Tuesday, September 24, 2024

അഡിയോസ് അമിഗോ


രണ്ടു കള്ളുകുടിയന്മാരുടെ കഥ എന്ന് തോന്നിപ്പിച്ചു കൊണ്ടുള്ള തുടക്കം. അത് പിന്നീട് രണ്ടു മനുഷ്യരുടെയും അതിലൂടെ രണ്ടു വ്യത്യസ്ത മനുഷ്യ വിഭാഗങ്ങളുടെയും കഥയായി പരിണമിച്ചു കൊണ്ട് നമ്മളെയും കൊണ്ടൊരു യാത്ര പോകുകയാണ്. 

ഊരും പേരും ഒന്നും പറഞ്ഞിട്ടില്ലാത്ത തീർത്തും അപരിചിതരായ ആ രണ്ടു മനുഷ്യർക്കൊപ്പം എന്തിനെന്നില്ലാതെ നമ്മളും ശംഖുമുഖത്തേക്ക് ബസ് കയറുന്നു. പാതി വഴിയിൽ അവർക്കൊപ്പം എവിടെയൊക്കെയോ ഇറങ്ങുന്നു. പലരെയും അത് പോലെ കണ്ടുമുട്ടുന്നു. ചിലപ്പോൾ വിശാലമായ ഹോട്ടൽ മുറിയിലും മറ്റു ചിലപ്പോൾ റോഡരികിലും കിടക്കേണ്ടി വരുന്നു.

അങ്ങിനെ ഒരു ലക്ഷ്യ ബോധവുമില്ലാതെ കെട്ടു പൊട്ടിയ പട്ടം കണക്കെ അങ്ങിനെ പാറി നടക്കുന്ന ഒരു ഫീൽ.

ആലോചിച്ചാൽ അതിലൊന്നും ഒരു അർത്ഥവുമില്ലെന്ന് തോന്നുമ്പോഴും ഈ രണ്ടു കഥാപാത്രങ്ങളുടെയും മനസ്സ് വായിക്കാൻ നമുക്ക് സാധിക്കുന്നു.

ഉള്ളവൻ എവിടെയൊക്കെ കറങ്ങി തിരിഞ്ഞു നടന്നാലും ഒടുക്കം അവൻ എത്തേണ്ടിടത്ത് എത്തും.. ഇല്ലാത്തവൻ എവിടെയും എത്താതെ അങ്ങിനെ കറങ്ങി കൊണ്ടേയിരിക്കും എന്ന് സുരാജ് വെഞ്ഞാറമൂട് പറയുമ്പോൾ അത് ശരി വക്കുന്ന അതേ നമ്മൾ എല്ലാം ഉണ്ടായിട്ട് എന്ത് കാര്യം എന്ന് ചോദിക്കുന്ന ആസിഫ് അലിയെയും അംഗീകരിച്ചു പോകുന്നു.

ഈ സിനിമ എല്ലാവരേയും തൃപ്‍തിപ്പെടുത്തുമോ എന്നറിയില്ല. പക്ഷെ സിനിമയിൽ പ്രമേയവത്ക്കരിച്ച തരത്തിലെ ഒരു ജീവിത സാഹചര്യത്തിലൂടെ കടന്നു പോയവർക്കും അതുമായി ബന്ധപ്പെട്ടു പോയവർക്കുമൊക്കെ 'അഡിയോസ് അമിഗോ' ഇഷ്ടപ്പെടുക തന്നെ ചെയ്യും.

സുരാജ് വെഞ്ഞാറമൂട് -ആസിഫ് അലി കോമ്പോയും അവരുടെ പ്രകടനങ്ങളും മികച്ചു നിന്നു. ഇടക്കിത്തിരി ലാഗ് അടിച്ചു എന്നതൊഴിച്ചാൽ കണ്ടിരിക്കാവുന്ന ഒരു ചെറിയ നല്ല പടം.

©bhadran praveen sekhar

No comments:

Post a Comment