Monday, August 31, 2026

ഒരു 'ഹൈ ക്ലാസ്സ്' ഫാമിലി ഫീൽ ഗുഡ് എന്റർടൈനർ !!

ആദിത്യ ചോപ്ര - കരൺ ജോഹർ പടങ്ങളിലൂടെ ഒരു കാലത്ത് കണ്ടു ശീലിച്ച ഹൈ ക്ലാസ്സ് സൊസൈറ്റിയുടെ കഥാപശ്ചാത്തലവും കണ്ണഞ്ചിപ്പിക്കുന്ന കൊട്ടാരക്കെട്ടുകളും അവരുടെ ജീവിത ശൈലികളുമൊക്കെ തമിഴ് സിനിമയുടെ പ്രാദേശികതയിലേക്ക് സമന്വയിപ്പിച്ചു കൊണ്ടാണ് വെങ്കി അറ്റ്ലൂരി 'വിശ്വനാഥ്‌ ആൻഡ് സൺസി'ന്റെ കഥ പറയുന്നത്.
 
ഹൃദ്യമായ കഥാമുഹൂർത്തങ്ങളും പശ്ചാത്തല സംഗീതവുമൊക്കെ കൊണ്ട് സിനിമയുടെ പ്ലോട്ടിലേക്ക് കുറഞ്ഞ സമയം കൊണ്ട് തന്നെ കണക്ട് ആകാൻ സാധിക്കും.
 
പ്രമേയപരമായ പുതുമയോ മറ്റു ഗംഭീര സംഗതികളോ ഒന്നും അവകാശപ്പെടാനില്ലാത്തപ്പോഴും ആദ്യാവസാനം വരെ ഒരു ഫീൽ ഗുഡ് സിനിമയുടെ ആസ്വാദനം സമ്മാനിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.

സൂര്യയുടെ പെർഫോമൻസും ജി. വി പ്രകാശ് കുമാറിന്റെ സംഗീതവും സിനിമക്ക് നൽകുന്ന വൈകാരികത വളരെ വലുതാണ്.
 
രാധിക ശരത്കുമാറിന്റെ അമ്മ വേഷവും അത് പോലെ ഒന്നാണ്.
അമ്മ-മകൻ ബന്ധത്തിലെ രസകരമായ കെമിസ്ട്രിയും അവർക്കിടയിലെ ഇമോഷണൽ ബോണ്ടുമൊക്കെ
അനുഭവപ്പെടുത്തിയ പ്രകടനങ്ങൾ ആയിരുന്നു സൂര്യ - രാധിക ശരത്കുമാർ കോംബോ സീനുകളിൽ.

'ദശരഥ'ത്തിലെ ആനി, 'മിന്നാര'ത്തിലെ നീന പോലുള്ള കഥാപാത്രങ്ങളുമായി സാമ്യത തോന്നിപ്പിച്ചെങ്കിലും മമിതയുടെ മാഡി എന്ന കഥാപാത്രം അതിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്നുണ്ട്.
 
ഓവർ പെർഫോം ചെയ്യുകയും വേണം എന്നാൽ മീറ്റർ വിട്ടു പോകാനും പാടില്ലാത്ത ഒരു കഥാപാത്രം. 'സമ്മർ ഇൻ ബത്ലഹേ'മിലെ ആമിയെ ഒക്കെ പോലെ മൂന്ന് നാല് കാരക്ടർ വേരിയേഷൻ കടന്ന് വരും. ഈ ടാസ്ക്കിനെ മമിത ഏറ്റെടുത്തു വിജയിപ്പിച്ചത് ചെറിയ കാര്യമല്ല.

രാധികക്കൊപ്പവും സൂര്യക്കൊപ്പവുമൊക്കെയുള്ള സീനുകളിൽ മമിത ഒരു പോലെ സ്‌കോർ ചെയ്തു.
 
42 കാരനോടുള്ള 22 കാരിയുടെ പ്രണയത്തെ വെങ്കി അറ്റ്ലൂരി പക്വതയോടെ സിനിമയിൽ കൈകാര്യം ചെയ്തു കാണാം.
 
സങ്കീർണ്ണമായി പറഞ്ഞു തുടങ്ങിയ സഞ്ജയ് - മാഡി ബന്ധത്തെ ഹൃദ്യമായി തന്നെ പറഞ്ഞവസാനിപ്പിക്കാൻ സാധിച്ചു.

