Thursday, August 22, 2019

കുമ്പളങ്ങിയിലെ ആ വീട് !!

ഒരു ദുരഭിമാനക്കൊലയുടെ വക്കിൽ നിന്നും ഓടി രക്ഷപ്പെട്ടതായിരുന്നു വിജയും സതിയും. 

തീട്ടപ്പറമ്പിനോട് ചേർന്ന് നിൽക്കുന്ന തുരുത്തിലേക്ക് തെക്കുമുറിക്കാർ ഉപേക്ഷിച്ചു കൊണ്ടിടുന്ന പട്ടികൾക്കും പൂച്ചകൾക്കും അറിഞ്ഞോ അറിയാതെയോ സംരക്ഷകരായി മാറാനുള്ള നിയോഗം നെപ്പോളിയന്റെ മക്കൾക്ക് ഉണ്ടായിരുന്നത് കൊണ്ട് തന്നെയാകാം വിജയും സതിയും ഓടിയെത്തിയത് നെപ്പോളിയന്റെ മൂത്ത മകൻ സജിക്ക് മുന്നിലായിരുന്നു. ആരുമില്ലാത്തവർക്ക് ആരുമില്ലാത്തവൻ ആരോ ആയി മാറിയ ദിവസം. വിജയ്ക്ക് സജിയോടുള്ള കടപ്പാട് ആരംഭിക്കുന്നത് അവിടെ നിന്നാണ് .

വിജയ്ക്കും സതിക്കും താമസിക്കാൻ അതേ തുരുത്തിൽ തൊഴുത്തിനേക്കാൾ മോശമായൊരിടം ഒരുക്കി കൊടുക്കുന്നത് സജിയാണ്. ഒരു വീട് എന്താണെന്ന് അറിയാത്ത അല്ലെങ്കിൽ അറിയാനുള്ള സാഹചര്യങ്ങൾ ഉണ്ടായിട്ടില്ലാത്ത സജിയെ സംബന്ധിച്ച് ഒരു വീടിനോടുള്ള കാഴ്ചപ്പാട് അത്രയേ ഉണ്ടായിരുന്നുള്ളൂ. 

സജിയെ വളരെ പെട്ടെന്ന് മനസ്സിലാക്കിയ ഒരാൾ കൂടിയായിരുന്നു വിജയ്. ഒരു പരാതിയുമില്ലാതെ സജി പറയുന്നതെല്ലാം അയാൾ കേട്ടിരുന്നു. വിജയ്നെ ഓസിയാണ് താൻ ജീവിക്കുന്നത് എന്ന് തിരിച്ചറിയാൻ പോലും പറ്റാത്ത വിധം സജി അലസനായി മാറി. സജിയെ  ഉപദേശിക്കാനോ  പിരിഞ്ഞു പോകാനോ സാധിക്കാത്ത വിധം വിജയും സജിക്കൊപ്പം  തന്നെ സഞ്ചരിച്ചു. 

സതി ഗർഭിണിയായി. ബാധ്യതകളും ഉത്തരവാദിത്തങ്ങളും  കൂടാൻ പോകുന്നു. ഈ ഘട്ടത്തിലാണ് വിജയ് സജിയോട് എല്ലാം പറയാൻ തീരുമാനിക്കുന്നത് . പക്ഷേ അവസരങ്ങൾ കിട്ടിയില്ല. 

തന്റെ വീട് ഈ പഞ്ചായത്തിലെ തന്നെ ഏറ്റവും മോശം വീടാണ് എന്ന് ഫ്രാങ്കി പറയുമ്പോൾ  അത് ഉൾക്കൊള്ളാതെ അവനുമായി  വഴക്കിടുകയും ഒടുക്കം അന്നേ വരെ തന്നോട് തല്ലു കൂടിയിട്ടില്ലാത്ത ബോണി പോലും പങ്കായം കൊണ്ട് സജിയെ തല്ലി പുറത്താക്കുന്ന ആ രാത്രിയിൽ തന്നെയാണ് എല്ലാം സംഭവിക്കുന്നത് . 

സങ്കടക്കടലായി തന്റെ അടുത്ത് വന്ന സജിക്ക് മദ്യം നൽകുകയും പറയുന്നതൊക്കെ കേട്ടിരിക്കുകയും ചെയ്ത ശേഷം വിജയ് മുൻപൊന്നുമില്ലാത്ത വിധം ചില തുറന്നു പറച്ചിലുകൾ നടത്തുന്നുണ്ട്. സജി ഒന്നിന് മീതെ ഒന്നായി തകർന്നു പോകുന്ന നിമിഷങ്ങൾ. 

നീയേ ഉണ്ടായിരുന്നുള്ളൂ എന്ന് വിജയ്നെ നോക്കി സജി പറഞ്ഞത് വെറുതെയായിരുന്നില്ല. മറ്റു അനിയന്മാരെക്കാൾ വലിയ സ്ഥാനം കൊടുത്ത വിജയ് പോലും തന്നെ തള്ളിക്കളഞ്ഞിരിക്കുന്നു എന്ന വേദനയിലും മദ്യത്തിന്റെ ലഹരിയിലും സജി മരണത്തിലേക്ക് എടുത്തു ചാടി ..പക്ഷേ അവിടെയും വിജയ് സജിയോട് കൂറ് കാണിച്ചു . സ്വന്തം ജീവൻ മരണത്തിനു കൊടുത്തിട്ട് സജിയെ തിരിച്ചു ജീവിതത്തിലേക്ക് നടത്തി . 

ഒഴിയാത്ത കുറ്റബോധവും പശ്ചാത്താപവുമൊക്കെ  പേറിക്കൊണ്ട് പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി സജി നേരെ നടന്നത് വർഷങ്ങൾക്ക് മുന്നേ വിജയ്നെയും സതിയേയും കൊണ്ട് ചെന്നാക്കിയ ആ തൊഴുത്തിലേക്കാണ്. വഴിയിൽ കണ്ട പോസ്റ്റിൽ കുറെ തവണ തലയിടിപ്പിച്ചു കൊണ്ട്  മനസ്സിന്റെ വേദനയെ മറികടക്കാൻ ശ്രമിച്ചു . 

വിജയിന്റെ വീട് ആണ് സജിയുടെ വീടിനോടുള്ള കാഴ്ചപ്പാടുകൾ മാറ്റുന്നത്. എങ്ങിനെയോ ഉണ്ടായിരുന്ന ഒരു സ്ഥലം മനോഹരമായ ഒരു ഉദ്യാനം പോലെ മാറിയിരിക്കുന്നു. മുറ്റത്തു തന്നെ നിന്ന് പോയ സജിയുടെ കാഴ്ച ചെണ്ടുമല്ലി പൂവിനു മുകളിൽ ചിറക് വീശുന്ന പൂമ്പാറ്റയിലേക്ക് നീളുന്നു. 

നെപ്പോളിയന്റെ മക്കൾ അന്ന് വരെ ഒരു വീടിനുള്ളിൽ താമസിക്കുകയല്ലായിരുന്നു മറിച്ച് ഒരു വീട് എന്ന ധാരണയിൽ എവിടെയോ താമസിക്കുകയായിരുന്നു.  നമ്മുടേത് ഒരു വീടല്ല എന്ന് ഫ്രാങ്കി എപ്പോഴും പറയുന്നതിന്റെ  പൊരുൾ  സജിക്ക് ബോധ്യപ്പെടുന്നത് വിജയ്ടെ വീടിന്റെ ആ കാഴ്ചയിലൂടെ അപ്പോഴാണ് .

കുമ്പളങ്ങിയിലെ ഒരു വലിയ കാഴ്ചാനുഭവമാണ് അധികമാരും കാണാതെ പോയ തുരുത്തിലെ ആ വീട്. 

-pravin-

1 comment:

  1. തീർത്തും മിനിമലിസ്റ്റായി ജീവിക്കുന്ന
    നാല് സഹോദരങ്ങളുടെയും അവരുടെ
    വീടിന്റേയും കഥ

    ReplyDelete