Thursday, October 17, 2013

"എവിടെയോ ഒരു ശത്രു" വിന്റെ "ഏഴാമത്തെ വരവ് "

എം.ടി - ഹരി ഹരൻ സിനിമകളോട് പ്രേക്ഷകന് എല്ലാ കാലത്തും ആദരവും ബഹുമാനവുമാണ്. എന്ത് കൊണ്ടായിരിക്കാം ഇവരുടെ കോമ്പിനേഷനെ പ്രേക്ഷകർ വളരെ പ്രതീക്ഷയോടെയും ബഹുമാനത്തോടെയും നോക്കി കാണുന്നത് എന്നതിന് മലയാള സിനിമാ ചരിത്രത്തിൽ ഉദാഹരണങ്ങൾ ഏറെയുണ്ട്. പഞ്ചാഗ്നി, നഖക്ഷതങ്ങൾ, അമൃതം ഗമയ, ആരണ്യകം, ഒരു വടക്കൻ വീരഗാഥ, എന്ന് സ്വന്തം ജാനകിക്കുട്ടി, പഴശ്ശിരാജ എന്നീ സിനിമകൾ കണ്ടു കഴിയുമ്പോൾ ഇവരുടെ കോമ്പിനേഷൻ മാജിക് എന്താണെന്ന് നമുക്ക് വ്യക്തമാകുകയും ചെയ്യുന്നുണ്ട്. അത് കൊണ്ട് തന്നെ പഴശ്ശിരാജയ്ക്ക് ശേഷം വീണ്ടുമൊരു എം. ടി - ഹരിഹരൻ മാജിക്ക് കാണാൻ ആഗ്രഹിക്കുന്ന, പ്രതീക്ഷിക്കുന്ന പ്രേക്ഷകനെ കുറ്റം പറയാനാകില്ല താനും. 

1982- 1983 കാലത്ത് "എവിടെയോ ഒരു ശത്രു" എന്ന എം ടിയുടെ തിരക്കഥയെ  'ഹരിഹര' സംവിധാനത്തിൽ സിനിമയാക്കാൻ ഒരു ശ്രമം നടന്നിരുന്നു. സുകുമാരൻ, വേണു നാഗവള്ളി, ജലജ, അനുരാധ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കൊണ്ട് ചിത്രീകരണം തുടങ്ങിയ ആ സിനിമ ചില നിർമ്മാണ പ്രതിസന്ധികളാൽ പാതി വഴിക്ക് ഉപേക്ഷിക്കേണ്ടി വന്നു. "എവിടെയോ ഒരു ശത്രു" അന്ന് പാതി മരിച്ചു വീണുവെങ്കിലും 2013 ഇൽ "ഏഴാമത്തെ വരവാ"യി ഉയിർത്തെഴുന്നേൽപ്പിക്കാൻ വേണ്ടി മാജിക് കോമ്പിനേഷൻ വീണ്ടും ഒരുമിക്കാൻ തീരുമാനിച്ചത് വരെയാണ് സിനിമയ്ക്കു പിന്നിലെ കഥ. ശേഷം സ്ക്രീനിൽ. 

സുകുമാരന് പകരം ആര് എന്ന ചോദ്യം വേണ്ട. ഇന്ദ്രജിത്ത് തന്നെ മതിയെന്ന് ഹരിഹരൻ തീരുമാനിച്ചു. ആ തീരുമാനം വളരെ ഉചിതമായിരുന്നു എന്ന് ഈ അടുത്തിടെ ഹരിഹരൻ തന്റെ ഇന്റർവ്യൂവിൽ ഇപ്രകാരം പറയുകയുണ്ടായി. "സുകുമാരന് എന്തെങ്കിലും കഴിവ് ഉണ്ടായിട്ടുണ്ടെങ്കിൽ അത് മുഴുവനായും കിട്ടിയിരിക്കുന്നത് ഇന്ദ്രജിത്തിനാണ്". ഈ ഒരു കമെന്റ് വളരെ വളരെ സത്യമാണ് എന്ന് പ്രേക്ഷകർക്ക് ബോധ്യമാകും തരത്തിലാണ്  ഗോപി മുതലാളിയുടെ കഥാപാത്രത്തെ ഇന്ദ്രജിത്ത് സിനിമയിൽ അഭിനയിച്ചു പ്രതിഫലിപ്പിച്ചിരിക്കുന്നത്. 

കാടിനേയും വന്യജീവികളെയും മുഴുവനായി മനസിലാക്കിയ ഒരു ഉഗ്രൻ വേട്ടക്കാരനാണ് താൻ എന്ന അഹം ഭാവം ഗോപിക്ക് (ഇന്ദ്രജിത്ത്) ഉണ്ട്. അതിനൊക്കെ പുറമേ തികഞ്ഞ ഒരു നിഷേധിയും മാടമ്പിയുമായാണ് എല്ലാവരോടുമുള്ള അയാളുടെ സംസാരം. സ്വന്തം ഭാര്യ  ഭാനുവിനോട് (ഭാവന) പോലും അയാൾ ആ പരുഷ ഭാവമാണ് പ്രകടിപ്പിക്കുന്നത്. ഇവരുടെ ജീവിതത്തിലേക്ക് യാദൃശ്ചികമായി കടന്നു വരുന്ന പുരാവസ്തു ഗവേഷകനാണ് പ്രസാദ് (വിനീത്). ഭാനുവും പ്രസാദും തമ്മിലുണ്ടായിരുന്ന ഒരു മുൻകാല പ്രണയ പരിചയവും സിനിമ പങ്കു വക്കുന്നുണ്ട്- വളരെ സരസമായി. ഇതിനെല്ലാം പുറമേ തിരക്കഥയിലെ മറ്റൊരു പ്രധാന കഥാപാത്രമായി വരുന്ന ആളാണ്‌ "ആൾപ്പിടിയൻ നരി". സിനിമ തുടങ്ങി അവസാനിക്കുന്നത് പോലും നരിയുടെ മുരൾച്ചയിലാണ്.  ആൾപ്പിടിയൻ നരി ഏഴു വർഷത്തിലൊരിക്കൽ മാത്രമാണ് കാട്ടിലെ ജനവാസത്തിലേക്ക് ഇറങ്ങി വരുക . ഏഴു വർഷത്തിനു ശേഷം വരുന്ന അവൻ ഏഴു തവണയായി ആളുകളെ പിടിച്ചു കൊണ്ട് പോയി തിന്നും. നാഗുവിന്റെ (മാമുക്കോയ) മകളായ മാലയാണ്  (കവിതാ നായർ) ആ കഥ പ്രസാദിന് പറഞ്ഞു കൊടുക്കുന്നത്. ആ കഥ സത്യം തന്നെയാണോ എന്ന് ചിന്തിപ്പിക്കും വിധം ആൾപ്പിടിയൻ നരി കഥയിൽ  ഇടയ്ക്കിടെ ഓരോരുത്തരെയായി വന്നു കൊണ്ടു പോകുന്നുമുണ്ട്. 

 വെറുമൊരു ആൾപ്പിടിയൻ നരിയുമായി സിനിമയെ മുന്നോട്ടു നയിക്കാനാകില്ല എന്ന തിരിച്ചറിവ് കൊണ്ട് തന്നെയായിരിക്കണം തിരക്കഥയിൽ വിവിധ കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങൾ, നരിയുടെ ആക്രമണവും  ആളുകളുടെ ആശങ്കയും, മൃഗങ്ങളെ വെല്ലുന്ന മനുഷ്യന്റെ വൈരാഗ്യ ബുദ്ധി, സാധു മനുഷ്യ-ജീവികളുടെ നിസ്സഹായത എന്നിങ്ങനെ പല കഥാ ഘടകങ്ങളും ബുദ്ധിപൂർവ്വം കൂട്ടിയിണക്കിയിരിക്കുന്നത്. പക്ഷേ ഇതെല്ലാം ഉണ്ടായിട്ടു കൂടി പ്രേക്ഷകൻ പ്രതീക്ഷിച്ച ആ ഒരു മാജിക്ക് "ഏഴാം വരവിൽ" സംഭവിച്ചില്ല എന്നതാണ് സത്യം. കാലം തെറ്റി വന്ന സിനിമയായി വേണമെങ്കിൽ "ഏഴാം വരവിനെ" വിലയിരുത്താം."എവിടെയോ  ഒരു ശത്രു" അന്ന് ആ കാലത്ത് റിലീസായിരുന്നെങ്കിൽ  എം.ടി- ഹരിഹരൻ മാജിക് കോമ്പിനേഷൻ ലിസ്റ്റിൽ ഒരു ക്ലാസ് സിനിമ കൂടി ഉൾപ്പെടുമായിരുന്നു. ഇന്ന്, ഈ കാലത്ത്, പ്രസ്തുത തിരക്കഥക്ക്  ഏഴല്ല, എട്ടും പത്തും വരവ് വരെ വരേണ്ടി വന്നാലും പ്രേക്ഷക സ്വീകാര്യതയുടെ കാര്യത്തില്‍  കാര്യമായൊരു ചലനം സൃഷ്ടിക്കാന്‍ സാധിക്കില്ല. തിരക്കഥയില്‍ അലിഞ്ഞു ചേര്‍ന്ന ഈ വെല്ലുവിളിയെ   എം .ടി- ഹരിഹരൻ ടീം എന്ത് കൊണ്ട് മനസിലാക്കാതെ പോയി എന്നത് വളരെയധികം ഖേദകരവും ആശ്ചര്യജനകവുമായ ചോദ്യമാണ്. 

പുലിയും, കടുവയും, ആനയുമൊക്കെ പല സിനിമകളിലും പ്രധാന കഥാപാത്രങ്ങളായി വന്നു പോയിട്ടുണ്ട്. മികച്ച സാങ്കേതിക വിദ്യയുടെ അഭാവത്തിൽ പോലും ആ സിനിമകളെല്ലാം പ്രേക്ഷക ശ്രദ്ധയും പ്രശംസയും നേടുകയുണ്ടായിട്ടുമുണ്ട്. ആ കൂട്ടത്തിലെ ഒരു "പുലി" സിനിമയായിരുന്നു ലോഹിത ദാസ് തിരക്കഥയെഴുതി ഐ വി ശശി സംവിധാനം ചെയ്ത "മൃഗയ". 'മൃഗയ' യിലെ  പുലി ജനങ്ങൾക്കിടയിൽ ഉണ്ടാക്കുന്ന പരിഭ്രാന്തിയോളം 'ഏഴാമത്തെ വരവി'ലെ  ആൾപ്പിടിയൻ നരിക്ക് ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. ആസ്ട്രേലിയയിൽ പോയി ഷൂട്ട്‌ ചെയ്ത നരിയുടെ ചലനങ്ങൾ സിനിമയിൽ കുറച്ചു സീനുകളിലേ ഉള്ളൂവെങ്കിൽ  കൂടി മനോഹരമായി ചെയ്തിട്ടുണ്ട് എന്നത് വേറെ കാര്യം. അതേ സമയം, മല പോലെ വന്നത് എലി പോലെ പോയി എന്ന് പറയും പോലെ ആൾപ്പിടിയൻ നരിയെന്ന ഭീകരനെ  ഒടുക്കം വെറും ശബ്ദ ഗാംഭീര്യത്തിൽ മാത്രം ഒതുക്കി കൊണ്ട് തീർത്തും അപ്രസക്തനാക്കി കളയുകയും ചെയ്തു. 

ആൾപ്പിടിയൻ നരിയുടെ ആക്രമണ ഭീകരതയേക്കാൾ പ്രേക്ഷകനെ അത്ഭുതപ്പെടുത്തുന്നത് ഇന്ദ്രജിത്തിന്റെ മികച്ച അഭിനയമാണ്. അത് തന്നെയാണ്  ഈ സിനിമയുടെ  ഏകമാത്രമായ  ഏറ്റവും നല്ല വശമെന്ന് വേണമെങ്കിൽ പറയാം. മാമുക്കോയ, ഭാവന, കവിതാ നായർ തുടങ്ങീ അഭിനേതാക്കളെല്ലാവരും  അവരവർക്ക് കിട്ടിയ കഥാപാത്രത്തെ വളരെ വൃത്തിയായി കൈകാര്യം ചെയ്തിട്ടുണ്ട്. ഹരിഹരന്റെ ഗാന രചനയും സംഗീതവും  സിനിമക്ക് ഒരു ബാധ്യതയായി മാറിയെങ്കിലും  ദീപക് ദേവിന്റെ പശ്ചാത്തല സംഗീതം ആശ്വാസജനകമായിരുന്നു. 

ആകെ മൊത്തം ടോട്ടൽ =  എം.ടി - ഹരിഹരൻ ടീമിന്റെ ഒരു വിസ്മയ സിനിമയാണ് കാണാൻ പോകുന്നത് എന്ന മുൻവിധിയും പ്രതീക്ഷയും മാറ്റി വച്ച് കൊണ്ട് കാണാവുന്ന ഒരു സിനിമ. സീനുകളിലെ ഇഴച്ചിൽ ആസ്വദിക്കാൻ സാധിക്കുമെങ്കിൽ സിനിമയും ആസ്വദിക്കാം. പഴയകാലത്തെ ഒരു തിരക്കഥ കാലാനുസൃത മാറ്റങ്ങൾ വരുത്താതെ   പ്രയോഗിച്ചു എന്ന നിലയിൽ ഈ സിനിമ മാപ്പർഹിക്കുന്നു. 

*വിധി മാർക്ക് - 5.5/10 
-pravin-

Saturday, September 14, 2013

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി - സഞ്ചാര ജീവിതത്തിലെ നേർക്കാഴ്ചകൾ

ചിലപ്പോഴെങ്കിലും സിനിമ കഴിഞ്ഞിട്ടും തിയേറ്ററിലെ സീറ്റിൽ നിന്ന് എഴുന്നേൽക്കാതെ അൽപ്പ നേരം കൂടി അവിടെ ഇരുന്നു പോകാറുണ്ട്. കണ്ടു കഴിഞ്ഞ  സിനിമയിലെ ചില രംഗങ്ങൾ  അപ്പോഴും  മനസ്സിലെ സ്ക്രീനിൽ തെളിഞ്ഞു നിൽക്കുന്നുണ്ടാകും.  പിന്നെ എല്ലാവരും പോയ ശേഷം ഏറ്റവും ഒടുക്കമേ തിയേറ്റർ വിടുകയുള്ളൂ. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി കണ്ടു കഴിഞ്ഞപ്പോൾ  രംഗങ്ങൾക്ക് പകരം മുഴുവൻ സിനിമയാണ് മനസ്സിൽ വീണ്ടും തെളിയുന്നത്. അത്രക്കും ഹൃദ്യമാണ് സിനിമയിലെ ഓരോ രംഗങ്ങളും. കഥാപാത്രങ്ങൾക്കൊപ്പം ഒരു ദീർഘ യാത്ര ചെയ്ത പ്രതീതി. ഒന്നും ഒഴിവാക്കി കൊണ്ട് സിനിമയെ കുറിച്ച് ഒന്നും പറയാനോ ചിന്തിക്കാനോ ഇല്ലാത്ത ഒരു അവസ്ഥ.  സിനിമ എങ്ങിനെയുണ്ട് എന്ന് അഭിപ്രായം ചോദിക്കാൻ തിയേറ്ററിനു പുറത്തു ചിലരെങ്കിലും കാണും. അവരോടെല്ലാം  ഒറ്റ വാക്കിൽ, ഒട്ടും ചിന്തിക്കാതെ 'വളരെ നല്ല സിനിമയാണ് ട്ടോ'  എന്ന് ആത്മാർത്ഥമായി പറയാൻ പറ്റുന്നത് വിരളമായാണ്. ഈ സിനിമ കണ്ടു കഴിഞ്ഞാൽ നമ്മൾ അത് തന്നെ പറയും - അതേ ഒറ്റ വാക്ക്.

ഓരോ പ്രേക്ഷകന്റെയും സിനിമാസ്വാദനം പല വിധമാണ്.  സിനിമയോടുള്ള പ്രേക്ഷകന്റെ സമീപനരീതിക്ക് അനുസരിച്ച് അത് മാറി മറഞ്ഞു കൊണ്ടിരിക്കും. ചില സിനിമകൾ നിരീക്ഷിക്കേണ്ട വിധം നിരീക്ഷിക്കാൻ തയ്യാറാകാത്ത പക്ഷം ആ സിനിമയോടുള്ള  ആസ്വാദനം വികലമാകാൻ വഴിയുണ്ട്. ഇവിടെ അങ്ങിനെയൊരു അവസ്ഥ വരുന്നില്ല എന്ന് മാത്രമല്ല കാണുന്ന എല്ലാവർക്കും ഒരേ രീതിയിൽ സിനിമ അനുഭവഭേദ്യവുമാകുന്നു. അതു തന്നെയാണ് സമീർ താഹിർ എന്ന യുവ സംവിധായകന്റെയും ഈ സിനിമയുടെയും വിജയ രഹസ്യം. 'ബിഗ്‌ ബി' യിൽ ഒരു cinematographer വേഷത്തിൽ തുടങ്ങി 'ചാപ്പാ കുരിശി' ലൂടെ  ഒരു സ്വതന്ത്ര സംവിധായക  പദവിയിലേക്കെത്തുമ്പോൾ  സമീറിന്റെ മനസ്സിൽ സിനിമയോട് ഉണ്ടായിരുന്ന നിശ്ചയ ദാര്‍ഡ്യം 'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി' യിലൂടെ  ലക്ഷ്യം കൈവരിക്കുകയാണ്. 

