Saturday, September 28, 2024

സൂപ്പർ നാച്ചുറൽ യൂണിവേഴ്സ് !!






















Based on a ridiculously true phenomenon എന്ന ടാഗ് ലൈനോടെയായിരുന്നു 2018ൽ സ്ത്രീയുടെ ആദ്യ പതിപ്പ് എത്തിയത്. അന്ധവിശ്വാസങ്ങളും കെട്ടുകഥകളും നിറഞ്ഞു നിൽക്കുന്ന ചന്ദേരി ഗ്രാമവും അവിടത്തെ നാട്ടുകാരുമൊക്കെയായി രസകരമായി കഥ പറഞ്ഞു പോയ ഒരു പടം .

യുക്തിക്കൊന്നും പ്രസക്തി കൊടുക്കാതെ പറയുന്ന കഥകളൊക്കെ ആ നാട്ടിലെ മണ്ടൻമാരായ നാട്ടുകാരെ പോലെ കാണുന്ന നമ്മളും വിശ്വസിക്കണം.  അതായിരുന്നു ആ പടത്തിന്റെ ഒരു ആസ്വാദന ലൈൻ .

'സ്ത്രീ'യുടെ ആദ്യ പതിപ്പ് ആ ലെവലിൽ നന്നായി ആസ്വദിച്ചതുമാണ് എന്നിരിക്കെ സ്ത്രീ 2 കുറച്ചധികം പ്രതീക്ഷകളോടെയാണ് കണ്ടത്. ഹൊറർ കോമഡി മൂവി എന്ന നിലക്ക് തൃപ്തിപ്പെടുത്തിയെങ്കിലും ആദ്യപതിപ്പിനോളം ഗംഭീരമായി തോന്നിയില്ല.

Maddock Films ന്റെ നിർമ്മാണത്തിൽ 'സ്ത്രീ'ക്ക് ശേഷം ഹൊറർ കോമഡി ഴോണറിൽ വന്ന Roohi, Bhediya, Munjya അടക്കമുള്ള സിനിമകളെയെല്ലാം ചേർത്ത് ഇപ്പോൾ Maddock Supernatural Universe ആക്കിയിട്ടുണ്ട് .. അത് കൊണ്ട് തന്നെ ഈ സീരീസിൽ പുതുതായി എത്തിയ 'സ്ത്രീ 2' ലേക്ക് മുൻകാല സിനിമകളുടെ റഫറൻസും അതിലെ കഥാപാത്രങ്ങളെയുമൊക്കെ രസകരമായി കണക്ട് ചെയ്തിട്ടുണ്ട്.

'Bhediya' യിൽ നിന്ന് വരുൺ ധവാനെ അതിഥി വേഷത്തിൽ കൊണ്ട് വന്നതിനൊപ്പം Maddock Supernatural Universe ന്റെ അടുത്ത പതിപ്പിലേക്ക് വേണ്ടിയെന്ന പോലെ അക്ഷയ് കുമാറിനും കൊടുത്തിട്ടുണ്ട് ഒരു അതിഥി വേഷം. രണ്ടു പേരുടെയും ഇൻട്രോ സീൻ നന്നായിരുന്നു.

സംഭവം എന്തൊക്കെ പറഞ്ഞാലും ഇപ്പോൾ ബോളിവുഡിൽ കോമഡി ഹൊററിനു നല്ല സ്വീകാര്യതയാണ്. സമീപ കാലത്ത് വന്ന ബോംബ് പടങ്ങളൊക്കെ നിലം തൊടാതെ പൊട്ടിയപ്പോൾ Stree 2 തിയേറ്ററിൽ ആളെ കയറ്റി പണം വാരി.

അങ്ങിനെ ഇക്കൊല്ലം ഇത് വരെ ഇറങ്ങിയ ഹിന്ദി സിനിമകളിൽ വച്ച് ഏറ്റവും കൂടുതൽ കളക്ട് ചെയ്ത സിനിമ 'Stree 2' ആയിരിക്കുന്നു.

Maddock ന്റെ സൂപ്പർനാച്ചുറൽ യൂണിവേഴ്‌സിലെ കഥകളുടെ സെറ്റ്അപ്പ് മനസ്സിലാക്കി കൊണ്ട് കാണുന്നവർക്ക് രസിക്കാനുള്ള വകുപ്പുകൾ 'സ്ത്രീ 2' വിലുമുണ്ട്.

അപ്പോഴും ആദ്യ പതിപ്പിനോളം രസിപ്പിച്ചില്ല എന്ന പരാതി പറയേണ്ടി വരുന്നു. പോരാത്തതിന് ഇതിലെ പ്രധാന പ്രേതരൂപം 'സർകട' യുടെ ഗ്രാഫിക്സ് ഒക്കെ ഒരു കാർട്ടൂൺ ലെവലിലേക്ക് താണതും നെഗറ്റിവായി തോന്നി.

രാജ്കുമാർ റാവു, പങ്കജ് ത്രിപാഠിയെ പോലുള്ള ഗംഭീര നടന്മാർക്ക് ഈ സിനിമയിൽ കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. അപാർശക്തി ഖുരാന, അഭിഷേക് ബാനർജി പോലുള്ളവർ കൂട്ടത്തിൽ അവരെക്കാൾ സ്‌കോർ ചെയ്തതായി പറയാം. ശ്രദ്ധകപൂറും കൊള്ളാം.

തമന്ന വരുന്ന 'ആജ് കി രാത്' പാട്ടും, എൻഡ് ക്രെഡിറ്റ് സീനിലേക്ക് എത്തുമ്പോൾ ഉള്ള പാട്ടുകളും തിയേറ്റർ സ്‌ക്രീനിൽ ഓളമുണ്ടാക്കി.

ചെയ്യുന്ന പടങ്ങളെല്ലാം തുരു തുരാ പൊട്ടിക്കൊണ്ടിരിക്കെ തല കാണിച്ച ഈ പടമെങ്കിലും രക്ഷപ്പെട്ടതിൽ അക്ഷയ് കുമാറിന് ആശ്വസിക്കാം.

©bhadran praveen sekhar

No comments:

Post a Comment