Thursday, January 30, 2025

കോമഡിയും സസ്പെൻസും നിറഞ്ഞ വ്യത്യസ്തമായൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ !!

ചോരക്കളിയും വലിയ ഒച്ചപ്പാടുകളും ഒന്നുമില്ലാതെ കുടുംബ സമേതം കാണാവുന്ന ഒരു കോമഡി / ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന നിലക്ക് 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ്' പോലൊരു സിനിമക്ക് പ്രസക്തിയുണ്ട്.

മമ്മുക്കയെ പോലൊരു നടന് അനായാസേന ചെയ്യാവുന്ന പ്രത്യേകിച്ച് വെല്ലുവിളികൾ ഒന്നുമില്ലാത്ത ഒരു കഥാപാത്രമാണ് ഡൊമിനിക്. ഒരു സൂപ്പർ താരത്തിന്റെ യാതൊരു വിധ ബാധ്യതകളും പേറാതെ ഡൊമിനിക്കിനെ അദ്ദേഹം അവതരിപ്പിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നി.


കളഞ്ഞു കിട്ടിയ ലേഡീസ് പേഴ്‌സിന്റെ ഉടമയെ തേടിയുള്ള അന്വേഷണം സരസമായാണ് തുടങ്ങുന്നതെങ്കിലും ആ കേസിന്റെ തുടരന്വേഷണങ്ങളിൽ താനേ സിനിമക്ക് ഗൗരവ സ്വഭാവം വന്നു ചേരുന്നത് കാണാം.

ഡൊമിനികിന്റെ അസിസ്റ്റന്റായി കൂടെ കൂടുന്ന വിഘ്‌നേഷ് / വിക്കിയായി ഗോകുൽ സുരേഷ് നൈസായി സ്‌കോർ ചെയ്തിട്ടുണ്ട്.

മമ്മുക്ക - ഗോകുൽ സുരേഷ് കോംബോ സീനുകളൊക്കെയും രസകരമായി എന്ന് പറയാം.

'ഇന്ദ്രപ്രസ്ഥ'ത്തിലെ നാസക്ക് വേണ്ടി ഡെവലപ്പ് ചെയ്ത സോഫ്റ്റ് വെയറിനെ കുറിച്ച് പറഞ്ഞു കൊണ്ട് മമ്മുക്ക സെൽഫ് ട്രോൾ അടിക്കുന്നതും 'ടൈഗറി'ലെ വാപ്പച്ചീസ് ലെഗസി കൊണ്ട് ഗോകുൽ സുരേഷ് തന്റെ അച്ഛനെ ട്രോളുന്നതുമൊക്കെ 'ഡൊമിനികി'ന്റെ കോമഡി ട്രാക്കിൽ വർക് ഔട്ട് ആയി.

ഗൗതം വാസുദേവ് മേനോനെ സംബന്ധിച്ച് ഇത് അദ്ദേഹത്തിന്റെ വേറിട്ടൊരു സംവിധാന സംരംഭമായി തന്നെ വിലയിരുത്താം. തന്റെ മുൻകാല സിനിമകളോടൊന്നും സാമ്യത അനുഭവപ്പെടുത്താത്ത സംവിധാന ശൈലി കൊണ്ട് ഡൊമിനിക്കിനെ വ്യത്യസ്തമാക്കൻ ഗൗതം വാസുദേവ് മേനോന് സാധിച്ചു.

ടിപ്പിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമകളുടെ അവതരണ ശൈലിയോ, ചടുലതയോ, ബാക് ഗ്രൗണ്ട് സ്‌കോറോ, ആക്ഷൻസോ ഒന്നുമില്ലാതെ തന്നെ ഡൊമിനിക്കിനെ കൊണ്ട് കേസ് സോൾവ് ചെയ്യിപ്പിക്കുന്ന രീതിയൊക്കെ വ്യക്തിപരമായി എന്നെ തൃപ്‍തിപ്പെടുത്തി.