തന്റെ  തീരുമാനങ്ങളാണ് തന്റെ വിധി എന്ന് വിശ്വസിക്കുന്ന കാസി (ദുൽഖർ സൽമാൻ) ജീവിതത്തെ വിപ്ലവാത്മകമായി സമീപ്പിക്കുന്ന ആളാണ്. കഥാപാത്രത്തിന്റെ ആ വിപ്ലവ വീര്യം സിനിമയിൽ പലയിടത്തും പ്രകടമാണ്. തുടക്കം മുതൽ ഒടുക്കം വരെ അത് വളരെ വൃത്തിയായി അഭിനയിച്ചു പ്രതിഫലിപ്പിക്കാൻ ദുൽഖറിന് കഴിഞ്ഞു  എന്നുള്ളിടത്ത് ദുൽഖർ എന്ന നടന്റെ അഭിനയ മികവ്  ഏറ്റവും ഉയരത്തിൽ അടയാളപ്പെടുത്തുക കൂടിയാണ്  ചെയ്യുന്നത്. റോഡരികിലെ കടയിൽ കാസിയുടെ വരവും കാത്ത് ഒരു സിഗരറ്റും കൊളുത്തിപ്പിടിച്ച് ബൈക്കിൽ ചാരി നിന്ന് പുകയൂതുന്ന സുനിക്ക്  (സണ്ണി വെയ്ൻ) പ്രത്യേകിച്ച് ജീവിത ലക്ഷ്യമൊന്നും ഇല്ല എന്ന് പറയാം. പക്ഷേ കാസിയോടുള്ള സുനിയുടെ ആത്മബന്ധം അളവിനും അപ്പുറമാണ്. എങ്ങോട്ടാണ് ഇത്തവണത്തെ യാത്ര എന്ന് സുനി കാസിയോടു ചോദിക്കുമ്പോൾ മറുപടി കിട്ടുന്നത് ഹിമാലായത്തിലെക്കെന്നാണ്. ഓ അതിനെന്താ നീ എങ്ങോട്ട് പോകുന്നു അങ്ങോട്ട്‌ ഞാനും ഉണ്ട് - അതാണ്‌ സുനിയുടെ ഒരു ലൈൻ. കണ്ണൂർക്കാരനായ സുനിയുടെ വേഷം സണ്ണിയിൽ ഭദ്രമായിരുന്നു.

പിന്നിട്ട ദൂരത്തെക്കാൾ,   വിവിധ  സാഹചര്യങ്ങളിൽ കണ്ടുമുട്ടുന്നവരെയാണ് കാസി തന്റെ യാത്രയുടെ മൂല്യാനുഭവമായി  കാണുന്നത്.  അതേ വേളയിൽ, പലതും  മറക്കാൻ വേണ്ടിയുള്ള വെറുമൊരു  അലസ യാത്രയാണ് തന്റെ ഉദ്ദേശ്യം എന്ന് പറഞ്ഞ കാസിക്ക് വഴി മദ്ധ്യേ  യാത്രയുടെ യഥാർത്ഥ ലക്ഷ്യം എന്താകണമെന്നു പറഞ്ഞു കൊടുക്കുന്നത് സ്വന്തമായി യാതൊരു ജീവിത ലക്ഷ്യവുമില്ലാത്തവൻ എന്ന മുഖമുദ്ര പതിപ്പിച്ചു നടക്കുന്ന   സുനിയാണ്. ഓരോ പ്രവർത്തിക്കും ഓരോ ചിന്തക്കും എവിടെയോ ഒരു ലക്ഷ്യമുണ്ട്. പലപ്പോഴും എന്താണ് ആ ലക്ഷ്യം എന്നറിയാൻ നമ്മൾ വൈകുന്നു. മദ്ധ്യേ നമ്മൾ അത് തിരിച്ചറിയുന്നതിന് കാരണങ്ങളും നിമിത്തങ്ങളും ഒരുപാടുണ്ടാകാം. അത് കൊണ്ട് തന്നെ ജീവിതത്തിൽ ലക്ഷ്യമില്ലായ്മ എന്ന നിർവികാരതക്ക് ഒട്ടും പ്രസക്തി ഇല്ല. അതൊരു താൽക്കാലിക മനോ-വിഭ്രമം മാത്രം. സിനിമയിൽ  അത് അടിവരയിരയിടുന്ന രംഗങ്ങൾ പലതുണ്ട്. ഒരു ഘട്ടത്തിൽ എങ്ങോട്ടെന്നില്ലാതെ യാത്ര ചെയ്യുകയും മറ്റൊരു വിഭ്രാന്തിയിൽ  യാത്ര മതിയാക്കി തിരിച്ചു വീട്ടിലേക്കു മടങ്ങാൻ തീരുമാനിക്കുകയും പിന്നീട്  ദ്രുതഗതിയിൽ  ലക്ഷ്യബോധം കൈവരിക്കുക്കുകയും ചെയ്യുന്ന കാസിയുടെ മാനസികാവസ്ഥകൾ അതിന്റെ ഭാഗമാണ്. 

കേരള, കർണാടക, ആന്ധ്രാ പ്രദേശ്, ഒറീസ്സ, പശ്ചിമ ബംഗാൾ, സിക്കിം, നാഗാലാന്റ് തുടങ്ങീ ഏഴു സംസ്ഥാനങ്ങളിൽ കൂടി സഞ്ചരിച്ചു കൊണ്ട് കഥ പറയുന്ന ഒരു സിനിമ എന്നതിനോടൊപ്പം കഥാപശ്ചാത്തലമായി വരുന്ന അതാത് സംസ്ഥാനങ്ങളുടെ ആനുകാലിക-രാഷ്ട്രീയ-സാമൂഹിക ഭൂതലത്തെ പ്രേക്ഷകന് മുന്നിൽ  യാഥാർത്യ ബോധത്തോടെ വ്യക്തമായി വരച്ചു കാണിക്കുന്നതിലും സിനിമ വിജയിക്കുന്നുണ്ട്. സിനിമ എന്ന മാധ്യമത്തിന്  പലപ്പോഴും സമൂഹത്തോട് നിറവേറ്റാൻ സാധിക്കാതെ പോകുന്ന വിദൂര കടമയെ കൂടിയാണ് സമീർ താഹിർ തന്റെ സിനിമയിലൂടെ മുഴുവൻ സിനിമാ പ്രവർത്തകരെയും ഓർമപ്പെടുത്തുന്നത്  എന്ന് കൂടി പറയേണ്ടിയിരിക്കുന്നു. 

ജീവിതത്തോടുള്ള കാസിയുടെ വിപ്ലവാത്മകത  കലാലയ ജീവിതത്തിലെ രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെയാണ് സജീവമാകുന്നത്. ഫീസടക്കാൻ കഴിവില്ലാത്തവർക്ക് പഠിക്കാനും അവകാശമില്ല എന്ന അധികാരി-ഭരണവർഗങ്ങളുടെ  ധാർഷ്ട്യ  നിലപാടിന് മുന്നിൽ ആത്മഹത്യ ചെയ്യേണ്ടി വരുന്ന സിനിമയിലെ വിദ്യാർഥിനി കഥാപാത്രം  പ്രേക്ഷകരെ വേദനയോടെ  ഓർമപ്പെടുത്തുന്നത്  സമകാലീന കേരള കലാലയ ജീവിതങ്ങളിലെ രജനി എസ് ആനന്ദുമാരെയാണ്. എസ്. എഫ്. ഐക്കാരനായ കാസിയുടെ സാമൂഹിക-രാഷ്ട്രീയ  ഇടപെടലുകൾ സിനിമയിൽ സൂചിപ്പിക്കപ്പെടുന്നത് ഈ രംഗത്തോട് അനുബന്ധിച്ചാണ്. തന്റെ രാഷ്ട്രീയം ശരിയായ നിരീക്ഷണമാണ് എന്ന കാര്യത്തിൽ കാസിക്ക് തെല്ലും സംശയമില്ല. അതേ സമയം തന്റെ വിപ്ലവ പ്രസംഗങ്ങളെയും വിദ്യാർഥി സമൂഹത്തിലുള്ള സ്വാധീനത്തെയും കേവലം കക്ഷി രാഷ്ട്രീയ വിരോധം തീർക്കാനായി  പാർട്ടി ഹൈജാക്ക് ചെയ്യുകയാണ് എന്ന് ബോധ്യപ്പെടുന്ന നിമിഷം കാസി പാർട്ടിയെ തള്ളിപ്പറയുന്നുണ്ട്. ഒരു യഥാർത്ഥ വിപ്ലവകാരി പാർട്ടിക്ക് അടിമപ്പെട്ടു ജീവിക്കേണ്ടവനല്ല, അവന്റെ വിപ്ലവം പാർട്ടിക്ക് വേണ്ടിയല്ല പൊതു സമൂഹത്തിനു വേണ്ടിയാകണം എന്ന് പറയാതെ പറഞ്ഞു കൊണ്ട് ആ രംഗം അവസാനിക്കുന്നു. 

                                         

നീണ്ടു പുളഞ്ഞു കിടക്കുന്ന റോഡിലൂടെ എങ്ങോട്ടെന്നില്ലാതെ ബൈക്കിലുള്ള തങ്ങളുടെ യാത്ര പുരോഗമിക്കുമ്പോൾ യാത്രികർ അറിയാതെ അവരുടെ സാമൂഹിക ചുറ്റുപാടുകളും  മാറിക്കൊണ്ടിരിക്കുകയായിരുന്നു . കർണാടക സംസ്ഥാനത്തിന്റെ ഉൾപ്രദേശങ്ങളിലൂടെയുള്ള ഏകാന്ത യാത്രകൾ അപകടകരമാണെന്ന പത്ര വാർത്തകൾ സിനിമ കാണുന്നതിനിടയിൽ നമ്മൾ ഓർത്ത്‌ പോകുന്നു. ചെറുപ്പത്തിന്റെ തിളപ്പിൽ രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ട് നാട് വിടേണ്ടി വരുകയും പിന്നീട് പുതിയ ചുറ്റുപാടിൽ വേരുറപ്പിച്ചു താമസിക്കേണ്ടിയും വന്ന  ഒരു മെക്കാനിക് കഥാപാത്രം സിനിമക്കിടയിൽ കടന്നു വരുന്നുണ്ട് . എന്നെങ്കിലും നാട്ടിലേക്ക് തിരിച്ചു പോകാൻ സാധിക്കുമോ എന്നന്വേഷിക്കുന്ന രണ്ടു 'പ്രതീക്ഷ കണ്ണുകളുടെ' ഉടമയാണ് സിനിമയിൽ അയാൾ. കേരളത്തിൽ നിന്നും തങ്ങൾ വന്ന നീണ്ട റോഡിനെ അയാൾക്ക്‌ ചൂണ്ടി കാണിച്ചു കൊടുത്ത് കൊണ്ട്  ആ 'പ്രതീക്ഷ കണ്ണുകളിൽ' കൂടുതൽ ഊർജ്ജം പകരാനാണ് കാസി ശ്രമിക്കുന്നത്. ആസാം കലാപ ബാധിത പ്രദേശങ്ങളിലൂടെയുള്ള  രാത്രിയാത്ര വളരെ ഭീകരമായി തന്നെ  സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്. ഒരു വിളിപ്പാടകലെ, ഇരുട്ടിൽ അവ്യക്തമായി യാത്രികർക്ക്  കാണേണ്ടി വരുന്ന  ദാരുണ കൊലപാതകം കലാപ  ഭീകരതയെ വരച്ചു കാണിക്കുന്ന രംഗമാണ്. കലാപ പ്രദേശത്തെ തെരുവിൽ  ഒറ്റപ്പെട്ടു പോയ  കുട്ടിയിലും, കരഞ്ഞു കണ്ണ് കലങ്ങിയ  സ്ത്രീകളിലും തന്റെ  പ്രിയപ്പെട്ടവരെ തന്നെയാണ് കാസി കാണുന്നത്. ഇത്തരം ദുരന്ത കലാപ ദുരിത ഭൂമികളിൽ ഭാഷക്കും മതത്തിനും അതീതമായി നിലകൊള്ളുന്നത് മനുഷ്യത്വമെന്ന വികാരം മാത്രമാണ് എന്ന് സിനിമ വ്യക്തമാക്കുന്നു.

കാസി-അസി (സുര്‍ജാ ബാല) പ്രണയമാണ് സിനിമയുടെ ആത്യന്തിക പ്രമേയ ഭാവം. ആ തീക്ഷ്ണ പ്രണയം സിനിമയിൽ പറയാതെയും പങ്കു വക്കാതെയും പോയിരുന്നെങ്കില്‍ ഒരു പക്ഷേ ആകാശത്തിനും കടലിനും ഭൂമിക്കും ഇത്ര തന്നെ ഭംഗി ഉണ്ടാകുമായിരുന്നില്ല. സമീർ താഹിറിന്റെ മനോഹരമായ ഒരു പ്രണയാവിഷ്ക്കാരം കൂടിയാണ് അസിയിലേക്ക് എത്തിപ്പെടുന്ന കാസിയുടെ ദീർഘയാത്ര എന്ന് പറയേണ്ടിയിരിക്കുന്നു. സിനിമകളിൽ  മാത്രം കാണുന്ന ഒരു വിശിഷ്യ പ്രേമ- പ്രതിഭാസം മാത്രമായി കാസി-അസി പ്രണയത്തെ ചിലരെങ്കിലും വ്യാഖ്യാനിക്കാം. കാരണം എല്ലാ കഥകളിലേയും പോലെ ഇവിടെയും കമിതാക്കളുടെ പ്രണയ തീവ്രതയുടെ മുന്നില്‍ മത-ഭാഷാ വ്യത്യാസത്തിന്റെ മതിലുകള്‍ പൊളിഞ്ഞു വീഴുകയാണ്. യഥാർത്ഥ സ്നേഹ പ്രണയ ബന്ധങ്ങൾക്ക്   മുന്നിൽ  ഭാഷയുടെയും മതത്തിന്റെയും  അതിർത്തി പങ്കിടുന്ന മതിലുകൾ പൊളിഞ്ഞു വീഴുക തന്നെ ചെയ്യുമെന്ന പൊതു സാഹിത്യ സങ്കൽപ്പ ധാരണകളെ സിനിമയും പിന്തുടരുന്നു. അതേ സമയം, യാഥാർത്യവുമായി തട്ടിച്ചു നോക്കുമ്പോൾ, മനുഷ്യനെ സ്നേഹിക്കാനും മനസിലാക്കാനും പഠിപ്പിക്കുന്ന മതവും ഭാഷയുമെല്ലാം മനുഷ്യര്‍ക്കിടയില്‍ എങ്ങിനെ  പലപ്പോഴും മതിലുകളായി രൂപാന്തരപ്പെടുന്നു എന്ന ചോദ്യം പ്രേക്ഷകന്റെ മനസ്സിലേക്ക്  നിശബ്ദമായി ചേക്കേറുകയും ചെയ്യുന്നു . 

അന്യ ഭാഷാ നടീ നടന്മാരെ  മലയാള സിനിമകളിൽ അവതരിപ്പിക്കുന്നത് ഇതാദ്യമായല്ല. പക്ഷെ കഥാ പശ്ചാത്തലത്തിനും കഥാപാത്രങ്ങൾക്കും  അനുയോജ്യമാം വിധം അന്യഭാഷാ നടീ നടന്മാരെ മികച്ച രീതിയിൽ ഉപയോഗിക്കാൻ സാധിച്ച  ചുരുക്കം മലയാള സിനിമകളിൽ ഒന്നാമതാണ് നീലാകാശം -പച്ചക്കടൽ -ചുവന്ന ഭൂമി എന്ന് പറയേണ്ടി വരും. കേരളത്തിൽ വന്നു പഠിക്കുന്ന അസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മണിപ്പൂരി നടി സുർജ ബാലയും, ബംഗാളി ഗ്രാമത്തലവനും പഴയ നക്സലുമായ  ബിമൽ ദായെ അവതരിപ്പിച്ച ബംഗാളി നടൻ  ധൃതിമാൻ ചാറ്റർജിയും അടങ്ങുന്ന അന്യ ഭാഷാ നടീ നടന്മാർ സിനിമയിലെ പ്രേക്ഷക ശ്രദ്ധാ കേന്ദ്രങ്ങളാകുന്നത് കാസ്റ്റിങ്ങിലെ ഈ പൂർണത ഒന്ന് കൊണ്ട് മാത്രം. റെക്സ് വിജയന്റെ സംഗീതം സിനിമയുടെ മൂഡിനു അനുയോജ്യമായി തന്നെ നിന്നു. ഗിരീഷ്‌ ഗംഗാധരന്റെ ച്ഛായാഗ്രഹണം സിനിമയെ കൂടുതൽ അഴകുറ്റതാക്കി എന്ന് പറയാതെ വയ്യ. 

