സാമൂഹിക പ്രതിബദ്ധതയും, പൊളിറ്റിക്കൽ കറക്ട്നെസ്സും, മാനുഷിക മൂല്യങ്ങളുമൊക്കെ നിറഞ്ഞു നിൽക്കുന്ന സിനിമകളെ കാണൂ എന്ന് ശപഥം ചെയ്തിട്ടുള്ള 'ആസ്വാദകർ' ഒരു കാരണവശാലും 'Animal' കാണരുത്.
'Animal' എന്ന ടൈറ്റിലും, അതിന്റെ ട്രൈലറുമൊക്കെ കണ്ട ശേഷം ത്യാഗമനോഭാവവും ക്ഷമാശീലനും സത്ഗുണ സ്വഭാവ സമ്പന്നനുമായ നന്മയുള്ള ഏതോ ഉണ്ണിയുടെ കഥയാണ് സിനിമയിൽ പറയാൻ പോകുന്നത് എന്നു കരുതിയ നിഷ്‌കളങ്കരായ ആസ്വാദകരോട് ഒന്നും പറയാനില്ല.
സന്ദീപ് റെഡ്ഢി യൂണിവേഴ്സിൽ പെടുന്ന ഒരു ടോക്സിക് പടം തന്നെയാണ് 'അനിമൽ' എന്ന പൂർണ്ണ ബോധ്യത്തോടെയാണ് സിനിമ കണ്ടു തുടങ്ങിയത്. പടം എഴുതി കാണിച്ച് പത്തു പതിനഞ്ചു മിനുട്ടുകൾ പിന്നിടുമ്പോഴേക്കും ബൽബീർ സിംഗിന്റെ വീട്ടിനുള്ളിലെ സ്ഥിതിഗതികളുമായി കണക്റ്റായി.
ഇത്തരം കഥാപാരിസരങ്ങൾ പല സിനിമകളിലും കണ്ടു മറന്നതെങ്കിലും വയലൻസും ഇമോഷൻസും കൂട്ടിയിണക്കി കൊണ്ട് കഥ പറഞ്ഞവതരിപ്പിക്കുന്ന ശൈലി 'അനിമലി'നെ വ്യത്യസ്തമാക്കുന്നു. തുടക്കം മുതൽ ഒടുക്കം വരെയുള്ള രൺബീർ ഷോ തന്നെയാണ് അനിമലിന്റെ ഹൈലൈറ്റ്.
ചെയ്യാനുള്ളതെല്ലാം ചെയ്തു കഴിഞ്ഞ ശേഷം Sadly this is Men's world എന്നൊക്കെ പറഞ്ഞു വയ്ക്കുന്ന നായകനോട് വിയോജിക്കുമ്പോഴും അയാൾ പുലർത്തുന്ന ചിന്താഗതികളോട് ഒട്ടും സമരസപ്പെടാതിരിക്കുമ്പോഴും ആ കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങൾ പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്.
ആൽഫാ മെയിലിന്റെ ലോകത്ത് വിരാചിക്കുന്ന ഒരു പിരാന്തൻ കഥാപാത്രത്തിന്റെ വിവിധ പ്രായത്തിലുള്ള ഗെറ്റപ്പുകളിലെല്ലാം രൺബീർ കപൂർ അഴിഞ്ഞാടി എന്ന് തന്നെ പറയാം. രൺബീറിന്റെ കരിയർ ബെസ്റ്റ് പടങ്ങളിൽ എന്നും 'അനിമൽ' ഉണ്ടാകുക തന്നെ ചെയ്യും.
നായകന്റെ പിരാന്തിനൊത്ത നായികാ കഥാപാത്രത്തിൽ രശ്മികയും നന്നായി തോന്നി. 'അർജ്ജുൻ റെഡ്ഢി'യിലെ നിസ്സംഗയായ നായികാ സങ്കൽപ്പത്തിൽ നിന്ന് മാറി ഭർത്താവിനെ മർദ്ദിക്കാനും റോസ്റ്റ് ചെയ്യാനുമൊക്കെ പവറുള്ള നായികാ കഥാപാത്രമാണ് 'അനിമലി'ലെ ഗീതാഞ്ജലി.
അനിൽ കപൂർ -രൺബീർ കപൂർ ടീമിന്റെ അച്ഛൻ-മകൻ ബന്ധത്തിലെ അടുപ്പവും അകൽച്ചയും കലഹവുമെല്ലാം സിനിമയുടെ വയലൻസ് മൂഡിനെ ഒരു ഫാമിലി ഡ്രാമയുടെ മൂഡിലേക്ക് മാറ്റുന്നുണ്ട് പല ഘട്ടത്തിലും.
ബോബി ഡിയോളിന്റെ കഥാപാത്രത്തിന് ഒരൊറ്റ ഡയലോഗ് പോലും ഇല്ലാതിരുന്നിട്ടും പുള്ളി കിട്ടിയ വേഷം ഗംഭീരമായി തന്നെ ചെയ്തിട്ടുണ്ട് . മൂന്നര മണിക്കൂറിനടുത്ത് ദൈർഘ്യമുള്ള സിനിമയിൽ കുറച്ചു കൂടി സ്‌പേസ് ആ കഥാപാത്രത്തിന് കൊടുക്കാതെ പോയതിൽ നിരാശയുണ്ട്.
ബാക്ഗ്രൗണ്ട് സ്‌കോറും പാട്ടുകളുമൊക്കെ ഈ സിനിമക്ക് ഉണ്ടാക്കി കൊടുക്കുന്ന മൂഡുകൾ പലതാണ്. ബോബി ഡിയോളിന്റെ ഇൻട്രോ സീനിലുള്ള ഇറാനി പാട്ട് 'ജമാൽ ജമാലു..', അത് പോലെ മഴു വെട്ട് ഫൈറ്റ് സീനിനൊപ്പം പാടുന്ന പഞ്ചാബി പാട്ടുമൊക്കെ വറൈറ്റി ആയി. 'പാപ്പാ മേരി ജാൻ..' പാട്ടിന്റെ ഇൻസ്‌ട്രുമെന്റെഷനും ഇമോഷനുമൊക്കെ എടുത്ത് പറയേണ്ട മറ്റൊന്നാണ്.
ആകെ മൊത്തം ടോട്ടൽ = എന്തിന്റെയൊക്കെ പേരിൽ വിമർശിക്കപ്പെട്ടാലും ഒരു സിനിമ എന്ന നിലക്ക് തിയേറ്റർ കാഴ്ചയിൽ എന്നിലെ ആസ്വാദകനെ 'അനിമൽ' തൃപ്‍തിപ്പെടുത്തി.
*വിധി മാർക്ക് = 7/10
-pravin-