Saturday, September 21, 2024

പോരാട്ടങ്ങളുടെ തങ്കലാൻ !!


എത്ര പറഞ്ഞാലും പഴകാത്ത പ്രസക്തമായ ഒരു പ്രമേയത്തിന്റെ വേറിട്ട പുനരവതരണമാണ് തങ്കലാൻ. പാ രഞ്ജിത്തിന്റെ തന്നെ മുൻകാല സിനിമകളിൽ കൈകാര്യം ചെയ്ത വിഷയങ്ങളുടെ തുടർച്ച തന്നെയാണ് തങ്കലാനിലും കാണാനാകുക. പക്ഷേ മുൻകാല സിനിമകളിൽ നിന്ന് വ്യത്യസ്തമായി ദൃശ്യാവിഷ്ക്കാര മികവിനാണ് ഈ സിനിമയിൽ കൂടുതൽ ശ്രദ്ധ കൊടുത്തിട്ടുള്ളത് എന്ന് പറയേണ്ടി വരും.

സാംസ്ക്കാരിക അധിനിവേശം, ജാതീയ ഉച്ച നീചത്വങ്ങൾ, അടിച്ചമർത്തപ്പെട്ട ദളിതർ, സാമൂഹിക അസമത്വങ്ങൾ, ജന്മിത്വം, അധികാര ദുർവിനിയോഗങ്ങൾ, സ്വാതന്ത്ര്യം എന്നിങ്ങനെ നീളുന്ന വിഷയങ്ങൾ പ്രമേയവത്ക്കരിക്കപ്പെട്ട സമീപ കാല തമിഴ് സിനിമകളുടെ കൂട്ടത്തിൽ പെടുത്താവുന്ന സിനിമയെങ്കിലും 'തങ്കലാൻ' അതിന്റെ ആഖ്യാനശൈലി കൊണ്ട് സങ്കീർണ്ണമാകുന്നുണ്ട് പലയിടത്തും.

ബ്രിട്ടീഷ് കാലഘട്ടത്തിലുള്ള കഥ പറച്ചിൽ കണ്ടപ്പോൾ പെട്ടെന്ന് അരുൺ മാതേശ്വരന്റെ 'ക്യാപ്റ്റൻ മില്ലറി'നെ ഓർത്തു പോയി. ക്യാപ്റ്റൻ മില്ലറിന് സമാനമായി തങ്കലാനും അടിസ്ഥാനപരമായി ചർച്ച ചെയ്യുന്നത് സ്വാതന്ത്ര്യത്തെ കുറിച്ചാണ്.


ജാതിയുടെ പേരിൽ സ്വന്തം നാട്ടുകാർ തന്നെ അടിച്ചമർത്തുന്ന ഒരു ജനത സ്വാതന്ത്ര്യത്തിന് വേണ്ടി ബ്രിട്ടീഷുകാരോട് പോരാടുന്നതിലെ അർത്ഥശൂന്യത ചൂണ്ടി കാണിച്ചു കൊണ്ടാണ് ക്യാപ്റ്റൻ മില്ലറിൽ ധനുഷിന്റെ ഈസ ബ്രിട്ടീഷ് പട്ടാളത്തിൽ ചേരുന്നത്. സമാനമായി അടിമത്വത്തിൽ നിന്നുള്ള മോചനവും മെച്ചപ്പെട്ട സാമൂഹിക പദവിയും പ്രതീക്ഷിച്ചു കൊണ്ടാണ് തങ്കലാൻ ലോർഡ് ക്ലെമെന്റിനൊപ്പം സ്വർണ്ണവേട്ടക്ക് പുറപ്പെടുന്നത്.

ഈസയിൽ നിന്ന് മില്ലർ ആകുമ്പോൾ മാറുന്നത് പേരും വസ്ത്രവും മാത്രമാണ് ബാക്കി വ്യവസ്ഥിതികളെല്ലാം പഴയത് തന്നെയെന്ന് ക്യാപ്റ്റൻ മില്ലറിന് തിരിച്ചറിവുണ്ടാകുന്നത് പോലെ തങ്കലാനും സ്വാതന്ത്ര്യത്തെ കുറിച്ച് തിരിച്ചറിവുകൾ ഉണ്ടാകുന്നുണ്ട്. അതിലുപരി അയാൾക്ക് സ്വത്വ ബോധമാണ് വീണ്ടു കിട്ടുന്നത്. തന്റെ പൂർവ്വികർ ആരായിരുന്നെന്നും അവർ എന്തിന് വേണ്ടി നിലകൊണ്ടു എന്നുമുള്ള തിരിച്ചറിവിലൂടെയാണ് തങ്കലാൻ ഒരു ജനതയുടെ സാമൂഹ്യ പരിഷ്ക്കർത്താവെന്ന പുതുരൂപത്തിലേക്ക് മാറുന്നത്.

ശാക്തേയ - ശൈവ-ബുദ്ധ-വൈഷ്ണവ മതവിശ്വാസങ്ങളുടെ റഫറൻസുകൾ കൊണ്ട് പാ രഞ്ജിത്ത് പറഞ്ഞു വക്കുന്ന രാഷ്ട്രീയം ശ്രദ്ധേയമാണ്.