ആകെ മൊത്തം ടോട്ടൽ =  ദേശ ഭാഷാ  ഭേദമന്യേ സമകാലീന സാമൂഹിക പ്രശ്നങ്ങളിലൂടെ  യാഥാർത്യ ബോധത്തോടെ ക്യാമറ ചലിപ്പിച്ച ഒരു തത്സമയ സിനിമ. അത് കൊണ്ട് തന്നെ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന് ഒരേ സ്വരത്തിൽ പറയാം . "ആകാശം നീലയും, കടൽ പച്ചയും, ഭൂമി ചുവന്നതും തന്നെയാണ്." അതങ്ങിനെ തന്നെയാണ് എന്ന് സിനിമ പ്രേക്ഷകനെ പൂർണമായും ബോധ്യപ്പെടുത്തുന്നു.

വിധി മാർക്ക്‌ = 8/10 

-pravin- 

Monday, September 2, 2013

Madras Cafe - An Indian Political Espionage Thriller

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ  ഇന്നും  മറക്കാനാകാത്ത ഒരു സംഭവമാണ് രാജീവ്‌ ഗാന്ധി വധം. തമിഴ് പുലികളെയും, രാജീവ്‌ ഗാന്ധി വധത്തെയും പരാമർശിച്ചു കൊണ്ട് നിരവധി സിനിമകൾ ഇന്ത്യയിൽ റിലീസ് ചെയ്തിട്ടുണ്ട്. സന്തോഷ്‌ ശിവൻ സംവിധാനം ചെയ്ത് 1998 ഇൽ റിലീസ് ചെയ്ത "The Terrorist", 2002 ഇൽ മണി രത്നത്തിന്റെ  സംവിധാനത്തിൽ വന്ന  "കന്നത്തിൽ മുത്തമിട്ടാൽ",  ആർ. കെ സെൽവമണി സംവിധാനം ചെയ്ത് 2007 ഇൽ റിലീസായ "കുറ്റപത്രികൈ" എന്നിവ അതിനുദാഹരണങ്ങളാണ്. ഈ സിനിമകളിലെല്ലാം തന്നെ LTTE പ്രവർത്തനങ്ങളും, രാജീവ്‌ ഗാന്ധി വധത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങളും, തമിഴ് പുലികളും സർക്കാരും തമ്മിലുള്ള ആഭ്യന്തര പ്രശ്നങ്ങളും അങ്ങിനെ നിരവധി വിഷയങ്ങൾ ഭാവനത്മകമായും അല്ലാതെയും ചൂണ്ടി കാണിക്കപ്പെടുന്നുണ്ട്. ഒരു പക്ഷേ, വളരെ ആധികാരികമായി, എന്നാൽ  കുറഞ്ഞ തോതിൽ മാത്രം ഭാവനാത്മകത ഉപയോഗിച്ച്  രാജീവ് ഗാന്ധി വധാന്വേഷണം വളരെ ചടുലമായി അവതരിപ്പിച്ചത്  മലയാളത്തിൽ മേജർ രവി സംവിധാനം ചെയ്ത് 2007 ൽ റിലീസായ "മിഷൻ 90 ഡെയ്സ്" എന്ന സിനിമയിലായിരിക്കും. സിനിമ പ്രേക്ഷകരെ രസിപ്പിക്കാനും ത്രില്ലടിപ്പിക്കാനും വേണ്ടി മാത്രമാണ് എന്ന ചിന്താഗതിക്കാർക്ക് "മിഷൻ 90 ഡെയ്സ്" ഒരു പക്ഷേ  നിരാശ സമ്മാനിച്ചിരിക്കാം.  അതേ സമയം രാജീവ ഗാന്ധി വധാന്വേഷണം ഘട്ടം ഘട്ടമായി വ്യക്തമായ വിവരണങ്ങളിലൂടെ  അറിയാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ തന്റെ സിനിമ നന്നായി അവതരിപ്പിക്കാൻ മേജർ രവിക്ക് സാധിച്ചിട്ടുമുണ്ട്. 

ഇവിടെ മേൽപ്പറഞ്ഞ സിനിമകളിൽ നിന്നെല്ലാം വീണ്ടും വ്യത്യസ്തമാകുകയാണ് ഷൂജിത് സിർക്കാരിന്റെ "മദ്രാസ് കഫെ" എന്ന് പറയേണ്ടിയിരിക്കുന്നു. കാരണം, 'മദ്രാസ് കഫെ' ചർച്ച ചെയ്യുന്നതും പറഞ്ഞെത്തുന്നതും ആരും ഇത് വരെ ഈ വിഷയത്തിൽ പറയാതിരുന്ന  ഒരു കാര്യത്തിലേക്കാണ്- രാജീവ് ഗാന്ധി എന്ന പ്രധാനമന്ത്രിയെ നമുക്ക് നഷ്ട്ടപ്പെടില്ലായിരുന്നു എന്ന ദുഃഖ സത്യത്തിലേക്ക്. പ്രധാനമന്ത്രി അപകടത്തിലാണ് എന്ന് മുൻകൂട്ടി അറിഞ്ഞിട്ടും അദ്ദേഹത്തെ രക്ഷപ്പെടുത്താൻ സാധിക്കാതിരുന്ന  ഒരു കൂട്ടം സഹപ്രവർത്തകരെയും, പ്രധാനമന്ത്രി കൊല്ലപ്പെടണം എന്ന് രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും ഒരു പോലെ  ആഗ്രഹിച്ച ചില ദുഷ്ട ശക്തികളെയും കുറിച്ചാണ് സിനിമ കൂടുതലും പറയുന്നത്. ശ്രീലങ്കയെ സഹായിക്കാൻ ഇന്ത്യ നടത്തിയ ശ്രമങ്ങൾക്കിടയിൽ സ്വന്തം ജീവൻ ബലി കഴിക്കേണ്ടി വന്ന പട്ടാളക്കാർ ആർക്കു വേണ്ടിയാണ് അന്യരാജ്യത്ത് മരിച്ചു വീണത്‌  എന്ന വലിയൊരു ചോദ്യവും   ചില സീനുകളിൽ ഉയർന്നു വരുന്നുണ്ട്. 

അതീവ രഹസ്യ സ്വഭാവവും  അപകടസാധ്യത ഏറെയുമുള്ള ഒരു ജോലിയുടെ ഭാഗമെന്നോണം മേജർ വിക്രമിന് (ജോണ്‍ എബ്രഹാം) തന്റെ വ്യക്തി ജീവിതത്തിൽ പല നഷ്ടങ്ങളും സഹിക്കേണ്ടി വരുന്നുണ്ട്. സംഭവിക്കുന്ന നഷ്ടങ്ങളിൽ  ഒരു പരിധിക്കപ്പുറം അയാൾ തളരുന്നില്ല; അതേ സമയം ഔദ്യോഗിക ജീവിതത്തിലെ  കൃത്യ നിർവഹണത്തിലുണ്ടായ  പരാജയം  മേജർ വിക്രമിനെ ഒരായുഷ്ക്കാലത്തേക്ക് അലട്ടുന്നതും ഖേദപ്പെടുത്തുന്നതുമായിരുന്നു. രാജീവ് ഗാന്ധി വധത്തിനു പിന്നിലെ രാഷ്ട്രീയവും അന്തർ ദേശീയവുമായി നടന്ന വിവിധ ഗൂഡാലോചനകളെ കുറിച്ച്  വേണ്ടതിലധികം തെളിവുകൾ നൽകിയിട്ടും അതിനെ തൃണവൽക്കരിച്ചു കളയുന്ന നിലപാടാണ് സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് മേജർ വിക്രമിന്റെ ചില പാഴ് ശ്രമങ്ങളിലൂടെ സിനിമ പ്രേക്ഷകന് കാണിച്ചു തരുന്നുണ്ട്. ഇതിനെ ഭാവനാത്മകമെന്നോ, വസ്തുതാപരമെന്നോ,വെറും  കെട്ടിച്ചമച്ച കഥകളെന്നോ എങ്ങിനെ വേണമെങ്കിലും വിളിക്കാം. പക്ഷെ എങ്ങിനെ വിളിക്കണം എന്ന് തീരുമാനിക്കേണ്ടത് ജനാധിപത്യ സമൂഹത്തിന്റെ ഭാഗമായ  പ്രേക്ഷകരാണ്. എന്തായാലും ഒരു കാര്യം ഉറപ്പ്. നമ്മൾ കണ്ടതും വായിച്ചതും അറിഞ്ഞതുമല്ല ചരിത്രം. അല്ലെങ്കിൽ അത് മാത്രമല്ല ചരിത്രം. ഇനിയും അറിയാനുള്ളതും , അറിയപ്പെടാനുള്ളതുമായ ഒരു  നിഗൂഡതയാണ് ഈ വിഷയത്തിലെ യഥാർത്ഥ ചരിത്രം. ആ തലത്തിലേക്ക് ചിന്തിക്കേണ്ടിയിരിക്കുന്ന  ചില ആധികാരിക വിവരണങ്ങൾ സിനിമ പ്രേക്ഷകനുമായി പങ്കു വക്കുന്നുണ്ട്. 

ഈ സിനിമയുമായി ബന്ധപ്പെട്ട് തമിഴ് നാട്ടിലെ  പ്രമുഖ രാഷ്ട്രീയ പാർട്ടികൾ എൽ.ടി.ടി.ഇയെ കുറിച്ച്  പറഞ്ഞ അഭിപ്രായങ്ങളും വിപ്ലവ കഥകളും മറ്റു വിവാദങ്ങളും രാജീവ്‌ ഗാന്ധി വധത്തെ പരോക്ഷമായി ന്യായീകരിക്കുന്നതും  പുലി പ്രഭാകറിന്റെയും എൽ . ടി . ടി . ഇ യുടെയും കലാപ പ്രവർത്തനങ്ങളെ പ്രത്യക്ഷമായി തന്നെ അംഗീകരിക്കുകയും ചെയ്യുന്ന ചില സംഗതികളാണ്. തമിഴ് ദേശീയ വാദത്തിന്റെ ഭീകരമായ ഈ അവസ്ഥയെ തന്നെയാണ് സിനിമയിൽ National Threat എന്ന് വിശേഷിപ്പിക്കുന്നതും. എന്ന് കരുതി ഇത് ഒരിക്കലും തമിഴനോ തമിഴ് നാടിനോ എതിരായ സിനിമയല്ല. വംശഹത്യകൾക്കും  മറ്റു സാമുദായിക -പ്രാദേശിക -ദേശീയ കലാപങ്ങൾക്കും ഇടയിൽ പിടഞ്ഞു വീഴേണ്ടി വരുന്ന  നിരപരാധികളായ ഒരു സമൂഹത്തിന്റെ മനോവികാരത്തിനും അവരുടെ ദുരിതത്തിനും മുന്നിൽ അത്തരം വിഭാഗീയ ചിന്തകളുടെ  പ്രസക്തി വെറും വട്ട പൂജ്യം മാത്രമാണ്. 

2012 ഇൽ റിലീസ് ചെയ്ത "വിക്കി ഡോണർ " സിനിമയ്ക്കു ശേഷം ജോണ്‍ എബ്രഹാം രണ്ടാമതും നിർമാതാവായ സിനിമയാണ് മദ്രാസ് കഫെ. വിക്കി ഡോണറിന്റെ വിജയത്തിന് ശേഷം സംവിധായകനായി ഷൂജിത് സിർക്കാരും, തിരക്കഥാകൃത്തായി ജൂഹി ചതുർവേദിയും ഒന്നിക്കുന്ന സിനിമ കൂടിയാണ് ഇത്. ഈ സിനിമയിൽ പക്ഷേ ജൂഹിക്ക് സംഭാഷണ ചുമതല മാത്രമേ ഉള്ളൂ. സോമനാഥ്ദേ, ശുഭേന്ദു ഭട്ടാചാര്യ എന്നിവരാണ് സ്ക്രിപ്റ്റ് ചെയ്തിരിക്കുന്നത്. മേജർ വിക്രം സിംഗ് എന്ന സാങ്കൽപ്പിക കേന്ദ്ര കഥാപാത്രം ഒഴിച്ച് ബാക്കി സിനിമയിൽ വിവരിക്കപ്പെടുന്ന ഓരോ സീനിനും  അതിന്റെതായ ആധികാരികത ഉണ്ടെന്നു തന്നെ സംവിധായകനും സംഘവും അടി വരയിട്ടു പറയുന്നു. വിക്രം സിംഗ് എന്ന കഥാപാത്രം  സാങ്കൽപ്പികമാണെങ്കിലും നായകന് അമാനുഷികത കൽപ്പിച്ചു കൊടുക്കുന്ന ബോളിവുഡ് സംവിധായകരിൽ നിന്നും ഷുർജിത് വേറിട്ട്‌ നിൽക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥരും ഇന്റലിജൻസ് ഓഫീസർമാരും  വികാര വിക്ഷോഭങ്ങൾക്ക് അടിമപ്പെടുന്ന വെറും  സാധാരണ മനുഷ്യരിൽ ഉൾപ്പെടുന്നവർ തന്നെയാണെന്ന്  പ്രേക്ഷകരെ ചില വേളകളിൽ  ബോധ്യപ്പെടുത്താനും ഷുർജിത് ശ്രമിച്ചിരിക്കുന്നു.  

 ശ്രീലങ്കൻ ദുരിത ബാധിത പ്രദേശങ്ങളും, കലാപത്തിനു ഇരയായവരും സിനിമ തുടങ്ങുമ്പോൾ തന്നെ പ്രേക്ഷകനെ ഞെട്ടിപ്പിക്കുന്ന കാഴ്ചയായി മാറുന്നുണ്ട്. കമൽ ജീത് നേഗിയുടെ ച്ഛായാഗ്രഹണം വാക്കുകൾക്കും അപ്പുറം അഭിനന്ദനീയമാണ്. സിനിമയുടെ ഏക പോരായ്മയായി മുഴച്ചു നിന്നത് അവ്യക്തമായ രീതിയിൽ സീനുകളെ ബന്ധിപ്പിച്ച എഡിറ്റിംഗ് ആണ്. ആധികാരികമായ വിവരണങ്ങളിൽ കൂടി സിനിമ പലതും വെളിപ്പെടുത്തുന്നുണ്ടെങ്കിലും ക്യാമറയുടെ ദ്രുത ചലനവും പെട്ടെന്നുള്ള സീൻ മാറ്റവും പ്രേക്ഷകരെ അലോസരപ്പെടുത്തുന്നതാണ്. ഇക്കാരണം കൊണ്ട് തന്നെ സിനിമയിലെ ചില ഭാഗങ്ങൾ പ്രേക്ഷകന്റെ മനസ്സിൽ അവ്യക്തത സൃഷ്ടിക്കുന്നു. 

ആകെ മൊത്തം ടോട്ടൽ = രാജീവ്‌ ഗാന്ധി വധത്തെ കുറിച്ച് ഇത് വരെ ചർച്ച ചെയ്യാത്ത തലങ്ങളിൽ കൂടി കഥ പറയുന്ന ഒരു നല്ല പൊളിറ്റിക്കൽ ത്രില്ലർ. പക്ഷേ, ഒരു entertainer മനസ്സോടെ സിനിമ കാണാൻ ആഗ്രഹിക്കുന്നവർ  നിരാശപ്പെടും. 

*വിധി മാർക്ക്‌ = 7/10 

-pravin-

Saturday, August 17, 2013

Chennai Express

Bol Bachan നു ശേഷം  രോഹിത് ഷെട്ടി സംവിധാനം ചെയ്ത സിനിമയാണ് Chennai Express. യൂനസ് സജാവലിന്റെ തിരക്കഥയും രോഹിതിന്റെ സംവിധാനവും കൂടി ചേരുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക പരിണാമങ്ങൾ മാത്രമാണ് ചെന്നൈ എക്സ്പ്രസ്സിലും സംഭവിക്കുന്നുള്ളൂ എന്നത് കൊണ്ട് പ്രേക്ഷകന് അമിത പ്രതീക്ഷയോ നിരാശയോ ഇല്ലാതെ കണ്ടിരിക്കാവുന്ന സിനിമയാണ് ചെന്നൈ എക്സ്പ്രെസ്സ്. ഓം ശാന്തി ഓമിന് ശേഷം ഷാരൂഖ്‌ - ദീപികാ ജോഡികളുടെ പ്രണയവും പ്രകടനവും കാണാൻ എത്തുന്നവരും പൂർണമായും നിരാശപ്പെടില്ല  എന്ന്  തന്നെ പറയാം. പ്രണയത്തേക്കാൾക്കാൾ ഉപരി കോമഡിക്കാണ്  സിനിമയിൽ പ്രാധാന്യം. പ്രണയവും അനുബന്ധ ആക്ഷൻ സീനുകളും  വളരെ വൈകി മാത്രമേ സിനിമയിൽ കടന്നു വരുന്നത് പോലുമുള്ളൂ . 

