Monday, June 29, 2026

വേറിട്ട കാഴ്ചകളിൽ ഒരു അമ്മയും മകനും !!


ജയിൽ ചുമരുകളിൽ വരച്ചിട്ട കുഞ്ഞു ചിത്രങ്ങളും, അതിന്റെ വിവരണവുമൊക്കെയായി ടൈറ്റിലുകൾ തെളിഞ്ഞു തുടങ്ങുന്ന സമയത്ത് തന്നെ കാഴ്ചക്കാരെ വരുതിയിലാക്കുന്നു 'ബാലൻ'.

പിന്നെയങ്ങോട്ട് സിനിമയുടെ അവസാനം വരെ ആ അമ്മയുടെയും മകന്റെയും കഥാലോകത്തിൽ നമ്മളും അകപ്പെടുകയാണ്. അവരുടെ കഥകളിലെ ഒരു കഥാപാത്രമെന്ന പോലെ. അവർക്ക് പിന്നാലെ നമുക്കും സഞ്ചരിക്കേണ്ടി വരുന്ന പോലെ.

ഒരു അമ്മയുടെയും മകന്റെയും തീവ്ര സ്നേഹത്തിന്റെ കഥയെന്ന പോലെ തോന്നിക്കുമെങ്കിലും യഥാർത്ഥത്തിൽ 'ബാലൻ' പറയുന്നത് സ്വത്വമില്ലാത്തവരുടെ പൊള്ളുന്ന ജീവിതമാണ്.

പേരും മേൽവിലാസവുമില്ലാത്തവരുടെ ജീവിതത്തിലെ അനിശ്ചിതത്വങ്ങളെയും, ഭയപ്പാടുകളെയും, സങ്കീർണ്ണമായ മാനസികാവസ്ഥകളെയുമൊക്കെ അനുഭവഭേദ്യമാക്കുന്ന അവതരണം.

പതിഞ്ഞ തുടക്കത്തിൽ നിന്ന് സങ്കീർണ്ണമായ കഥാ സാഹചര്യങ്ങളിലേക്ക് സിനിമ എത്തിപ്പെടുമ്പോൾ ആസ്വാദനം പിരിമുറുക്കത്തിന്റെതായി മാറുന്നു.

ഒരു ത്രില്ലർ സിനിമയുടെ പിരിമുറുക്കം സമ്മാനിച്ച് കൊണ്ട് ആദ്യ പകുതി അവസാനിക്കുമ്പോൾ രണ്ടാം പകുതി നമ്മളെ കൊണ്ട് പോകുന്നത് സിനിമയുടെ വൈകാരികമായ കഥാപരിസരത്തേക്കാണ്.

അത് കൊണ്ട് തന്നെ പലർക്കും ആദ്യ പകുതിയുടെ ചടുലത രണ്ടാം പകുതിക്കില്ല എന്ന പരാതിയുമുണ്ടാകാം.

പുതിയ കഥാപാത്രങ്ങളുടെ വരവും മറ്റുമൊക്കെയായി സിനിമയുടെ രണ്ടാം പകുതിയിൽ നടക്കുന്ന സംഭവ വികാസങ്ങൾ അത് വരെ നമുക്ക് അനുഭവഭേദ്യമായിരുന്ന അമ്മ-മകൻ കഥയിലെ വൈകാരികതക്ക് മങ്ങലേൽപ്പിക്കുന്നുണ്ട്.

രണ്ടാം പകുതിയിലെ ചില സീനുകൾ യുക്തിഭദ്രമാക്കി കൈകാര്യം ചെയ്യുന്നതിൽ നിന്ന് ചിദംബരവും കൂട്ടരും പുറകോട്ട് പോയ പോലെയും തോന്നി.

എന്നാൽ ആ പോരായ്മകളെയെല്ലാം വിസ്മരിപ്പിക്കുന്ന ട്വിസ്റ്റും വൈകാരികമായ ക്ലൈമാക്സ് സീനുകളും 'ബാല'ന്റെ ആസ്വാദനത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു. 

ചിദംബരം - ജിത്തു മാധവൻ - ഷൈജു ഖാലിദ് - സുഷിൻ ശ്യാം - വിവേക് ഹർഷൻ .. ഈ ഒരു കോംബോ 'ബാല'ന്റെ സിനിമാറ്റിക്ക് മികവ് ഉറപ്പിച്ചപ്പോൾ, കാസ്റ്റിങ് ഡയറക്ടർ ആയി ഗണപതി തിളങ്ങിയ കാഴ്ച കൂടിയാണ് അഭിനേതാക്കളുടെ കാര്യത്തിൽ കണ്ടത്. 

ഫർസാന പാലത്തിങ്ങൽ - ആദിശേഷൻ - മുഹമ്മദ് സിനാൻ - പിന്നെ അമ്മാമ്മയായി വന്ന സ്ത്രീ.. ഗംഭീര പ്രകടനങ്ങൾ അവരുടേത് തന്നെ . 

അത് പോലെ ബീനാ ആന്റണിയുടെ ഷംനത്ത, ജീൻ പോളിന്റെ പവിത്രൻ.. നെഗറ്റിവ് വേഷത്തിൽ രണ്ടു പേരും സ്‌കോർ ചെയ്തു. 

സ്റ്റാർഡത്തിന്റെ ബാധ്യതകൾ ഒന്നുമില്ലാതെ അബ്ബാസിനെ മനോഹരമാക്കാൻ ടോവിനോക്ക് സാധിച്ചു.

ആനന്ദ് എകർഷിയുടെ ഡ്രൈവർ വേഷം, ഗിരീഷ് AD, അച്യുതാനന്ദൻ പോലുള്ളവരുടെ പോലീസ് വേഷങ്ങൾ എല്ലാം തന്നെ ഓർമ്മയിൽ തങ്ങുന്നതാണ്.

കാസ്റ്റിങ്ങിലെ കൃത്യത സിനിമക്കുണ്ടാക്കുന്ന പുതുമയും പ്രസരിപ്പുമൊക്കെ എത്ര വലുതാണെന്ന് കൂടി ബോധ്യപ്പെടുത്തി തരുന്നു 'ബാലൻ'.

©bhadran praveen sekhar

No comments:

Post a Comment