അതേ സമയം Extramarital affair നെ പറ്റിയുള്ള ഫിലോസഫിക്കൽ ക്ലാസ്സും അനുബന്ധ സീനുകളുമൊക്കെ സിനിമയിലെ കല്ല് കടികളാകുന്നുണ്ട്.

രാജീവ് മേനോൻ - രവീണ ടണ്ടൻ കഥാപാത്രങ്ങൾക്ക് ആ തലത്തിൽ കൊടുക്കുന്ന സെന്റിമെൻസൊന്നും സിനിമയിൽ വേണ്ട വിധം സാധൂകരിക്കപ്പെടുന്നില്ല.
 
അങ്ങിനെയുള്ള ക്രിഞ്ചുകളുള്ളപ്പോഴും ഒരു ഫീൽ ഗുഡ് സിനിമ എന്ന നിലക്ക് തൃപ്തിപ്പെടുത്തി 'വിശ്വനാഥ് ആൻഡ് സൺസ്'.

©bhadran praveen sekha

പ്രതികാരത്തിൻെറയും പ്രണയത്തിന്റെയും ലോകം !!


ഒരു ടിപ്പിക്കൽ ഗ്യാങ്‌സ്റ്റർ സിനിമയാകുമെന്നുള്ള കണക്ക് കൂട്ടലുകൾ പാടെ തെറ്റിച്ചു കൊണ്ട് ഗംഭീര തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിച്ച സിനിമ.

അനവധി നിരവധി നഷ്ട പ്രണയ സിനിമകൾക്ക് പ്രചോദനമായ 'ദേവദാസി'നെ ഒരു ഗ്യാങ്‌സ്റ്റർ കഥാപശ്ചാത്തലത്തിലേക്ക് പുനഃപ്രതിഷ്ഠിക്കുന്നതോടൊപ്പം 'ദേവദാസി'ലെ കഥാപാത്രങ്ങളെയും ദുരന്ത കഥാ സന്ദർഭങ്ങളെയുമൊക്കെ അടിമുടി പൊളിച്ചെഴുതുകയാണ് അരുൺ മതേശ്വരൻ ചെയ്യുന്നത്.

ദാസ് അഥവാ ദേവ് ദാസ്, ചന്ദ്രമുഖി അഥവാ ചന്ദ്രാ, പാറു അഥവാ പാർവ്വതി എന്ന നിലക്കാണ് സിനിമയിലെ കഥാപാത്രങ്ങൾക്ക് പോലും പേരിട്ടിരിക്കുന്നത്. ദേവദാസിലെ തന്നെ ചുന്നിലാൽ എന്ന കഥാപാത്രത്തെയും മറ്റൊരു തരത്തിൽ പുനരവതരിപ്പിക്കുന്നുണ്ട് ഇവിടെ.

സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിക്കുന്നതെല്ലാം നല്ലതിന്, ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിന് എന്ന ഗീതോപദേശത്തെ പാടെ തള്ളിക്കളഞ്ഞു കൊണ്ടുള്ള ഒരു തുടക്കമാണ് സിനിമയുടെ.

Evil is Good and Good is Evil .. ഇതാണ് സിനിമയിൽ സെറ്റ് ചെയ്തു വച്ചിരിക്കുന്ന ലോജിക്കിന്റെ മീറ്റർ. ഇതിലേക്ക് കണക്ട് ആയാൽ പിന്നെ സിനിമ തീരും വരെ DC എന്നത് വേറെ ഒരു ലോകമാണ്.

തെറ്റ് ചെയ്തവരെ തേടി പോലീസ് വരും ...എന്നാൽ തെറ്റ് ചെയ്ത പോലീസിനോട് ആര് ചോദിക്കും ?

ഈ ചോദ്യം ഉയർത്തി കൊണ്ടാണ് സിനിമ കാണുന്ന നമ്മളെ നായകന്റെ പക്ഷത്തേക്ക് ആദ്യമേ കൊണ്ട് നിർത്തുന്നത്. അത് കൊണ്ട് തന്നെ അവിടുന്നങ്ങോട്ട് നായകന്റെ മനോ വ്യാപാരങ്ങളിൽ നമ്മളും കുടുങ്ങി പോകുന്നു.