അമ്മയും അച്ഛനും  ചെറുപ്പത്തിലെ മരിച്ചു പോയതിനാൽ മുത്തശ്ശന്റെ (ലേഖ് ടണ്ടൻ ) സ്നേഹ-കർശന-സംരക്ഷണത്തിലായിരുന്നു  രാഹുലിന്റെ (ഷാരൂഖ്‌ ഖാൻ )  വളർച്ച.  മുത്തശ്ശന്റെ  മധുര പലഹാര കച്ചവടവും കടകളും  നോക്കി നടത്തേണ്ട മുഴുവൻ ചുമതല രാഹുലിനാണ്. രാഹുലിനാകട്ടെ അതിലൊന്നും വലിയ താൽപ്പര്യവുമില്ല. മുത്തശ്ശന്റെ നിർബന്ധങ്ങൾക്കു വഴങ്ങി ജീവിക്കുക എന്നതിലുപരി തന്റെ ജീവിതത്തിൽ രാഹുലിന് സ്വന്തമായൊന്നും തീരുമാനിക്കാനോ നടപ്പിലാക്കാനോ സാധിച്ചിട്ടില്ല.  മുത്തശ്ശന്റെ നൂറാം പിറന്നാൾ ദിവസം സുഹൃത്തുക്കളുടെ കൂടെ ഒരു ഗോവൻ ട്രിപ്പ്‌ പ്ലാൻ ചെയ്ത സന്തോഷത്തിലായിരുന്നു രാഹുൽ . പക്ഷെ എന്ത് ചെയ്യാൻ നൂറാം പിറന്നാൾ ആഘോഷിക്കുന്നതിനു തൊട്ട് മുൻപേ മുത്തശ്ശൻ മരിക്കുന്നു. മുത്തശ്ശന്റെ മരണം രാഹുലിനെ അധികമൊന്നും വേദനിപ്പിക്കുന്നില്ല എന്ന് മാത്രമല്ല മുടങ്ങി പോയ ഗോവൻ യാത്ര ഏതു വിധേനയും നടത്താൻ തന്നെ രാഹുൽ തീരുമാനിക്കുന്നു . മുത്തശ്ശന്റെ മരണം തന്റെ ജീവിതത്തിലെ പ്രധാന ട്വിസ്ട്ടായാണ് രാഹുൽ കാണുന്നത് പോലും. മുത്തശ്ശിയുടെ (കാമിനി കൌശൽ ) നിർദ്ദേശ പ്രകാരം മുത്തശ്ശന്റെ ചിതാ ഭസ്മം രാമേശ്വരത്തെ കടലിൽ ഒഴുക്കാൻ വേണ്ടി പറഞ്ഞു വിടുമ്പോൾ  രാഹുലിന്റെ മനസ്സിൽ സുഹൃത്തുക്കളുമായുള്ള ഗോവൻ യാത്രയായിരുന്നു. മുത്തശ്ശിയെ പറഞ്ഞു പറ്റിച്ചതിന്റെ ആദ്യ ഭാഗമായി രാഹുൽ ചെന്നൈ എക്സ്പ്രെസ്സിൽ കയറുന്നു. ആ യാത്രക്കിടയിൽ പരിചയപ്പെടേണ്ടി വരുന്ന മീനമ്മ എന്ന തമിഴ് കഥാപാത്രമായി ദീപിക പദുകോണ്‍ സിനിമയിലെത്തുന്നു. തുടർന്നങ്ങോട്ട് ഉണ്ടാകുന്ന നർമ മുഹൂർത്തങ്ങളുമായാണ് ചെന്നൈ എക്സ്പ്രസ്സിന്റെ പിന്നീടുള്ള യാത്ര. 

നായികയുടെ അച്ഛന്റെ ഗുണ്ടാ പശ്ചാത്തലം, നായികയെ കല്യാണം കഴിക്കാനായി പറഞ്ഞു വച്ചിരിക്കുന്ന വില്ലൻ, ഇവർക്കിടയിലൂടെ ഉള്ള നായികാ നായകന്മാരുടെ ഓട്ടം, ഇടി എന്നിവ ഒക്കെ കണ്ടു മടുത്ത കാഴ്ചകൾ ആണെങ്കിലും ഷാരൂഖ് - ദീപികാ പദുകോണ്‍ ജോടികളുടെ സ്വാഭാവികമായ ഹാസ്യ പ്രകടനം സിനിമ കാണാൻ പ്രേരിപ്പിക്കുന്നുണ്ട്. ക്ലീഷേ കഥാപാത്രമെങ്കിലും നായികയുടെ 'അച്ഛൻ ഗുണ്ട' എന്ന സ്ഥാനത്തെ ആകാര ഭംഗി കൊണ്ടും മിത സംഭാഷണം കൊണ്ടും ആകർഷണീയമാക്കാൻ സത്യരാജിന് കഴിഞ്ഞിട്ടുണ്ട് .വില്ലനായി വന്ന നിഖിതിൻ ധീരിനു  സ്ക്രീനിൽ ശക്തമായൊരു ശരീരം കാഴ്ച വക്കാൻ കഴിഞ്ഞു എന്നതിൽ കവിഞ്ഞ് ശരീരത്തിനും ശബ്ദത്തിനും  അനുസരിച്ചുള്ള നല്ലൊരു ആക്ഷൻ സീൻ  പോലും കിട്ടിയില്ല എന്നത് ദുഖകരമാണ്.

എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ ഐറ്റം ഡാൻസ് എന്ന പേരിൽ പ്രിയാമണിക്കും കിട്ടി ചെന്നൈ എക്സ്പ്രെസ്സിൽ ഒരിടം. വിശാൽ ശേഖറിന്റെ സംഗീതം ആവറേജ് നിലവാരത്തിൽ തങ്ങി നിന്നപ്പോൾ ഡൂഡ്ലിയുടെ ച്ഛായാഗ്രഹണം ആശ്വാസമായി തോന്നി.  

സിനിമ കണ്ടിറങ്ങിയ ശേഷം ആലോചിച്ചു പോയ ഒരു കാര്യമുണ്ട് . ഈ രാഹുൽ എന്ന പേരിൽ  എത്ര തവണ കിംഗ്‌ ഖാൻ സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്ന്. അത് കണ്ടു പിടിക്കാൻ ഒരു ചെന്നൈ എക്സ്പ്രെസ്സ് കാണേണ്ട സമയം കൂടി ചിലവായെന്നു മാത്രം. 
  1. Zamaaane Deewaane - as Rahul Singh 
  2. Yes Boss - as Rahul Joshi 
  3. Dil To Paagal Hai - as Rahul 
  4. Kuch Kuch Hota Hai - as Rahul Khan 
  5. Kabhie Khushi Kabhie Khum - as Rahul Raichand 
  6. Chennai Express - as Rahul 
അങ്ങിനെ ആകെ മൊത്തം ആറു തവണ രാഹുലായി വന്നിട്ടുണ്ട് നമ്മുടെ കിംഗ് ഖാൻ. അതൊക്കെ പോട്ടെ , ഇതൊന്നു പറഞ്ഞവസാനിപ്പിക്കാം. 

ആകെ മൊത്തം ടോട്ടൽ = കഥ എന്താണെന്നൊന്നും നോക്കാതെ  ഷാരൂഖ് - ദീപിക ജോഡികളിലേക്ക് ശ്രദ്ധ പതിപ്പിച്ചു കാണാൻ പറ്റിയ സിനിമയാണ് ചെന്നൈ എക്സ്പ്രെസ്സ് . അത്യാവശ്യം കോമഡിയും പാട്ടും ഒക്കെ ഉള്ളത് കൊണ്ട് ബോറടിക്കില്ല. Entertainer  സ്റ്റാമ്പ് പതിപ്പിക്കാവുന്ന സിനിമ. 

*വിധി മാർക്ക്‌ = 6/10 

-pravin- 

Sunday, August 11, 2013

മരിയാൻ - കടലിനും സുഡാനിനും ഇടയിലെ നിസ്സഹായത

മരിയാൻ എന്നാൽ മരണമില്ലാത്തവൻ. കടൽ രാജാ എന്ന സ്വയം വിശേഷണത്തെ രാജകീയമായി കാണുകയും അതിൽ അഭിമാനിക്കുകയും ചെയ്തിരുന്ന മരിയാന് (ധനുഷ്), ഒരു പ്രത്യേക സാഹചര്യത്തിലാണ് സുഡാനിലേക്ക്  രണ്ടു വർഷത്തെ കരാറിൽ ജോലിക്ക് പോകേണ്ടി വരുന്നത്. നാടും വീടും വിട്ട് രണ്ടു വർഷക്കാലം  സുഡാനിൽ കഷ്ട്ടപ്പെടുമ്പോഴും അവനുണ്ടായിരുന്ന ഏറ്റവും വലിയ  ആശ്വാസം നാട്ടിൽ തന്നെ കാത്തിരിക്കുന്ന പനിമലരാണ് (പാർവതി). പനിമലരിന്റെ ആ  കാത്തിരുപ്പ്  സിനിമയിൽ തീക്ഷ്ണമായി തന്നെ അവതരിപ്പിക്കപ്പെടുന്നുണ്ട്  .  സുഡാനിൽ നിന്നും  കോയിൻ ഫോണിലൂടെ മരിയാൻ പനിമലരിനെ വിളിക്കുന്ന ഒരേ ഒരു രംഗം മാത്രം മതി അവരുടെ കാത്തിരിപ്പിന്റെയും , സ്നേഹത്തിന്റെയും  ആഴം മനസിലാക്കാൻ. രണ്ടു വർഷത്തെ കാത്തിരുപ്പിനു ശേഷം, സ്വന്തം നാട്ടിലേക്ക് വരാനൊരുങ്ങുന്ന ഏതൊരു പ്രവാസിയെയും  പോലെ മരിയാന്റെ മനസ്സും സന്തോഷം കൊണ്ട് കിതച്ചു. പക്ഷെ വിധി, അത് പലപ്പോഴും സങ്കീർണവും ദുഷ്ക്കരവുമാണല്ലോ. മരിയാന്റെ ജീവിതത്തിലും അത് അങ്ങിനെ തന്നെ സംഭവിക്കുന്നു. സുഡാനി തീവ്രവാദികളുടെ തടവറയിൽ കഴിയേണ്ടി വരുന്ന മരിയാന്റെ ദുരിത കഥ അവിടെ തുടങ്ങുന്നു. കടലിനും സുഡാനിനും ഇടയിലെ നിസ്സാഹയതയുടെ പ്രതീകമായി മരിയാന്‍ പ്രേക്ഷകന്റെ മനസ്സിലേക്ക് കുടിയേറുന്നു. 

കടലിന്റെ പശ്ചാത്തലത്തിൽ ഒരുപാട് സിനിമകൾ വന്നിട്ടുണ്ട്. നീർ പറവൈ , കടൽ തുടങ്ങീ സിനിമകളൊക്കെ തന്നെ കടലിന്റെ പശ്ചാത്തലം വളരെ മനോഹരമായി ഉപയോഗിച്ച് കഥ പറഞ്ഞ സിനിമകളുമാണ്. അത് കൊണ്ട് തന്നെ അത്തരമൊരു ഫ്രൈമിൽ മരിയാൻ പ്രത്യക്ഷപ്പെടുമ്പോൾ സീനുകളിലോ കഥാ പശ്ചാത്തലത്തിലോ  പ്രത്യേകിച്ചൊരു പുതുമ പ്രകടമല്ല. അതേ സമയം ധനുഷ്, പാർവതി എന്നിവരുടെ പ്രകടനം കൊണ്ട് സിനിമ ഏറെ ശ്രദ്ധേയവുമാണ്. സലിം കുമാറിന് ചെറുതല്ലാത്ത ഒരു വേഷം ഈ സിനിമയിൽ ഉണ്ടെന്നല്ലാതെ കാര്യമായൊരു ഭാവ പ്രകടനമോ അഭിനയ പ്രസക്തിയോ ആ കഥാപാത്രത്തിലൂടെ പ്രേക്ഷകന് കാണാൻ സാധിക്കുന്നില്ല. പരിചിതമായൊരു ശബ്ദത്തിനു പകരം  ഡബ് ചെയ്ത മറ്റൊരു ശബ്ദത്തിലൂടെയെത്തുന്ന  സലിം കുമാർ മലയാളി പ്രേക്ഷകനെ  നിരാശപ്പെടുത്തിയതിനു  (അത് അദ്ദേഹത്തിൻറെ കുഴപ്പമല്ല എങ്കിൽ കൂടി ) തുല്യമാണ്. തീക്കുറിശ്ശി എന്ന കഥാപാത്രം അവതരിപ്പിച്ചതില്‍ വിനായക് മികവ് പ്രകടിപ്പിച്ചു. 

ഭരത് ബാലയുടെ സംവിധാനം ശരാശരിക്ക് മുകളിൽ ഉയർന്നു നിൽക്കുന്നുണ്ട്. ബെൽജിയൻ ച്ഛായാഗ്രാഹകൻ മാർക്ക്‌ കൊണിൻക്സിന്റെ cinematography സിനിമയിലെ മറ്റൊരു ആകർഷണമാണ്. എ ആർ റഹ്മാൻ സംഗീതം പ്രതീക്ഷക്കൊത്ത മികവ് പുലർത്തിയോ എന്നത് ഇപ്പോഴും സംശയകരമായി തുടരുന്നു. ആട് ജീവിതം നോവലിലെ  നായകനായ നജീബിന്റെ മരുഭൂമി പലായനത്തെ ഓർമിപ്പിക്കും വിധമുള്ള ചില രംഗങ്ങൾ മരിയാനിലും കടന്നു വരുന്നു   എന്നതൊഴിച്ചാൽ സിനിമ തുടക്കം മുതൽ ഒടുക്കം വരെ  ആകാംക്ഷാഭരിതവും  കൈയ്യടക്കത്തോടെയുമാണ്‌  അവതരിപ്പിച്ചിരിക്കുന്നത്.

ആകെ മൊത്തം ടോട്ടൽ = ഒരു യഥാർത്ഥ ന്യൂസ്‌ പേപ്പർ സംഭവത്തെ വികാര തീവ്രമായി അവതരിപ്പിക്കാൻ  സാധിച്ച ഒരു നല്ല സിനിമ. പ്രണയവും പ്രവാസവും സംഗീതവും വിരഹവും എല്ലാം ഒത്തു ചേരുന്ന ഒരു   realistic  സിനിമ. 

വിധി മാർക്ക്‌ = 7 /10  
-pravin-

Thursday, July 25, 2013

Into The Wild - സിനിമക്കും ജീവിതത്തിനും അപ്പുറം

ഒരു സിനിമക്ക് നമ്മുടെ ജീവിതത്തോട് എന്താണിത്ര പറയാനും പങ്കുവെക്കാനുമുണ്ടാവുകയെന്നു ചിന്തിക്കുക സ്വാഭാവികം. അതില്‍ തെറ്റു പറയാനില്ല. പക്ഷേ പറയാനുള്ളത് സിനിമക്കും ജീവിതത്തിനും അപ്പുറത്തുള്ള കാര്യങ്ങളാണെങ്കിലോ? എങ്കിൽ ഒരു നിമിഷം നമുക്കൊന്ന് ചിന്തിക്കേണ്ടി വരും, അല്ലേ? അങ്ങനെ പറയാനുള്ളത് എന്താണെന്ന് കേൾക്കാൻ ഒരിത്തിരി സമയം യാദൃച്ഛികമായി നമുക്ക് കിട്ടുക കൂടി ചെയ്താലോ? അങ്ങനെയെങ്കിൽ അത് തന്നെയാണ് Into The Wild എന്ന സിനിമ കാണാൻ ഏറ്റവും അനുയോജ്യമായ സമയം. 

 മുൻധാരണകളോ മസിലു പിടിത്തമോ ഇല്ലാതെ തുറന്ന മനസ്സോടെ നിരീക്ഷിക്കേണ്ടതും വിലയിരുത്തേണ്ടതുമായ ഒരു സിനിമയാണ് ഷോണ്‍ പെന്‍ (Sean Penn)  തിരക്കഥയെഴുതി സംവിധാനം ചെയ്ത  'Into The Wild'. Christopher Johnson McCandless എന്ന അമേരിക്കൻ സാഹസിക യാത്രികന്റെ ജീവിതകഥയെ  'Into The Wild' എന്ന പുസ്തകരൂപത്തിൽ ആദ്യമായി ജനങ്ങളിലേക്ക് എത്തിച്ചത്  Jon Krakauer എന്ന അമേരിക്കൻ പർവ്വതാരോഹകനാണ്. 1996 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഷോണ്‍ പെന്‍  2007 - ൽ അതേ പേരിൽ തന്റെ അഞ്ചാമത്തെ സിനിമാ സംരംഭം സാക്ഷാത്കരിക്കുന്നത്. പുസ്തകത്തിനും സിനിമക്കും ഒരേ പേരാണ് രണ്ടു സ്രഷ്ടാക്കളും നൽകിയതെങ്കിലും രണ്ടിന്റേയും ആസ്വാദന ഭാഷ  വേറേ തന്നെയാണെന്ന് പറയാം. എന്നിരിക്കിലും, വായനക്കാരനും പ്രേക്ഷകനും ഈ രണ്ടു സൃഷ്ടികളിൽ നിന്നും കിട്ടുന്ന സൈദ്ധാന്തികവും താത്വികവുമായ ചിന്താശകലം ഒന്ന് തന്നെയാണെങ്കില്‍ അതില്‍ ആശ്ചര്യമൊന്നും ഇല്ലതാനും. 