അവസാനത്തെ ഇരുപത് മിനുട്ടുകളിൽ സിനിമയുടെ അത് വരെയുണ്ടായിരുന്ന കോമിക് മൂഡൊക്കെ മാറി മറയുന്നത് ഗംഭീരമായി കൈകാര്യം ചെയ്തിട്ടുണ്ട്. സസ്പെൻസ് വെളിപ്പെടുത്തുന്ന രംഗത്തെ ചിട്ടപ്പെടുത്തിയിടത്തുണ്ട് പഴയ ഗൗതം മേനോന്റെ കൈയ്യൊപ്പ് .

സമാനമായ ട്വിസ്റ്റുകൾ മറ്റു ചില സിനിമകളിൽ കണ്ടിട്ടുണ്ടെങ്കിലും ഈ സിനിമയുടെ ക്ലൈമാക്സിൽ അതൊന്നും ഒരു അപാകതയായി അനുഭവപ്പെട്ടില്ല എന്ന് വേണം പറയാൻ.

അതി ഗംഭീര സിനിമയെന്നുള്ള അവകാശവാദങ്ങളൊന്നുമില്ലെങ്കിൽ കൂടി ഈ വർഷത്തെ ഇഷ്ട സിനിമകളിൽ ഡൊമിനിക്കും ലേഡീസ് പഴ്‌സും ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു.

©bhadran praveen sekhar

Thursday, January 23, 2025

പുതുമയുള്ള കഥ..മികവുറ്റ അവതരണം..വ്യത്യസ്തമായൊരു സിനിമാനുഭവം !!


ചരിത്രം പറയുന്ന സിനിമകൾ പലതും നമ്മൾ കണ്ടിട്ടുണ്ടാകാം. പക്ഷെ ഇവിടെ ഇതര ചരിത്രത്തിന്റെ പുതുമകൾ നിറഞ്ഞ കഥാവഴികളും അവതരണ ശൈലിയുമൊക്കെ കൊണ്ട് ഈ സിനിമ തന്നെ ഒരു ചരിത്രമായി മാറുകയാണ്.

ഒരു സിനിമയിലെ വൈകാരിക രംഗങ്ങൾ കാണുമ്പോൾ അല്ലെങ്കിൽ കഥാപാത്രത്തിന്റെ മനസികാവസ്ഥകൾ ആഴത്തിൽ കണക്ട് ആകുമ്പോഴൊക്കെ കണ്ണ് നിറഞ്ഞു പോയിട്ടുണ്ട്. പക്ഷെ സിനിമ കണ്ടു തീർന്ന ശേഷം അതിന്റെ പരിപൂർണ്ണതയിൽ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നത് ഇതാദ്യമായാണ്.

'രേഖാചിത്രം' വ്യക്തിപരമായി എന്റെ മനസ്സിനെ അത്രെയേറെ തൃപ്തിപ്പെടുത്തിയത് 'കാതോട് കാതോര'ത്തെ സസൂക്ഷ്മം നിരീക്ഷിച്ച്, ആ സിനിമയുടെ ഷൂട്ടിങ് കാലഘട്ടവും, അന്നത്തെ സിനിമാ വിശേഷങ്ങളുമൊക്കെ വളരെ ഭംഗിയായി ഈ സിനിമയിലേക്ക് ബന്ധപ്പെടുത്തി അവതരിപ്പിച്ചതിലെ കൃത്യതയും പൂർണ്ണതയും കൊണ്ടാണ്.


സൂപ്പർ സ്റ്റാറുകളുടെയും അവരുടെ ഹിറ്റ് സിനിമകളുടെയുമൊക്കെ റഫറൻസ് ഉപയോഗപ്പെടുത്തിയ മുൻകാല സിനിമകളിൽ നിന്ന് 'രേഖാചിത്രം' വേറിട്ട് നിൽക്കുന്നതും അത് കൊണ്ടൊക്കെ തന്നെയാണ്.

വെറുമൊരു സിനിമാ റഫറൻസ് എന്നതിനപ്പുറത്തേക്ക് 'കാതോട് കാതോര'വും, ഭരതനും, ജോൺ പോളും, മമ്മൂട്ടിയുമൊക്കെ 'രേഖാചിത്ര'ത്തിന്റെ കഥയിലേക്ക് അത്ര മാത്രം ഇഴ ചേർന്ന് കിടക്കുന്നുണ്ട്.