ഒരു പ്രാദേശിക ഗ്യാങ്‌സ്റ്റർ സിനിമയുടെ രൂപത്തിൽ തുടങ്ങി സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും പ്രതികാരത്തിന്റെയുമൊക്കെ തീവ്ര വൈകാരികതകളിലൂടെ കടന്ന് പോകുകയാണ് DC.

പതിനെട്ട് വർഷങ്ങളായി വേശ്യാലയത്തിലെ ഇരുട്ട് മുറിയിൽ കഴിഞ്ഞ ചന്ദ്രയുടെ പൊള്ളുന്ന ജീവിതം കൂടിയാണ് DC.

അവൾക്ക് കിട്ടിയ സ്വാതന്ത്ര്യം, ദാസിനോടുള്ള വിശ്വാസം, പ്രണയം അതൊക്കെ സിനിമയിലെ ഓരോ സീനിലൂടെയും അനുഭവഭേദ്യമാക്കുന്നു അരുൺ മാതേശ്വരൻ.

പരിചയമുള്ളവരോട് നമുക്ക് എല്ലാം പറയാൻ സാധിക്കണമെന്നില്ല..എന്നാൽ അപരിചിതരോട് നമുക്ക് എന്തും പറയാം.

ദാസിനോടുള്ള അപരിചിതത്വം ചന്ദ്രക്ക് നൽകുന്ന ഇമോഷണൽ ലിബറേഷൻ അതാണ്.

വിശാലമായ കടൽപ്പരപ്പിന്റെ പശ്ചാത്തലത്തിൽ ചന്ദ്രയും ദാസും വിദൂര ദൃശ്യത്തിൽ പ്രത്യക്ഷപ്പെടുന്ന സീനൊക്കെ ഉണ്ടാക്കുന്ന ഇമോഷണൽ ഇമ്പാക്ട് അത്ര മാത്രം ഗംഭീരമായിരുന്നു.

ഒറ്റ സീനിലൂടെ തന്നെ ദാസ്-ചന്ദ്ര ബന്ധത്തിലെ ഭാവതീവ്രതയുടെ ആഴം നമുക്ക് ബോധ്യപ്പെടുന്നതാണ്.

പ്ലാസ്റ്റിക് റോസാപ്പൂവും, ചുവന്ന മാരുതി ഓംനിയും, ആ തോക്കുമൊക്കെ കൂടിയുള്ള ഡെഡ്ലി കോമ്പോ DC യെ ക്ലാസ്സ്‌-മാസ്സ് സിനിമയാക്കുന്നു .

അനിരുദ്ധിന്റെ വേറിട്ട സൗണ്ട് ട്രാക്ക്സ് ആണ് ഈ സിനിമയുടെ മെയിൻ പവർ.

ലോകേഷ് -വാമിഖ - സഞ്ജന കൃഷ്ണമൂർത്തി തൊട്ട് സിനിമയിലെ ഓരോരുത്തരുടെയും കാസ്റ്റിങ്ങും പെർഫോമൻസും എടുത്തു പറയേണ്ടത് തന്നെ. എല്ലാം കൊണ്ടും പൈസ വസൂൽ പടം.

©bhadran praveen sekhar

Monday, August 24, 2026

The Odyssey


ഹോമറിന്റെ 'ഒഡീസി'യെ അതേ പടി പിന്തുടരാതെ ഏറ്റവും ലളിതമായ ഭാഷയിൽ നോളൻ ഒരുക്കിയ ദൃശ്യവിസ്മയം.

പ്രമേയപരമായ സങ്കീർണ്ണതകളെയെല്ലാം ഒഴിവാക്കി കൊണ്ട് കഥാപാത്രങ്ങളുടെ മാനസിക വിചാരങ്ങളിലൂടെയാണ് നോളൻ 'ഒഡീസി'യെ മുന്നോട്ട് നയിക്കുന്നത് .

ട്രോജൻ യുദ്ധം ജയിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും സ്വരാജ്യമായ ഇഥാക്കയിലേക്ക് തിരിച്ചെത്താത്ത ഒഡീസിയസും പടയാളികളും ഒരു ഭാഗത്ത് .