ഷോണ്‍ പെന്‍ എന്ന  അമേരിക്കക്കാരനെ കുറിച്ച് പറയാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. എങ്കിലും, ഔപചാരികതയുടെ മറവിൽ പലതും പറയാതെ വയ്യ. ഒരു നടനായും തിരക്കഥാകൃത്തായും സംവിധായകനായും മനുഷ്യാവകാശ പ്രവർത്തകനായുമൊക്കെ സമൂഹത്തിന്റെ വിവിധ കോണുകളിൽ കാലങ്ങളായി നിറഞ്ഞു നിൽക്കുന്ന ഒരു അദ്ഭുത പ്രതിഭയാണ് അദ്ദേഹം. അങ്ങനെയുള്ള അദ്ദേഹത്തിൻറെ പ്രതിഭ അഭ്രപാളിയിൽ ഏറ്റവും ഒടുവിലായി വെളിവാക്കപ്പെട്ട സിനിമ എന്ന നിലയിലും Into The Wild  ശ്രദ്ധേയമാണ്. 

ജനിക്കുക, എന്തെങ്കിലും പഠിക്കുക, ജോലി സമ്പാദിക്കുക, സ്വന്തം കുടുംബവുമായി കഴിയുക, ഒടുക്കം എന്തെങ്കിലും കാരണം കൊണ്ട് മരണപ്പെടുക എന്നതിലൊക്കെയുപരി മനുഷ്യർക്ക് ഈ ഭൂമിയിൽ എന്ത് നിയോഗമാണുള്ളത്?  ഇവിടെ അവര്‍  പരമമായി എന്താണ് ചെയ്യുന്നത്? എന്താണ് അന്വേഷിക്കുന്നത്? എന്താണ് ആസ്വദിക്കുന്നത് ?  ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ ഈ സിനിമ പ്രേക്ഷകനു മുന്നിലുയര്‍ത്തുന്നു. ഇതിന്റെ ഒരു തുടർ പ്രക്രിയയെന്നോണമാണ് ക്രിസ്റ്റഫർ എന്ന നായക കഥാപാത്രത്തിന്റെ സഞ്ചാര ദൃശ്യാവിഷ്ക്കാരത്തിലൂടെ സംവിധായകൻ മുന്നോട്ടുള്ള യാത്രയിൽ പ്രേക്ഷകനെയും കൈ പിടിച്ചു നടത്തുന്നത്. ക്രിസ്റ്റഫർ സ്വന്തം ജീവിതത്തിൽ തേടുന്നതെന്തോ, അതെല്ലാം സമാന ചിന്താഗതിയോടെ പ്രേക്ഷകന് അനുഭവവേദ്യമാക്കുന്നതോടൊപ്പം,  ജീവിതത്തിന്റെ  വിവിധതരം സങ്കീർണ ഭാവങ്ങളെ തൊട്ടറിയാനുള്ള അവസരം കൂടിയാണ് സംവിധായകൻ സിനിമയിലൂടെ പ്രേക്ഷകനു സമ്മാനിക്കുന്നത്. 

ക്രിസ്റ്റഫർ  മറ്റു മനുഷ്യരെപ്പോലെ ജീവിതം ആഘോഷിക്കുകയോ തള്ളി നീക്കുകയോ ആയിരുന്നില്ല. ജീവിതത്തിലെ കൃത്രിമത്വങ്ങളെ  പാടേ  തിരസ്കരിച്ചുകൊണ്ട് പ്രകൃത്യായുള്ള ജീവിതത്തെ അന്വേഷിച്ചു കണ്ടെത്തുകയും ആസ്വദിക്കുകയുമായിരുന്നു. സ്വന്തം ജീവിത പശ്ചാത്തലത്തിലെ അർത്ഥശൂന്യത തന്നെയാണ് ഒരു ഘട്ടത്തിൽ അയാളെക്കൊണ്ട് ഇങ്ങനെ വേറിട്ടൊരു ജീവിതരീതി തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്.  സമൂഹത്തിൽ നിലനിൽക്കുന്ന എല്ലാ വ്യവസ്ഥിതികളേയും സ്വന്തം ജീവിത ശൈലിയിലെ പ്രാകൃത്യം കൊണ്ട് വെല്ലു വിളിക്കുന്ന നായകൻ ഒരു ഘട്ടത്തിൽ ഈ ലോകത്തെയും എന്നെയും നിങ്ങളെയും നോക്കി പരിഹസിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സമൂഹവും അതിന്റെ ചട്ടക്കൂടുകളും മാത്രമായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന ഒരാൾക്ക്‌ ഈ സിനിമ ഒരു പക്ഷേ ഇഷ്ടപ്പെട്ടുവെന്നു വരില്ല.  

സ്വന്തം ജീവിതം എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച് ഒരു തീരുമാനത്തിലെത്താൻ ക്രിസ്റ്റഫറിനു വർഷങ്ങൾ വേണ്ടി വന്നു. കൃത്യമായി പറഞ്ഞാൽ ബിരുദ പഠനത്തിനു ശേഷമാണ് വ്യവസ്ഥാനുരൂപമായ ജീവിതത്തെ പാടേ ഉപേക്ഷിക്കാൻ ക്രിസ്റ്റഫർ തയ്യാറാകുന്നത്. തന്റെ എല്ലാവിധ തിരിച്ചറിയൽ കാർഡുകളും, ക്രെഡിറ്റ്‌ കാർഡുകളും കത്തിച്ചു ചാമ്പലാക്കിയ ശേഷം  അയാൾ വേറിട്ടൊരു  ജീവിത യാത്രക്ക് തുടക്കം കുറിക്കുന്നു. യാത്രക്ക് മുൻപ് തന്റെ സമ്പാദ്യം മുഴുവൻ പ്രമുഖ ചാരിറ്റി സംഘടനയുടെ പേരിൽ സംഭാവനയായി അയക്കാനും ക്രിസ്റ്റഫർ മറക്കുന്നില്ല .അതേസമയം, ക്രിസ്റ്റഫറിന്റെ ഇത്തരം തീരുമാനങ്ങളെക്കുറിച്ച് അച്ഛനും അമ്മയും സഹോദരിയും തീർത്തും അജ്ഞരാണ്. സ്വന്തം ജീവിതം തിരഞ്ഞെടുക്കുന്നതിന്റെ വ്യഗ്രതയിലോ, മന:പൂർവമോ, എന്ത് കൊണ്ടോ അവരെ മൂവരെയും നിരാശയുടെ കയത്തിലേക്ക് തള്ളിയിട്ടു കൊണ്ടാണ് ക്രിസ്റ്റഫർ തന്റെ യാത്ര തുടങ്ങുന്നത്.  

ജീവിതത്തിൽ എന്തിനെയെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ അതിനെ തേടി പോകുകയും എത്തിപ്പിടിക്കുകയും വേണം എന്ന ചിന്താഗതി മാത്രമാണ്  ക്രിസ്റ്റഫറിനു സ്വന്തം ജീവിതത്തിൽ  കൂട്ടാകുന്നത്. ജീവിതത്തെ അന്വേഷണ വിധേയമാക്കാനും തന്റെ വരുതിക്ക് കൊണ്ടുവരാനും ആഗ്രഹിക്കുന്ന നായകന്റെ മനോനില ഒരു ഘട്ടത്തിൽ സ്വന്തം കുടുംബത്തിന്റെ നിരാശതയിൽ ആനന്ദിക്കുന്ന ഒന്നായി മാറുന്നുണ്ടോ എന്ന് തോന്നിയേക്കാം. അതുകൊണ്ട് തന്നെയായിരിക്കാം യാത്രയിലൊന്നും ക്രിസ്റ്റഫർ സ്വന്തം കുടുംബവുമായി ഒരു തരത്തിലുമുള്ള ആശയവിനിമയത്തിനും ശ്രമിക്കാതിരുന്നത്. പക്ഷേ ക്രിസ്റ്റഫറിനെ ന്യായീകരിക്കാനെന്നവണ്ണം സംവിധായകൻ സിനിമയിൽ നൽകുന്ന രംഗ വിശദീകരണം ശ്രദ്ധേയമാണ്. യാത്രയ്ക്കിടയിൽ  തന്റെ കയ്യിലെ ശേഷിച്ച നാണയങ്ങൾ കൊണ്ട് വീട്ടിലേക്കു വിളിക്കാൻ ശ്രമിക്കവേ ക്രിസ്റ്റഫർ തൊട്ടരികിലെ കോയിൻ ബൂത്തിൽ ഫോണിലൂടെ വികാരാധീനനായി  സംസാരിക്കുന്ന ഒരു വൃദ്ധനെ കാണുകയാണ്. അയാളുടെ കയ്യിലെ അവസാന കോയിനും കഴിഞ്ഞിരിക്കുകയാണ്. ഏതു നിമിഷവും ആ ഫോണ്‍ കാൾ മുറിഞ്ഞു പോകാം എന്നിരിക്കെ തന്റെ കയ്യിലുള്ള കോയിൻ ആ വൃദ്ധനു സമ്മാനിച്ചു കൊണ്ട്  ക്രിസ്റ്റഫർ യാത്ര തുടരുന്നിടത്ത് ആ ദൃശ്യം പ്രേക്ഷക മനസ്സിലേക്ക് കുടിയേറുന്നു. ഇതുപോലെയുള്ള ചെറിയ രംഗങ്ങളിലൂടെ സംവിധായകൻ പലതും പറയാതെ പറയുന്നു. പല സംശയങ്ങളും നികത്തപ്പെടുന്നു. 

മനുഷ്യന് പൂർണ്ണ സ്വാതന്ത്ര്യം കിട്ടിയാൽ അത് പല തരത്തിലായിരിക്കും ദുരുപയോഗം ചെയ്യുക എന്നിരിക്കെ  ക്രിസ്റ്റഫർ അതിനൊരു  അപവാദമായി മാറുകയാണ്. സത്യത്തിൽ മനുഷ്യൻ ഈ ഭൂമിയിൽ സ്വതന്ത്രനാണോ? അങ്ങനെയെങ്കിൽ അവനു കിട്ടുന്ന പരമമായ സ്വാതന്ത്ര്യം എന്താണ്? സിനിമയുടെ ആദ്യ പതിനഞ്ചു മിനുട്ട് കാണുമ്പോഴേക്കും മനസ്സിലേക്ക് ഓടിയെത്തുന്ന രണ്ടു ചോദ്യങ്ങളാണ് ഇവ. ജീവിതത്തിൽ ഇതിനുത്തരം തേടുക എന്നത് ഒരൽപം കഠിനമാണ് എന്നിരിക്കെ വെറും 148 മിനുട്ട് ദൈർഘ്യമുള്ള ഒരു സിനിമയിലൂടെ ഷോണ്‍ പെന്‍ അതേ അന്വേഷണാത്മകത പ്രേക്ഷകനെ അനുഭവപ്പെടുത്തുന്നു. കൂട്ടത്തിൽ Eric Gautierന്റെ ഛായാഗ്രഹണ മികവ് കൂടി  ചേരുമ്പോൾ സിനിമയുടെ ദാർശനികത പ്രവചനാതീതമായി ഉയരുന്നു. Magic visualization എന്നൊരു പ്രയോഗം സിനിമയിൽ ഉണ്ടെങ്കിൽ അതേറ്റവും അനുയോജ്യമാകുന്നത് ഇത്തരം സിനിമാ ആവിഷ്കാരങ്ങളിൽക്കൂടിയാണെന്ന് നിസ്സംശയം പറയാം. ഇവിടെയാണ്‌ ഷോണ്‍ പെന്‍ എന്ന സംവിധായകൻ ഒരു ജാലവിദ്യക്കാരനാകുന്നത്. 

പൊതുവേ വിദേശ സിനിമകളിൽ ശരീര നഗ്നത എന്നത് സെക്സുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുന്നതാണ് രീതിയെങ്കിൽ ഈ സിനിമയിൽ സംവിധായകൻ നഗ്നതയ്ക്ക് സെക്സുമായി ഒരു ബന്ധവുമില്ല എന്ന് പറയാനാണ് ശ്രമിച്ചിരിക്കുന്നത്. സിനിമയിൽ അങ്ങനെയുള്ള രണ്ടു സീനുകൾ കടന്നു വരുന്നുണ്ട്. കൊളോറാഡോ നദിയിലൂടെയുള്ള സാഹസിക യാത്രക്കിടയിൽ നായകൻ പരിചയപ്പെടുന്നവരിലെ ഒരാൾ അർദ്ധ നഗ്നയായ ഒരു പെണ്ണായിട്ട് പോലും അശ്ലീലതയുടെ ലാഞ്ഛന പ്രേക്ഷകന് അനുഭവപ്പെടാത്ത വിധമാണ് ആ  രംഗം അവസാനിക്കുന്നത്. മറ്റൊരു സീനിൽ, തന്നെ സെക്സിനായി ക്ഷണിക്കുന്ന കൗമാരക്കാരിയോട് നായകൻ ചോദിക്കുന്നത്, നിനക്ക് പ്രായമെത്രയായി എന്നാണ്. മൂന്നു തവണ സ്വന്തം പ്രായം മാറ്റി പറയുന്ന പെണ്‍കുട്ടിയോട് നായകന്റെ സമീപനം ഹാസ്യാത്മകമെങ്കിലും ഒരേ സമയം ലളിതവും ചിന്തനീയവുമാണ്.  നഗ്നശരീരമല്ല സെക്സിന് ആധാരം എന്ന് തന്നെ സംവിധായകൻ അടിവരയിടുന്നു. ഇത്തരം സീനുകളിൽ പോലും മാനുഷിക ബന്ധങ്ങൾ എങ്ങനെ ഉപയോഗപ്പെടുത്തണം അല്ലെങ്കിൽ എങ്ങനെ ദൃഢപ്പെടുത്താം എന്നതിനെല്ലാം വളരെ വ്യക്തമായ വിശദീകരണം തന്നു കൊണ്ടാണ് സിനിമയും ക്രിസ്റ്റഫറും മുന്നോട്ടു ചലിക്കുന്നത്. യാത്രയിലുടനീളം ക്രിസ്റ്റഫർ പരിചയപ്പെടുന്ന കഥാപാത്രങ്ങളുമായുള്ള ആത്മബന്ധം അതു നമുക്ക് വെളിപ്പെടുത്തി തരുന്നുമുണ്ട്.

തന്റെ അവസാനകാലത്ത് നാഗരികതയിലേക്കും സ്വന്തം കുടുംബത്തിലേക്കും ഒരു മടങ്ങിപ്പോക്ക് നായകൻ ആഗ്രഹിച്ചിരുന്നു എന്നിരിക്കെ, വന്യതയിലാണ് പരമസത്യവും ആനന്ദവും ഒളിച്ചിരിക്കുന്നത് എന്ന നായകന്റെ നിരീക്ഷണം തെറ്റായിരുന്നോ എന്നത്  സംശയകരമായി നോക്കി കാണേണ്ടതുണ്ട്. നിങ്ങളെനിക്ക് സത്യം പകർന്നു തരൂ എന്ന് സദാ പറയുമായിരുന്ന നായകൻ മരണസമയത്ത്  മനസ്സിലാക്കുന്ന  സത്യം എന്താണെന്നും സിനിമ വ്യക്തമാക്കുന്നില്ല. അതേസമയം, ദൈവം തനിക്കു നൽകിയ ജീവിതം പൂർണ്ണ സംതൃപ്തിയോടെ ആസ്വദിക്കാൻ സാധിച്ചു എന്ന നിലയിൽ നായകൻ കൃതാർത്ഥനാകുന്നുണ്ട്.  മരണമെന്ന സത്യത്തെ പുൽകുമ്പോഴും ആ കണ്ണുകൾക്ക് ആനന്ദിക്കാൻ സാധിച്ചതും അതു കൊണ്ട് തന്നെ. മറ്റൊരു തലത്തിൽ ചിന്തിക്കുമ്പോൾ പരമമായ സത്യം ഇപ്പോഴും അദൃശ്യമാണ്. അത് സിനിമക്കും ജീവിതത്തിനുമപ്പുറം അപ്രാപ്യമായിത്തന്നെ തുടരുന്നു.


* ഇ മഷി മാഗസിന്‍ ലക്കം 11, ചലിക്കുന്ന ചിത്രങ്ങള്‍ എന്ന വിഭാഗത്തില്‍ പബ്ലിഷ് ചെയ്തു വന്ന എന്‍റെ സിനിമാ വീക്ഷണം .വായിക്കാന്‍ ഇവിടെ ക്ലിക്കുക . ഇ മഷി 
-pravin-


Monday, July 15, 2013

Raanjhanaa - ധനുഷിനു വേണ്ടിയൊരുക്കിയ ഹിന്ദി സിനിമ

2011 ഇൽ ഇറങ്ങിയ 'Tanu Weds Manu' എന്ന സിനിമക്ക് ശേഷം ധനുഷ് , സോനം കപൂർ , അഭയ് ഡിയോൾ എന്നിവരെ മുൻ നിർത്തിക്കൊണ്ട്  ആനന്ദ് എൽ റായ് സംവിധാനം ചെയ്ത സിനിമയാണ് Raanjhanaaതന്റെ സിനിമാ ജീവിതത്തിലെ നാലാമത്തെ സിനിമയായി Raanjhanaa യെ ഒരുക്കുമ്പോഴും തിരക്കഥാകൃത്തായാ ഹിമാൻഷു ഷർമയെ കൂടെ കൂട്ടാൻ ആനന്ദ് റായ് മറന്നിട്ടില്ല . കണ്ടു മടുത്ത കഥയും കഥാപാത്രങ്ങളും മാത്രമാണ് Raanjhanaa യിൽ ഉള്ളതെന്ന് പറയേണ്ടി വരുംകുന്ധൻ (ധനുഷ്) എന്ന തമിഴ് ബ്രാഹ്മിണനു സോയ (സോനം കപൂർ ) എന്ന വാരണാസി മുസ്ലീമിനോട് തോന്നുന്ന പ്രണയം, അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇതൊക്കെ തന്നെയാണ് Raanjhanaa യിലും പറയുന്നത്.

