Monday, September 30, 2024

IC 814: The Kandahar Hijack


99 ലെ കാണ്ഡഹാർ ഹൈജാക്കിനെ പ്രമേയവത്ക്കരിച്ചു കൊണ്ട് വന്ന സിനിമകളിൽ നിന്നെല്ലാം വ്യത്യസ്തമായി അന്നത്തെ സംഭവങ്ങളെ ഒരു നേർകാഴ്ചയെന്നോണം പരമാവധി സത്യസന്ധമായി പറഞ്ഞവതരിപ്പിക്കാൻ സാധിച്ചു എന്നത് തന്നെയാണ് 'IC 814: The Kandahar Hijack' വെബ് സീരീസിന്റെ മികവ്.

ഫ്‌ളൈറ്റ് ടേക്ക് ഓഫ് ചെയ്യാൻ കുറച്ചു വൈകിയാൽ പോലും അതിനുള്ളിൽ നമ്മൾ അനുഭവിക്കുന്ന ഒരു അസ്വസ്ഥതയുണ്ട്. ആ നിലക്ക് ഹൈജാക്ക് ചെയ്യപ്പെട്ട ഒരു വിമാനത്തിൽ ആകാശത്തിലും ഭൂമിയിലുമായി അനിശ്ചിതത്വത്തിന്റെ ഭീകര ദിവസങ്ങൾ താണ്ടിയവരുടെ മാനസികാവസ്ഥകൾ എന്തായിരുന്നിരിക്കും ?

അന്നത്തെ സംഭവങ്ങളുടെ യഥാർത്ഥ വീഡിയോ ഫൂട്ടേജുകളും മറ്റു വിവരങ്ങളുമൊക്കെ കോർത്തിണക്കുമ്പോഴും ഒരു ഡോക്യൂമെന്ററി ശൈലിയിലേക്ക് പോകാതെ ആദ്യാവസാനം വരെ പിടിച്ചിരുത്തുന്ന വിധം ഗംഭീരമായി ചിത്രീകരിക്കാൻ അനുഭവ് സിൻഹക്ക് സാധിച്ചിട്ടുണ്ട്.

ബന്ദിയാക്കപെട്ടവരുടെ മാനസികാവസ്ഥകളിലേക്ക് മാത്രമായി ചുരുങ്ങാതെ ഈ വിഷയത്തിൽ അന്ന് സമ്മർദ്ദത്തിലായ ഇന്ത്യൻ സർക്കാരിന്റെ നിലപാടുകളും വീഴ്ചകളും പരിമിതികളുമൊക്കെ വരച്ചിടുന്നുണ്ട് അനുഭവ് സിൻഹ.

പൊതുബോധത്തെ തൃപ്തിപ്പെടുത്താനായി നടത്തുന്ന വ്യാജ നിർമ്മിതികളൊന്നും ഈ സീരീസിൽ ഇല്ല എന്നത് ശ്രദ്ധേയമാണ്. അന്നത്തെ ഹൈജാക്കിങ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഭീകരവാദികളെയും താലിബാനെയുമൊക്കെ വസ്തുതാപരമായി അവതരിപ്പിച്ചതിൽ ചിലരൊക്കെ അതൃപ്‍തി രേഖപ്പെടുത്തിയതിന്റെ കാരണവും അതാകാം.

ഫ്‌ളൈറ്റിൽ ഒരാളെ ഭീകരവാദികൾ കൊന്നിട്ടും, പലർക്കു നേരെയും മർദ്ദനം നടന്നതായി സമ്മതിക്കുമ്പോഴും ഭീകരവാദികൾ തങ്ങളോട് നന്നായിട്ടാണ് പെരുമാറിയത് എന്ന് പറയുന്ന യാത്രക്കാരുടെ അനുഭവങ്ങളെ മാനിക്കാതിരിക്കേണ്ട കാര്യമില്ല.

ആപ്പിൾ കട്ട് ചെയ്ത് പിറന്നാൾ ആശംസകൾ നേർന്ന, അന്താക്ഷരി കളിക്കാനും പാട്ടു പാടിക്കാനും പ്രോത്സാഹിപ്പിച്ച ഭീകരവാദികൾ എന്ന സാക്ഷ്യപ്പെടുത്തൽ നടത്തുന്നത് അന്ന് അതേ ഫ്‌ളൈറ്റിൽ ദിവസങ്ങളോളം ബന്ദികളാക്കപ്പെട്ട യാത്രക്കാരിൽ ചിലരാണ് എന്നതാണ് വിചിത്രം.

ഇന്ത്യ എന്ന രാജ്യത്തെ സംബന്ധിച്ച് Kandahar MissionMission എന്നത് ഭീകരവാദികളുടെ ആവശ്യങ്ങൾ അംഗീകരിച്ചു കൊണ്ടുള്ള മുട്ട് മടക്കലായിരുന്നു എന്നതിൽ തർക്കമില്ല . അതേ സമയം അതിനേക്കാൾ പ്രധാനപ്പെട്ടതായിരുന്നു ബന്ദികളാക്കപ്പെട്ടവരെ ജീവനോടെ മോചിപ്പിക്കുക എന്ന ദൗത്യം.
ഏഴു ദിവസങ്ങൾക്കൊടുവിൽ ആ മോചനം സാധ്യമായപ്പോൾ അതൊരു വിജയമായി കാണുന്നവരും ഉണ്ടാകാം.

ഇതിൽ ഏതാണ് ശരി എന്നത് ചരിത്രം പിന്നീട് വിലയിരുത്തട്ടെ എന്നാണ് പങ്കജ് കപൂറിന്റെ കേന്ദ്ര മന്ത്രി കഥാപാത്രം പറയുന്നത്.

അവിടെ അതിനൊരു മറുപടി പഞ്ച് എന്ന പോലെ ക്ലൈമാക്സിൽ അവർക്കിടയിൽ തന്നെ നടക്കുന്ന കഥാപാത്ര സംഭാഷണം ഇങ്ങിനെയാണ്.

So..We Won !!

Did We ?

We Fought ..

Did We ?

പിന്നെയുള്ള നിശ്ശബ്ദത ഒരേ സമയം ചോദ്യവും ഉത്തരവുമായി മാറുന്നിടത്താണ് സീൻ അവസാനിക്കുന്നത്.

©bhadran praveen sekhar

No comments:

Post a Comment