Thursday, September 19, 2024

ത്രില്ലടിപ്പിച്ച ചോരക്കളി!!

ട്രൈലർ കാണുമ്പോഴേ പടത്തിന്റെ കഥ എന്താണെന്ന് ബോധ്യപ്പെടും. പക്ഷേ അറിഞ്ഞു വച്ച ആ കഥയുടെ പൂർണ്ണ ആസ്വാദനം കിട്ടുന്നത് തിയേറ്റർ സ്‌ക്രീനിലാണ്. അമ്മാതിരി ഒരു ഐറ്റം.

ആക്ഷൻ വിത്ത്‌ കൊടൂര വയലൻസ് ആണ് ഈ സിനിമയുടെ ആസ്വാദനം. ഈ ചോരക്കളി കാണാൻ താൽപ്പര്യമില്ലാത്തവർക്ക് തിയേറ്ററിൽ നിന്ന് ഇറങ്ങി പോകൽ മാത്രമാണ് രക്ഷ.

ആദ്യത്തെ പത്തു പതിനഞ്ചു മിനിറ്റുകൾക്കുള്ളിൽ തന്നെ പടത്തിന്റെ ആ മൂഡ് നമുക്ക് കിട്ടും. പിന്നെ അങ്ങോട്ട് അടിയോടടി ഇടിയോടിടിയാണ്. അങ്ങിനെ പോയി ഇന്റർവെല്ലിനാണ് Kill ന്റെ ടൈറ്റിൽ പോലും തെളിയുന്നത്.

രണ്ടാം പകുതിയിൽ മടാൾ വെട്ടും, കത്തി കയറ്റലും, തലയടിച്ചു പൊളിക്കലും, കഴുത്തറുക്കലും, ചോര ചീറ്റലുമൊക്കെയായി മൊത്തത്തിൽ വയലൻസിന്റെ ആറാട്ട് ആണ്.

കരുത്തുറ്റ ക്രൂരന്മാരായ വില്ലന്മാരോട് നായകന് ക്ഷമ തോന്നേണ്ട കാര്യമില്ല. നായകന്റെ ഓരോ ഇടിയും വയലൻസും അതാത് സീനുകളിൽ അനിവാര്യമായി മാറ്റുന്ന മെയ്കിങ് തന്നെയാണ് ഈ സിനിമയെ ത്രില്ലടിപ്പിക്കുന്നത്.

തൊണ്ണൂറുകളുടെ പകുതിയിൽ സംവിധായകൻ നിഖിൽ നാഗേഷ് ഭട്ടിനു പാറ്റ്ന -പൂനെ ട്രെയിൻ യാത്രയ്ക്കിടെ നേരിടേണ്ടി വന്ന സംഭവമാണ് Kill ന്റെ സ്ക്രിപ്റ്റ്നായി ഉപയോഗപ്പെടുത്തിയത്.

ഒരു ട്രെയിനും, കുറേ വില്ലന്മാരും, വലിയ താരമൂല്യം ഒന്നുമില്ലാത്ത നടീ നടന്മാരെയും വച്ച് ഈ പടം ഈ ലെവലിൽ എത്തിച്ചതിന് സംവിധായകന് കൈയ്യടി കൊടുക്കാതെ പറ്റില്ല.

ലക്ഷ്യയുടെ ഹീറോ വേഷം എല്ലാ തലത്തിലും മികച്ചു നിന്നു. ഒപ്പത്തിനൊപ്പം രാഘവ് ജുയാലിന്റെ വില്ലനും.

©bhadran praveen sekhar

No comments:

Post a Comment