ബാല്യത്തിലെ തുടങ്ങുന്ന പ്രണയം കുന്ധൻ  സോയയോട് പറയുന്നത് വർഷങ്ങൾ കഴിഞ്ഞാണ്. അന്ന് അവൾ ഒൻപതാം ക്ലാസിൽ പഠിക്കുകയായിരുന്നു. കുന്ധൻ - സോയ പ്രേമ ബന്ധം ഭാവിയിൽ കൂടുതൽ വഷളാകാൻ ഇടയുള്ളത് കൊണ്ടാണ് സോയയുടെ രക്ഷിതാക്കൾ അവളെ തുടർ വിദ്യാഭ്യാസത്തിനായി  അലിഗഡിലേക്ക് പറഞ്ഞയക്കുന്നത്. ഈ ഒരു വേർ പിരിയൽ രണ്ടു പേരെയും വിഷമിപ്പിക്കുന്നുവെങ്കിലും പിന്നീട് സോയയെ കുറിച്ച്  സിനിമ കൂടുതലൊന്നും പറയുന്നില്ല. പകരം സോയയെ മാത്രം മനസ്സിൽ പ്രതിഷ്ഠിച്ചു കൊണ്ട് നടക്കുന്ന  കുന്ധനെയാണ് സിനിമ   കൂടുതൽ  ഫോകസ് ചെയ്യുന്നത് . 

കുന്ധനു സോയയോടുള്ള പ്രണയം പോലെ തന്നെ കുന്ധനെ ചെറുപ്പം തൊട്ടേ പ്രണയിച്ചു വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നവളാണ് ബിന്ദ്യ (സ്വരാ ഭാസ്ക്കർ).   ബിന്ദ്യയുടെ പ്രേമത്തെ കണ്ടില്ലാന്നു നടിക്കുകയാണ് കുന്ധൻ ചെയ്യുന്നത്. പലപ്പോഴും കുന്ധൻ അവളെ പാടെ തിരസ്ക്കരിക്കുന്നുമുണ്ട്. ഇതിനെല്ലാം കാരണമായി നിൽക്കുന്നത് കുന്ധന്റെ മനസ്സിലെ സോയയുടെ പഴയ രൂപമാണ്. പഠനത്തിനു ശേഷം  എട്ടു വർഷം കഴിഞ്ഞു തിരിച്ചു വരുന്ന സോയ പക്ഷെ കുന്ധനെ തിരിച്ചറിയുന്നില്ല.   എട്ടു വർഷമായി സ്വന്തം നാട്ടിലേക്ക് ഒരു തവണ പോലും വരാൻ സോയക്ക്‌ എന്ത് കൊണ്ട് സാധിച്ചില്ല എന്നത് ചോദ്യം.  കുന്ധനെ അവൾ മറന്നു എന്നത് തന്നെയാണ് സത്യം.  നാട് വിട്ടു പഠിക്കുന്നതിനിടയിൽ ജസ്ജീതിനെ പോലെ ഒരാളോട് തോന്നിയ പ്രേമം തന്നെ ധാരാളമാണ് കുന്ധനെ മറക്കാൻ. ജസ്ജിതിനെ ഇക്കാര്യത്തിൽ  കുറ്റം പറയാനാകില്ല. കാരണം കുന്ധന് സോയയോടുള്ള ഇഷ്ടവും പഴയ കാല കഥകളൊന്നും അയാൾക്കറിയില്ല. 

സോയ കുന്ധനെ പറഞ്ഞു ധരിപ്പിച്ചിരിക്കുന്നത് അക്രം സൈദി എന്നയാളോടാണ് തനിക്കു പ്രണയം എന്നാണ്.   കുന്ധൻ മറ്റൊരു മതത്തിൽ പെട്ട ആളായത് കൊണ്ടും കുന്ധന്റെ ജീവിത നിലവാരം തങ്ങളുടെ കുടുംബത്തെ നോക്കുമ്പോൾ വളരെ ചെറുതായത് കൊണ്ടും ഒരിക്കലും കുന്ധനുമായുള്ള വിവാഹം വീട്ടുകാർ നടത്തി തരില്ല എന്ന് പറഞ്ഞാണ് സോയ കുന്ധനെ ആദ്യം ബോധവൽക്കരിക്കുന്നത്. പറഞ്ഞത് കാര്യമെങ്കിലും കുന്ധനെ വിവാഹം ചെയ്യുന്നതിൽ സോയക്കുള്ള പ്രധാന പ്രശ്നം അതല്ലായിരുന്നു എന്ന് പിന്നീട് വ്യക്തമാകുന്നുണ്ട്. അങ്ങിനെ നോക്കുമ്പോൾ    കുന്ധനെ വളരെ ഭംഗിയായി പറഞ്ഞു പറ്റിക്കാൻ സോയക്ക്‌ സാധിക്കുന്നു എന്നർത്ഥം. സോയയെ നഷ്ട്ടപ്പെട്ട വാശിക്ക് എന്ന വണ്ണമാണ് കുന്ധൻ ബിന്ധ്യയെ വിവാഹം ചെയ്യാൻ തീരുമാനിക്കുന്നത് പോലും. ഇതൊക്കെ സിനിമയിലെ അരസിക രംഗങ്ങളായാണ് അനുഭവപ്പെടുന്നത്. 

സോയ കാരണം ജീവിതം നഷ്ട്ടപ്പെടുന്ന സിനിമയിലെ രണ്ടു നിരപരാധികൾ ആരാണെന്ന് ചോദിച്ചാൽ ഒന്ന് ജസ്ജീതും മറ്റൊന്ന് ബിന്ധ്യയുമാണ് എന്ന് പറയേണ്ടി വരും.  ഏകപാതാ പ്രണയമാണ് സിനിമയിലെ  മുഖ്യ വിഷയം എന്ന രീതിയിലാണ് കുന്ധൻ - സോയ, ബിന്ധ്യ -കുന്ധൻ പ്രണയങ്ങളെല്ലാം  കാണിക്കുന്നത്. ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിലെ അംഗമായാണ്  ആദ്യ രംഗങ്ങളിൽ സോയയെ കാണിക്കുന്നത്. പക്ഷെ പിന്നീടുള്ള രംഗങ്ങളിൽ  അതിനെല്ലാം വിപരീതമായുള്ള കാര്യങ്ങൾ നടന്നിട്ടും സോയയുടെ കുടുംബം അതിലൊന്നും കാര്യമായ ശ്രദ്ധ കൊടുക്കുന്നതായി പോലും സിനിമ കാണിക്കുന്നില്ല. സോയയെ ആശുപത്രി കിടക്കയിൽ നിന്നും പൊക്കിയെടുത്ത്  ജസ്ജീതിന്റെ നാട്ടിലേക്കുള്ള കുന്ധന്റെ യാത്രയും, തിരിച്ചു ഡൽഹിയിൽ എത്തിയ ശേഷമുള്ള പാർട്ടി പ്രവർത്തനവും, കുന്ധന്റെ രാഷ്ട്രീയ പ്രവേശനവും ഉൾപ്പെടെയുള്ള രംഗങ്ങൾ സാമാന്യ യുക്തി മാറ്റി വച്ച് കൊണ്ട് കാണുന്നതായിരിക്കും ഉത്തമം. അതെല്ലാം അഡ്ജസ്റ്റ് ചെയ്തു കാണാൻ തയ്യാറായാൽ തന്നെ ഒടുക്കമെത്തുമ്പോൾ സോയ ജസ്ജീതിനോടും പാർട്ടിയോടും ആരോടു പോലും നീതി കാണിക്കുന്നില്ല എന്ന തരത്തിലാകുന്നു കാര്യങ്ങൾ . ഇടവേളയ്ക്കു ശേഷം കഥയിലെ വിരോധാഭാസം അതിന്റെ മൂർദ്ധന്യത്തിലേക്ക് എത്തുന്നെന്നു സാരം. 
       
എ ആർ റഹ്മാന്റെ സംഗീതവും ഇത്തവണ പ്രതീക്ഷക്കൊത്ത് ഉയർന്നു കണ്ടില്ല. ബനാറസ് സൌന്ദര്യത്തെ പൂർണമായും തന്റെ ക്യാമറയിൽ ഒതുക്കിയ നടരാജൻ സുബ്രഹ്മണ്യത്തിന്റെ ച്ഛായാഗ്രഹണം ഏറെ പ്രശംസനീയമാണ് . ധനുഷിന്റെ ശരീര പ്രകൃതിയും പ്രകടനവും സിനിമയിലെ കഥാപാത്രത്തിന് യോജിച്ചു നിന്നു . സോനം കപൂർ ഒരു നടിയെന്ന നിലയിൽ അൽപ്പം മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ചിരിക്കുന്നത് ഈ സിനിമയിലാണ് എന്ന് പറയാം . 

ആകെ മൊത്തം ടോട്ടൽ = ധനുഷിനെ ഇഷ്ടമുള്ളവർക്ക് ധനുഷ് അഭിനയിച്ച ഒരു ഹിന്ദി സിനിമ കാണാൻ ആഗ്രഹമുണ്ടോ ? അങ്ങിനെയെങ്കിൽ ആ ഒരു രസത്തിൽ ഈ സിനിമ കണ്ടിരിക്കാം . അത്ര മാത്രം. 

വിധി മാർക്ക്‌ = 5.8/ 10 
-pravin -

Monday, July 1, 2013

ABCD - അമേരിക്കൻ ബോയ്സിന്റെ ചുറ്റിക്കളിയും ഡാൻസും

സിനിമയെ കുറിച്ച് യാതൊരു വിധ ABCDയും  മനസ്സിൽ സൂക്ഷിക്കാത്ത  മനുഷ്യന്മാർ ഈ ലോകത്തുണ്ടാകുമോ? ഉണ്ടെങ്കിൽ അവർക്ക് മാത്രമാണ് ABCD എന്ന സിനിമ പുതുമ സമ്മാനിക്കുന്നത്. അല്ലാത്തവരെ സംബന്ധിച്ചിടത്ത് സിനിമയുടെ കഥയും തിരക്കഥയും  മറ്റുമെല്ലാം ക്ലീഷേയിൽ പൊതിഞ്ഞ ഒരു സാധാരണ വിഭവം മാത്രം. പ്രത്യേകിച്ച് വലിയൊരു കഥാ ഉദ്ദേശ്യം ഇല്ലാത്ത സിനിമയാണെങ്കിലും ABCD പ്രേക്ഷകന്  പൂർണമായൊരു നിരാശ സമ്മാനിക്കുന്നില്ല. ബെസ്റ്റ് ആക്ടറിനു ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന സിനിമ എന്ന നിലക്ക് ABCD തുടക്കത്തിലേ ശ്രദ്ധയാകർഷിച്ചിരുന്നുവെങ്കിലും  എന്ത് കൊണ്ടോ ബെസ്റ്റ് ആക്ടർ സിനിമയുടെ ഗ്രാഫിനോളം ഉയരാൻ ABCDക്ക് സാധിച്ചിട്ടില്ല. അതിന്റെ പ്രധാന കാരണം സിനിമക്ക് വേണ്ടി മാർട്ടിൻ തിരഞ്ഞെടുത്ത സൂരജ്-നീരജ് ടീമിന്റെ  ക്ലീഷേ കഥ തന്നെയാണ്. അതേ സമയം നർമ മുഹൂർത്തങ്ങൾ കോർത്തിണക്കി കൊണ്ട് സാമാന്യം രസകരമായൊരു  തിരക്കഥയൊരുക്കാൻ സൂരജ്- നീരജ്, മാർട്ടിൻ പ്രക്കാട്ട്, നവീൻ ഭാസ്ക്കർ കൂട്ട് കെട്ടിന് സാധിച്ചിട്ടുണ്ട്. 

രണ്ടേ മുക്കാൽ മണിക്കൂറോളം ദൈർഘ്യമുള്ള സിനിമ  പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം മുഷിവാണ് എന്നിരിക്കെ സാധാരണക്കാരായ  കുടുംബ സദസ്സുകൾക്ക്  അശ്ലീലമെന്ന് തോന്നാവുന്ന   പല  സംഭാഷണങ്ങളും രംഗങ്ങളും സിനിമയിൽ പലയിടങ്ങളിലായി കടന്നു വരുന്നുണ്ട്. സിനിമയുടെ പ്രമേയം അനുശാസിക്കുന്ന സ്വാഭാവികമായ കഥ പറച്ചിലിന് അതെല്ലാം ആവശ്യമായിരുന്നു എന്ന് വേണമെങ്കിൽ വാദിക്കാം. എന്നാലും  ഈ അടുത്ത കാലത്ത് ഇറങ്ങിയ പയ്യൻസ് സിനിമകളിലെല്ലാം ഈ ഒരു രീതി പ്രകടമാണ് എന്ന് പറയാതെ വയ്യ. കിളി പോയി എന്ന സിനിമയിലായിരുന്നു അതേറ്റവും കൂടുതൽ പ്രകടമാക്കപ്പെട്ടത് എന്ന് തോന്നുന്നു. പുതിയ തല മുറയിലെ പിള്ളേർക്ക് കള്ളും കഞ്ചാവും പെണ്ണും ജീവിതത്തിന്റെ ഭാഗമാണ്, അതിൽ യാതൊരു തെറ്റുമില്ല എന്ന് പറയാതെ പറയുന്ന ദൌത്യമാണ് 'കിളി പോയി' സിനിമക്ക് ഉണ്ടായിരുന്നത് എങ്കിൽ ABCDക്ക് പറയാനുള്ളത് ന്യൂ ജനറേഷൻ പിള്ളേരുടെ ആർഭാട ജീവിതവും അതിനിടയിലെ പൊരുത്തക്കേടുകളെ കുറിച്ചാണ്. അത് കൊണ്ട് തന്നെ സിനിമ കാണുന്ന പ്രേക്ഷകന് "അയ്യേ" എന്നൊരു അതിശയോക്തി പറയേണ്ട വിഷയമേ വരുന്നില്ല. 

അമേരിക്കയിലെ അടിച്ചു പൊളിച്ചുള്ള ജീവിത രീതിയിലും, ധൂർത്തിലും സദാ മുങ്ങി കുളിക്കാൻ ഇഷ്ട്ടപ്പെടുന്നവനും സ്വന്തം ജീവിതത്തോടു യാതൊരു വിധത്തിലുമുള്ള ഉത്തരവാദിത്തമില്ലാത്തവനുമാണ്   കഥാ നായകനായ  ജോണ്‍സ് ഐസക് (ദുൽഖർ സൽമാൻ). നായകന്റെ എല്ലാ വിധ താന്തോന്നിത്തരങ്ങൾക്കും കൂട്ടായി തുടക്കം മുതൽ ഒടുക്കം വരെ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന മറ്റൊരു കഥാപാത്രമാണ് സുഹൃത്തും ബന്ധുവുമായ കോരയുടേത് (ജേക്കബ് ഗ്രിഗറി). ന്യൂയോർക്കിൽ അറിയപ്പെടുന്ന വ്യവസായിയും കോടീശ്വരനുമായ  ഐസക്കിന്റെ  (ലാലു അലക്സ്) മൂത്ത മകൻ എന്ന മേൽവിലാസമാണ് കഥാനായന്കന്റെ ധൂർത്തിന് ആധാരം എന്നറിഞ്ഞിട്ടും അപ്പനായ ഐസക്കിന് മകനെ നേർവഴിക്ക് നയിക്കാനോ അവന്റെ ജീവിതരീതിയിൽ വേണ്ട മാറ്റങ്ങൾ വരുത്താനോ  സാധിച്ചിരുന്നില്ല. ന്യൂയോർക്കിലെ  പബ്ബിൽ വച്ചുണ്ടാകുന്ന ഒരു ചെറിയ അടിപിടിയെ തുടർന്ന് നായകനും കൂട്ടുകാരനും ജയിലിൽ കിടക്കേണ്ടി വരുന്നുണ്ട്.  ഈ സംഭവമാണ്കഥയുടെ ഗതിയെ മാറ്റുന്നതും. അടിപിടിയെ തുടർന്നുണ്ടാകുന്ന ചില ചില്ലറ പ്രശ്നങ്ങളെ സിനിമയിൽ ഊതി പെരുപ്പിച്ചു കാണിക്കുന്നതിൽ കൂടി  സംവിധായകൻ കഥാഗതിയെ  നിർബന്ധ ബുദ്ധിയോടെ ഇന്ത്യയിലേക്ക് തിരിച്ചു വിടുന്നു. ഒരു മാസത്തേക്ക് മറ്റെവിടെക്കെങ്കിലും മാറി നിൽക്കാൻ പറയുമ്പോഴും നായകന് ഇന്ത്യ എന്നോ കേരളമെന്നോ ചിന്തയിൽ പോലും വരുന്നില്ല. അതെ സമയം കോരയുടെ ചില സ്വപ്ന ചിന്തകൾ നായകനെ കേരളത്തിലേക്ക് പോകാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. കേരളം എന്ന സ്വപ്ന ലോകത്തേക്ക് ധൂർത്തിന്റെ മറ്റൊരു മുഖവുമായി വന്നിറങ്ങുന്ന ജോണ്‍ - കോര മാർക്ക് തുടക്കത്തിൽ തന്നെ പല കല്ല്‌ കടിയും നേരിടേണ്ടി വരുന്നു. സിനിമയുടെ പിന്നീടുള്ള രംഗങ്ങളിൽ അത് കൂടുതൽ മൂർദ്ധനീയ  അവസ്ഥയിലെത്തുന്നുമുണ്ട്. മകനും കൂട്ടുകാരനും ജീവിതം എന്താണെന്ന് പഠിക്കട്ടെ എന്ന് കരുതി ഐസക് ഉണ്ടാക്കിയെടുത്ത വലയിൽ ജോണ്‍ കോരമാർ നന്നായി തന്നെ കുടുങ്ങി എന്ന് പറയാം. ജോണ്‍ - കോരമാർ പുതിയ ജീവിത സാഹചര്യങ്ങളെ എങ്ങിനെ നേരിടും, ഐസക്കിന്റെ ആഗ്രഹം പോലെ അവർ പുതിയൊരു വ്യക്തിത്വവുമായി അമേരിക്കയിലേക്ക് മടങ്ങുമോ തുടങ്ങീ ചോദ്യങ്ങളുമായാണ് സിനിമ പിന്നീട് മുന്നോട്ട് പോകുന്നത്. 

