Wednesday, September 18, 2024

കളിയും കാര്യവും പറയുന്ന രസികൻ 'വാഴ'!!


ഫസ്റ്റ് ലുക്ക് പോസ്റ്റർ വന്ന പാടെ തന്നെ ഈ സിനിമയുടെ തീം എന്താണെന്ന് വ്യക്തമായിരുന്നു. Biopic of a billion boys എന്ന ഉപശീർഷകം കൂടി ആയപ്പോൾ എല്ലാ തരത്തിലും പടത്തിന്റെ പ്ലോട്ട് സെറ്റ് ആയി തോന്നി.യാതൊരു വിധ താരനിരകളുമില്ലാത്ത ഈ സിനിമ കാണുമ്പോൾ തിയേറ്റർ ഫുൾ ആയിരുന്നു. ഒരിടത്തും ബോറടിപ്പിക്കാത്ത രസികൻ അവതരണം, വന്നവരും പോയവരും എല്ലാം ഒരേ പൊളി.

ഒരു ഭാഗത്ത് നിന്ന് ചിരിപ്പിച്ചു തുടങ്ങി മറു ഭാഗത്തേക്ക് എത്തുമ്പോഴേക്കും കണ്ണ് നനയിക്കുന്ന വൈകാരിക രംഗങ്ങളിലേക്ക് നമ്മളെ കൊണ്ട് പോകുന്നുണ്ട് സിനിമ . ഇമോഷണൽ സീനുകളൊക്കെ അത്ര മേൽ മനസ്സ് തൊടും വിധം കൈകാര്യം ചെയ്തിട്ടുണ്ട്.

ജോമോൻ ജ്യോതിർ, ഹാഷിർ, അനുരാജ്, സിജു സണ്ണി, സാഫ് ബ്രോസ് തൊട്ടുള്ളവരും പേരറിയാത്ത ഒരു കൂട്ടം പേരും.. എല്ലാവരും അടിമുടി വാഴയിൽ ആറാടിയിട്ടുണ്ട്.

ജഗദീഷ്, നോബി, അസീസ്, കോട്ടയം നസീർ, ജിബിൻ ഗോപിനാഥ്‌, എന്നിവരുടെ വേറിട്ട ഗംഭീര പ്രകടനങ്ങളും എടുത്തു പറയാം .

ഒരു യൂത്ത് എന്റർടൈൻമെന്റ് സിനിമക്ക് വേണ്ട കഥാഘടകങ്ങൾക്കൊപ്പം കുടുംബ പ്രേക്ഷകരെ കൂടി തൃപ്തിപ്പെടുത്തി കൊണ്ടുള്ള സ്ക്രിപ്റ്റ് ഒരുക്കാൻ വിപിൻ ദാസിന് സാധിച്ചു.

'ഗൗതമന്റെ രഥം' കണ്ടു തീരുന്നിടത്ത് തോന്നിപ്പിച്ച പ്രതീക്ഷക്ക് 'വാഴ'യിലൂടെ ഒരു മികച്ച ഒരു തുടർച്ച നൽകാൻ സംവിധായകൻ ആനന്ദ് മേനോനും സാധിച്ചിട്ടുണ്ട്.

അത് പോലെ സിനിമയുടെ കഥാഗതിക്കും മൂഡിനും അനുസരിച്ച് ഒപ്പം സഞ്ചരിക്കുന്ന പാട്ടുകളും പശ്ചാത്തല സംഗീതവും കൂട്ടത്തിൽ ശ്രദ്ധേയമായി.

എന്തായാലും ഈ വാഴ എല്ലാ തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുക തന്നെ ചെയ്യും .

©bhadran praveen sekhar

No comments:

Post a Comment