എന്നെങ്കിലും തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് ഇഥാക്കയിലെ കൊട്ടാരത്തിൽ ഭാര്യ പെനലോപ്പയും മകൻ ടെലിമാക്കസും .

ഒഡീസിയസിന് തന്റെ സമുദ്രയാത്രക്കിടെയുള്ള പ്രതിസന്ധികളെ അതിജീവിക്കേണ്ടി വരുന്ന പോലെ പെനലോപ്പക്ക് കൊട്ടാരത്തിനുള്ളിലെ അധികാര മോഹികളിൽ നിന്നും രക്ഷ നേടേണ്ടതുണ്ട്. 

യുദ്ധം ജയിപ്പിച്ച രാജാവെന്ന ഖ്യാതിയോ അല്ലെങ്കിൽ ഹീറോയിസമോ ഒന്നുമല്ല ഒഡീസിയസ് പേറുന്ന കുറ്റബോധത്തെയാണ് നോളൻ ചർച്ചക്ക് വക്കുന്നത്.

ഒരു യുദ്ധത്തിലും വിജയികൾ ഇല്ല..യുദ്ധം സമ്മാനിക്കുന്നത് അശാന്തി മാത്രമാണ് എന്ന് ബോധ്യപ്പെടുത്തും വിധമാണ് ഒഡീസിയസിന്റെ സമുദ്രത്തിലൂടെയുള്ള അലച്ചിൽ .

ഇവിടെ ഹോമറിന്റെ 'ഒഡീസി'യിലെ ദൈവീക സങ്കല്പങ്ങളെയോ, ശാപങ്ങളെയോ ഒന്നും നോളൻ പരിഗണിക്കുന്നില്ല. പകരം പ്രകൃതിയുടെ വൈചിത്ര്യങ്ങളും ക്ഷോഭങ്ങളുമൊക്കെ ഒഡീസിയസിന്റെ അലച്ചിലിനു കാരണമാകുന്ന പോലെയാണ് .


ട്രോജൻ യുദ്ധത്തിനിടയിൽ ഗ്രീക്ക് സൈന്യം കൊലപ്പെടുത്തിയ യുവതി പിന്നീട് ഒഡീസിയസിന്റെ കാഴ്ചയിലൂടെ അഥീനയായി മാറുന്നതൊക്കെ സിനിമയിലെ നോളന്റെ വേറിട്ട വീക്ഷണങ്ങളാണ്.

സമാനമാണ് മന്ത്രവാദിനിയായ സെർസിയുടെ കാര്യത്തിലും നോളൻ ചെയ്തു കാണുന്നത്.. തീർത്തും നെഗറ്റിവ് ഷെയ്ഡിൽ നിൽക്കുന്ന കഥാപാത്രമായിട്ടും കുറഞ്ഞ സീനുകളിലൂടെ സെർസിക്ക് വൈകാരികമായ ഒരു കഥാപശ്ചാത്തലം ഒരുക്കി കൊടുക്കുന്നു നോളൻ .

അത് പോലെ സൈക്ലോപ്സിന്റെ ഗുഹയിൽ അകപ്പെടുന്നതും അവിടുന്ന് രക്ഷപ്പെടുന്നതുമടക്കമുള്ള സീനുകളെല്ലാം സ്വാഭാവികമെന്നോണം അവതരിപ്പിച്ചു കാണാം .. സൈക്ലോപ്സിന്റെ ഒറ്റക്കണ്ണ് കുത്തിപ്പൊട്ടിച്ചതിന് പൊസൈഡൺ നടത്തുന്ന പ്രതികാരമൊന്നും നോളൻ സിനിമയുടെ ഭാഗമാക്കുന്നില്ല .

ട്രോജൻ യുദ്ധത്തിന് കാരണമെന്നോണം ഹോമർ വ്യാഖ്യാനിച്ചു വച്ച ഹെലന്റെ സൗന്ദര്യ സങ്കൽപ്പത്തെ ലുപിതാ യോങ്ഗോയെ കാസ്റ്റ് ചെയ്തു കൊണ്ട് നോളൻ പൊളിറ്റിക്കലി പൊളിച്ചെഴുതുന്നുണ്ടെങ്കിലും സിനിമയിൽ അതിനെ വേണ്ട വിധത്തിൽ സാധൂകരിക്കുന്ന കാര്യങ്ങളില്ല .