ഹേമാ കമ്മിറ്റി റിപ്പോർട്ടൊക്കെ ഏറെ ചർച്ച ചെയ്യപ്പെട്ട ഈ കാലത്ത്, നീളത്തിൽ നിവർത്തിയിട്ട സാരികളുടെ മറവിലേക്ക് കൂട്ടം ചേർന്ന് വസ്ത്രം മാറാൻ പോകുന്ന എൺപതുകളിലെ വനിതാ ജൂനിയർ ആർട്ടിസ്റ്റ്മാരെ കാണിക്കുന്ന സീനൊക്കെ വല്ലാത്തൊരു ഓർമ്മപ്പെടുത്തലാണ്.

AI യുടെ സാങ്കേതികതയെ ഗംഭീരമായി വിളക്കിച്ചേർത്ത മലയാള സിനിമ എന്ന നിലക്ക് കൂടി ശ്രദ്ധയേമാകുന്നു 'രേഖാചിത്രം'.

'എബ്രഹാം ഓസ്‌ലറി'ൽ മമ്മുക്കയുടെ അതിഥി വേഷത്തെ മിഥുൻ മാനുവൽ ആഘോഷിക്കുകയാണ് ചെയ്തതെങ്കിൽ ഇവിടെ മമ്മൂക്കയുടെ സ്റ്റാർഡം അപ്പിയറൻസുകളേക്കാൾ സിനിമക്ക് എന്താണോ ആവശ്യം അതനുസരിച്ചു മാത്രം ഉപയോഗപ്പെടുത്തുകയാണ് ജോഫിൻ ടി ചാക്കോ ചെയ്തിരിക്കുന്നത്. സംവിധാനത്തിലെ ഈ കൈയ്യൊതുക്കം 'രേഖാചിത്ര'ത്തിന്റെ മികവ് കൂട്ടുന്നു.

മനോജ് കെ ജയൻ - കുറച്ചു കാലങ്ങൾക്ക് ശേഷം വേറിട്ടൊരു ഗെറ്റപ്പിൽ നല്ലൊരു വേഷം ചെയ്തു കണ്ടു.ഇന്ദ്രൻസ്, ടി.ജി രവി ..ചെറിയ വേഷങ്ങളെങ്കിലും കസറി.

കൊലുസിട്ട കന്യാസ്ത്രീ വേഷത്തിലും, സിനിമാ പ്രേമം മൂത്ത പൊട്ടിപ്പെണ്ണായും അനശ്വര രാജൻ രേഖാ പത്രോസിനെ മികച്ചതാക്കി.

തലവൻ - ലെവൽ ക്രോസ്സ് - അഡിയോസ് അമിഗോ - കിഷ്കിന്ധാകാണ്ഡം - രേഖാചിത്രം. ആസിഫ് അലിയുടെ സമീപകാല ഫിലിമോഗ്രാഫിക്ക് എന്തൊരു ഭംഗിയാണ് .. എല്ലാം വ്യത്യസ്ത കഥാപാത്രങ്ങൾ ..മികച്ച കഥാപാത്ര പ്രകടനങ്ങൾ.

വില്ലനാര്, കൊലയാളിയാര് എന്നതിലേക്കുള്ള ത്രില്ലടിപ്പിക്കുന്ന ഒരു ടിപ്പിക്കൽ പോലീസ് കുറ്റാന്വേഷണത്തിന്റെ റൂട്ടിലുള്ള കഥ പറച്ചിലല്ല ഇവിടെ. പേരും ഊരും അറിയാത്ത ഒരു അസ്ഥികൂടത്തിന്റെ ഐഡന്റിറ്റി തേടിയുള്ള വൈകാരികമായ ഒരു അന്വേഷണ യാത്രയാണ് ഈ സിനിമ. ഒരു നിയോഗം കണക്കെ ആ അന്വേഷണത്തിൽ പലരും പങ്കു ചേർക്കപ്പെടുന്നത് പോലെ 'കാതോട് കാതോര'വും ചർച്ച ചെയ്യപ്പെടുന്നു.

