Wednesday, July 29, 2026

എങ്ങുമെത്താതെ പോകുന്ന 'Nobody' !!


നിസ്സാം ബഷീർ - സമീർ അബ്ദുൾ കോംബോയുടെ പ്രതീക്ഷ ഇരട്ടിപ്പിച്ചു കൊണ്ടാണ് 'I Nobody' ടീസറും ട്രെയ്‌ലറും വന്നത്.സിനിമയുടെ തുടക്കത്തിൽ മനസ്സിനെ റിലാക്സ് ആക്കാൻ വേണ്ടി നടത്തുന്ന കൌണ്ട് ഡൌൺ ടെക്നിക് നമുക്കും ബാധകമാകുന്നത് അങ്ങിനെയാണ്.

രണ്ടു സെക്കന്റ് ഹോൾഡ് ചെയ്ത ശേഷം സാവധാനം ശ്വാസം വിട്ടു കൊണ്ടിരിക്കേ സ്‌ക്രീനിൽ വരുന്നത് ശ്വാസം അടക്കി പിടിച്ചു കാണേണ്ട സീനുകൾ.

ബാങ്ക് കവർച്ചയും, കാർ ചേസിംഗും, ഏറ്റുമുട്ടലുമൊക്കെയായി സംഭവ ബഹുലമായി കൊണ്ടിരിക്കുന്ന സിനിമ. കൊള്ളാമെന്ന് തോന്നിപ്പിക്കുന്ന തുടക്കം.

പ്രമോഷൻ പരിപാടികൾക്കിടെ പൃഥ്വിരാജ് പറഞ്ഞു കൊണ്ടിരുന്ന ആദ്യത്തെ ഞെട്ടിക്കൽ സീനുകൾ ഇത് തന്നെയാകാം.

അസാധാരണ സംഭവങ്ങൾ കൊണ്ട് ഒരു സാധാരണക്കാരന്റെ ജീവിതം താറു മാറാകുന്നത് എങ്ങിനെയാണെന്ന് കാണിച്ചു തരാനുള്ള ശ്രമങ്ങൾ ആണ് പിന്നീട്.

'പല നാടൻ മലയാളി' പോലുള്ള മഞ്ഞ മാധ്യമങ്ങൾ വ്യക്തികളെയും സമൂഹത്തിനെയുമൊക്കെ എങ്ങിനെ കാർന്നു തിന്നുന്നു എന്ന് കാണിക്കുമ്പോൾ പലർക്കും പൊള്ളുമെന്ന കാര്യത്തിൽ തർക്കമില്ല.

'റോഷാക്കി'നു സമാനമായി പണവുമായി ബന്ധപ്പെട്ട് നടക്കുന്ന കശപിശയും, അന്വേഷണങ്ങളുമൊക്കെ 'നോബഡി'യുടെ കഥാവഴിയിലും കാണാം.

ആദ്യ പകുതി അവസാനിക്കുന്നിടം വരെ സിനിമക്ക് ഒരു ത്രില്ലിംഗ് ഫീൽ സമ്മാനിക്കുന്നതും അതൊക്കെ തന്നെ.

എന്നാൽ രണ്ടാം പകുതിയിൽ കാര്യങ്ങൾ ആകെ കുഴഞ്ഞു മറയുകയാണ്.

രാജീവന്റെ വ്യക്തിജീവിതത്തെയും കുടുംബജീവിതത്തെയും മുൻ നിർത്തി കൊണ്ടുള്ള കഥ പറച്ചിലും സിനിമയുടെ ഴോണർ മാറ്റങ്ങളും ഒക്കെ കൂടി ഒരു അവിയൽ പരുവം.

സാധാരണക്കാരനെന്ന മട്ടിൽ പറഞ്ഞു വച്ച രാജീവനെ പിടിച്ചു അമാനുഷികനായ ആക്ഷൻ ഹീറോയാക്കി മാറ്റുന്നു.