ഹെലന്റെയും ക്ലൈറ്റംനെസ്ട്രയുടെയുമൊക്കെ കഥാപാത്രങ്ങൾക്ക് സിനിമയിൽ അതിനുള്ള സീനുകൾ മാത്രമേ നൽകിയിട്ടുള്ളൂ എന്നത് വേറെ കാര്യം.

ഹോമറിന്റെ 'ഒഡീസി'യിൽ ഉള്ള പലതിനെയും തന്റെതായ രീതിക്ക് മാറ്റി മറച്ചിട്ടുണ്ടെങ്കിലും തിയേറ്റർ എക്സ്പീരിയൻസിന്റെ കാര്യത്തിൽ മികവുറ്റ ചലച്ചിത്ര ഭാഷ്യമൊരുക്കുന്നതിൽ ഇത്തവണയും നോളനു പിഴച്ചിട്ടില്ല .

സിറെനുകളെ കാണിക്കുന്ന സീനൊക്കെ നമ്മളെ വല്ലാത്തൊരു മാസ്മരിക ലോകത്തേക്ക് എത്തിക്കുന്നതാണ്.

സിറെനുകളുടെ അഭൗമ സംഗീതത്ത പറ്റി ഒഡീസിയസ് യൂറിലോക്കസിന് വിവരിച്ചു കൊടുക്കുന്ന സംഭാഷണ ശകലങ്ങളിലും ആ മാന്ത്രികത അനുഭവപ്പെടും.

What you most want is what you most can't have, and what you most can't have is what you already had and lost..

ഒഡിസിയസിന്റെ സമുദ്രയാത്രക്കൊപ്പം തന്നെ ഇരുപതു വർഷങ്ങൾ നീണ്ട പെനലോപ്പയുടെയും വളർത്തു നായ ആർഗോസിന്റെയും കാത്തിരിപ്പിന്റെ തീവ്രത സിനിമയിൽ അനുഭവഭേദ്യമാക്കുന്നു നോളൻ.

ഹോമറിന്റെ 'ഒഡീസി' യോട് നീതി പുലർത്തിയില്ല എന്ന പരാതിക്കാരെ പോലും നോളൻ തന്റെ സിനിമ കൊണ്ട് വിസ്മയിപ്പിക്കുന്നു എന്നതാണ് സത്യം.

വിരഹവും..പ്രണയവും.. കാത്തിരിപ്പും...യുദ്ധവും .. അധികാര വടം വലികളും, ചതിയും, വഞ്ചനയും, അശാന്തിയും.. അനീതിയും, കുറ്റബോധവും, വ്യർത്ഥതകളും , പ്രതീക്ഷകളുമൊക്കെയായി ഏതൊക്കെയോ സമുദ്രങ്ങളിൽ അലയാൻ വിധിക്കപ്പെടുന്ന കപ്പലുകൾ തന്നെയല്ലേ നമ്മൾ മനുഷ്യർ എന്ന് ചിന്തിപ്പിച്ചു കൊണ്ട് യാത്ര തുടരുകയാണ് നോളന്റെ 'ഒഡീസി'.

©bhadran praveen sekhar

കണ്ടിരിക്കാവുന്ന 'തുടക്കം' !!


വിസ്മയ മോഹൻലാലിൻറെ 'തുടക്കം' എന്ന നിലക്ക് കാണാവുന്ന ഒരു സാധാരണ സിനിമ.'ക്ഷണിക്കപ്പെടാതെ വരുന്ന അതിഥിയുണ്ടാക്കുന്ന പ്രശ്നങ്ങളും പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങളും' .. 'ദൃശ്യ'ത്തിന് ശേഷം പല സിനിമകളും ഈ ഒരു പ്ലോട്ടിനെ പല തരത്തിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

സമീപ കാലത്ത് വന്ന 'ബ്ലാസ്റ്റ്' സിനിമയിൽ ഇതേ പ്ലോട്ടിലാണ് സംവിധായകൻ സുഭാഷ് കെ രാജ് ഒരു ഗംഭീര ആക്ഷൻ ത്രില്ലർ ഒരുക്കിയത്.