'രേഖാചിത്ര'ത്തിനൊപ്പം ആൾട്ടർനേറ്റ് ഹിസ്റ്ററി / ഇതര ചരിത്രം എന്നൊരു പുത്തൻ ഴോനർ കൂടി കടന്നു വരുകയാണ്. രാമു സുനിൽ - ജോൺ മന്ത്രിക്കൽ.. ക്രിയാത്മകമായ ഈ പുത്തൻ എഴുത്തിന് നന്ദി.

നന്ദി ജോഫിൻ ടി ചാക്കോ..പുതുമ നിറഞ്ഞ ഇങ്ങനൊരു മനോഹര സിനിമ സമ്മാനിച്ചതിന്.

©bhadran praveen sekhar

Wednesday, January 15, 2025

പിടി തരാത്ത 'ഐഡന്റിറ്റി' !!


പേര് സൂചിപ്പിക്കുന്നത് പോലെ ഐഡന്റിറ്റി തന്നെയാണ് സിനിമയുടെ മുഖ്യ പ്രമേയം. സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളുടെയെല്ലാം യഥാർത്ഥ ഐഡന്റിറ്റി എന്താണെന്നോ ഏതാണെന്നോ പ്രേക്ഷകന് പിടി കിട്ടില്ല. അത് സിനിമയുടെ കഥാവഴികളിൽ മാറി മറയുകയാണ്.ദുരൂഹതയുണർത്തുന്ന തുടക്കത്തിന് ശേഷം സിനിമ തീർത്തും ഒരു ക്ലിഷേ പ്ലോട്ടിൽ നിന്ന് കൊണ്ടാണ് കഥ പറയുന്നത്.

കർണ്ണാടക പോലീസിന്റെ സീക്രട്ട് മിഷനും, കൊലയാളിയെ തേടിയുള്ള രേഖാ ചിത്രം വരപ്പിക്കലുമൊക്കെയായി ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ മൂഡ് കൊണ്ട് വരുമ്പോഴേക്കും കൊലപാതകി ആരാണെന്ന് നമുക്ക് ഊഹിക്കാൻ സാധിക്കുന്നു.

പക്ഷേ കൊലയാളി പിടിക്കപ്പെട്ടു എന്ന് നമ്മൾ കരുതന്നിടത്ത് നിന്നങ്ങോട്ട്, പ്രത്യേകിച്ച് ഇടവേള തൊട്ട് ട്വിസ്റ്റിന്റെ പൊടി പൂരമാണ്. രണ്ടാം പകുതിയിൽ സിനിമ അങ്ങിനെ വീണ്ടും ട്രാക്ക് മാറി ഒരു ആക്ഷൻ ത്രില്ലറായി പരിണമിക്കുമ്പോൾ ആണ് 'ഐഡന്റിറ്റി' ഒന്ന് കത്തിക്കയറുന്നത് എന്ന് പറയാം.

അവസാനത്തെ അര മുക്കാൽ മണിക്കൂർ സീനുകളാണ് ഈ സിനിമയിലെ ഏറ്റവും ഇഷ്ടപ്പെട്ടത്. ഫ്ളൈറ്റിനുള്ളിലെ ആക്ഷൻ സീനുകൾ എടുത്തു പറയാം. മലയാള സിനിമയിൽ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഒരു ആക്ഷൻ പശ്ചാത്തലം ഒരുക്കിയതിൽ അനസ് ഖാൻ - അഖിൽ പോൾ ടീമിന് അഭിമാനിക്കാം.

ലോജിക്ക് നോക്കാതെ കണ്ട് ആസ്വദിക്കാവുന്ന സിനിമകൾ ധാരാളമുണ്ടെങ്കിലും 'ഐഡന്റിറ്റി' യുടെ കാര്യത്തിൽ ലോജിക്ക് നോക്കേണ്ടി വരുന്നത് സിനിമയുടെ കഥ അങ്ങിനെ ഒന്നായത് കൊണ്ടാണ് .

സ്കെച്ച് ആർട്ടിസ്റ്റും രേഖാചിത്രവുമൊക്കെ ഒരു കേസന്വേഷണത്തിൽ നിർണ്ണായകമാകുന്നതും, ഒരാളെ നമ്മൾ മനസ്സിലാക്കി വെക്കുന്നതിന് പിന്നിലെ തലച്ചോറിന്റെ പ്രവർത്തനവും, മനുഷ്യ മനഃശാസ്ത്രവും, ഫേസ് ബ്ലൈൻഡ്നെസ്സും, ഫോട്ടോഗ്രാഫിക് മെമ്മറിയും, സ്‌കൈ മാർഷലും, സുപ്രീം കോടതിയുടെ വിറ്റ്നസ് പ്രൊട്ടക്ഷൻ സ്‌കീമും അടക്കമുള്ള ഒട്ടനവധി വിഷയങ്ങളെ പറ്റിയുള്ള നീണ്ട വിശദീകരണങ്ങൾ സിനിമയിൽ അധിക പറ്റായി പലർക്കും തോന്നാം.

പക്ഷേ ഷമ്മി തിലകന്റെ ശബ്ദത്തിൽ അത്തരം വിശദീകരണങ്ങൾ കേൾക്കുമ്പോൾ ഒരു മികച്ച അധ്യാപകന്റെ ക്ലാസ്സിലിരിക്കുന്ന സുഖമുണ്ടായിരുന്നു . 

കിട്ടിയ കഥാപാത്രങ്ങളെ ടോവിനോ ആയാലും വിനയ് ആയാലും നന്നായി ചെയ്തിട്ടുണ്ട്. അവർ രണ്ടു പേരുടെയും കോംബോ സീനുകളെല്ലാം മികച്ചു നിന്നു.

വ്യത്യസ്ത മാനറിസങ്ങൾ കൊണ്ടും ഗെറ്റപ്പു കൊണ്ടുമൊക്കെ തനിക്ക് കിട്ടിയ കഥാപാത്രത്തെ ടോവിനോ ഗംഭീരമാക്കി. ആക്ഷൻ സീനുകളിലെ പ്രകടനങ്ങളും എടുത്തു പറയാം. 

'ഐഡന്റിറ്റി' യിലെ കഥാപാത്രം കൊണ്ട് 'ക്രിസ്റ്റഫറി'ൽ പറ്റിയ പറ്റിന് പകരം വീട്ടാൻ വിനയ്‌ക്ക് സാധിച്ചു. തൃഷയൊക്കെ വെറുതെ ഈ സിനിമയുടെ ഭാഗമായി എന്നതിനപ്പുറം കാര്യമായൊന്നും പറയാനില്ല.

ജേക്സ് ബിജോയുടെ സംഗീതവും 'അഖിൽ ജോർജ്ജിന്റെ ഛായാഗ്രഹണവുമൊക്കെ ഐഡന്റിറ്റി'യെ ചടുലമാക്കുന്നുണ്ട്.

യാനിക്ക് ബെൻ - ഫീനിക്സ് പ്രഭു ടീമിന്റെ ആക്ഷൻ കൊറിയോഗ്രാഫി ഈ സിനിമയുടെ ഹൈലൈറ്റ് ആണ്.

അഖിൽ പോൾ - അനസ് ഖാൻ തിരഞ്ഞെടുത്ത പ്രമേയം കൊള്ളാമായിരുന്നെങ്കിലും ഒരേ സമയം ഒരുപാട് വിഷയങ്ങളെ കോർത്തിണക്കി കൊണ്ട് കഥ പറയാൻ ശ്രമിച്ചതിൽ പാളിച്ചകൾ സംഭവിച്ചിട്ടുണ്ട് .

