Thursday, September 26, 2024

നിഗൂഢമായ മനുഷ്യ മനസ്സുകൾ, ദുരൂഹത നിറഞ്ഞ കഥാവഴികൾ, മനസ്സ് പൊള്ളിക്കുന്ന സത്യങ്ങൾ !!


തീർത്തും സമാധാനപൂർണ്ണമായ ഒരു കഥാന്തരീക്ഷത്തിൽ തുടങ്ങി പതിയെ പതിയെ കുറെയേറെ ചോദ്യങ്ങളെ സൃഷ്ടിച്ചു കൊണ്ട് മുന്നോട്ട് പോകുന്ന സിനിമയിൽ നമ്മളും പലതും ഊഹിച്ചെടുക്കുന്നുണ്ട്. പക്ഷേ അത്തരം ഊഹങ്ങൾക്കും മുൻവിധികൾക്കും പ്രവചനങ്ങൾക്കുമെല്ലാം അപ്പുറമാണ് 'കിഷ്കിന്ധാ കാണ്ഡത്തി'ലെ ദുരൂഹതകളുടെ ഉത്തരങ്ങൾ.

ആർക്കും പിടി കൊടുക്കാതെ ഒരു മരത്തിൽ നിന്ന് മറ്റൊരു മരത്തിലേക്ക് ചാടി ചാടി പോകുന്ന കുരങ്ങന്മാരെ പോലെ, ഓരോ സീനു കഴിയുമ്പോഴും അടുത്തത് എന്താണെന്നോ ഏതാണെന്നോ അറിയാതെ നമ്മൾ വെറും കാഴ്ചക്കാർ മാത്രമായി നിൽക്കേണ്ടി വരുന്നു.

ടിപ്പിക്കൽ മിസ്റ്ററി ത്രില്ലർ സിനിമകളിലെ പോലെ ദുരൂഹതയുടെ ചുരുളഴിക്കുക അല്ലെങ്കിൽ അതിന്റെ ഉത്തരം തേടുക എന്നതിനേക്കാൾ ജീവിതാവസാനം വരെ ആശങ്കകളോടെ ജീവിക്കേണ്ടി വരുന്ന മനുഷ്യരെ ചേർത്ത് പിടിക്കുന്നതിലെ മാനവികതയിലേക്ക് വെളിച്ചം വീശുകയാണ് സിനിമ.

കണ്ടു തീരുന്നിടത്ത് അവസാനിക്കുന്ന സിനിമയല്ല കിഷ്കിന്ദ കാണ്ഡം. അവസാനിക്കാത്ത വിധം അത് വല്ലാത്തൊരു വിങ്ങലായി തുടരുകയാണ്. കഥാപാത്രങ്ങളുടെ concern എല്ലാം നമ്മുടെ കൂടിയായി മാറുന്ന അവസ്ഥ.

ആർക്കും ഗുണമില്ലാത്ത സത്യങ്ങളെക്കാൾ പരസ്പ്പരം concern ആകുന്ന മനുഷ്യർക്കൊപ്പം ജീവിക്കുന്നതിലാണ് ശരി എന്ന് ബോധ്യപ്പെടുത്തി തരുന്നു സിനിമ.

കഥാപാത്രങ്ങൾ തമ്മിൽ പരസ്‌പരമുള്ള ബന്ധങ്ങളുടെ ആഴവും അകൽച്ചയും അടുപ്പവുമൊക്കെ ബോധ്യപ്പെടുത്തുന്ന സിനിമകൾ പലതും നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ഈ സിനിമയിലെ അപ്പുപിള്ള - അജയചന്ദ്രൻ അച്ഛൻ മകൻ ബന്ധത്തെ ചിത്രീകരിച്ചിരിക്കുന്ന പോലെ മറ്റൊന്ന് വേറെ എവിടെയും കണ്ടതായി ഓർക്കുന്നില്ല. ഒരു കെട്ടിപ്പിടിത്തത്തിന്റെ ഏറ്റവും ഹൃദ്യമായ ഓർമ്മകളിൽ എന്നും ഇനി അവരുണ്ടാകും.

വിജയ രാഘവൻ, ആസിഫ് അലി. രണ്ടു പേരും കിട്ടിയ കഥാപാത്രത്തെ അത്ര മേൽ ഗംഭീരമാക്കി. അപർണ്ണ ബാലമുരളി, ജഗദിഷ്, അശോകൻ, കക്ക രവി എല്ലാവരും നന്നായിരുന്നു .. മറ്റൊരു സന്തോഷം ഏറെക്കാലത്തിനു ശേഷം നിഷാനെ വീണ്ടും സ്‌ക്രീനിൽ കാണാൻ സാധിച്ചതാണ്.

കെട്ടുറപ്പുള്ള തിരക്കഥ, കഥാപാത്ര നിർമ്മിതികളിലെ സൂക്ഷ്മത, ആദ്യാവസാനം വരെ നിഗൂഡത നിലനിർത്തുന്ന ആഖ്യാന ശൈലി, കാടിന്റെ കഥാപശ്ചാത്തലത്തിൽ മുൻകാലത്ത് വന്ന സിനിമകളോടൊന്നും യാതൊരു വിധത്തിലും സാമ്യത പുലർത്താത്ത വേറിട്ട ദൃശ്യ പരിചരണം, അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങൾ, ഞെട്ടിക്കുന്ന ക്ലൈമാക്സ് അങ്ങിനെ പറഞ്ഞാൽ എന്താണ് ഈ സിനിമയിൽ ഗംഭീരമല്ലാത്തത് എന്ന് ആലോചിച്ചു പോകും.

കാടും, വീടും, കുരങ്ങന്മാരും, റേഡിയോയും, കളിപ്പാട്ടങ്ങളും, തോക്കും, ആനയുമൊക്കെ 'കിഷ്കിന്ധാ കാണ്ഡ'ത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളായി നിറഞ്ഞു നിൽക്കുന്നു.

ഛായാഗ്രാഹകനും എഴുത്തുകാരനുമൊക്കെ ഒരാൾ തന്നെ ആയതിന്റെ സ്വാതന്ത്ര്യം മതി വരുവോളം ബാഹുൽ രമേശ് ആസ്വദിച്ചതിന്റെ മികവ് സിനിമയിൽ പ്രകടമാണ്.

സംവിധായകനെന്ന നിലക്ക് രണ്ടാമത്തെ സിനിമയോട് കൂടെ ദിൻജിത്ത് അയ്യത്താന്റെ ഗ്രാഫ് കുതിച്ചുയർന്നിരിക്കുന്നു.

©bhadran praveen sekhar

No comments:

Post a Comment