ഒരർത്ഥത്തിൽ അയാളുടെ ഇൻട്രോ പോലും അയാളുടെ കഥാപാത്ര വിശേഷണത്തിന് വിപരീതമല്ലേ എന്ന് ആലോചിച്ചു പോകുന്നു.

പാർവ്വതിയുടെ കഥാപാത്രത്തിലേക്ക് വരുമ്പോഴും ഈ പ്രശ്നമുണ്ട്.

ബോൾഡ് കാരക്ടർ എന്ന് തോന്നിക്കാൻ വേണ്ടി പാർവ്വതിയുടെ മീരക്ക് ഉണ്ടാക്കിയ ബിൽഡ് അപ്പ് ഒക്കെ തകർന്ന് തരിപ്പണമാകുകയാണ് രണ്ടാം പകുതിയിൽ.

അത് വരെ നില കൊണ്ടതിനൊക്കെ കടക വിരുദ്ധമായ നിലപാടുകൾ സ്വീകരിച്ചു കൊണ്ട് ആ കഥാപാത്രത്തെ കൊണ്ട് പോയി തുലച്ച പോലെയാണ് തോന്നിയത്.

സിനിമയുടെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചത്.

ഇല്ലത്തു നിന്ന് പുറപ്പെടുകയും ചെയ്തു അമ്മാത്ത് ഒട്ട് എത്തിയതുമില്ല എന്ന അവസ്ഥ. ക്ലൈമാക്സ്‌ ഒക്കെ ആ ലെവൽ ദുരന്തം എന്നേ പറയാനുള്ളൂ.

പൃഥ്വിരാജിനെ സംബന്ധിച്ച് അധികം ഡയലോഗുകൾ പോലുമില്ലാതെ ആദ്യം മുതൽ അവസാനം വരെ അടിയും ഓട്ടവും ആയത് കൊണ്ട് ഇത്തവണ ഡയലോഗ് ഡെലിവറിയുമായി ബന്ധപ്പെട്ട വിമർശനം കേൾക്കാനിടയില്ല.

ഹക്കീം ഷാ, അശോകൻ ഒക്കെ നല്ല പ്രകടനം ആയിരുന്നെങ്കിലും ആ കഥാപാത്രങ്ങൾക്കൊന്നും കൂടുതൽ സ്കോപ് നൽകാത്ത തിരക്കഥയായി പോയി.

കുറഞ്ഞ സീനുകളിൽ മാത്രം വന്ന ബീന ടീച്ചറുടെ പ്രകടനം ശ്രദ്ധേയമായി. ബീന ടീച്ചറുടെ പ്രകടനത്തിനൊപ്പം ടീച്ചർ പറഞ്ഞ കാര്യം സിനിമക്കപ്പുറം പ്രത്യേകം ചർച്ച ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

പുൽച്ചാടി-തവള-പാമ്പ്‌ -പരുന്ത് അടങ്ങുന്ന ഭക്ഷ്യ ശൃംഖലാ സിദ്ധാന്തത്തെ നമ്മുടെ സിസ്റ്റവുമായി കൂട്ടി കെട്ടിയതൊക്കെ നന്നായെങ്കിലും സിനിമയിൽ അതൊക്കെ ബോധ്യപ്പെടുത്തുന്ന തരത്തിൽ ഒരു അവതരണമെങ്കിലും ഉണ്ടാവേണ്ടതായിരുന്നു.

സിനിമയിൽ വിജയ രാഘവൻ പറയുന്ന ഒരു ഡയലോഗ് സിനിമ കഴിയുമ്പോ അറിയാതെ പറഞ്ഞു പോയി.

ആഹ്.. ഒരു രാജീവൻ കാരണം ഇവിടെ എന്തൊക്കെയാണ് നടക്കുന്നത്?

©bhadran praveen sekhar

Tuesday, July 21, 2026

ALPHA

കാർഗിൽ യുദ്ധാനന്തര സമയത്ത് ഭാവി യുദ്ധ കാലത്തേക്ക് വേണ്ടി തയ്യാറാക്കുന്ന 'ആൽഫാ' സീക്രട്ട് പ്രൊജക്ടിനെ പറ്റി വിശദീകരിച്ചു കൊണ്ടാണ് പടം തുടങ്ങുന്നത്.