തങ്കലാന്റെ പൂർവ്വികരുടെ കാലത്ത് സ്വന്തമായുണ്ടായിരുന്ന ഭൂമി രാജാക്കന്മാർ കൈയ്യടക്കുകയും അതെല്ലാം ബ്രാഹ്മിണർക്ക് ദാനം ചെയ്യുകയുമാണുണ്ടായതെന്ന് പറയുന്നുണ്ട്. അതേ ഭൂമി വീണ്ടെടുക്കാൻ രാജാവിന് വേണ്ടി തങ്കവേട്ടക്ക് പോയ തങ്കലാന്റെ മുത്തച്ഛന് ഭൂമി നേടാനായെങ്കിലും സാമൂഹിക പദവി നിഷേധിക്കപ്പെട്ടു.

ഭരിക്കുന്നത് രാജാക്കന്മാരെങ്കിലും രാജാക്കന്മാർക്ക് മുകളിൽ സർവ്വാധിപത്യം നേടാൻ ബ്രാഹ്മണർക്ക് സാധിച്ചു എന്ന കാര്യമാണ് അവിടെ ചൂണ്ടി കാണിക്കപ്പെടുന്നത്.

പശുപതി അവതരിപ്പിക്കുന്ന ഗംഗു പട്ടർ വേഷം കൊണ്ട് വൈഷ്ണവനും പൂണൂൽ ധാരിയുമാണെങ്കിലും അയാളെ ഗോത്ര വിഭാഗക്കാരനായി മാറ്റി നിർത്തുന്നുണ്ട് അധികാരി വർഗ്ഗം. ഇതിന്റെ തന്നെ മറ്റൊരാവർത്തനമാണ് കോട്ടും സൂട്ടുമിട്ട തങ്കലാന് നേരിടേണ്ടി വരുന്നതും. ധരിക്കാൻ പുതിയ വസ്ത്രം കിട്ടിയെന്ന സന്തോഷത്തിനപ്പുറം ആ വസ്ത്ര ധാരണം അടിമത്വത്തെ ഇല്ലാതാക്കുന്നില്ല.

ആരതി സ്വർണ്ണത്തിന് കാവൽ നിൽക്കുന്നതിനും, തങ്കലാൻ കൈകളിൽ കോരിയെടുത്ത് കൊണ്ട് വരുന്ന സ്വർണ്ണപ്പാറക്കെല്ലാം പ്രതീകാത്‌മകതയുടെ സൗന്ദര്യം ചാർത്താൻ പാ രഞ്ജിത്തിന് സാധിച്ചിട്ടുണ്ട്.


മിന്നുന്ന സ്വർണ്ണ ലോഹത്തിന് വേണ്ടിയല്ല സ്വർണ്ണം വിളയുന്ന മണ്ണിന് വേണ്ടിയാണ് നിലകൊള്ളേണ്ടതെന്ന് പറയുന്ന ആരതി പ്രകൃതി തന്നെയെങ്കിൽ എന്താണ് യഥാർത്ഥ സ്വർണ്ണമെന്ന് ചിന്തിപ്പിക്കുകയാണ് സംവിധായകൻ.

അടിമത്വത്തിൽ നിന്നുള്ള മോചനം അഥവാ സ്വാതന്ത്ര്യമാണ് യഥാർത്ഥ സ്വർണ്ണം. ആ സ്വർണ്ണം ഇപ്പോഴും നേടിയെടുക്കാൻ സാധിച്ചിട്ടില്ലാത്ത ഒരു ജനതയോടുള്ള ഐക്യപ്പെടലു കൂടിയായി കാണാം 'തങ്കലാനെ'ന്ന സിനിമയെ.

ചരിത്രവും കാൽപ്പനികതയും പ്രതീകാത്‌മകതയും കൂട്ടയിണക്കി കൊണ്ടുള്ള കഥ പറച്ചിലായത് കൊണ്ടാകാം അവതരണത്തിൽ പലയിടത്തും ഫോക്കസ് നഷ്ടപ്പെടുന്ന പോലെ തോന്നി. മേക്കിങ്ങിനായി എടുത്ത അധ്വാനം തിരക്കഥാ രചനയിൽ പാ രഞ്ജിത്തിന് ഇല്ലാതെ പോയോ എന്നൊരു സംശയം. പ്രമേയത്തിന്റെ പ്രസക്തി കൊണ്ട് അതൊരു വലിയ പോരായ്മയായി മാറുന്നില്ല എന്ന് മാത്രം.

വിക്രം-പാർവ്വതി-മാളവിക. മൂന്ന് പേരും തങ്ങളുടെ കഥാപാത്രങ്ങളെ ഗംഭീരമാക്കി. ജി.വി പ്രകാശ് കുമാറിന്റെ സംഗീതവും മികച്ചു നിന്നു.

©bhadran praveen sekhar

No comments:

Post a Comment