോളാണ് ഉണ്ടാകേണ്ടത് എന്ന് ഓർമ്മിപ്പിച്ചിട്ടുള്ള സഖാവ് ഇ.എം.എസിന്റെ ചിന്തകളോട് ചേർന്ന് നിൽക്കുന്നുണ്ട് ഈ സിനിമ. അങ്ങിനെ ഒരു പ്രതിപക്ഷത്തിന്റെ ദൗത്യം തന്നെയാണ് ഈ സിനിമക്കും ഉണ്ടായി കാണുന്നത്. 

കുഴി എന്ന വിഷയത്തെ എത്ര കാര്യക്ഷമതയോടെ ചർച്ച ചെയ്യിക്കാൻ സിനിമക്ക് സാധിച്ചു എന്നതിന്റെ ഉത്തരമാണ് ഈ സിനിമ വന്ന ശേഷം റോഡിലെ കുഴികളുടെ കാര്യത്തിൽ സർക്കാരും ഉദ്യോഗസ്ഥ വിഭാഗങ്ങളും സ്വീകരിച്ചു കാണുന്ന പോസിറ്റിവ് നിലപാടുകൾ. ബഹിഷ്‌ക്കരിക്കേണ്ടത് ഇത്തരം സിനിമകളെയല്ല. ചൂണ്ടി കാണിക്കുന്ന ദുഷിച്ച രാഷ്ട്രീയ വ്യവസ്ഥിതികളെയാണ്. 

പെട്രോൾ വില വർദ്ധനവും രക്തസാക്ഷിത്വവുമൊക്കെ ചിരിച്ചു തള്ളാനുള്ള കോമഡി ടൂളാക്കി മാറ്റിയ ആക്ഷേപ ഹാസ്യ ശൈലിയോടൊന്നും യോജിപ്പില്ലെങ്കിലും സിനിമയുടെ ജോണറിനെ കണക്കിലെടുത്തു കൊണ്ട് കണ്ണടക്കാം. 

ഏറെ ഇഷ്ടപ്പെട്ട ഒരു കാര്യം എന്താണെന്ന് വച്ചാൽ സിനിമയിലൂടെയെങ്കിലും കേരളത്തിന്റെ ഒരു വനിതാ മുഖ്യമന്ത്രിയെ കാണിച്ചു തന്നു എന്നതാണ്. ചെറിയ റോളെങ്കിലും ഉണ്ണി മായയുടെ മുഖ്യമന്ത്രി വേഷം മലയാള സിനിമാ ചരിത്രത്തിൽ എന്നും അടയാളപ്പെട്ടു കിടക്കും.  

ആദ്യാവസാനം വരെ ചിരിപ്പിച്ച കോടതി ഒരു ഘട്ടത്തിൽ ഗൗരവത്തോടെ ചിലത് ചിന്തിപ്പിക്കുന്നു. ദൈവം കനിയാത്തിടത്ത് ജഡ്ജ് കനിയുമെങ്കിൽ ജനാധിപത്യ വ്യവസ്ഥിതിയിൽ അത് ഒരുപാട് മാറ്റങ്ങൾക്ക് വഴി തെളിയിക്കും. സാധാരണക്കാരന്റെ ശബ്ദം മുഴങ്ങുന്ന കോടതി മുറികളും സാധാരണക്കാരന് വേണ്ടി ന്യായത്തിന്റെ വിധി പറയുന്ന ജഡ്ജുമൊക്കെ സിനിമകളിലൂടെയെങ്കിലും നമ്മളെ ത്രസിപ്പിക്കട്ടെ.

ആകെ മൊത്തം ടോട്ടൽ = ഒരു ക്ലീൻ എന്റർടൈനർ എന്നതിനൊപ്പം ഒരു സാമൂഹ്യ വിഷയം അതിന്റെ ഗൗരവം ചോരാതെ  ചർച്ച ചെയ്ത സിനിമ. 

*വിധി മാർക്ക് = 8/10 

 ©bhadran praveen sekhar

1 comment: