ചുവപ്പു നിറത്തിൽ എഴുതി കാണിക്കുന്ന സിനിമയുടെ പേരിനോട് നീതി പുലർത്തും വിധം ചോര കൊണ്ട് ജീവിതം വരച്ചു തീർക്കുന്ന കഥാപാത്രങ്ങളായി സിനിമയിൽ നിറഞ്ഞു നിക്കുന്നു പൊറിഞ്ചുവും ജോസും.
ജോജുവും ചെമ്പനും പൊറിഞ്ചുവായും ജോസായും നിറഞ്ഞാടിയപ്പോൾ നൈല ഉഷയുടെ മറിയം മാത്രം പരിമിതികളിൽ കുടുങ്ങി കിടന്നു. ശക്തമായ കഥാപാത്രമെങ്കിലും പുണ്യാളൻ അഗർബത്തീസിലെ തൃശൂരുകാരി അനുവിൽ നിന്ന് ഉയരാൻ നൈലക്ക് സാധിക്കാതെ പോകുന്നു പല സീനുകളിലും. മറിയമെന്ന കഥാപാത്രത്തിനുള്ള പഞ്ച് സിനിമക്ക് നഷ്ടമാകുന്നതും അക്കാരണത്തിലാണ്.
ചെറിയ കഥാപാത്രമായിട്ടും സുധി കോപ്പയൊക്കെ എത്ര ഗംഭീരമായിട്ടാണ് വൈകാരിക രംഗങ്ങൾ അവതരിപ്പിച്ചു പ്രതിഫലിപ്പിക്കുന്നത്.
മുൻപും സമാനമായ ഒരുപാട് തൃശൂർ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ടിജി രവി ഇക്കുറി പ്രകടനത്തിൽ വേറിട്ട് നിക്കുന്നുണ്ട്. ടൈപ്പ് വേഷങ്ങളിൽ ഒതുങ്ങി കൊണ്ടിരുന്ന വിജയ് രാഘവന് ഐപ്പേട്ടൻ എന്ന മുഴുനീള കഥാപാത്രം നല്ലൊരു ബ്രേക്ക് ആണ്.
രാഹുൽ മാധവിന്റെ വില്ലൻ വേഷം കിടുക്കിയിട്ടുണ്ട്. മികച്ച കഥാപാത്രങ്ങൾ കിട്ടിയാൽ ഉയർന്നു വരാനാകുന്ന ഒരു നല്ല നടൻ കൂടിയാണ് രാഹുൽ.
1965 കളിൽ തുടങ്ങി 1985 കാലത്തെത്തി നിക്കുന്നതാണ് കഥയിലെ പ്രധാന കാലഘട്ടം എന്നത് കൊണ്ട് തന്നെ 80കളിലെ പലതും ഓർമ്മപ്പെടുത്തി കൊണ്ടുള്ള അവതരണത്തിന് ഏറെ പ്രസക്തിയുണ്ടായിരുന്നു. ആ കാലത്തെ നാട്ടു വഴികളും, റോഡും, വാഹനങ്ങളും, അങ്ങാടിയും, തിയേറ്ററും, വീടുകളും, ടിവിയും, സിനിമകളും, വസ്ത്രധാരണങ്ങളും, സാധന സാമഗ്രികളുടെ വിലയും, കറൻസിയും തൊട്ട് പലതും പരമാവധി വിശ്വസനീയമായ കാഴ്ചകളാക്കി മാറ്റാൻ ശ്രമിച്ചിട്ടുണ്ട് കലാസംവിധായകരും കൂട്ടരും. പക്ഷേ ശവമടക്കിനു മഴ പെയ്യുന്ന പോലെയുള്ള ക്ളീഷേകളൊക്കെ ഇവിടെയും ആവർത്തിക്കുന്നുണ്ട് എന്നത് വേറെ കാര്യം.
തൃശൂർ ഭാഷയും പള്ളിപ്പെരുന്നാളും ആ ദിവസത്തെ തമ്മിൽത്തല്ലുമൊക്കെ പല സിനിമകളിലും കണ്ടു മറന്നതെങ്കിലും ടൈറ്റിൽ കഥാപാത്രങ്ങൾ കൊണ്ട് തന്നെ ശ്രദ്ധയാകർഷിച്ച പൊറിഞ്ചു മറിയം ജോസ് ജോഷിയുടെ സംവിധാനത്തികവിൽ ഒരു പെരുന്നാൾ ആഘോഷ കാഴ്ചയായി മാറുകയാണ്. (റിയലിസ്റ്റിക്ക് സിനിമാ ഫാൻസിന് വേണമെങ്കിൽ ഈ പെരുന്നാൾ കൂടാതിരിക്കാം.)
സിനിമ കഴിഞ്ഞാലും ആ ബാൻഡ് മേളവും ജോസിന്റെ ഡിസ്‌കോയും, പൊറിഞ്ചുവിന്റെ ശ്മശാനത്തിലുള്ള ഇരുപ്പും, ബാബുവിന്റെ വാവിട്ട കരച്ചിലും മനസ്സിലുണ്ടാകും മായാതെ, മറയാതെ.
ആകെ മൊത്തം ടോട്ടൽ = സിനിമയുടെ തിരക്കഥാ രചനയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒഴിച്ച് നിർത്തിയാൽ പുതുമയില്ലായ്മകൾക്കിടയിലും മേക്കിങ് കൊണ്ട് ഗംഭീരമായ സിനിമ തന്നെയാണിത്. ടൈറ്റിൽ കഥാപാത്രങ്ങൾ തന്നെയാണ് ഈ സിനിമയുടെ തൂണുകൾ. ഇടക്കാലത്ത് ലോക്പാലും സലാം കാശ്മീരും ലൈല ഓ ലൈലയുമൊക്കെയായി വന്ന ജോഷി ആ ലൈനിൽ നിന്നും വീണ്ടും മാറി നടക്കുന്നു എന്നതാണ് സന്തോഷം. ജോഷി ജോഷിയായി തന്നെ നിലനിൽക്കട്ടെ.
*വിധി മാർക്ക് - 7.5/10
-pravin-
വീണ്ടും ഗെഡികൾ പൊളിക്കുന്നു ..അല്ലേ
ReplyDelete