കബീർ ഖാന്റെ 'ഏക് ഥാ ടൈഗർ' , സിദ്ധാർഥ് ആനന്ദിന്റെ 'വാർ' , 'പഠാൻ' പോലുള്ള സ്പൈ ത്രില്ലറുകളിൽ കൂടി വികസിച്ചു വന്ന YRF Spy Universe ലേക്കുള്ള പുതിയ എൻട്രി എന്ന നിലക്ക് 'ആൽഫാ' യെ ഉറ്റു നോക്കി പോകുന്ന സീനുകൾ.

അനിൽ കപൂർ - ബോബി ഡിയോൾ നിറഞ്ഞു നിന്ന ആദ്യത്തെ കുറച്ചു സീനുകൾക്ക് ശേഷം പതിയെ സിനിമയുടെ മൊത്തം ബാധ്യതയും ആലിയ ഭട്ടിന്റെയും ശർവാരിയുടെയും ചുമലുകളിലേക്ക് വച്ച് കൊടുക്കുകയാണ്.

പഴയ കാല സിനിമകളിൽ കണ്ടു മറന്ന അച്ഛൻ - മക്കൾ പുനർ സംഗമ കഥയെ സ്പൈ യൂണിവേഴ്‌സിന്റെ പശ്ചാത്തലത്തിലേക്ക് മാറ്റി അവതരിപ്പിക്കുന്നതോടൊപ്പം 'ദുരന്ധറി'ലെ നായക ദൗത്യം ഇവിടെ വില്ലന് വേണ്ടിയും ഉപയോഗിക്കുന്നു.

കഥാപരമായ പുതുമയോ, ഒരു സ്പൈ ത്രില്ലർ സിനിമയ്ക്കു വേണ്ട ഗംഭീര സ്ക്രിപ്റ്റോ ഒന്നും ഇല്ലെങ്കിൽ കൂടിയും ആലിയ ഭട്ട് - ശർവാരി ടീമിന്റെ പ്രകടനങ്ങൾ കൊള്ളാം. 

ഒരു സ്പൈ ആക്ഷൻ ത്രില്ലർ സിനിമയുടെ മൂഡിൽ തുടങ്ങി ഇടക്ക് വച്ച് ഒരു ഫാമിലി റിവഞ്ച് മൂവിയായി പരിണമിക്കുമ്പോഴും ആലിയ- ശർവാരി കോംബോ അവസാനം വരെ സ്‌കോർ ചെയ്തു പോയിട്ടുണ്ട്.

ഹൃതിക് റോഷന്റെ മേജർ കബീർ പ്രത്യക്ഷപ്പെടുന്ന സീനിൽ പോലും സീതാ- ദുർഗ്ഗമാരായി ആലിയ-ശർവാരി കട്ടക്ക് നിൽക്കുന്ന കാഴ്ച.

സോനാമാർഗ് - പഹൽഗാം - കശ്മീർ - ചിറാപുഞ്ചി പോലെയുള്ള ലൊക്കേഷനുകളുടെ ഭംഗി ഒപ്പിയെടുത്ത ഛായാഗ്രഹണവും, ആക്ഷൻ കൊറിയോഗ്രാഫിയുമൊക്കെ കൊണ്ട് തിയേറ്റർ എക്സ്പീരിയൻസിൽ ആൽഫാ തൃപ്‌തിപ്പെടുത്തിയിട്ടുണ്ട്.

സ്പൈ യൂണിവേഴ്‌സിൽ ഇതിന് മുന്നേ വന്ന WAR 2 ഉണ്ടാക്കിയ ഡാമേജ് കണക്കിലെടുക്കുമ്പോൾ 'ആൽഫാ' എന്ത് കൊണ്ടും കണ്ടിരിക്കാവുന്ന ഒരു ഡീസന്റ് ആക്ഷൻ പടം തന്നെയാണ്.

©bhadran praveen sekhar