സ്വന്തം കാലിൽ നിൽക്കാൻ ത്രാണിയില്ലാത്ത മക്കളെ നന്നാക്കാൻ കാലങ്ങളായി ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന  അപ്പന്മാരെ  കുറിച്ച് നമ്മൾ ഒരുപാട് കണ്ടിട്ടും കേട്ടിട്ടുമുണ്ട്. 'വീണ്ടും ചില വീട്ടുകാര്യങ്ങളിലെ'  റോയിയെന്ന  (ജയറാം) മകനെ നന്നാക്കാൻ ജീവിത നാടകം കളിക്കേണ്ടി വരുന്ന അപ്പനായ കൊച്ചുതോമയും  (തിലകൻ), വിനോദയാത്രയിലെ ഉത്തരവാദിത്ത ബോധമില്ലാത്ത വിനോദിനെ (ദിലീപ്) ജീവിതം പഠിക്കാൻ വേണ്ടി അളിയനായ ഷാജിയുടെ (മുകേഷ്) അടുത്തേക്ക്‌ പറഞ്ഞു വിടുന്ന അച്ഛനുമെല്ലാം ഈ കൂട്ടത്തിൽ പെടുന്നവരാണ് . ഈ മക്കളെല്ലാം ഒരു ഘട്ടത്തിൽ സ്വന്തം ജീവിതത്തെ തിരിച്ചറിയുകയും നന്നാകുകയും ചെയ്യുന്നുണ്ടിരിക്കെ ABCDയിലെ നായകനും കൂട്ടുകാരനും  സിനിമ അവസാനിക്കുമ്പോഴും കാര്യമായൊരു മാറ്റം സംഭവിച്ചു എന്ന് പറയാൻ പറ്റില്ല. കാരണം ജോണ്‍- കോരമാർ ആ ടൈപ്പ് അല്ല എന്നത് തന്നെ. 

കേരളത്തിലെ താമസവും പഠിത്തവുമെല്ലാം  ജോണ്‍ - കോരമാർക്ക് മന പ്രയാസങ്ങൾ മാത്രമേ ഉണ്ടാക്കി കൊടുത്തിട്ടുള്ളൂ എന്ന കാരണം   കൊണ്ട് തന്നെ ഏതു വിധേനയും   അമേരിക്കയിലോട്ടു തിരിച്ചു  പോകണം എന്നൊരു  ലക്ഷ്യം മാത്രമെ അവർക്കുള്ളൂ.  ഉദ്ദേശ്യ ലക്ഷ്യം അതൊന്നു മാത്രമെങ്കിലും ആനുകാലിക രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളിലെല്ലാം ഭാഗികമായെങ്കിലും ഇവരെ ഇടപെടുത്താൻ തിരക്കഥാകൃത്തുക്കൾ ശ്രമിച്ചിരിക്കുന്നു. സാധാരണക്കാരന് ഇന്നാട്ടിൽ ജീവിക്കാൻ ദിവസം 28 രൂപാ മതി എന്ന വിവാദ  പ്രസ്താവന സിനിമയിൽ പ്രതിപാദിക്കുകയും പിന്നീട്  ജോണ്‍ -കോരമാരുടെ ശരാ ശരി ജീവിത ചെലവ് വെളിപ്പെടുത്തി കൊണ്ട് ആ സിദ്ധാന്തം തെറ്റാണെന്ന് തെളിയിക്കാനും  സിനിമക്ക് സാധിക്കുന്നു. മന്ത്രി പുത്രന്റെ സ്വാശ്രയ കോളേജും, ഉപ തിരഞ്ഞെടുപ്പും, വീട് കുടിയിറക്കപ്പെട്ട പാവങ്ങളുടെ സമരവും , മാവോയിസ്റ്റ് പ്രവർത്തകരുടെ സാന്നിദ്ധ്യവും, ജോണ്‍ കോരമാരുടെ  തുടർന്നുണ്ടാകുന്ന ഇടപെടലുകളിൽ സംഭവിക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വവും എന്നിങ്ങനെ സിനിമ അതിന്റെ അവസാന ഭാഗങ്ങളിൽ മറ്റൊരു തലത്തിലേക്ക് പോകാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഗൌരവകരമായൊരു സമീപനം എവിടെയും ഉണ്ടാകുന്നില്ല. അങ്ങിനെയൊരു ലക്ഷ്യം സിനിമക്കുണ്ടായിരുന്നെങ്കിൽ  ഒരു പക്ഷെ ഉസ്താദ് ഹോട്ടലിലെ ദുൽഖർ സൽമാന്റെ ഫൌസി എന്ന കഥാപാത്രത്തിന് കിട്ടിയ പോലുള്ള ചില സാമൂഹിക തിരിച്ചറിവുകൾ ABCD യിലെ ജോണ്‍ - കോരമാർക്കും അവരിലൂടെ പ്രേക്ഷകർക്കും ലഭിക്കുമായിരുന്നു. പക്ഷെ അതിനിട കൊടുക്കാതെ ജോണിലും കോരയിലും തുടങ്ങി അവരിൽ തന്നെ സിനിമ അവസാനിക്കുന്നു . 

'ജോണി മോനെ ജോണി..' എന്ന ഒരൊറ്റ ഗാനം കൊണ്ട് സിനിമക്ക് അനുയോജ്യമായൊരു മൂഡ്‌ സൃഷ്ട്ടിച്ചെടുക്കുന്നതിൽ ഗോപി സുന്ദർ വിജയിച്ചിട്ടുണ്ട്. BGM അത് പോലെ തന്നെ വ്യത്യസ്തവും ആകർഷണീയവുമായിരുന്നു. അതിൽ കൂടുതലായി സംഗീതത്തിന് ഈ സിനിമയിൽ വലിയ പ്രാധാന്യം ഇല്ല താനും.  ചാപ്പ കുരിശ്, ബ്യൂട്ടിഫുൾ, തട്ടത്തിൻ മറയത്ത്, പോപ്പിൻസ്‌, അയാളും ഞാനും തമ്മിൽ തുടങ്ങീ സിനിമകൾക്ക്‌ ശേഷം ജോമോൻ ടി. ജോണ്‍ ച്ഛായാഗ്രഹണം നിർവ്വഹിച്ച സിനിമയാണ് ABCD. മുൻ കാല സിനിമകളിലെ പോലെ അത്ര കണ്ട് ച്ഛായാഗ്രഹണ മികവ് പ്രകടമല്ലെങ്കിലും ജോമോന്റെ ച്ഛായാഗ്രഹണം  നിലവാരം പുലർത്തുന്നു. 

സിനിമയുടെ മറ്റു വശങ്ങൾ എന്തോ ആയിക്കോട്ടെ, സ്വത സിദ്ധമായ ഹാസ്യ പ്രകടന നിലവാരം കൊണ്ട് ദുൽഖർ സൽമാനും ഗ്രിഗറി ജേക്കബും പ്രക്ഷ മനസ്സിൽ നല്ലൊരു സ്ഥാനം പിടിച്ചു പറ്റുന്നുണ്ട് . ഒരർത്ഥത്തിൽ കോര തന്നെയാണ് സിനിമയിലെ പ്രധാന താരം. നായകൻ ചെയ്യുന്ന എന്ത് പ്രവർത്തിക്കും പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് രണ്ടാം സ്ഥാനം മാത്രം നേടാൻ അവകാശം കൊടുത്തിട്ടുള്ള സഹാനടന്മാർക്കിടയിൽ കോര നായകനോളം തന്നെ ഉയർന്നു നിൽക്കുന്നു. 

ആകെ മൊത്തം ടോട്ടൽ =  വലിയ പുതുമകൾ ഒന്നും അവകാശപ്പെടാനില്ലാത്ത, ന്യൂ ജനറേഷൻ കുരുത്തക്കേടുകളടങ്ങിയ തമാശകളെല്ലാം അടങ്ങിയ ഒരു സിനിമ.   നിരൂപക ചിന്ത ഒഴിവാക്കി കൊണ്ട് വലിയ ഗൌരവ ബോധമില്ലാതെ കാണാൻ തയ്യാറായാൽ ഒരു വട്ടം  കണ്ടിരിക്കാവുന്ന ഒരു entertainer സിനിമ തന്നെയാണ് ABCD.

*വിധി മാർക്ക്‌ = 6.5/10  
-pravin- 

Saturday, June 8, 2013

മുംബൈ പോലീസ് - മലയാള സിനിമാ തിരക്കഥയുടെ പുത്തൻ മുഖം.


തുഭേദത്തിനനുസരിച്ചുള്ള മാറ്റങ്ങൾ  എല്ലാ മേഖലയിലുമെന്ന പോലെ സിനിമാ ലോകത്തും സംഭവിക്കുന്നുണ്ട്. ആ മാറ്റങ്ങളിൽ  നല്ലതും ചീത്തയും ഉൾപ്പെടുന്നു. മലയാള സിനിമാ ലോകത്ത് പല കാലത്തായി പ്രേക്ഷകർക്ക്‌ അനുഭവപ്പെട്ട ഒരു കാര്യം കൂടിയാണത്. നിലവാരത്തകർച്ചയിലും  ആശയ ദാരിദ്ര്യത്തിലും അവതരണത്തിലെ പുതുമയില്ലായ്മയിലും പെട്ട് മലയാള സിനിമ പലപ്പോഴായി പതറി നിന്നപ്പോളൊക്കെ അവതാര പുരുഷനെന്നപോലെ നല്ല സിനിമകൾ അവതരിക്കുകയും  നല്ല മാറ്റങ്ങൾക്ക് നിമിത്തമാകുകയും ചെയ്തിട്ടുണ്ട്.  ആ മാറ്റത്തിനെ പ്രേക്ഷകർ പല പേരുകളാൽ വാഴ്ത്തി എന്ന് മാത്രം. ന്യൂ ജനറേഷൻ സിനിമകൾ എന്നൊന്ന് ഇല്ലെന്നും ഉണ്ടെന്നുമുള്ള വാദം ദിനം തോറും ശക്തമായിക്കൊണ്ടിരിക്കുന്ന ഈ സമയത്താണ് സഞ്ജയ്‌ ബോബി - റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിൽ 'മുംബൈ പോലീസ്' അവതരിക്കുന്നത്.

ഒരർത്ഥത്തിൽ ന്യൂ ജനറേഷൻ സിനിമകളുടെ ആദ്യകാല വക്താക്കളായിരുന്നു  സഞ്ജയ്‌ ബോബി - റോഷൻ ആൻഡ്രൂസ് ടീം. ഇരു കൂട്ടരും ആദ്യമായി ഒരുമിച്ച 'നോട്ട് ബുക്ക്' ഇറങ്ങുന്ന സമയത്ത് പക്ഷെ 'ന്യൂ ജനറേഷൻ' എന്ന പദ പ്രയോഗത്തിനു ഇന്നത്തെ അത്രയും സ്വീകാര്യത ഉണ്ടായിരുന്നില്ല എന്ന് വേണം പറയാൻ. അതുകൊണ്ട് തന്നെ 'നോട്ട് ബുക്ക്' സിനിമയെ മറ്റേതോ ലേബലിലാണ് പ്രേക്ഷകർ ഓർക്കാൻ പോലും  ശ്രമിക്കുന്നത്. അതിനൊക്കെ ശേഷം കാസിനോവക്ക് വേണ്ടി സഞ്ജയ്‌ ബോബി - റോഷൻ ആൻഡ്രൂസ് ടീം രണ്ടാമത് ഒരുമിച്ചപ്പോൾ സംഭവിച്ചത് മലയാളി പ്രേക്ഷകന് ഇന്നും മറക്കാനാകില്ല. മലയാള സിനിമയുടെ നിലവാര തകർച്ചയെ സൂചിപ്പിക്കും വിധമുള്ള ഒരു സിനിമയുടെ ഭാഗമാകേണ്ടി വന്നതിലെ കുറ്റ ബോധം ഒരു പക്ഷേ ഇരു കൂട്ടരെയും കുറേ കാലത്തേക്കെങ്കിലും അലട്ടിയിരിക്കാം. ആ തിരിച്ചറിവ് തന്നെയായിരിക്കാം 'മുംബൈ പോലീസി'ന്റെ മികവിന്റെ ആദ്യ കാരണവും. എന്തായാലും ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നാണല്ലോ. ആ അർത്ഥത്തിൽ സിനിമയിലെ ന്യൂ ജനറേഷൻ എന്ന പദപ്രയോഗം കൊണ്ട്  അർത്ഥമാക്കേണ്ട യഥാർത്ഥ വസ്തുത എന്താണെന്ന് മുംബൈ പോലീസിലൂടെ സഞ്ജയ്‌ ബോബി - റോഷൻ ആൻഡ്രൂസ് ടീം പ്രേക്ഷകനെ ഇത്തവണ ബോധ്യപ്പെടുത്തുക തന്നെ ചെയ്തെന്നു പറയാം. അങ്ങനെ നോക്കുമ്പോൾ നല്ല മാറ്റങ്ങളുടെയും നല്ല സിനിമകളുടെയും  കൂട്ടത്തിലെ  അവസാനത്തെ അവതാരം തന്നെയാണ് 'മുംബൈ പോലീസ്'.

ഭൂതകാലം മറന്നു പോകുന്ന നായകനെയും  നായികയെയും  ചില സിനിമകളിലെങ്കിലും നമ്മൾ കണ്ടു മറന്നിട്ടുണ്ട്. പത്മരാജന്റെ  'ഇന്നലെ' യിലെ മായയും (ശോഭന), പങ്കജ് പരാശർ സംവിധാനം ചെയ്ത 'തുംകോ ന ഭൂൽ പായേംഗെ'യിലെ വീർ താക്കൂറും (സൽമാൻ ഖാൻ) ഇത്തരത്തിലുള്ള കഥാപാത്രങ്ങളാണ്. 'ഇന്നലെ'യിലെ മായയ്ക്ക് സ്വന്തം പേരടക്കമുള്ള കാര്യങ്ങൾ ഓർക്കാൻ സാധിക്കുന്നില്ല എന്നത് പോലെ  'തുംകോ ന ഭൂൽ പായേംഗെ'യിലെ വീർ താക്കൂറിനും സ്വന്തം ഭൂതകാലത്തെ ഓർത്തെടുക്കാൻ സാധിക്കാതെ വരുന്നു.  മായ ഒരു ആത്മാന്വേഷണത്തിനു മുതിരുന്നതായി 'ഇന്നലെ'യിൽ പറയുന്നില്ല. അതേസമയം 'തുംകോ ന ഭൂൽ പായെങ്കെ'യിലെ  വീർ താക്കൂറിന് ആത്മാന്വേഷണം അനിവാര്യമായി വരുന്നുമുണ്ട്. ഈ രണ്ടു കഥാപാത്രങ്ങൾ തമ്മിലുള്ള  ഏക സാമ്യത അത് മാത്രമാണ്. ബാക്കി വരുന്ന കഥ പാടേ വ്യത്യസ്തമാണ് എന്നിരിക്കെ  എന്ത് കൊണ്ട് ഇതേ കഥാപാത്രങ്ങളുടെ മാനസിക സാഹചര്യം മറ്റൊരു കഥാപശ്ചാത്തലത്തിൽ അവതരിപ്പിച്ചു  കൂടാ എന്ന ചിന്തയിലായിരിക്കണം ഒരു പക്ഷേ മുംബൈ പോലീസിന്റെ കഥാ ബീജം പുതിയൊരു തിരക്കഥയിലേക്ക് പടർന്നത്. കാരണം മേൽപ്പറഞ്ഞ കഥാപാത്രങ്ങളുടെ സമാന അവസ്ഥ തന്നെയാണ് മുംബൈ പോലീസിലെ ACP ആന്റണി മോസസിനും (പ്രിഥ്വിരാജ് ) സംഭവിക്കുന്നത്. ഇതൊരു നിഗമനം മാത്രമാണ്. അല്ലാതെ  സഞ്ജയ്‌ ബോബി ഏതെങ്കിലും കഥയെയോ  കഥാപാത്രത്തെയോ  കോപ്പി പേയ്സ്റ്റ് ചെയ്തെന്ന ആധികാരിക വിവക്ഷയല്ല.  കഥയിലുള്ള ഈ ഒരു സമാനതയെ  ചോദ്യം  ചെയ്യാൻ ഒരാൾക്കും അവസരം നൽകാത്ത വിധം കഥാപശ്ചാത്തലവും തിരക്കഥയും എത്രത്തോളം വ്യത്യസ്തവും പുതുമ നിറഞ്ഞതും ആകാംക്ഷാഭരിതവുമാക്കി മാറ്റാൻ ബോബി സഞ്ജയ്‌മാർക്ക് കഴിഞ്ഞു എന്നുള്ളിടത്താണ് തിരക്കഥാകൃത്തുകൾ എന്ന നിലയിൽ അവരുടെ വൈഭവം സിനിമയിലുടനീളം പ്രകടമാകുന്നത്.