രണ്ടേ മുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള സിനിമയെ ഒന്ന് കൂടി വെട്ടി ഒതുക്കി സീനുകളൊക്കെ റീ ഓർഡർ ചെയ്‌താൽ ഒരു പക്ഷേ ഒന്നൂടെ നില മെച്ചപ്പെടുത്താൻ പറ്റില്ലേ എന്നും ചിന്തിച്ചു പോയി.

©bhadran praveen sekhar

Friday, January 3, 2025

ആക്ഷൻ ഹീറോ മാർക്കോ !!


'മിഖായേലി'ൽ കണ്ട വില്ലൻ മാർക്കോയെ ഹനീഫ് അദേനി എങ്ങിനെ ഹീറോയാക്കി മാറ്റി അവതരിപ്പിക്കുന്നു എന്ന ആകാംക്ഷയിലാണ് 'മാർക്കോ' കണ്ടു തുടങ്ങിയത്. പക്ഷേ മിഖായേലിന്റെ പഴയ കഥയിലേക്ക് ഒരു കണക്ഷനും കൊടുക്കാതെ മാർക്കോയെ ഒരു ഡെവിൾ ഹീറോ ബ്രാൻഡായി നേരിട്ട് പ്രതിഷ്ഠിക്കുകയാണ് ഹനീഫ് അദേനി ചെയ്തിരിക്കുന്നത്.

മാർക്കറ്റിങ്ങ് സമയത്ത് പറഞ്ഞതത്രയും ശരി വക്കുന്ന നിലയിലുള്ള വയലൻസാണ് ഈ സിനിമയുടെ മെയിൻ. എന്ന് കരുതി അന്യഭാഷകളിലെ സ്ലാഷർ ഴോനറിൽ പെടുന്ന സിനിമകൾ കണ്ടു ശീലിച്ചവരെ സംബന്ധിച്ച് മാർക്കോയിലുള്ളത് ഒരു വല്യ വയലൻസ് ആണെന്ന് പറയാനും പറ്റില്ല.

കഥാപരമായ പുതുമയൊന്നും പ്രതീക്ഷിക്കാതെ 'മാർക്കോ'ക്ക് വേണ്ടി സെറ്റ് ചെയ്ത് വച്ച പ്ലോട്ടിനെ മാത്രം ഉൾക്കൊണ്ടാണ് സിനിമ കണ്ടത്.

സ്വന്തം കുടുംബത്തിൽ കേറി കളിച്ചവർക്കിട്ട് തിരിച്ചു പണിയുന്ന നായകൻറെ കഥക്ക് സ്വീകാര്യതയുള്ളത് കൊണ്ട് തന്നെ ആസ്വാദനത്തിന് കുറവുണ്ടായില്ല. എന്നാൽ സമാനമായ വൺ ലൈൻ സ്റ്റോറിയുള്ള 'RDX' , 'പണി' പോലുള്ള പടങ്ങളുടെ ഗ്രാഫല്ല മാർക്കോയുടേത് എന്നത് വേറെ കാര്യം.

രവി ബസ്രൂറിന്റെ ബാക്ക്ഗ്രൗണ്ട് സ്കോറും, ഷമീർ മുഹമ്മദിന്റെ എഡിറ്റിങ്ങും, ചന്ദ്രു സെൽവരാജിന്റെ ഛായാഗ്രഹണവും 'മാർക്കോ'യെ ആദ്യാവസാനം ചടുലമാക്കി നിലനിർത്തുന്നു.

സ്‌ക്രീൻ പ്രസൻസും ആക്ഷനും സ്വാഗുമൊക്കെ കൊണ്ട് ഉണ്ണി മുകുന്ദൻ എല്ലാ തലത്തിലും 'മാർക്കോ' ആയി അഴിഞ്ഞാടി എന്ന് പറയാം.

അത്രയേറെ ബിൽഡ് അപ്പ് കൊടുത്തുണ്ടാക്കിയ ഹീറോയെ ഒരു ഘട്ടത്തിൽ വെറും നോക്കു കുത്തിയാക്കി ചോരയിൽ കുളിപ്പിച്ച് ഇഞ്ചപ്പരുവമാക്കി നിർത്തുമ്പോൾ അത് വരെയുണ്ടായിരുന്ന ആക്ഷന്റെ ത്രില്ല് നഷ്ടപ്പെടുന്നുണ്ട്.