'ബ്ലാസ്റ്റു' പോലൊരു പടമല്ലെങ്കിലും 'തുടക്ക'ത്തിന്റെ കഥയിലും ഒരു ആക്ഷൻ ത്രില്ലർ സിനിമക്കുള്ള സാധ്യതകൾ ഏറെയുണ്ടായിരുന്നു. അത് പക്ഷേ വേണ്ട വിധം പരിഗണിച്ചില്ല എന്ന പരാതിയുണ്ട്.

തുടക്കക്കാരെന്ന നിലക്ക് വിസ്മയ മോഹൻലാലും ആശിഷ് ആന്റണിയും നല്ല പ്രകടനം കാഴ്ച വച്ചു.

ആദ്യത്തെ സീനിൽ തന്നെ ആശിഷ് ആന്റണിയുടെ കഥാപാത്രത്തിന്റെ റൂട്ട് എന്താണെന്ന് നമ്മളെ ബോധ്യപ്പെടുത്തുന്നുണ്ട്.

'ലിയോ'യിൽ സാൻഡി മാസ്റ്റർ 'ചോക്ലേറ്റ് കോഫീ' എന്ന ഒരൊറ്റ ഡയലോഗ് പറഞ്ഞു കൊണ്ട് ആ റെസ്റ്റോറന്റിൽ സൃഷ്ടിക്കുന്ന ഭീകരത ഓർത്തു പോയ്.


ആശിഷ് ആന്റണിയുടെ കഥാപാത്ര നിർമ്മിതിക്ക് പിന്നിൽ ലിയോയിലെ സാൻഡി മാസ്റ്റർ റഫറൻസ് ഉണ്ടായിരുന്നോ ആവോ.

എന്തായാലും കാര്യമായി ഡയലോഗ് ഒന്നും പറയാതെ തന്നെ ആ കഥാപാത്രത്തെ തുടക്കക്കാരൻ എന്ന നിലക്ക് അയാൾ ഗംഭീരമാക്കിയിട്ടുണ്ട്.

വിസ്മയയുടെ സിനിമാ തുടക്കം എന്നത് പോലെ ഒരു നടനെന്ന നിലക്ക് ആശിഷ് ആന്റണിയുടെയും തുടക്കമാണിത്.

പെൺമക്കളുടെ അച്ഛൻ വേഷങ്ങളിൽ സായ് കുമാറിന്റെ പ്രകടനത്തിന് വേറിട്ട ഒരു ഫീലാണ്.

'മിന്നാ മിന്നിക്കൂട്ടം', 'മിലി' പോലുള്ള സിനിമകളിലെ അച്ഛൻ വേഷങ്ങൾക്ക് ശേഷം 'തുടക്ക'ത്തിലും സായ്കുമാറിന്റെ ആ ഒരു റേഞ്ചിലുള്ള പ്രകടനം കാണാൻ പറ്റി.

മോഹൻലാലിന്റെ സാന്നിധ്യം സിനിമക്ക് കിട്ടിയ ബോണസാണ്. അദ്ദേഹം പ്രത്യക്ഷപ്പെടുന്ന സീനിൽ സിനിമ തന്നെ ഒരു അഭിനയ കളരിയാകുന്നത് പോലെ.

അച്ഛന്റെ അനായാസേനയുള്ള പെർഫോമൻസിൽ വിസ്മയിച്ചിരിക്കുന്ന വിസ്മയയെ കാണാം.

Make your father proud എന്ന് വിസ്മയയോട് മോഹൻലാൽ പറയുമ്പോൾ അത് ഒരേ സമയം കഥാപാത്രത്തിന്റെയും ഒരച്ഛന്റെയും ഡയലോഗ് ആയി മാറുന്നു.

പേരിന് കുറേ സഹ കഥാപാത്രങ്ങൾ ഉണ്ടെങ്കിലും കാര്യമായി ഒന്നും പറയാനില്ലാത്ത പ്രകടനങ്ങളായിരുന്നു പലരുടെയും. അതിനുള്ള സ്കോപ്പും സ്‌പേസും സിനിമയിൽ അവർക്കില്ല താനും. എങ്കിലും ബോബി കുര്യൻ കൊള്ളാം. അത് പോലെ ജിബിൻ ഗോപിനാഥിന്റെ കുത്തി തിരിപ്പ് വേഷവും നന്നായിരുന്നു.