സിനിമയുടെ തുടക്കം മുതലേ  പ്രേക്ഷകരിൽ ആകാംക്ഷയുടെ വിത്തുകൾ വാരി വിതറി കൊണ്ടാണ്  ഓരോ ഷോട്ടും റോഷൻ ആൻഡ്രൂസ് ചിത്രീകരിച്ചിരിക്കുന്നത്.  അത് കൊണ്ട് തന്നെ സഞ്ജയ്‌ ബോബിമാരുടെ തിരക്കഥയെ തന്റെ മനസ്സിലേക്ക് വേണ്ട വണ്ണം  ആവാഹിച്ചെടുത്ത ശേഷമാണ് റോഷൻ ആൻഡ്രൂസ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നതെന്ന് നിസ്സംശയം പറയാവുന്നതാണ്. മറവിയുടെ  കാണാക്കയങ്ങളിൽ ആന്റണി മോസസ് തിരയാൻ ശ്രമിക്കുന്നത്  സ്വന്തം വ്യക്തിത്വത്തെയും  തന്റെ പ്രിയ സുഹൃത്തും സഹ പ്രവർത്തകനുമായ ACP ആര്യൻ ജോണ്‍ ജേക്കബിന്റെ (ജയസൂര്യ) വധത്തിനു ഉത്തരവാദികളായവരെയുമാണ്. ഈ ഒരു അന്വേഷണാത്മകത ഓരോ സീനിലും ഒപ്പിയെടുക്കാൻ  ആർ ദിവാകറിന്റെ ഛായാഗ്രഹണത്തിനും  സാധിച്ചിട്ടുണ്ട്. 


മലയാള സിനിമയിൽ  അധികമൊന്നും കണ്ടു പരിചയമില്ലാത്ത വഴിത്തിരിവുകളിൽ കൂടിയാണ് സിനിമ ഓരോ നിമിഷവും പ്രേക്ഷകനെ കൈ പിടിച്ചു കൊണ്ട് പോകുന്നത്. ഇരുൾ മൂടിയ ഇടുങ്ങിയ വഴികളിൽ കൂടിയുള്ള ഏകന്റെ ആത്മാന്വേഷണ സഞ്ചാരം ഓരോ ഘട്ടത്തിലും പുരോഗമിക്കുന്നുണ്ടെങ്കിലും പ്രേക്ഷകന്റെ ചിന്താതലത്തിലേക്ക് ഉത്തരമില്ലാത്ത കൂടുതൽ കൂടുതൽ ചോദ്യങ്ങൾ ഇരച്ചു വന്നു കൊണ്ടിരിക്കുന്നു. ഇനി മുന്നോട്ടു പോകുമ്പോള്‍ എന്ത് സംഭവിക്കും എന്നത് സംബന്ധിച്ച് ഒരു തരത്തിലുള്ള സൂചനകളും പ്രേക്ഷകന് കിട്ടാതെ പോകുന്ന ചുരുക്കം സിനിമകളിൽ ഒന്നാണ് മുംബൈ പോലീസ്. സിനിമയുടെ ആദ്യ പകുതിക്കു ശേഷം ഇരുൾ വീണു മറഞ്ഞ വഴികൾ പതിയെ പ്രകാശിതമാകുന്നു. പക്ഷേ അവിടെയും പ്രകാശം സത്യത്തെ കാണിച്ചു തന്നിരിക്കുന്നു എന്ന് അവകാശപ്പെടാൻ സാധ്യമല്ലാത്ത രീതിയിൽ പ്രേക്ഷക മനസ്സിനെ ആശയക്കുഴപ്പത്തിലാക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തും ചെയ്യുന്നത്. പ്രകാശമല്ല സത്യത്തെ കാണിച്ചു തരുന്നത് മറിച്ച്‌ പ്രകാശത്തിൽ ഒളിഞ്ഞു കിടക്കുന്ന സത്യത്തെ നമ്മളാണ് കണ്ടെത്തേണ്ടതെന്ന തരത്തിൽ സിനിമയിൽ  ചില രംഗാവിഷ്ക്കാരങ്ങൾ പോലും കടന്നു വരുന്നുണ്ട്. 

'സെല്ലൂലോയ്ഡ്', 'അയാളും ഞാനും തമ്മിൽ' തുടങ്ങീ  സിനിമകൾക്ക്‌  ശേഷം പ്രിഥ്വിരാജിന് കിട്ടിയ മറ്റൊരു വ്യത്യസ്തമായ  കഥാപാത്രമാണ് ACP ആന്റണി മോസസ്. രൂപം കൊണ്ടും ഭാവം കൊണ്ടും എന്തിനു പറയുന്നു ഓരോ നോട്ടത്തിലും ആന്റണി മോസ് എന്ന കഥാപാത്രത്തെ  മാത്രമേ സ്ക്രീനിൽ പ്രേക്ഷകന് ദർശിക്കാൻ വിട്ടു കൊടുക്കുന്നുള്ളൂ  എന്നത് പ്രിഥ്വി രാജിന്റെ അഭിനയ നേട്ടം തന്നെയാണ്. മറ്റൊരു അർത്ഥത്തിൽ ആ കഥാപാത്രം സ്വീകരിക്കാൻ പ്രിഥ്വിരാജ് കാണിച്ചത് ഒരു ചങ്കൂറ്റം കൂടിയാണ്. പ്രിഥ്വിരാജിന്റെ ഈ വക മേന്മകളെ സിനിമയിൽ വേണ്ട പോലെ ഉപയോഗിക്കാൻ റോഷൻ ആൻഡ്രൂസ് മിടുക്ക് കാണിച്ചു എന്നത് സത്യമെങ്കിലും കഥാപാത്രത്തിന് അനുയോജ്യമായ നല്ലൊരു വെപ്പ് മീശ വച്ച് കൊടുക്കുന്നതിൽ സംവിധായകനും മേയ്ക്കപ്പ്മാനും ഒരല്പം കൂടി മികവു പുലർത്താമായിരുന്നു എന്നൊരു അഭിപ്രായം  ഇല്ലാതില്ല.

മലയാള സിനിമയിൽ ഏറെക്കാലമായി ഹാസ്യതാരമായും സഹനടനായും തുടരുന്ന ഒരു നടനാണ്‌ കുഞ്ചൻ. കണ്ടു മറന്ന സിനിമകളിലെല്ലാം അദ്ദേഹത്തിന്റെ വേഷം ഒന്നുകിൽ ഒരു കോമാളി അല്ലെങ്കിൽ കാര്യസ്ഥനു തുല്യനായ ഒരു വേലക്കാരൻ കഥാപാത്രം. ഇതായിരുന്നു സ്ഥിതി വിശേഷം. പക്ഷേ മുംബൈ പോലീസിൽ ആ വ്യവസ്ഥിതി തന്നെ മാറ്റിയെഴുതപ്പെടുകയാണ്. സഹനടന്മാരിൽ നിന്ന് ഒരു സിനിമയ്ക്കു ലഭിക്കേണ്ട ഊർജ്ജവും പ്രസരിപ്പും പ്രസക്തിയും എങ്ങനെയാകണമെന്ന് ഈ സിനിമയിലെ കോണ്‍സ്റ്റബിൾ സുധാകാരൻ സിനിമാ ലോകത്തിനു ബോധ്യപ്പെടുത്തി തരുന്നു. വെറുമൊരു കോണ്‍സ്റ്റബിൾ കഥാപാത്രം സിനിമയിൽ എങ്ങനെ ഇത്രമാത്രം ഹൈ ലൈറ്റ് ചെയ്യപ്പെടുമെന്ന സംശയം വേണ്ടേ വേണ്ട. അതിനു തക്ക കഥാ സന്ദർഭവും സംഭാഷണവും സിനിമയിൽ വളരെ അനുയോജ്യമായ രീതിയിൽത്തന്നെ ആ കഥാപാത്രത്തിന് തിരക്കഥാകൃത്തും സംവിധായകനും കല്പിച്ചു നൽകിയിട്ടുണ്ട് എന്ന് മാത്രം മനസ്സിലാക്കുക.
കുഞ്ചനെപ്പോലെ തന്നെ നിരവധി സഹ കഥാപാത്രങ്ങൾ ഇടക്കിടെ വന്നു പോകുന്നുണ്ട്. ചെറുതെങ്കിലും അവർക്കെല്ലാം അവരുടെതായ അവസരം വിനിയോഗിക്കാൻ ഈ സിനിമയിൽ സ്പേസ് നൽകപ്പെടുന്നു എന്നതാണ് ഇതിലെ  ഏറ്റവും ശ്രദ്ധേയമായ കാര്യം. സീരിയൽ താരം മുകുന്ദൻ അവതരിപ്പിച്ച ക്യാപ്റ്റൻ ശ്രീനിവാസൻ അങ്ങനെ ഒന്നായിരുന്നു. അരസികനും അഹങ്കാരിയുമായ ഒരു ക്യാപ്റ്റന്റെ എല്ലാ ധാർഷ്ട്യവും മുകുന്ദനിലൂടെ ഭദ്രമായി ഉപയോഗിക്കാൻ സംവിധായകനു കഴിഞ്ഞു.

അന്യഭാഷാ ചിത്രങ്ങളിൽ മാത്രം കാണാൻ പറ്റുന്ന ഒരു സവിശേഷതയാണ് കേസ് അന്വേഷണസംഘത്തിലെ വനിതാ സാന്നിധ്യം. ഒരു കാലത്ത് മലയാള സിനിമയിൽ വാണി വിശ്വനാഥ് അത്തരം ചില വേഷങ്ങൾ ചെയ്തു വിജയിപ്പിച്ചിട്ടുണ്ടായിരുന്നു. പക്ഷേ വാണിക്ക് ശേഷം ശ്രദ്ധേയമായ രീതിയിൽ അത്തരമൊരു വേഷം ആരും അഭിനയിച്ചു കണ്ടില്ല.  അതിനൊരു അപവാദമായി മാറുകയാണ് അപർണാ നായർ അവതരിപ്പിച്ച രാഖീ മേനോൻ എന്ന പോലീസ് കഥാപാത്രം.

ജയസൂര്യയുടെ ആകാരം ഒരു IPS കാരന് ചേർന്നതാണോ അല്ലയോ എന്നത് സംബന്ധിച്ച് ആദ്യമൊരു സംശയം ചുരുക്കം ചിലർക്കെങ്കിലുംതോന്നിയേക്കാം. പക്ഷേ  അയാൾക്ക്‌ സ്വന്തം പദവിയോടുള്ള മതിപ്പ് എങ്ങിനെ ഉള്ള ഒന്നാണ് എന്ന് സിനിമയിൽ വെളിപ്പെടുന്ന നിമിഷം തൊട്ട് ആ ഒരു അബദ്ധ ധാരണയും നീക്കപ്പെടുകയാണ്.

റഹ്മാൻ അവതരിപ്പിക്കുന്ന ഫർഹാൻ അമൻ എന്ന കഥാപാത്രം സിനിമയിലെ നെടും തൂണ്‍ കണക്കെ നിലനിൽക്കുന്ന ഒന്നാണ്. മറ്റു കഥാപാത്രങ്ങളെ അപേക്ഷിച്ച് ഫർഹാൻ എന്ന കഥാപാത്രത്തിന് നിശ്ശബ്ദതയിലൂടെ വലിയൊരു നിഗൂഢത സൃഷ്ടിക്കുക എന്നൊരു ദൌത്യമാണ് ഉണ്ടാകുന്നത്. അത് കൊണ്ട് തന്നെ സിനിമയുടെ ആദ്യ പകുതി കഴിയുമ്പോൾ ഫർഹാന്റെ നിശ്ശബ്ദത കൂടുതൽ തീവ്രമായി പ്രേക്ഷകന് അനുഭവപ്പെടുന്നു.


കുറ്റാന്വേഷണവും സസ്പെൻസും ഇടകലർന്നൊഴുകുന്ന മുംബൈ പോലീസ് പോലെയുള്ള ഒരു സിനിമയിൽ പ്രേക്ഷകാസ്വദനം കൂടുതൽ മെച്ചപ്പെട്ട രീതിയിൽ  ഉറപ്പു വരുത്താൻ സഹായകമായിരുന്ന മറ്റൊരു പ്രധാന ഘടകമാണ്  ത്രില്ലിംഗ് സ്വഭാവമുള്ള ഒരു പശ്ചാത്തല സംഗീതം.  ഗോപീ സുന്ദറിന്റെ സംഗീതം അവിടെ അർദ്ധവിജയം മാത്രമാണ് നേടുന്നത്. നിഗൂഢതയും ആകാംക്ഷയും നിറഞ്ഞ വഴികളിലൂടെ കഥയുടെ കുരുക്ക് ഒന്നിൽ നിന്ന് ഒന്നിലേക്ക് അഴിയുകയും മുറുകുകകയും ചെയ്യുമ്പോഴും ഗോപീ സുന്ദറിന്റെ സംഗീതം നിസ്സഹായാവസ്ഥയിൽ കൈ കെട്ടി നിൽക്കുന്ന പ്രതീതിയാണ് സിനിമയിൽ അനുഭവപ്പെടുന്നത്. ഈ ഒരു പോരായ്മ എല്ലാവരും ബോധപൂർവം മറക്കാൻ ശ്രമിക്കുന്നു എങ്കിൽ അത് സിനിമയുടെ സ്ക്രിപ്റ്റിംഗ് മികവിന്റെ സംതൃപ്തി കൊണ്ട് മാത്രമാണ്.

ഗേ സെക്സ് വിഷയാസ്പദമായി സിനിമ ഒന്നും പറയുന്നില്ലെങ്കിലും സിനിമയിൽ ആ വിഷയം ഒരു പ്രധാന ട്വിസ്റ്റ് ആയി അവതരിപ്പിക്കുക വഴി സമൂഹത്തിലെ മറ്റൊരു  തലത്തിൽ കൂടിയും മുംബൈ പോലീസ്  ചർച്ചാ പ്രസക്തി നേടുന്നുണ്ട്. നിരവധി വീക്ഷണ കോണുകളിൽ കൂടി ഈ സിനിമയെ വിലയിരുത്താം എന്നുള്ളത് കൊണ്ട് തന്നെ  തിരക്കഥാ രചനയിലെ മാറ്റത്തിന്റെ പുത്തൻ മുഖമായി മുംബൈ പോലീസ് ഇതിനകം മാറി കഴിഞ്ഞിരിക്കുന്നു. കാലങ്ങൾക്ക് ശേഷം മലയാളി പ്രേക്ഷകന് കിട്ടിയ പൂർണതയുള്ള സിനിമ എന്ന സവിശേഷതയും മുംബൈ പോലീസിനു സ്വന്തമാണ്. എന്തായാലും ഈ വിജയം കേവലം ഒരു മുംബൈ പോലീസിന്റെ മാത്രമാകുന്നില്ല മറിച്ച് മലയാള സിനിമയുടേതു കൂടെയാണ്. അവതരണ മികവും  കെട്ടുറപ്പുള്ള തിരക്കഥയും നടീ നടന്മാരുടെ മികച്ച പ്രകടനവും പ്രദാനം ചെയ്യുന്ന ഏതൊരു സിനിമയെയും  ന്യൂ ജനറേഷൻ ലേബലിൽ വിലയിരുത്താം എന്ന് തന്നെയാണ് ഈ സിനിമയുടെ വിജയം അടിവരയിട്ടു പറയുന്നത്. അങ്ങനെയുള്ള 'ന്യൂ' സിനിമകളെത്തന്നെയാണ് പ്രേക്ഷകരെന്ന 'ജനറേഷൻ'   ആഗ്രഹിക്കുന്നതും ആസ്വദിക്കുന്നതും.


* ഇ മഷി മാഗസിന്‍ ലക്കം 10 , ചലിക്കുന്ന ചിത്രങ്ങള്‍ എന്ന വിഭാഗത്തില്‍ പബ്ലിഷ് ചെയ്തു വന്ന എന്‍റെ സിനിമാ വീക്ഷണം .വായിക്കാന്‍ ഇവിടെ ക്ലിക്കുക . ഇ മഷി 
-pravin-