എല്ലാവരെയും സംരക്ഷിക്കാൻ ശപഥം എടുത്തിട്ടും അയാൾ നിസ്സഹായനായി നിന്ന് പോകുന്നിടത്ത് മാർക്കോയെന്ന ഹീറോയുടെ ബ്രാൻഡ് ഇടിയുന്നത് പോലെ തോന്നി.

വില്ലൻ റോളിൽ ജഗദീഷ് സ്‌കോർ ചെയ്യും എന്ന കണക്ക് കൂട്ടലുകളും തെറ്റിപ്പോയി. ടോണി ഐസക്കായുള്ള ജഗദിഷിൻറെ പ്രകടനത്തിൽ ഇടക്കെല്ലാം അപ്പുക്കുട്ടന്റെ നിഴലാട്ടം കാണേണ്ടി വന്നു.

അതേ സമയം അപ്പുക്കുട്ടന്റെ കൂട്ടുകാരനായിരുന്ന ഗോവിന്ദൻ കുട്ടിയെയോ മറ്റേതെങ്കിലും മുൻകാല കഥാപാത്രങ്ങളേയോ അനുസ്മരിപ്പിക്കാത്ത വിധം ജോർജ്ജ് പീറ്ററായി സിദ്ധീഖ് അവസാനം വരെ സ്‌കോർ ചെയ്തു.

ജഗദീഷിന്റെ കൊടൂര വില്ലനെ കാണാൻ ആഗ്രഹിച്ചിടത്ത് പക്ഷേ വില്ലൻ കഥാപാത്രങ്ങളിൽ വന്നു ഞെട്ടിച്ചത് അഭിമന്യു ഷമ്മി തിലകനും കബീർ ദുഹാനുമൊക്കെയാണ്. മാർക്കോയെ പോലെ തന്നെ റസ്സലും, സൈറസും വയലൻസ് കൊണ്ട് സ്‌ക്രീനിൽ ആറാടി തിമിർക്കുന്നു.

സ്ത്രീ കഥാപാത്രങ്ങൾക്കൊക്കെ ഈ സിനിമയിൽ എന്താണ് റോൾ എന്നൊന്നും ചോദിക്കരുത്. ചുമ്മാ വില്ലന്മാരുടെയും മാർക്കോയുടെയും ഇടയിൽ പെട്ട് ക്രൂരതയുടെ ഇരകളാകാൻ വേണ്ടി നിയോഗിക്കപ്പെട്ട, ഒന്നിനും പ്രാപ്തിയില്ലാത്തവർ.

കഥയിൽ വയലൻസിന് പ്രാധാന്യം കൊടുക്കുന്നതിൽ തെറ്റില്ല. പക്ഷേ കഥയേക്കാൾ പ്രാധാന്യം വയലൻസിനാകുമ്പോൾ ഉണ്ടാകുന്ന കല്ല് കടികളുണ്ട് ഈ സിനിമയിൽ. പ്രത്യേകിച്ച് ക്ലൈമാക്സ് സീനുകളിൽ.

'Animal', 'Kill' പോലുള്ള സിനിമകളിൽ വയലൻസിനെ ഗംഭീരമായി പ്ലേസ് ചെയ്തതൊക്കെ വച്ച് നോക്കുമ്പോൾ 'മാർക്കോ' യിൽ അങ്ങിനെയുള്ള സംഗതികളിൽ പോരായ്മകളുണ്ട്.

പോരായ്മകളില്ലാത്ത അതി ഗംഭീര സിനിമ എന്നൊന്നും പറയാനില്ലെങ്കിലും സ്റ്റൈലിഷ് മേക്കിങ്ങും ആക്ഷൻസുമൊക്കെ കൊണ്ട്
തിയേറ്റർ സ്‌ക്രീനിൽ 'മാർക്കോ'ക്ക് ആസ്വാദനമുണ്ട്.

©bhadran praveen sekhar