അത് പോലെ Women Empowerment ഉദ്ദേശിച്ചു കൊണ്ട് ചെയ്തു വച്ച സീനുകൾ പലതും ക്രിഞ്ച് ആണ്. 'ബോഗെയ്ൻ വില്ല'യുടെ ക്ലൈമാക്സ് സീനിൽ ഇവനൊക്കെ ഇത്രേ ഉള്ളൂ ചേച്ചീ എന്ന് സൃന്ദ പറഞ്ഞ പോലെ അസ്ഥാനത്ത് ആയില്ല എന്ന് മാത്രം. 

ക്ലൈമാക്സ് ആക്ഷൻ സീനുകളാണ് ശരിക്കും പറഞ്ഞാൽ സിനിമയിലും വിസ്മയയുടെ പെർഫോമൻസിലും ഒരു ഓളം ഉണ്ടാക്കിയത്. 

പ്രമേയപരമായ പുതുമയോ അതി ഗംഭീര സ്ക്രിപ്റ്റോ ഒന്നും ഇല്ലാതിരുന്നിട്ട് കൂടി ആദ്യാവസാനം ബോറടിപ്പിക്കാതെ അവതരിപ്പിക്കാൻ ജൂഡ് ആന്തണിക്ക് സാധിച്ചതാണ് സിനിമയുടെ ആസ്വാദനം.

©bhadran praveen sekhar

Saturday, August 8, 2026

Obsession

അവതരണം കൊണ്ടും ദൃശ്യപരിചരണം കൊണ്ടും ടിപ്പിക്കൽ ഹൊറർ സിനിമകളിൽ നിന്ന് വ്യത്യസ്തം. 'Obsession' തന്നെയാണ് ഈ സിനിമയുടെ ഹൊറർ കൊണ്ടെന്റ് .

അതിരില്ലാത്ത ഇഷ്ടവും അഭിനിവേശവുമൊക്കെ സൃഷ്ടിക്കുന്ന ഭീകരതയാണ് സിനിമയുടെ ആസ്വാദനം.

ഈ ലോകത്ത് ആരെക്കാളും കൂടുതൽ ഇഷ്ടപ്പെടണം.. സ്നേഹിച്ചു കൊല്ലണം.. എന്നൊക്കെയുള്ള പ്രയോഗങ്ങൾ വളരെ റൊമാന്റിക് ആയി പറയുന്നതെങ്കിലും ഇതേ വാചകത്തിന്റെ റിയൽ ഇഫക്ട് എന്താണെന്ന് കാണിച്ചു തരികയാണ് 'ഒബ്സെഷൻ'.

ആഗ്രഹിക്കുന്നത് അതേ പടി സാധ്യമാക്കുന്ന 'One Wish Willow' യിലൂടെ സംവിധായകൻ ഒരുക്കി വച്ചിരിക്കുന്ന കെണിയിൽ കാഴ്ചക്കാരായ നമ്മളും കുടുങ്ങി പോകുന്ന അവസ്ഥ .

കേന്ദ്ര കഥാപാത്രങ്ങളുടെ മാനസികാവസ്ഥകളും അസ്വസ്ഥതകളും വിചിത്രമായ പെരുമാറ്റങ്ങളുമൊക്കെയാണ് ഇവിടെ ഭയാനകത ഉണ്ടാക്കുന്നത്.
ഒരർത്ഥത്തിൽ കേന്ദ്ര കഥാപാത്രങ്ങളുടെ പ്രകടനങ്ങൾ തന്നെയാണ് 'ഒബ്സെഷനി'ലെ ഹൊറർ എഫ്ക്ടിന്റെ വീര്യം കൂട്ടുന്നത്.

കേവലമൊരു ഹൊറർ സിനിമ എന്നതിനപ്പുറത്തേക്ക് ടോക്സിക് സ്നേഹ ബന്ധങ്ങളിലെ ഭീകരതയെ ഗംഭീരമായി പ്രമേയവത്ക്കരിക്കാൻ സാധിച്ചതാണ് 'Obsession' നെ കൂടുതൽ ശ്രദ്ധേയമാക്കിയത് എന്ന് പറയാം.

©bhadran praveen sekhar